കോമലേഴത്ത് കരുണാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആദ്യത്തെ ദേവസ്വം സെക്രട്ടറിയായിരുന്നു കോമലേഴത്ത് കരുണാകരൻ സമൂഹത്തിലെ വിവേചനങ്ങൾക്കെതിരെ പ്രവ‌ർത്തിച്ച ജനസേവകനായിരുന്നു. മലയാളവും ഇംഗ്ലീഷും ഒരുപോലെ വഴങ്ങിയ അദ്ദേഹം മികച്ച പ്രഭാഷകനുമായിരുന്നു. സാമൂഹ്യ,​ രാഷ്‌ട്രീയ വിഷയങ്ങളും കലയും സംസ്കാരവും ചരിത്രവുമെല്ലാം ആഴത്തിൽ പഠിച്ചിരുന്നു.[1]

മാവേലിക്കര മേനാത്തേരിൽ നാരായണപ്പണിക്കരുടേയും കോമലേഴത്ത് അമ്മക്കുഞ്ഞമ്മയുടേയും പുത്രനാണ് കരുണാകരൻ. മാവേലിക്കര കോമലേഴത്ത് കുടുംബാംഗമായിരുന്ന കരുണാകരൻ പ്രമുഖ സ്വാതന്ത്യ്രസമര നേതാവും വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയുമായ ടി.കെ. മാധവന്റെ അനന്തരവനുമാണ്.[2] കായംകുളം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പഠനശേഷം ആലുവ യു.സി. കോളേജിൽനിന്ന് ഇന്റർമീഡിയറ്റും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എയും പാസായി. റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായി. പരവൂർ സ്വദേശി സുകേശിനിയെ വിവാഹം ചെയ്‌തു. ദമ്പതികൾക്ക് നാല് മക്കളായിരുന്നു. ഫിനാൻഷ്യൽ സെറ്റിൽമെന്റ് ഓഫീസർ,​ നാവായിക്കുളം സബ്‌ രജിസ്ട്രാർ,​ തിരുവിതാംകൂർ സർക്കാർ സൂപ്രണ്ട്,​ അസിസ്റ്റന്റ് സെക്രട്ടറി,​ ദേവസ്വം ബോർഡിന്റെ ആദ്യ സെക്രട്ടറി,​ സെക്രട്ടേറിയേറ്റിൽ ഡെപ്യൂട്ടി സെക്രട്ടറി,​ രണ്ടുതവണ രണ്ട് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു അദ്ദേഹം. മന്നത്ത് പദ്മനാഭൻ ദേവസ്വം ബോർഡ് അംഗമായപ്പോൾ കരുണാകരന്റെ കഴിവ് മനസിലാക്കിയാണ് ആദ്യത്തെ ദേവസ്വം സെക്രട്ടറിയായി നിയമിച്ചത്. 1959ൽ റിട്ടയർ ചെയ്തു. 1961ൽ 59-ാം വയസിൽ അന്തരിച്ചു.[1]

പിതാവായ മേനാത്തേരിൽ നാരായണപ്പണിക്കർ ശ്രീമൂലം പ്രജാസഭയിലും മരുമക്കത്തായ - മക്കത്തായ സമിതിയിലും അംഗമായിരുന്നു. മകന്റെ വളർച്ചയ്‌ക്ക് പിതാവ് വലിയ സ്വാധീനമായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ സ്ഥാപക പത്രാധിപരായിരുന്ന ടി.കെ മാധവൻ മാതുലനാണ്. ക്ഷേത്രപ്രവേശനത്തിന് വേണ്ടി നടന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യസൂത്രധാരൻ ടി.കെ മാധവനും കരുണാകരന് പ്രചോദനമായി. കരുണാകരന്റെ ജ്യേഷ്‌ഠന്മാരിൽ ഒരാളായ ശങ്കരൻ വക്കീൽ ഗവൺമെന്റ് പ്ലീഡറും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്നു. വിഖ്യാത ചിത്രകാരൻ രാമവർമ്മ വലിയ രാജയുടെ ഉറ്റസുഹൃത്തും ദിവാൻ സുബ്രഹ്മണ്യ അയ്യരുടെ അനൗദ്യോഗിക ഉപദേഷ്‌ടാവുമായിരുന്നു ശങ്കരൻ വക്കീൽ. കരുണാകരന്റെ മറ്റൊരു ബന്ധുവായ സി.ഒ മാധവൻ 1931 - 38 കാലത്ത് ഗവൺമെന്റ് സെക്രട്ടറി,​ പേഷ്‌കാർ,​ മഹാരാജാവിന്റെ ചീഫ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു.[1]

നാവായിക്കുളത്തെ ചരിത്ര‌സ്‌മാരകമായ ക്ഷേത്രപ്രവേശന വിളംബരസ്തൂപം[തിരുത്തുക]

1936 നവംബർ 12നാണ് തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. അതിൽ ആവേശഭരിതനായ കോമലേഴത്ത് കരുണാകരൻ സ്വന്തം ചെലവിലാണ് സ്തൂപം നിർമ്മിച്ചത്. മഹാരാജാവിന്റെ വിളംബരംവന്ന് നൂറ്റിനാലാം ദിവസം അദ്ദേഹംതന്നെ സ്‌തൂപം ഉദ്ഘാടനം ചെയ്‌തു. (നാവായിക്കുളത്തെ എതുക്കാട് കവലയിൽ 1937 ഫെബ്രുവരി 24നാണ് ചരിത്ര‌സ്‌മാരകമായ ക്ഷേത്രപ്രവേശന വിളംബരസ്തൂപം അനാവരണം ചെയ്‌തത്). നാവായിക്കുളം ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ് സ്‌തൂപം. അക്കാലത്ത് ശങ്കരനാരായണ ക്ഷേത്രത്തിലും അവർണർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.[1]

സ്‌തൂപ നിർമ്മാണം

മൂത്ത സഹോദരൻ കെ.ശങ്കരൻ വക്കീലാണ് സ്തൂപം സ്ഥാപിക്കാൻ സർക്കാരിന്റെ അനുമതി വാങ്ങിയത്. അനുമതി കിട്ടിയ ദിവസം നാട്ടുകാർക്ക് ആഘോഷമായിരുന്നു. കൊല്ലം സ്വദേശിയായ ശില്‌പി പി.എസ് നായരെയാണ് നിർമ്മാണം ഏല്‌പിച്ചത്. ചിന്നു,​ വേലു എന്നീ വിദഗ്ദ്ധ ആശാരിമാരെയും കൊണ്ടുവന്നു. സ്തൂപത്തിൽ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം രേഖപ്പെടുത്തി. മഹാരാജാവിനോടുള്ള ആദരസൂചകമായി വിളംബരത്തിന് മുകളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമായ അനന്തശയനവും കൊത്തിവച്ചു[2]. ഒറ്റ കരിങ്കല്ലിൽ തീർത്ത സ്തൂപത്തിൽ ശ്രീപദ്മനാഭസ്വാമിയുടെ ചെറിയ രൂപവും വിളംബരവും ആലേഖനം ചെയ്തിട്ടുണ്ട്. സ്മാരകം പൂർത്തിയാകുന്നതുവരെ കരുണാകരൻ സ്ഥലത്തെത്തി നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു[2]. 1937 ഫെബ്രുവരി 24ന് സ്തൂപം ഉദ്‌ഘാടനം ചെയ്‌തു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Daily, Keralakaumudi. "ഐതിഹാസിക ചരിത്രത്തെ പൊളിച്ചു നീക്കാനാവുമോ?" (in ഇംഗ്ലീഷ്). Retrieved 2023-03-08.
  2. 2.0 2.1 2.2 Daily, Keralakaumudi. "മായുമോ നാവായിക്കുളത്തെ ചരിത്രസ്മാരകം" (in ഇംഗ്ലീഷ്). Retrieved 2023-03-08.
"https://ml.wikipedia.org/w/index.php?title=കോമലേഴത്ത്_കരുണാകരൻ&oldid=3900588" എന്ന താളിൽനിന്ന് ശേഖരിച്ചത്