കേരള പ്രസ്‌ അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പത്രപ്രവർത്തകരുടെ തൊഴിൽ മികവിനുള്ള പരിശീലനവും പത്രപ്രവർത്തന മേഖലയിലെ പഠന ഗവേഷണങ്ങളുടെ ഏകോപനവും ലക്ഷ്യമാക്കി 1979 മാർച്ച് 19 ന് നിലവിൽവന്ന സ്ഥാപനമാണ് കേരള പ്രസ് അക്കാദമി. പത്രപ്രവർത്തകരുടെ ഇടയിൽ പ്രൊഫഷണലിസം, മേന്മ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അക്കാദമിയുടെ പ്രഖ്യാപിത ലക്ഷ്യം. കേരള സർക്കാർ, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ്, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി എന്നിവരുടെ ഒരു സംയുക്ത സംരംഭമാണിത്. ഇലക്ട്രോണിക് നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമരംഗത്തെ പുതിയ പ്രവണതകൾക്കും മുന്നേറ്റങ്ങൾക്കും അനുസൃതമായി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് 2014 നവംബറിൽ സർക്കാർ പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനസംഘടിപ്പിച്ചു.

ചരിത്രം[തിരുത്തുക]

കേരള സർക്കാർ, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ്, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി എന്നിവ ചേർന്നാണ് ഈ സംരംഭം ആരംഭിച്ചത്. ഇത് 1979-ലായിരുന്നു. 1984-ൽ മനുഷ്യാവകാശപ്രശ്നങ്ങളെ സംബന്ധിച്ച് മലയാളം വർത്തമാനപ്പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മികച്ച റിപ്പോർട്ടുകൾക്കായി വി. കരുണാകരൻ നമ്പ്യാർ അവാർഡ് സ്ഥാപിച്ചു. 1985 മേയ് മാസത്തിൽ കാക്കനാട് പ്രസ്സ് അക്കാദമിയുടെ ആസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിനടുത്തവർഷം പ്രസ് അക്കാദമി "പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം" എന്ന ഒരുവർഷ കോഴ്സ് ആരംഭിച്ചു. 1992-ൽ ഡോ. മൂക്കന്നൂർ നാരായണൻ അവാർഡ്, ചൗവര പരമേശ്വരൻ അവാർഡ് എന്നിങ്ങനെ പുതിയ രണ്ട് അവാർഡുകളും ആരംഭിക്കുകയുണ്ടായി. 1993-ൽ "പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർട്ടൈസിംഗ്" എന്ന ഒരു വർഷ കോഴ്സും ആരംഭിച്ചു. 1996-ൽ ജേണലിസത്തിന് മൊഫൂസിൽ റിപ്പോർട്ടേഴ്സ് അവാർഡ് എന്ന വാർഷിക പുരസ്കാരവും ആരംഭിക്കുകയുണ്ടായി.[1]

ഉദ്ദേശലക്ഷ്യങ്ങൾ[തിരുത്തുക]

  1. പത്രപ്രവർത്തനമേഖലയിൽ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും അത്തരം ശ്രമങ്ങൾ സമന്വയിപ്പിക്കുകയും ചെയ്യുക.
  2. പരിശീലന കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, എക്സിബിഷനുകൾ, കൺസൾട്ടൻസി സർവ്വീസുകൾ എന്നിവ പത്രപ്രവർത്തകർ, മാദ്ധ്യമ മാനേജുമെന്റുകൾ സർവ്വകലാശാലകൾ എന്നിവയുമായി യോജിച്ച് നടത്തുകയും നടത്താൻ സഹായിക്കുകയും ചെയ്യുക.
  3. ഗ്രന്ഥങ്ങൾ, ആനുകാലികങ്ങൾ, മോണോഗ്രാഫുകൾ, ഗവേഷണപ്രബന്ധങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക.
  4. അക്കാദമിക സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് പത്രപ്രവർത്തനം പഠിപ്പിക്കുവാനായി സിലബസ് തയ്യാറാക്കുക.
  5. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പുരസ്കാരങ്ങൾ നൽകുക. പത്രപ്രവർത്തനത്തിൽ ഗവേഷണം നടത്തുന്നതിനായി ഗ്രാന്റുകൾ നൽകുക.
  6. പത്രപ്രവർത്തനം, പബ്ലിക് റിലേഷൻസ്, പരസ്യം എന്നിവയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകൾ നടത്തുക.

ഭരണം[തിരുത്തുക]

പത്രപ്രവർത്തകർ, മാദ്ധ്യമ ഉടമകൾ, സർക്കാർ പ്രതിനിധികൾ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കൗൺസിലും ജനറൽ കൗൺസിലുമാണ് ഭരണം നടത്തുന്നത്. കേരള സർക്കാരാണ് കൗൺസിലുകളെ നിയമിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കേരള_പ്രസ്‌_അക്കാദമി&oldid=2281913" എന്ന താളിൽനിന്ന് ശേഖരിച്ചത്