ഖസീദത്തുൽ ബുർദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A verse from the Qaṣīdat al-Burda, displayed on the wall of al-Busiri's shrine in Alexandria

ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്‌റ 608)ൽ ജനിച്ച പ്രശസ്ത സൂഫി പണ്ഡിതനായ ഇമാം ബൂസൂരിയാണ്[1].[2].അൽകവാകിബുദ്ദുർരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ എന്നാണ് കാവ്യത്തിന്റെ ശരിക്കുള്ള നാമം.മീം എന്ന അറബി അക്ഷരത്തിൽ അവസാനിക്കുന്ന പദ്യമായതിനാൽ ഖസീദത്തുൽ മീമിയ്യ എന്ന പേരിലും അറിയപ്പെടുന്നു.

ഇന്നോളം വിരചിതമായ പ്രവാചകപ്രകീർത്തനങ്ങളിൽ ഏറ്റവും പ്രശസ്തമായത് ബുർദയാണ്[അവലംബം ആവശ്യമാണ്]. പണ്ഡിതരെയും സാധാരണക്കാരെയും ബുർദ ഒരുപോലെ സ്വധീനിച്ചു. ഇംഗ്ളീഷ്, ഫ്രഞ്ച്, തുർക്കി തുടങ്ങിയ ലോകഭാഷകളിലെല്ലാം[അവലംബം ആവശ്യമാണ്] തന്നെ ബുർദ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്

ചരിത്രം[തിരുത്തുക]

യൗവനകാലം രാജകൊട്ടാരങ്ങളിലെ ആസ്ഥാന കവിയായി സേവനമാരംഭിച്ച ബൂസ്വീരീ രാജസ്തുതികളും തികച്ചും ഭൗതിക സ്വഭാവമുള്ള മറ്റു കാവ്യങ്ങളും രചിച്ചും കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതിയും ജീവിച്ചു. ഒടുവിൽ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായപ്പോഴാണ് രോഗശമനം കാംക്ഷിച്ചും അശ്രദ്ധമായ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിച്ചും അദ്ദേഹം പ്രവാചക കീർത്ത കാവ്യമായ ബുർദ എഴുതുന്നത്. കണ്ണീരൊഴുക്കി കവിതയെഴുതിയ ബൂസ്വീരീയെ നബി(സ) സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുവത്രെ. തളർന്നുകിടക്കുന്ന തന്റെ ശരീരത്തിൽ നബി(സ) തടവുകയും മേൽമുണ്ടെടുത്ത് പുതപ്പിക്കുകയും ചെയ്തുവെന്നും ഉണർന്നപ്പോൾ രോഗം പൂർണമായും ഭേദമായി എന്നും കവി അനുസ്മരിക്കുന്നു. ഇക്കാരണം കൊണ്ടാണ് ഈ കവിതക്ക് ബുർദ (ഉത്തരീയം) എന്ന് പേര് വന്നത്. രോഗശമനം എന്നർഥമുള്ള ബുർഉദ്ദാഅ് എന്നും ഇതിന് പേരുണ്ട്.[3] ബുർദയെ കൂടാതെ മറ്റ് പല പ്രവാചകകീർത്തനങ്ങളും ബുസൂരി യുടേതായിടുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രശസ്തി ബുർദക്കാണ്.

ബുർദയ്ക്ക് 300 ലധികം പരിഭാഷകളിറങ്ങിയിട്ടു് എന്ന് ഫിലിപ്പ് ഹിറ്റി പറയുന്നു. മദീനയിലെ മസ്ജിദുന്നബവിയുടെ ചുവരുകളിൽ പോലും ബുർദ മുഴുവനും ആലേഖനം ചെയ്യപ്പെട്ടിരുന്നു. അതിലെ ചില വരികൾ ഇപ്പോഴും അവിടെ കാണാം. ഫ്രഞ്ച് കോളനിവാഴ്ചയിൽ നിന്ന് അൾജീരിയയുടെ സ്വാതന്ത്ര്യം പിടിച്ചു വാങ്ങാൻ നേതൃത്വം കൊടുത്ത അബ്ദുൽ ഖാദർ അൽ ജസാഇരി തന്റെ യുദ്ധപതാകയിൽ ആലേഖനം ചെയ്ത ബുർദയുടെ വരികൾ ഇപ്രകാരമായിരുന്നു "ദൈവദൂതരുടെ സഹായമുള്ളവരെ സിംഹങ്ങൾ വനത്തിൽ വെച്ച് കാണ്ടാൽ പോലും ഭയന്ന് നിശ്ശബ്ദമാകും".

ബുർദയുടെ ഘടന[തിരുത്തുക]

ഈ കവിതയിൽ 160 വരികളാണുള്ളത്. വിഷയക്രമം പരിഗണിച്ച് ഇവയെ പത്ത് ഭാഗങ്ങളാക്കിത്തിരിക്കാം:

  • 1 മുതൽ 12 വരെ : പ്രണയപരവശനായിരിക്കുന്ന കാമുകന്റെ ആത്മനൊമ്പരങ്ങൾ
  • 13 മുതൽ 28 വരെ : ആത്മവിമർശനവും പശ്ചാത്താപവും
  • 29 മുതൽ 58 വരെ : പ്രവാചകകീർത്തനങ്ങൾ
  • 59 മുതൽ 71 വരെ : പ്രവാചകന്റെ ജനനസമയത്തുള്ള അത്ഭുത സംഭവങ്ങൾ
  • 72 മുതൽ 87 വരെ : നബി(സ)യുമായി ബന്ധപ്പെട്ട മുഅ്ജിസത്തുകൾ
  • 88 മുതൽ 104 വരെ : ഖുർആനെ സംബന്ധിച്ച വിശേഷണങ്ങൾ
  • 105 മുതൽ 117 വരെ : ഇസ്‌റാഅ്, മിഅ്‌റാജ് എന്നിവയെ കുറിച്ച വിവരണം
  • 118 മുതൽ 139 വരെ : നബി(സ)യുടെയും സഹാബികളുടെയും ധർമസമരത്തെ കുറിച്ച വർണനകൾ
  • 140 മുതൽ 151 വരെ : പശ്ചാത്താപം
  • 152 മുതൽ 160 വരെ : പ്രാർഥന

വിമർശനങ്ങൾ[തിരുത്തുക]

സൂഫീ ധാരയിലല്ലാത്ത മുസ്‌ലിംകൾ ബുർദയിൽ അനിസ്‌ലാമികമായ പല ഭാഗങ്ങളും വരുന്നുണ്ടെന്ന് വാദിക്കുന്നുണ്ട്.[4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖസീദത്തുൽ_ബുർദ&oldid=4073611" എന്ന താളിൽനിന്ന് ശേഖരിച്ചത്