കൊച്ചിൻ ഹാർബർ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 9°56′14″N 76°15′59.24″E / 9.93722°N 76.2664556°E / 9.93722; 76.2664556

കൊച്ചിൻ ഹാർബർ പാലം
മട്ടാഞ്ചേരി പാലം
മുറിച്ചു കടക്കുന്നത് വേമ്പനാട്ട് കായൽ
സ്ഥാനം മട്ടാഞ്ചേരി
അവകാശി കേരള സർക്കാർ
നിർമ്മാണവസ്തുക്കൾ ഉരുക്ക്, തടി
ആകെ നീളം 486 മീ
ആകെ സ്പാനുകൾ 16
നിർമ്മാണ പൂർത്തീകരണം 1938
തുറന്നത് 1943 ഏപ്രിൽ 13
പഴയ മട്ടാഞ്ചേരി പാലം

കൊച്ചി തുറമുഖത്തുനിന്നു കരയിലേയ്ക്കു സർ റോബർട്ട് ചാൾസ് ബ്രിസ്റ്റോയുടെ നേതൃത്വത്തിൽ നിർമിച്ച പാലമാണ് കൊച്ചിൻ ഹാർബർ പാലം അഥവാ മട്ടാഞ്ചേരി പാലം.

ചരിത്രം[തിരുത്തുക]

1920ലാണു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ എൻജിനീയറായി സർ റോബർട്ട് ബ്രിസ്റ്റോ കൊച്ചിയിൽ വന്നിറങ്ങിയത്. ഇവിടെയെത്തിയ അദ്ദേഹം കൊച്ചി തുറമുഖത്തിന്റെ വികസനത്തിനു പദ്ധതി രേഖ തയാറാക്കുകയും അന്നത്തെ മദ്രാസ് ഗവർണർ ലോർഡ് വെല്ലിങ്ടണിനെ അറിയിക്കുകയും ചെയ്തു. കൊച്ചിയെ ലോകത്തെ ഏറ്റവും മികച്ച തുറമുഖമാക്കി മാറ്റാമെന്നായിരുന്നു വെല്ലിങ്ടൺ പ്രഭുവിനു ബ്രിസ്റ്റോ നൽകിയ ഉറപ്പ്. അനുമതി വാങ്ങിയ ബ്രിസ്റ്റോ തുറമുഖ നിർമ്മാണത്തിനു പ്രവർത്തനങ്ങൾ ആരംഭിച്ചു. അഴിമുഖത്തു രൂപപ്പെട്ടിരുന്ന വലിയ മൺകൂനയായിരുന്നു തുറമുഖത്തിന്റെ രൂപപ്പെടലിനുള്ള ഏറ്റവും വലിയ തടസം. ഈ മണ്ണു നീക്കംചെയ്താൽ കൊച്ചിയിൽ സുന്ദരമായ തുറമുഖം രൂപപ്പെടുമെന്നായിരുന്നു ബ്രിസ്റ്റോയുടെ പദ്ധതി രേഖ. അങ്ങനെ ലേഡി വെല്ലിങ്ടൺ എന്ന മണ്ണുമാന്തിക്കപ്പൽ ഉപയോഗിച്ച് ഈ മണ്ണു മാറ്റിത്തുടങ്ങി. അഴിമുഖത്തുനിന്നു നീക്കംചെയ്ത മണ്ണ് ഒരു മതിലുപോലെ കെട്ടി കായലിൽ കര സൃഷ്ടിച്ചുകൊണ്ടിരുന്നു. അങ്ങനെ 450 അടി വീതിയും മൂന്നര മൈൽ നീളവുമുള്ള അഴിമുഖം രൂപപ്പെട്ടപ്പോൾ അതിനേക്കാൾ ഉപയോഗപ്രദമായ ഒരു കരഭൂമി കായലിൽ രൂപപ്പെട്ടു.

780 ഏക്കർ വിസ്തൃതിവരുന്ന ഈ പ്രദേശത്തു തുറമുഖത്തിൻറെ ഓഫിസ് സമുച്ചയം അടങ്ങുന്ന ചെറു പട്ടണം നിർമിച്ചു. ഈ ദ്വീപിനെ വ്യാപാര കേന്ദ്രമായ മട്ടാഞ്ചേരിയുമായി ബന്ധിപ്പിക്കുന്നതിനു റോബർട്ട് ബ്രിസ്റ്റോയുടെതന്നെ നേതൃത്വത്തിൽ കായലിനു കുറുകേ പാലം നിർമിച്ചു. ഉരുക്കും തടിയും ഉപയോഗിച്ച പാലത്തിന് 486 മീറ്റർ നീളം. 1938ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. തുറമുഖത്തേക്കു വരുന്നതും പോകുന്നതുമായ കപ്പലുകൾക്കു പാലം തടസമാകാതിരിക്കാൻ മധ്യഭാഗം കപ്പിയും ഇരുമ്പു വടവും ഉപയോഗിച്ച് മുകളിലേയ്ക്ക് ഉയർത്തും വിധമായിരുന്നു നിർമ്മാണം. ഇതിനായി പ്രത്യേക സ്പ്രിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചു. 16 സ്പാനുകളിൽ നിർമിച്ച പാലത്തിൻറെ മധ്യത്തിലെ സ്പാൻ ആണ് കപ്പിയും ഇരുമ്പു വടവും ഉപയോഗിച്ച് ഉയർത്താൻതക്ക രീതിയിൽ നിർമിച്ചത്. പാലം ഉയർത്തുന്നതിനു മുൻപു പാലത്തിൻറെ ഇരു കരകളിലും മുന്നറിയിപ്പു നൽകുമായിരുന്നു. കൊച്ചി മഹാരാജാവിൻറെ ആനപ്പന്തിയിൽ നിന്നു ലക്ഷണമൊത്ത ആനകളെക്കൊണ്ടുവന്നു കൂട്ടമായി നടത്തിച്ചാണ് പാലത്തിന്റെ ഉറപ്പ് ബ്രിട്ടോ സംശയാലുക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത്.

1943 ഏപ്രിൽ 13ന് ആണു ഹാർബർ പാലം കമ്മിഷൻ ചെയ്തത്. പിന്നീട് ഇതു ദേശീയപാത 47ൻറെ ഭാഗമായി ആലപ്പുഴ, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രവും കൊച്ചിയുടെ പ്രവേശന കവാടവുമായി മാറി. പിന്നീട് 1998ൽ മട്ടാഞ്ചേരി ബിഒടി പാലം കമ്മിഷൻ ചെയ്തോടെ ഹാർബർ പാലത്തിൻറെ പ്രസക്തി കുറഞ്ഞു. ഇപ്പോൾ പൊതുമരാമത്തു വകുപ്പ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.[1]

അവലംബം[തിരുത്തുക]

  1. http://www.metrovaartha.com/2012/06/21012024/MATTACHERY-BRIDGE.html
"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_ഹാർബർ_പാലം&oldid=2461520" എന്ന താളിൽനിന്നു ശേഖരിച്ചത്