ക്രമമില്ലാപ്രക്രിയ
ക്രമമില്ലാപ്രക്രിയ (Random Process) അഥവാ സ്റ്റൊകാസ്റ്റിക്ക് പ്രക്രിയ എന്നാൽ ക്രമമല്ലാത്ത ചരങ്ങളുടെ (Random Variables) ശേഖരമാണ്. സമയത്തിനനുസരിച്ച് മുൻനിശ്ചയിക്കപ്പെടാനാവാത്ത മൂല്യങ്ങളോടുകൂടിയ അത്തരം ചരങ്ങൾ നിയന്ത്രിക്കുന്ന ഒരു വ്യൂഹത്തിന്റെ അനുക്രമമായ വളർച്ചയെ പ്രതിനിധാനം ചെയ്യനാണു് ഇത് ഉപയോഗിക്കുന്നത്. മുൻനിശ്ചയിക്കപ്പെട്ട മാർഗ്ഗങ്ങളിൽകൂടി മാത്രം പരിണമിക്കുന്ന പ്രക്രിയകളിൽ(deterministic processes) നിന്നു വ്യത്യസ്തമായി, ക്രമമില്ലാപ്രക്രിയകളിൽ സ്വതേ അനിശ്ചിതത്വം അടങ്ങിയിട്ടുണ്ടു്. ഇത്തരം പ്രക്രിയകളിൽ, ഒരു വ്യൂഹത്തിന്റെ ആരംഭാവസ്ഥ പൂർണ്ണമായും അറിയാമെങ്കിൽ പോലും അനന്തരമുള്ള ഒരു ഘട്ടത്തിൽ ആ വ്യൂഹത്തിന്റെ അവസ്ഥയും അതിൽ പ്രവർത്തിച്ച പ്രക്രിയയുടെ ഫലവും പ്രവചിക്കാനാവാത്ത വിധം പരിണാമദിശകളുണ്ടായിരിക്കും.
ഓഹരിവിപണിയിലേയും വിദേശനാണയക്കൈമാറ്റനിരക്കുകളിലേയും ഏറ്റക്കുറച്ചിലുകളും ദൃശ്യശ്രാവ്യ സിഗ്നലുകളുടേയും വൈദ്യശാസ്ത്രത്തിലെ രക്തസമ്മർദം, ഇ.ഇ.ജി തുടങ്ങിയവയും ഒരു റേഡിയോ ആക്റ്റീവ് പ്രതലത്തിൽനിന്നുള്ള റേഡിയോ വികിരണങ്ങളും കണികകളുടെ ചലനമായ ബ്രൗണിയൻ ചലനവും ക്രമമില്ലാപ്രക്രിയകൾക്കു് ഉദാഹരണങ്ങളാണു്.