കളമെഴുത്തും പാട്ടും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദേവീ ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാനപ്പെട്ട അനുഷ്ഠാനമാണ് കളമെഴുത്തും പാട്ടും. ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനമായും കാണുന്ന കളമെഴുത്തും പാട്ടും ഇന്ന് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ആചരിച്ചു വരുന്നതായി കാണുന്നു. കളമെഴുതിയതിനുശേഷമാണ് പാട്ട് നടക്കുന്നത്. കളമെഴുത്തും പാട്ടും, മുടിയേറ്റ്, തീയ്യാട്ട്, കോലം തുളളൽ, സർപ്പം തുളളൽ, പാന തുടങ്ങിയ അനുഷ്ഠാനങ്ങളിലെല്ലാം കളമെഴുത്ത് ഒഴിച്ചു കൂടാൻ പറ്റാത്ത ചടങ്ങാണ്. കാളി, അയ്യപ്പൻ, യക്ഷി,‌ ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികൾക്കാണ് പ്രധാനമായും കളമെഴുത്തു നടത്തുന്നത്. കളം വ‌രയ്ക്കുന്നത് ചില സമുദായങ്ങളുടെ കുടുംബാവകാശവുമാണ്.

കേരളത്തിൽ കളം വരയ്ക്കുന്നതിൽ പ്രസിദ്ധിയാർജിച്ചവരാണ് കല്ലാറ്റ് കുറുപ്പൻമാർ. ഇവരെ കൂടാതെ തിയ്യാട്ടുണ്ണികൾ, തിയ്യാടി നമ്പ്യാർ, പുളളുവർ, വണ്ണാൻ, മണ്ണാൻ, കണിയാന്മാർ തുടങ്ങിയവരെല്ലാം കളം വരയ്ക്കുന്നത് കുലവൃത്തിയായി സ്വീകരിച്ചവരാണ്.

ഐതിഹ്യം

ദാരികവധമാണ് കളമെഴുത്തിന്റെയും പ്രമേയം. ഒരിക്കൽ ദാരികൻ എന്ന അസുരൻ ബ്രഹ്മാവിനെ തപസ്സു ചെയ്തു. ദാരികന്റെ തപസ്സു കണ്ട് സന്തുഷ്ടനായ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ഇഷ്ടവരങ്ങൾ ചോദിച്ചു കൊള്ളാൻ ആരാഞ്ഞു. ദേവന്മാരാലും, അസുരന്മാരാലും, മനുഷ്യരാലും മരണം സംഭവിക്കരുതെന്നും, തന്റെ ഒരു തുളളി രക്തം വീണാൽ അതിൽ നിന്നും ആയിരം അസുരന്മാർ ജനിക്കണമെന്നും ദാരികൻ ബ്രഹ്മാവിനോടു ആവശ്യപ്പെട്ടു. ദാരികനു വരങ്ങൾ നല്കിയ ബ്രഹ്മാവ് മരണം സംഭവിക്കാതിരിക്കാൻ ഒരു മന്ത്രവും കൂടി നല്കി. ഈ മന്ത്രം മൂന്നാമതൊരാൾ അറിഞ്ഞാൽ മരണം നിശ്ചയമാണെന്നും ബ്രഹ്മാവ് അറിയിക്കുകയും ചെയ്തു. വരങ്ങൾ നേടി അഹങ്കാരിയായ ദാരികൻ ദേവകളെയും മനുഷ്യരെയും ഋഷിമാരെയും എല്ലാം ഉപദ്രവിക്കാൻ തുടങ്ങി. ഉപദ്രവം സഹിക്കാൻ വയ്യാതെ വന്നപ്പോൾ ദേവന്മാരും, ബ്രഹ്മാവും, വിഷ്ണുവും എല്ലാവരും നാരദ മഹർഷിയോടൊന്നിച്ചു മഹാദേവന്റെ അടുക്കൽ ചെന്നു സങ്കടമുണർത്തിച്ചു. ഇതിനു പരിഹാരമായി മഹാദേവൻ ഭദ്രകാളിയെ സ‌ൃഷ്ടിക്കുകയും ചെയ്തു. ദാരിക നിഗ്രഹത്തിനായി ദേവി വേതാളത്തെ തന്റെ വാഹനമാക്കി യുദ്ധത്തിനായി പുറപ്പെട്ടു .

അനേകം കൈകളും അതിൽ പല ആയുധങ്ങളുമായി ഘോരരൂപിയായ ദേവി അനേകകാലം ദാരികനോടു യുദ്ധം ചെയ്തു. ഒടുവിൽ ദാരികനെ നിഗ്രഹിക്കുകയും ചെയ്തു. നിഗ്രഹം എളുപ്പം സാധ്യമാകാൻ ദുർഗ്ഗാദേവി ദാരികന്റെ ഭാര്യയായ മനോദരിയിൽ നിന്നു ബ്രഹ്മാവ് നൽകിയ മന്ത്രം അറിയുകയും ചെയ്തു. കോപാകുലയായ ദേവി ദാരികന്റെ ശിരസ്സറുത്തു മഹാദേവന്റെ മുന്നിൽ കാഴ്ചവയ്ക്കുന്നതിനായി കൈലാസത്തിലേക്കു പുറപ്പെട്ടു. ഇതേസമയം രണഭൂമിയിൽ നടന്നതെല്ലാം നാരദർ കൈലാസത്തിൽ ചെന്നു മഹാദേവനെ അറിയിക്കുകയും ഘോരരൂപിയായി വരുന്ന ദേവിയുടെ കോപം ശാന്തമാക്കണമെന്ന അപേക്ഷിക്കുകയും ചെയ്തു. രണഭൂമിയിലെ ദേവിയുടെ രൂപം ഏതു രൂപത്തിലാണെന്നു മഹാദേവൻ നാരദരോട് ചോദിച്ചു. ഉടൻ തന്നെ നാരദർ ദേവിയുടെ രൂപം നിലത്ത് വരച്ച് കാണിക്കുകയും ചെയ്തു. ഇതാണ് കളമെഴുത്തായി നാം ആചരിക്കുന്നത്.

കളമെഴുത്തു ചടങ്ങുകൾ

പഞ്ചവർണ്ണപ്പൊടികളാണ് കളമെഴുത്തിനുപയോഗിക്കുന്നത്. കറുപ്പ് (ഉമിക്കരി) വെളള (അരിപ്പൊടി) മഞ്ഞ (മഞ്ഞൾപ്പൊടി) പച്ച (വാകയിലെ പൊടി) ചുമപ്പ് (മഞ്ഞളും ചുണ്ണാമ്പും ചേർന്ന മിശ്രിതം ) എന്നിവ ചേർന്നാണ് ദേവീദേവന്മാരുടെ കളം വരയുന്നത്.

ക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തു നടക്കുന്നത്. എങ്കിലും ചില വീടുകളിലും ഇഷ്ടദേവതാപ്രീണനത്തിനായി കളമെഴുത്തു നടത്താറുളളതായി പറയുന്നു. പ്രത്യേകം തയ്യാറാ ക്കിയ പന്തലുകളിലും കളമെഴുത്തും പാട്ടും നടക്കുന്നത്. ഇത് പാട്ടരങ്ങ് എന്ന പേരിലറിയപ്പെടുന്നു. വൈകുന്നേരമാണ് കളമെഴുത്തും പാട്ടും നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കു-കിഴക്ക് ഭാഗത്തായാണ് കളം വരയുന്നത്. കളമെഴുതുന്ന പ്രധാന ആചാര്യന്റെ നിർദ്ദേശപ്രകാരം അനുയായികൾ കളം വരയുന്നു. ഭദ്രകാളീ രൂപമാണ് കളമെഴുത്തിൽ ചിത്രീകരിക്കുന്നതെങ്കിലും ചില ക്ഷേത്രങ്ങളിൽ ഇതിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. കാളിയുടെ കൈകളുടെ എണ്ണത്തിനനുസരിച്ചാണ് ഓരോ ദിവസവും കളത്തിന്റെ വലിപ്പം. ക്ഷേത്രങ്ങളിൽ ദീപാരാധനക്കു മുമ്പു തന്നെ കളം വരയുന്നത് പൂർത്തിയായിരിക്കും. അതിനു ശേഷം തളികയിലോ തൂശനിലയിലോ നെല്ലും അരിയും നാളികേരവും നിലവിളക്കും കത്തിക്കും. അതിനുശേഷമാണ് പാട്ട് നടക്കുന്നത്. ഭദ്രകാളിപ്പാട്ട് എന്നും ഇതറിയപ്പെടുന്നു. ആയിരം വർഷത്തോളം പഴക്കമുളള ഈ പാട്ട് എഴുതി പഠിക്കാൻ പോലും പാടില്ല എന്നാണ് പഴമക്കാർ പറയുന്നത്. പാട്ടു കഴിയു മ്പോൾ ചുമന്ന പട്ടിൽ നെല്ലും നാളികേരവും പൂക്കുലയും വയ്ക്കുന്നു. പാട്ട് കഴിഞ്ഞ് പിണിയാൾ കളത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയും ഉണ്ടാകും.അതിനുശേഷം കളം മായ്ക്കുന്നു.

വർഷത്തിൽ ഒരു ദിവസമെങ്കിലും കളമെഴുത്തും പാട്ടും കണ്ട് തൊഴണം എന്നാണ് പറയുന്നത്. നാടിന്റെ, ജനങ്ങളുടെ നന്മയ്ക്കായി നടത്തുന്നതാണ്. അനുഷ്ഠാന കലകൾ എന്നു പറയുമ്പോഴും അതിൽ നന്മ ഒരു സമൂഹത്തിന്റെ മുഴുവൻ കൂട്ടായ്മയാണ്. അല്ലെങ്കിൽ ഒത്തുചേരലാണ് ഇതു തന്നെയാണ് അനുഷ്ഠാനകലകളുടെ സവിശേഷതയായി പറയുന്നത്. ലോക‌ം എത്ര പുരോഗമിച്ചാലും കാലം എത്ര കടന്നാലും കാവും അനുഷ്ഠാനകലകളും എല്ലാം നമ്മുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്നവയാണ് സമകാലികജീവിതത്തിലെ ദുർവാസനകളെ അകറ്റി നിർത്തി ദൈവചൈതന്യത്തെ മനുഷ്യമനസ്സിലേക്കു പ്രവഹിക്കാൻ കളമെഴുത്തും പാട്ടും പോലെയുളള അനുഷ്ഠാ നങ്ങൾ കാരണമാകുന്നു.പടയണി എന്ന കലാ രൂപത്തിന്റെ ഐതിഹ്യം കളമെഴുത്തും പാട്ടും എന്ന കലയിലേതുമായി സാധ്യത പുലർത്തുന്നു.

"https://ml.wikipedia.org/w/index.php?title=കളമെഴുത്തും_പാട്ടും&oldid=3084402" എന്ന താളിൽനിന്ന് ശേഖരിച്ചത്