കെ. സാംബശിവശാസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്‌കൃത പണ്ഡിതനും നിരവധി പുരാണ ഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവുമായിരുന്നു പണ്ഡിതരാജൻ കെ. സാംബശിവശാസ്ത്രി (1879 - 1946).

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരത്തു വൈക്കം കൃഷ്ണശാസ്ത്രിയുടെ മകനായി ജനിച്ചു. മഹോപാദ്ധ്യായ ബിരുദം നേടിയിട്ടഉണ്ട്. [1] മഹാവൈയാകരണനായ തുറവൂർ നാരായണശാസ്ത്രിയായിരുന്നു ഗുരുനാഥൻ. നെയ്യാറ്റിൻകരെ മലയാംപള്ളിക്കൂടത്തിൽ മലയാളംമുൻഷിയായിരുന്നു. സംസ്‌കൃത മഹാപാഠശാലയിലെ വ്യാകരണ പണ്ഡിതനുമായിരുന്നു. 1101-ൽ റ്റി. ഗണപതിശാസ്ത്രി പ്രാച്യഗ്രന്ഥ പ്രകാശന ശാലയുടെ അധ്യക്ഷപദത്തിൽനിന്നു പെൻഷൻപറ്റി പിരിഞ്ഞപ്പോൾ അതിന്റെ അദ്ധ്യക്ഷനായി. പൗരസ്ത്യഭാഷാഗ്രന്ഥങ്ങളുടെ പ്രസാധകനെന്ന നിലയിൽ അദ്ദേഹത്തിനു ഗവർമ്മെന്റ്, ഭാരതം മുഴുവൻ പര്യടനം ചെയ്യുന്നതിനും അതാതു സ്ഥലങ്ങളിലുള്ളവിദ്വൽകേസരികളുടെ പരിചയം സമ്പാദിക്കുന്നതിനും സൗകര്യം നല്കി. പെൻഷൻ പറ്റിയതിനുശേഷവും കേരളമെങ്ങും ചുറ്റിസ്സഞ്ചരിച്ചു പല താളിയോലഗ്രന്ഥങ്ങൾ സർവ്വകലാശാലയ്ക്കു സമ്പാദിച്ചുകൊടുത്തു. ഒടുവിൽ ഗവർമ്മെന്റ് ഹിന്ദുമതഗ്രന്ഥശാലയുടെ ക്യുറേറ്റരായി അദ്ദേഹത്തെ നിയമിക്കുകയും ആ ചുമതല അദ്ദേഹം രണ്ടു കൊല്ലത്തോളം വഹിക്കുകയും ചെയ്തു. ഭാഷാഗ്രന്ഥപ്രകാശനവകപ്പിന്റെ ആധ്യക്ഷ്യവും വഹിച്ചു.

തിരുവനന്തപുരത്തു നവരാത്രി വിദ്വത്സദസ്സിലെ അധ്യക്ഷനായി വളരെക്കാലം അതിനെ നയിച്ചു. ബ്രിട്ടിഷ് ഗവർമ്മെന്റിൽനിന്നു് ഒരു സിൽവർജുബിലിമെഡലും, കൊച്ചി വിദ്വത്സദസ്സിൽനിന്നു പണ്ഡിതരാജൻ എന്ന സ്ഥാനവും കുംഭകോണം കാമകോടിപീഠത്തെ അലങ്കരിക്കുന്ന ജഗൽഗുരു ശ്രീശങ്കരാചാര്യരിൽനിന്നു ഗീർവ്വാണവാണീതിലകൻ എന്ന ബിരുദവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടു്.

കൃതികൾ[തിരുത്തുക]

ലക്ഷ്മീവിലാസം[തിരുത്തുക]

ശാസ്ത്രിയുടെ ഭാഷാകൃതികളിൽ പ്രഥമഗണനീയമായുള്ളതു് മേല്പത്തൂർ ഭട്ടതിരിയുടെ നാരായണീയത്തിനു് അദ്ദേഹം ഏഴു ഭാഗങ്ങളായി രചിച്ചിട്ടുള്ള (1) ലക്ഷ്മീവിലാസം എന്ന അതിവിസ്തൃതവും അതലസ്പർശിയുമായ വ്യാഖ്യാനമാകുന്നു. അതിന്റെ മുഖവുരയിൽ വ്യാഖ്യാതാവു് ഇങ്ങനെ പറഞ്ഞിരിക്കുന്നു. “ഈ വ്യാഖ്യാനം അന്വയക്രമത്തിനുള്ള അർത്ഥവിവരണം, സാരം, നിരൂപണം, അലങ്കാരാദിവിമർശം എന്നിങ്ങനെ അനേകം സോപാനങ്ങളായിട്ടാണു് രചിച്ചിരിക്കുന്നതു്. സാരാർത്ഥവർണ്ണനത്തിനു ചിലേടത്തു ഭാഗവതപ്രകാരം നാരായണീയഗതിക്കു് അവിരുദ്ധങ്ങളായ ആശയങ്ങൾ ചേർത്തുകാണുന്നതാണു്. നിരൂപണംകൊണ്ടു ഭങ്ഗ്യന്തരേണ ലോകോപദേശപര്യവസായികളായ ഗുണപാഠങ്ങളും പദപ്രയോജനങ്ങളും ശാസ്ത്രീയസിദ്ധാന്തസ്ഥാപനങ്ങളും യുക്തിചർച്ചകളും ബഹുമുഖങ്ങളായ കവിവാക്യങ്ങളിൽനിന്നു ദ്യോതിയ്ക്കുന്ന അഭിപ്രായാന്തരങ്ങളും പാഠഭേദപര്യാലോചനകളും ആവശ്യപ്പെടുന്നിടത്തു മതാന്തരഖണ്ഡങ്ങളും വർണ്ണിക്കുന്നതായിരിക്കും. നിരൂപിതങ്ങളായ ഭാഗങ്ങൾക്കു് ആവശ്യമുള്ള അനേകം പ്രമാണങ്ങൾ ഭാഗവതാദിഗ്രന്ഥങ്ങളിൽനിന്നു് ഉദ്ധരിച്ചു ചേർത്തിട്ടുണ്ടു്.” ഭാഷയ്ക്കു് ഒരു അനർഘമായ നിധി തന്നെയാണു് ദീർഘതമമായ ഈ പുസ്തകം. [2] (2) ഹിന്ദുമതതത്വങ്ങളെ വിശദീകരിച്ചു ഹിന്ദുമതപ്രദീപിക എന്നൊരുഗ്രന്ഥവും ഗവർമ്മെന്റിന്റെ ആവശ്യപ്രകാരം ഉണ്ടാക്കി.

(3) എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു് ഒരു ഭാഷാവ്യാഖ്യാനമെഴുതി. അതു് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതിയാണു്. സംസ്കൃതത്തിൽ, (4) ചിത്രോദയമണി മുതലായിചില ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ടു്. പ്രക്രിയാസർവ്വസ്വത്തിനു് അദ്ദേഹം ആരംഭിച്ച സംസ്കൃതവ്യാഖ്യാനം മുഴമിച്ചിട്ടില്ല. സാംബശിവീയം എന്നൊരു മഹാകാവ്യവും ആ ഭാഷയിൽ എഴുതിത്തുടങ്ങി; അതും മൂന്നു സർഗ്ഗങ്ങളോളമേ തീർന്നിട്ടുള്ളു. ക്യുറേറ്റർ എന്ന നിലയിൽ അദ്ദേഹം പല ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ടു്.

(1) സ്കന്ദസ്വാമിയുടേയും വേങ്കടമാധവന്റേയും വ്യാഖ്യാനങ്ങളോടുകൂടിയ ഋൿസംഹിത

(2) സുചരിതമിശ്രന്റെ കാശികാവ്യാഖ്യാനത്തോടുകൂടിയ മീമാംസാശ്ലോകവാർത്തികം

(3) നീലകണ്ഠസോമയാജിയുടെ ഭാഷ്യത്തോടുകൂടിയ ആര്യഭടീയം

(4) ഹേലാരാജന്റെ പ്രകീർണ്ണപ്രകാശവ്യാഖ്യാനത്തോടുകൂടിയ വാക്യപദീയം

(5) ഭോജരാജാവിന്റെ സരസ്വതീകണ്ഠാഭരണം (വ്യാകരണം) എന്നിവ സംസ്കൃതഗ്രന്ഥങ്ങളിലും

(6) കണ്ണശ്ശഭാഗവതം

(7) കണ്ണശ്ശഭാരതം

(8) കൗടലീയം അർത്ഥശാസ്ത്രം

(9) രാമചരിതം

(10) ബ്രഹ്മാണ്ഡപുരാണം ഗദ്യം എന്നിവ ഭാഷാഗ്രന്ഥങ്ങളിലും പ്രാധാന്യത്തെ അർഹിക്കുന്നു. ഇവയിൽ ചില ഗ്രന്ഥങ്ങൾ ഇനിയും പൂർണ്ണമായി മുദ്രണം ചെയ്തുകഴിഞ്ഞിട്ടില്ല.

പുരസ്കാരങ്ങൾ[തിരുത്തുക]

ശീർവാണവാണി തിലകൻ, പണ്ഡിത രാജൻ എന്നീ ബിരുദങ്ങൾ

അവലംബം[തിരുത്തുക]

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 81-7690-042-7.
  2. പരമേശ്വരയ്യർ, ഉള്ളൂർ. "കേരള സാഹിത്യ ചരിത്രം".

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._സാംബശിവശാസ്ത്രി&oldid=3544512" എന്ന താളിൽനിന്ന് ശേഖരിച്ചത്