കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പാർവതി പുത്തനാറിന്റെ കരയിൽ കരിക്കകം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രമാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട ശക്തി ക്ഷേത്രമാണിത്. നഗരത്തിനോട് ചേർന്നു കിടക്കുന്നു. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തിയുടെ കാളി ഭാവമായ ചാമുണ്ഡി അഥവാ ചാമുണ്ഡേശ്വരി. ഒരേ ഭഗവതി സങ്കല്പം ഇവിടെ മൂന്ന് ഭാവങ്ങളിൽ ആരാധിക്കപ്പെടുന്നു. കരിക്കകത്തമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പല ആചാരങ്ങളും മനോഹരമായ നിർമാണരീതിയും ഇവിടെ കാണപ്പെടുന്നു.

ക്ഷേത്ര നിർമാണം[തിരുത്തുക]

മധുര മീനാക്ഷി ക്ഷേത്രത്തിലെത്തേത് പോലെ മനോഹരമായ വലിയ അലങ്കാര ഗോപുരമാണ് ഒരു പ്രത്യേകത. പരാശക്തിയുടെ മനോഹരമായ ശില്പങ്ങളും കാളീ രൂപങ്ങളും കൊണ്ടലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ആധുനിക ശൈലി കൂടി ചേർന്ന സമന്വയിച്ചിരിക്കുന്ന വ്യത്യസ്തവും സുന്ദരവുമായ നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.

കരിക്കകത്തമ്മ[തിരുത്തുക]

മുഖ്യ പ്രതിഷ്ഠ[തിരുത്തുക]

പ്രധാന ശ്രീകോവിലിൽ കുടികൊള്ളുന്ന ദേവിയാണ് ശ്രീ ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡാദേവി. ആദിപരാശക്തിയുടെ കാളിക ഭാവം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി സാന്നിധ്യം ഈ ഭഗവതിയിൽ സങ്കൽപ്പിക്കപ്പെടുന്നു. പുഞ്ചിരി തൂകുന്ന ഭഗവതിയുടെ മനോഹരമായ പഞ്ചലോഹ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ചുവന്ന പൂക്കൾ കൊണ്ടുള്ള രക്തപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. മാറാരോഗങ്ങൾ മാറുന്നതിനും ദുരിതശാന്തിക്കും ഭക്തർ ഇവിടെ എത്തിച്ചേരുന്നു.

രക്ത ചാമുണ്ഡി[തിരുത്തുക]

ഉഗ്രരൂപത്തിലുള്ള കാളിയാണ് രക്ത ചാമുണ്ഡി. ഭദ്രകാളിയുടെ വലിയ ചുവർ ചിത്രമാണ് ഈ നടയിലുള്ളത്. ദേവി മാഹാത്മ്യപ്രകാരം ചണ്ഡിക ദേവിയുടെ പുരികക്കോടിയിൽ നിന്നും അവതരിച്ചു ചണ്ടമുണ്ടൻമാരെ വധിച്ചതിനു ശേഷമുള്ള രൗദ്ര ഭാവം. പ്രതിഷ്ഠ ഒന്നും തന്നെയില്ല. എപ്പോഴും അടഞ്ഞു കിടക്കുന്ന ഈ നടയിൽ നടതുറപ്പ് വഴിപാട് നടക്കുന്ന സമയത്ത് ഒരു മിനിറ്റ് മാത്രമാണ് ദർശന സമയം. കരിക്കകം ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധവും തിരക്കേറിയതുമായ നട ഇത് തന്നെയാണ്.

ബാല ചാമുണ്ഡി[തിരുത്തുക]

സൗമ്യസുന്ദര രൂപത്തിലുള്ള ഭഗവതിയാണ് ഇത്. ഒരു പെൺകുട്ടിയുടെ രൂപത്തിലുള്ള ഭഗവതിയുടെ ചുവർ ചിത്രമാണ് ഇവിടെയുള്ളത്. സരസ്വതി ഭാവം കൂടി ഈ ഭഗവതിയിൽ സങ്കൽപ്പിക്കപ്പെടുന്നു. ഈ നടയിൽ ദർശനം നടത്തുന്നത് കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് എന്നാണ് വിശ്വാസം. കുട്ടികൾ ഇല്ലാത്ത ദമ്പതികളും, കുട്ടികളുടെ ഉയർച്ചക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയെല്ലാം ഇവിടെ ഭക്തർ എത്തിച്ചേരുന്നു. നടതുറപ്പ് വേളയിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ ദർശനം നടത്താൻ സാധിക്കുകയുള്ളു.

ഉപദേവതകൾ[തിരുത്തുക]

  • മഹാഗണപതി
  • ധർമ്മ ശാസ്താവ്
  • ഭുവനേശ്വരി
  • മഹാദേവൻ (ആയിരവില്ലീശ്വരൻ)
  • നാഗരാജാവ്
  • ഗുരു
  • മന്ത്രമൂർത്തി

പുരാണം, ഐതീഹ്യം[തിരുത്തുക]

പണ്ട് രാജഭരണകാലത്ത് രാജാവിൻറെ നീതി നിർവ്വഹണ ക്ഷേത്രമായി അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് കരിക്കകം ചാമുണ്ഡി ക്ഷേത്രം. അതിനാൽ പരീക്ഷണ ക്ഷേത്രമെന്നും അറിയപ്പെടുന്നു. ആദിപരാശക്തിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയാണ് കാളി അവതാരമായ "ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡാദേവി. ചുരുക്കത്തിൽ ചാമുണ്ഡി". ദേവിഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങൾ പ്രകാരം സുംഭനിസുംഭ യുദ്ധവേളയിൽ ചണ്ഡികാ പരമേശ്വരിക്ക് തുണയേകുവാനാണ് പരാശക്തി ഇപ്രകാരം അവതരിച്ചതെന്ന് പറയുന്നു. ചണ്ഡികയെ പിടിച്ചു കൊണ്ടു വരുവാൻ സുംഭനിസുംഭൻമാർ ചണ്ടമുണ്ടന്മാരെ അയക്കുന്നു. അപ്പോൾ കോപിഷ്ടയായ ചണ്ഡികയുടെ വില്ലുപോലെ വളഞ്ഞുയർന്ന പുരികക്കൊടിയിൽ നിന്നും രൗദ്രരൂപത്തിൽ ഭദ്രകാളി പ്രത്യക്ഷപ്പെടുന്നു. ആ കാളി ചണ്ടമുണ്ടന്മാരെ വധിച്ചതിനാൽ ചാമുണ്ഡേശ്വരി എന്നറിയപ്പെട്ടു. പിന്നീട് രക്തബീജനെ വധിക്കാൻ ചണ്ഡികയെ സഹായിക്കുകയും ചെയ്തു. അതിനാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. മറ്റൊരു സാഹചര്യത്തിലും ഭഗവതി ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന രാക്ഷസനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. രുരുവിന്റെ ചർമ്മവും, മുണ്ഡവും (തല) വേർപെടുത്തിയ ശ്രീ പാർവതി അവനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത ദേവിയെ ചാമുണ്ഡി എന്നറിയപ്പെട്ടു. ചാമുണ്ഡേശ്വരി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളാണെന്നും എല്ലാം അറിയുന്നവളാണെന്നും ദേവീഭാഗവതത്തിൽ കാണാം.

അടക്കികൊട മഹോത്സവം[തിരുത്തുക]

അടക്കികൊട മഹോത്സവമാണ്‌ ഇവിടത്തെ പ്രധാന ഉത്സവം. കുംഭം മീനം അഥവാ മാർച്ച്‌ ഏപ്രിൽ മാസങ്ങളിലാണ് ഇത് നടക്കുന്നത്. ഉത്സവ ദിനങ്ങളിൽ ദർശനത്തിനായി വൻ ഭക്ത ജനത്തിരക്ക് അനുഭവപ്പെടുന്നു. ഉത്സവത്തിന്റെ ഏഴാം ദിനത്തിൽ പൊങ്കാല നടക്കും. മീന മാസത്തിലെ മകം നാളിലാണ് കരിക്കകം പൊങ്കാല. അതോടൊപ്പം ദേവിയെ തങ്കരഥത്തിൽ പുറത്തെഴുന്നെള്ളുന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്നതുമാണ്. വ്രതമെടുക്കുന്ന ഭക്തന്മാരാണ് ദേവിയുടെ തേര് വലിക്കുന്നത്. തെക്കൻ കേരളത്തിൽ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ രഥത്തിൽ പുറത്തെഴുന്നെള്ളത്ത് നടക്കുന്നുള്ളു എന്ന പ്രത്യേകത കൂടി ഈ ക്ഷേത്ര ഉത്സവത്തിനുണ്ട്.

നവരാത്രി[തിരുത്തുക]

നവരാത്രി വിജയദശമി മറ്റൊരു പ്രധാന ഉത്സവമാണ്. ഇവിടെ വിദ്യാരംഭം അതീവ വിശേഷപ്പെട്ട ചടങ്ങാണ്.

വഴിപാടുകൾ[തിരുത്തുക]

ഭഗവതി ക്ഷേത്രത്തിൽ 13 വെള്ളിയാഴ്ച തുടർച്ചയായി രക്ത പുഷ്പാഞ്ജലി നടത്തുന്നത് ആഗ്രഹ സാഫല്യം ഉണ്ടാകാൻ ഉത്തമം എന്ന് ഭക്തർ വിശ്വസിക്കുന്നു. കടുംപായസം മറ്റൊരു പ്രധാന വഴിപാടാണ്.

നടതുറപ്പിക്കൽ വഴിപാട് രക്തചാമുണ്ഡി, ബാലചാമുണ്ഡി സന്നിധിയിൽ പ്രധാനമാണ്.

ദർശന സമയം[തിരുത്തുക]

*അതിരാവിലെ 5 AM മുതൽ ഉച്ചക്ക് 11.50 AM വരെ.

*വൈകുന്നേരം 4.30 PM മുതൽ രാത്രി 8.10 PM വരെ.

എത്തിച്ചേരുന്ന വഴി[തിരുത്തുക]

തിരുവനന്തപുരം നഗരകേന്ദ്രമായ കിഴക്കേക്കോട്ടയിൽ നിന്നും സർക്കാർ ബസുകളും സ്വകാര്യ ബസുകളും ഈ പ്രദേശത്തേക്ക് സർവ്വീസ് നടത്തുന്നു.

നഗര കേന്ദ്രമായ തമ്പാന്നൂരിൽ നിന്നും ഏകദേശം 9 കി.മി ദൂരമാണ് ഇങ്ങോട്ടേക്ക് ഉള്ളത്.

കൊല്ലം, ആറ്റിങ്ങൽ ഭാഗത്തുനിന്നും വരുന്നവർക്ക് കഴക്കൂട്ടം വഴി ഇവിടെ എത്തിച്ചേരാം.

ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - കൊച്ചുവേളി സ്റ്റേഷൻ.

അടുത്തുള്ള മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകൾ - തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം.

ഏറ്റവും അടുത്ത വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.

ദേശീയപാത തൊട്ടടുത്തു കൂടി കടന്നുപോകുന്നു.