കേരള കരകൗശല വികസന കോർപ്പറേഷൻ
കേരളത്തിലെ കരകൗശലമേഖലയുടെ വികസനം, കരകൗശല തൊഴിലാളികളുടെയും കരകൗശല കലാകാരന്മാരുടെയും ഉന്നമനം, ക്ഷേമം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനമാണ് കേരള കരകൗശല വികസന കോർപ്പറേഷൻ. [1]
രൂപീകരണം
[തിരുത്തുക]1968 ലാണ് കേരളസർക്കാർ കേരള കരകൗശല വികസന കോർപ്പറേഷന് രൂപം നൽകിയത്. തിരുവനന്തപുരത്തുള്ള ശ്രീമൂലം തിരുനാൾ ഷഷ്ട്യബ്ദപൂർത്തി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ട്) എന്ന എംപോറിയമായി പ്രവർത്തനം ആരംഭിച്ച കോർപ്പറേഷനു കീഴിൽ ഇന്ന് ഭാരതത്തിലെ മെട്രോ നഗരങ്ങളായ ന്യൂഡൽഹി, ചെന്നൈ, ബംഗ്ളൂരു എന്നിവിടങ്ങളിലും കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിലും ടൂറിസ്റ്റു കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാൽ, ഗോവ, ഫോർട്ട് കൊച്ചി മുതലായ സ്ഥലങ്ങളിലുമുൾപ്പെടെ 17 ഷോറൂമുകൾ 'കൈരളി' എന്ന പേരിൽ പ്രവർത്തിക്കുന്നു.
പ്രവർത്തനങ്ങൾ
[തിരുത്തുക]കരകൗശല തൊഴിലാളികളിൽ നിന്നും ശേഖരിക്കുന്ന കരകൗശല ഉത്പന്നങ്ങൾ കോർപ്പറേഷന്റെ വിവിധ വിപണന കേന്ദ്രങ്ങൾ വഴി വിപണനം നടത്തുക, കരകൗശല കലാകാരന്മാർക്ക് അവർ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾക്ക് ന്യായവില നല്കിക്കൊണ്ടാണ് കോർപ്പറേഷൻ അവരിൽ നിന്നും കരകൗശല വസ്തുക്കൾ നേരിട്ട് ശേഖരിച്ച് വിപണനം നടത്തുക, കരകൗശല വസ്തുക്കൾക്ക് പുതിയ വിപണന സാധ്യതകൾ കണ്ടെത്തുന്നതിനും മാർക്കറ്റിനനുസൃതമായ നൂതന ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ ക്രാഫ്റ്റ് ബസാർ, മാർക്കറ്റ് മീറ്റ് എക്സിബിഷനുകൾ മുതലായ മേളകൾ സംഘടിപ്പിക്കുക, ഇത്തരം മേളകളിൽ കരകൗശല കലാകാരന്മാർക്ക് അവരുണ്ടാക്കുന്ന സാധനങ്ങൾ നേരിട്ടു പ്രദർശിപ്പിക്കുവാനും വിപണനം നടത്തുവാനും അവസരം സൃഷ്ടിക്കുക മുതലായവയാണ് കോർപ്പറേഷന്റെ പ്രധാന ചുമതലകൾ.
ക്ഷേമപദ്ധതികൾ
[തിരുത്തുക]കരകൗശല തൊഴിലാളികളുടെ ഉന്നമനത്തിനായി കോർപ്പറേഷൻ പല ക്ഷേമപദ്ധതികളും നടപ്പാക്കിവരുന്നു. മൂലധനദൌർലഭ്യം പരിഹരിക്കുന്നതിനായി കുറഞ്ഞ പലിശനിരക്കിൽ നീണ്ട അടവുകാലാവധിയുള്ള വായ്പാപദ്ധതികൾ അനുവദിക്കുന്നതാണ് ഇതിൽ പ്രധാനം. തൊഴിൽ സാധ്യതയേറിവരുന്ന മുള, ചൂരൽ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ വിദഗ്ദ്ധപരിശീലനത്തിനായി യുവാക്കളെ സ്റ്റൈപെന്റോടെ കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള അഗർത്തലയിലെ ബാംബൂ ആൻഡ് കെയിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിനായി കോർപ്പറേഷൻ അയയ്ക്കുന്നുണ്ട്. കരകൗശല ശാക്തിക ഏകീകരണത്തിനായി തിരുപുരം (എംബ്രോയിഡറി), ഇരവിപുരം (ലെയിസ് വർക്ക്), കൊയിലാണ്ടി (ചിരട്ട), ചരിപ്പറമ്പ് (ബാംബൂ ആൻഡ് കെയിൻ), മാന്നാർ (വെങ്കലം), പൂക്കോട്ടുംപാടം (ബാംബൂ) എന്നിവിടങ്ങളിൽ പ്രാദേശികകേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് പദ്ധതികൾ നടപ്പാക്കിവരുന്നു. കരകൗശല ആർട്ടിസാന്മാരെ ജനശ്രീ ബീമാ യോജന ഇൻഷ്വറൻസ് എന്ന പദ്ധതിക്കു കീഴിൽ ഇൻഷ്വർ ചെയ്യുന്ന ഒരു സാമൂഹിക സുരക്ഷാപദ്ധതികൂടി കോർപ്പറേഷൻ നടപ്പാക്കിവരുന്നു. [2]