കിഴുന്ന കടൽ‌ത്തീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിഴന്ന കടൽത്തീരം

Coordinates: 11°49′43.87″N 75°24′45.68″E / 11.8288528°N 75.4126889°E / 11.8288528; 75.4126889 കണ്ണൂർ ജില്ലയിലെ എടക്കാട് പഞ്ചായത്തിലെ കടൽത്തീരമാണ് കിഴുന്ന ബീച്ച്. ഇത് കണ്ണൂർ-തലശ്ശേരി ദേശീയപാത 17 ൽ നിന്നും 2.5 കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്. കിഴുന്ന ഗ്രാമത്തിന്റെ പടിഞ്ഞാറ് വശത്ത് കടൽഭിത്തി കെട്ടി സംരക്ഷിക്കപ്പെട്ട കിഴുന്ന ബീച്ചിലൂടെ കടലാക്രമണം ഇല്ലാത്ത കാലത്ത്, വിശാലമായ മണലിലൂടെ നടക്കുകയോ സൈക്കിൾ സവാരി നടത്തുകയോ ചെയ്യാം.

യാത്രാമാർഗം[തിരുത്തുക]

കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ വണ്ടിയിറങ്ങിയിട്ട് ബസ്‌മാർഗ്ഗം ദേശീയപാത17 വഴി തലശ്ശേരി ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ താഴെചൊവ്വ റെയിൽ‌വെ ഗെയ്റ്റ് കടന്ന് ശ്രീ നാരായണ കോളേജ് കണ്ണൂർ, ഗവ. പോളീടെക്കനിക്ക് കണ്ണൂർ എന്നിവ പിന്നിട്ടശേഷം തോട്ടട ബസ്‌സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറ് പോകുന്ന റോഡ് മാർഗ്ഗം 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ കിഴുന്ന കടൽ‌തീരത്ത് എത്തിച്ചേരാം. കടൽത്തീരം വരെ, ചെറുതും വലുതുമായ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സൌകര്യമുണ്ട്. സ്വദേശികളും വിദേശികളുമായ അനേകം വിനോദസഞ്ചാരികൾ കിഴുന്ന ഗ്രാമത്തിൽ വന്ന് താമസിച്ചുകൊണ്ട് കടൽ‌തീരത്തിന്റെ ഭംഗി ആസ്വദിക്കാറുണ്ട്. അതിനാൽ സഞ്ചാരികൾക്കായി പലതരത്തിലുള്ള താമസസൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രകൃതി[തിരുത്തുക]

കടൽ‌തീരത്ത് വെളുത്ത പൂഴിമണലാനുള്ളത്. അറബിക്കടലിലെ തിരമാലകൾ നിക്ഷേപിക്കുന്ന ഈ മണൽ ചിലകാലങ്ങളിൽ തിരമാലകൾ തിരികെ എടുത്ത് കൊണ്ടുപോകാറുണ്ട്. തീരത്ത് വെള്ളമണൽ ആണെങ്കിലും കിഴുന്ന ഗ്രാമത്തിൽ വെള്ളമണൽ കുറവാണ്. ചെങ്കല്ലും ചെളിമണ്ണും നിറഞ്ഞ ഈ ഗ്രാമത്തിൽ തെങ്ങുകൾ കൂടാതെ മറ്റുള്ള ചെടികളും കൃഷിചെയ്യാറുണ്ട്. തീരപ്രദേശമാണെങ്കിലും കിഴുന്ന ബീച്ച് മത്സ്യബന്ധന കേന്ദ്രം അല്ലാത്തതിനാൽ തീരദേശവാസികൾ മത്സ്യതൊഴിലാളികൾ അല്ല. സാമ്പത്തികമായി ഉയർന്ന നിലവാരം പുലർത്തുന്ന ഗ്രാമീണരിൽ പലരും നല്ല വിദ്യാഭ്യാസം നേടിയവരാണ്.

അതിരുകൾ[തിരുത്തുക]

കിഴുന്ന ഗ്രാമത്തിന്റെ പടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തുള്ള കിഴുന്ന ബീച്ചിന്റെ വടക്കുഭാഗത്താണ് തോട്ടട ബീച്ച്. കിഴുന്നയിൽ നിന്ന് തോട്ടടയിലേക്ക് കടൽത്തീരം വഴി നടന്നുപോവാനാവില്ല. കാരണം അതിനിടയിലാണ് കരയിൽ‌നിന്നും കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന വട്ടക്കല്ല് എന്ന് പേരുള്ള പാറക്കൂട്ടം. ഈ പാറക്കൂട്ടത്തിലേക്ക് എപ്പോഴും ശക്തമായ തിരമാലകൾ അടിച്ചുകൊണ്ടിരിക്കും. തെക്കുഭാഗത്ത് കാണുന്ന ഏഴര ബീച്ചിലേക്ക് നടന്നുപോവാൻ കഴിയും. തെക്ക് അകലെയായി ധർമ്മടം തുരുത്ത് കാണാൻ കഴിയും. കിഴുന്ന ബീച്ചിന്റെ വടക്കെ അതിരായി വട്ടക്കല്ലും അതുപോലെ തെക്കേ അതിരായി ചേരക്കല്ലും കാണാം. വടക്ക് വട്ടക്കല്ല് ഭാഗത്ത് നോക്കിയാൽ അകലെയായി കണ്ണൂർ പട്ടണത്തിന്റെ ഭാഗങ്ങൾ കാണാം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിഴുന്ന_കടൽ‌ത്തീരം&oldid=2582402" എന്ന താളിൽനിന്ന് ശേഖരിച്ചത്