കണ്ടല ലഹള
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
തെക്കൻ തിരുവിതാംകൂറിലെ സാമൂഹ്യ ഘടനക്ക് തന്നെ മാറ്റം കുറിച്ച കലാപമാണ് പിൽക്കാലത്ത് ചരിത്രത്തിൽ രേഖപെടുത്ത പെട്ട കണ്ടല ലഹളയും ,കേരളത്തിലെ ആദ്യത്തെ കർഷകതൊഴിലാളി പണിമുടക്കവും.മഹാത്മാ അയ്യൻ കാളിയുടെ നേതൃത്വത്തിൽ നടന്ന ഈ പോരാട്ടത്തെ കേവലമൊരു സമുദായ കലാപം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് അന്നും ഇന്നും നടന്നുവരുന്നത് . ജന്മി നടുവഴിത്വ വ്യവസ്ഥ നിലനിന്നിരുന്ന കേരളത്തിൽ ആദ്യമായി കർഷക തൊഴിലാളികൾ പഠന അവകാശത്തിനും കൂലി കൂടുതലിനും ജോലി സ്ഥിരതയ്ക്കും വേണ്ടി പണി മുടക്കിയ സമരം നടന്നത് കണ്ടല ലഹളയുടെ ഭാഗമായാണ് .കണ്ടല ലഹള നടന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ കേരളത്തിന്റെ സാമൂഹ്യ പശ്ചാതലത്തിൽ വന്നിട്ടുള്ള മാറ്റങ്ങളിൽ മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ കർഷക തൊഴിലാളി സമരവും ചെലുത്തിയ സ്വാധീനം ചെറുതല്ല
ദശകങ്ങൾ നീണ്ടുനിന്ന ജന്മി നാടുവാഴിത്തത്തിൻ കീഴിൽ എല്ലാ വിധത്തിലുമുള്ള അവകാശങ്ങളും നിഷേധിക്കപെട്ട ജാതീയമായി വിവേചനമനുഭവിച്ചവരുടെ സമഗ്ര മോചനത്തിന് വേണ്ടിയാണ് അയ്യൻ കാളി പോരാടിയത് .ജന്മിനാടുവാഴി വ്യവസ്ഥയിൽ നാട്ടിലെ പ്രധാന സാമ്പത്തിക മേഖല കൃഷി ആയിരുന്നു .ജന്മിമാരുടെ പാടങ്ങളിൽ പണിയെടുത്തിരുന്നത് , ഈഴവർ,പുലയർ ,പറയർ ,കുറവർ തുടങ്ങിയ ജാതീയ വിവേചനങ്ങളിൽ നട്ടം തിരിയപ്പെട്ട സമുദായാംഗങ്ങളായിരുന്നു . ബന്ധപ്പെട്ട വിഭാഗങ്ങളെയാകെ ജന്മിമാർ അടിമകളായാണ് കണക്കാക്കിയിരുന്നത് .സ്വന്തമായി ഭൂമിയോ ,തല ചായ്ക്കാൻ കിടപ്പാടമോ ഉണ്ടായിരുന്നില്ല .പണിയെടുക്കുന്ന പാടത്തിന്റെ കരയിൽ കൈതക്കമ്പും കാട്ടുമരങ്ങളും കൊണ്ടുണ്ടാക്കിയ ചെറു കുടികളിൽ ആണ് അന്തിയുറങ്ങിയിരുന്നത് .ജന്മിക്കു തോന്നുമ്പോൾ ഇറക്കി വിടാനും ശിക്ഷിക്കാനും കഴിയുന്ന ഒരുതരം കാട്ടാള സാമൂഹ്യ നീതിയാണ് നില നിന്നിരുന്നത് .എക്കാലവും അടിമകളാക്കി നില നിർത്തുക എന്നത് ജന്മിമാരുടെ താല്പര്യമായിരുന്നു ..അതിനു വേണ്ടി അവർ ഒട്ടേറെ അനാചാരങ്ങളും ജാത്യാചാരങ്ങളും അന്ധ വിശ്വാസങ്ങളും നടപ്പിലാക്കിയിരുന്നു. മൃഗങ്ങൾക്കു സഞ്ചരിക്കാൻ കഴിയുന്ന വഴികളിൽ പോലും ജാതീയ വിവേചനങ്ങൾക്ക് വിധേയപ്പെട്ടിരുന്ന വിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്രമുണ്ടായിരുന്നില്ല .തൊട്ടുകൂടായ്മ ,തീണ്ടികൂടായ്മ തുടങ്ങി അനാചാരങ്ങളുടെ ഭീതിതകാലമായിരുന്നു അത്.
ആരാധനാലയങ്ങൾ എല്ലാം സവർണ്ണരുടെ സ്വന്തമായിരുന്നു .അതുകൊണ്ട് തന്നെ ജാതീയമായി വിവേചനമനുഭവിച്ചവർക്ക് ആരാധനാലയങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല ..ജാതീയമായി വിവേചനമനുഭവിച്ചവർ അറിവു നേടിയാൽ അത് തങ്ങളുടെ മേധാവിത്വത്തിനു ദോഷം ചെയ്യുമെന്നു മനസ്സിലാക്കിയ ജന്മി നാടുവാഴികൾ സ്വാഭാവികമായും അക്ഷരം നിക്ഷേധിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു..സ്കൂൾ പ്രവേശനവും നിക്ഷേധിച്ചു. ഇത്തരം ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്ന് അടിച്ചമർത്തപ്പെട്ട ജനതയെ മോചിപ്പിക്കാൻ അന്നത്തെ ഭരണകൂടം യാതൊന്നും ചെയ്തിരുന്നില്ല .കാരണം ഭരണകൂടത്തിന്റെ അധികാര സ്ഥാനങ്ങളിൽ ജന്മിത്തം ആയിരുന്നു നിലനിന്നിരുന്നത് .ഈ ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് ജാതീയമായി വിവേചനമനുഭവിച്ചവരുടെ ആകെ മോചനത്തിനു വേണ്ടി രക്ഷകനായി മഹാത്മാ അയ്യൻ കാളി രംഗ പ്രവേശനം ചെയ്തത്
1863 ആഗസ്റ്റുമാസം 28 നു ധമലയാളമാസം 1039 ചിങ്ങം 14 പ അവിട്ടം നക്ഷത്രത്തിൽ വെങ്ങനൂരിൽ അയ്യന്റെയും മാലയുടെയും മകനായിട്ടാണ് കാളി ജനിച്ചത് .കളിയാണ് പിതാവിന്റെ പേരുകൂടി ചേർത്ത് അയ്യൻ കാളി ആയത്.അയ്യങ്കാളിയുടെ പിതാവ് അയ്യൻ പനങ്ങോട്ടു ഊറ്റിരത്തു പരമേശ്വരൻ പിള്ള എന്നജന്മിയുടെ കുടിയാനായിരുന്നു ..ഈ ജന്മി അക്കാലത്തുണ്ടായിരുന്ന മറ്റു ജന്മിമാരിൽ നിന്നും വ്യത്യസ്തനായിരുന്നു.തന്റെ ഏക്കറുകണക്കിന് വരുന്ന കൃഷി ഭൂമി അധ്വാനിച്ചു സംരക്ഷിച്ചിരുന്ന അയ്യന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തനായിരുന്ന പരമേശ്വരൻ പിള്ള അതിന്റെ സന്തോഷ സൂചകമായി 5 ഏക്കർ ഭൂമി ദാനമായി നല്കി .അങ്ങനെ സ്വന്തമായി 5 ഏക്കർ ഭൂമിയുടെ ഉടമസ്ഥനായ ആദ്യത്തെ കുടിയാൻ അയ്യനായി.
അധസ്ഥിത വിഭാഗം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് എതിരെ പ്രതികരിക്കാൻ തീരുമാനിച്ച അയ്യൻ കാളി 1893 ൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി വെങ്ങാനൂരിൽ നിന്നും മണക്കാട് വരെ വെള്ള കാളകളെ പൂട്ടിയ വില്ല് വണ്ടിയിൽ സഞ്ചരിച്ചു .ഇത് സവർണ്ണരെ രോഷാകുലരാക്കി .എന്നാൽ ഇത് ജാതീയമായി വിവെചനമനുഭവിച്ചവരുടെ മനസ്സുകളിൽ പുതിയൊരു ലക്ഷ്യ ബോധം ഉണര്തുന്നതായിരുന്നു.അതിനു ശേഷം 1898 ൽ അദ്ദേഹം ഏതാനും അനുചരന്മാരുമായി ആറാലുംമൂട് പുത്തൻ ചന്തയിലേക്ക് കാൽനട യാത്ര നടത്തി .ബാലരാമപുരം ചാലിയതെരുവിൽ വച്ച് ഈ യാത്രക്ക് നേരെ വലിയ സായുധ ആക്രമണം തന്നെ സവർണ്ണമേധാവികൾ അഴിച്ചു വിട്ടു.
സമൂഹത്തിൽ നിലനിൽക്കുന്ന അനാചാരങ്ങൾക്കും ജാത്യാചാരങ്ങൾക്കും എതിരെ പൊരുതാൻ ഏറ്റവും ആവശ്യമായത് അറിവ് നേടുക എന്നതാണെന്ന് അയ്യൻ കാളി മനസ്സിലാക്കിയിരുന്നു. ജാതീയമായി വിവേചനമനുഭവിച്ചിരുന്നവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന തിരിച്ചറിവിലാണ് അയ്യൻ കാളി 1904 ൽ വെങ്ങാനൂരിൽ ഒരു കുടിപള്ളിക്കൂടം ആരംഭിച്ചത് .എന്നാൽ ഇവിടെ പഠിപ്പിക്കാൻ അദ്ധ്യാപകരെ കിട്ടിയില്ല .തുടർന്ന് അയ്യങ്കാളി മഹാകവി കുമാരനാശാനെ കണ്ടു സഹായം അഭ്യർത്ഥിച്ചു .കുമാരനാശാൻ പരമേശ്വരൻ പിള്ള എന്ന അദ്ധ്യാപകനെ അയച്ചു കൊടുത്തെങ്കിലും ജന്മിമാരുടെശക്തമായ എതിർപ്പിനെത്തുടർന്ന് ഇദ്ദേഹം മടങ്ങി പോവുകയും അങ്ങനെ സ്കൂൾ പൂട്ടുകയും ചെയ്തു.
1907 ൽ ആണ് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ ആദ്യമായി സ്ക്കൂൾ പ്രവേശനം നല്കികൊണ്ട് ഉത്തരവിറക്കിയത് .എന്നാൽ സമ്പന്നന്മാരായ ജന്മിമാർ അത് നടപ്പിലാക്കിയില്ല .അക്ഷരം അഗ്നി ആണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു .മാത്രമല്ല തങ്ങളുടെ പാടങ്ങളിൽ പണിയെടുക്കാനുംസമ്പത്തുണ്ടാക്കുന്നതിനും ഒരു ജന വിഭാഗം വേണം .അതിനു അവരെ അയിത്താചാരവും അനാചാരവും വഴി അടിമകളാക്കി നില നിർത്തേണ്ടത് അവരുടെ തന്നെ ആവശ്യമായിരുന്നു. എന്നാൽ അയ്യൻകാളി അധസ്ഥിത ജനവിഭാഗത്തിന്റെ സ്കൂൾ പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടങ്ങിയിരുന്നു .ഇതിന്റെ ഫലമായി തിരുവിതാംകൂർ സർക്കാർ 1910 ൽ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവിറക്കി .ഈ ഉത്തരവ് നടപ്പിലാക്കാൻ വേണ്ടിയാണു.1907 ൽ സ്ഥാപിച്ച ഊരൂട്ടംബലം സ്കൂളിലേക്ക് പൂജാരി അയ്യരുടെ മകളായ പഞ്ചമിയുമായി അയ്യങ്കാളി എത്തിയത്.
എന്നാൽ കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തിൽ അയ്യൻകാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിച്ചു .പഞ്ചമി എന്ന ജാതീയ വിവേചനത്തിന്റെ ഇര കയറിയ ഊരൂട്ടംമ്പലം സ്കൂൾ തീയിട്ടു നശിപ്പിക്കുകയും ആ കുറ്റം അയ്യങ്കാളിയുടെ മേൽ കെട്ടി വയ്ക്കുകയും ചെയ്തു .ഊരൂട്ടംമ്പലം സ്കൂളിൽ പ്രവേശനവുമായി ബന്ധപെട്ടു നടന്ന ഈ കലാപം മാറനല്ലൂർ ഗ്രാമത്തിൽ ആകെ പടർന്നു.ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ പാർത്തിരുന്ന കണ്ടല,മുണ്ടെൻ ചിറ ,ഇറയംകോട്,ആനമല ,കൊശവല്ലൂർ ,കരിങ്ങൽ ,അരുവിക്കര തുടങ്ങിയ പ്രദേശങ്ങളിൽ ലഹള പടർന്നു .7 ദിവസം നീണ്ടു നിന്ന അക്രമങ്ങൾ ആയിരുന്നു ഈ പ്രദേശങ്ങളിൽ പുലയ സമുദായാംഗങ്ങൾക്കു നേരെയുണ്ടായത് .കുടിലുകൾ തീയിട്ടു നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്തു .ജീവൻ രക്ഷിക്കാനായി ആണുങ്ങൾ കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നു. ഈ ലഹളയുടെ അലയൊലികൾ പെരുംപഴുതൂർ ,മാരയമുട്ടം ,പള്ളിച്ചൽ ,മുടവൂർ പാറ ,കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി.
ഊരൂട്ടംമ്പലം സ്കൂളിൽ ഉണ്ടായ ലഹളക്ക് ശേഷം അയ്യങ്കാളി വെങ്ങാനൂർ ചാവടി സ്കൂളിലും പുലയ സമുദായാംഗങ്ങളുമായി പ്രവേശനത്തിന് ചെന്നു.അവിടെയും സവർണ്ണ ജന്മിമാർ ആക്രമണം അഴിച്ചു വിട്ടു. അതോടെ അയ്യങ്കാളി സ്കൂൾ പ്രവേശനത്തിനായി പുതിയൊരു സമരത്തിന് രൂപം നല്കി .അയിത്ത ജാതിക്കാരുടെ സ്കൂൾ പ്രവേശനം ,അവർക്ക് തൊഴിൽ സ്ഥിരത ,കൂലി കൂടുതൽ തുടങ്ങിയ ചില ആവശ്യങ്ങൽ കൂടി ഉന്നയിച്ചു കൊണ്ട് തിരുവിതാംകൂറിൽ ആദ്യമായി ഒരു കർഷകതൊഴിലാളി പണിമുടക്കിന് അയ്യൻകാളി ആഹ്വാനം ചെയ്തു.
1913 ജൂണ് മാസത്തിൽ അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കർഷക തൊഴിലാളികൾ പണിമുടക്കി .ഈ പണിമുടക്ക് ഏറ്റവും ശക്തമായത് കണ്ടലയിലും പരിസരങ്ങളിലുംആയിരുന്നു .കർഷക തൊഴിലാളികൾ പാടത്ത് ഇറങാതയത്തോടെ ജന്മിമാരുടെ പാടങ്ങളിൽ മുട്ടി പുല്ലു കിളിർത്തു തുടങ്ങി. ഈ പണിമുടക്ക് പൊളിക്കാൻ ജന്മിമാർ പലതും ചെയ്തു .അയ്യങ്കാളിയെ ജീവനോടെ പിടിച്ചു കൊടുത്താൽ 2000 രൂപയും 2 കഷ്ണമാക്കി കൊടുത്താൽ 1000 രൂപയുംഇനാം പ്രഖ്യപിച്ചു. സമരം ശക്തമായതോടെ എങ്ങനെയും സമരം തീരക്കണമെന്നചിന്ത ജന്മിമാർക്കും സർക്കാരിനുംഉണ്ടായി .ഇതിന്റെ ഫലമായി അന്നത്തെ ദിവാൻ രാജഗോപാലാചാരി സമരം ഒത്തു തീർപ്പാക്കാനായി ഒരു മധ്യസ്ഥനെ വച്ചു.ഫസ്റ്റു ക്ലാസ് മജിസ്ട്രേട്ട് ആയ കണ്ടല സി .കെ നാഗർപിള്ള ആയിരുന്നു മധ്യസ്ഥൻ .ഇദ്ദേഹം ഇരു കൂട്ടരുമായി സംസാരിച്ചു സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് തീർപ്പാക്കി .ഇതിനോട് ജന്മിമാരും സഹകരിച്ചു .ജോലി സ്ഥിരത ,കൂലി കൂടുതൽ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു .1914 ൽ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവ് ഇറക്കുകയും ചെയ്തു .അങ്ങനെ 1913 ജൂണിൽ തുടങ്ങിയ ആദ്യത്തെ കർഷകതൊഴിലാളി സമരം 1914 മെയിൽ അവസാനിച്ചു.
1911 ൽ അയ്യങ്കാളിയെ ശ്രീമൂലംപ്രജാ സഭയിലേക്ക് നാമനിർദ്ദേശംചെയ്തിരുന്നു .പ്രജാ സഭയിൽ അയ്യങ്കാളി നടത്തിയ പ്രസംഗങ്ങൾ എല്ലാം ശ്രദ്ധേയമായിരുന്നു .ജാതീയമായി വിവേചനമനുഭവിച്ച വിഭാഗങ്ങൾക്ക് ഭൂമി പതിച്ചു കിട്ടുന്നതിനും സർക്കാർ ജോലി ലഭിക്കുന്നതിനും ഉള്ള നിവേദനങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രജാ സഭ പ്രസംഗങ്ങൾ .അതിനു ഫലമുണ്ടാവുകയും ഏക്കറുകണക്കിന് ഭൂമി തിരുവിതാംകൂറിൽ അവർക്ക് പതിച്ചു നല്കുകയും സർക്കാർ വകുപ്പുകളിൽ ജോലി ലഭിക്കുകയും ചെയ്തു .ജാതീയമായി വിവേചനമനുഭവിക്കുന്ന എല്ലവർക്കും വേണ്ടി പോരാടാനായാണ് അയ്യങ്കാളി സാധു ജന പരിപാലന സംഘം ആരംഭിച്ചത് .1941 ജൂണ് 18 നു എഴുപത്തി ഏഴാം വയസ്സിൽ മഹാത്മാ അയ്യൻ കാളി മരണമടഞ്ഞു .അയ്യങ്കാളിയുടെ മരണത്തോടെ അദ്ദേഹം സ്ഥാപിച്ച സാധു ജന പരിപാലന സംഘം ശിഥിലമായി .സാധു ജന പരിപാലന സംഘത്തിലെ പ്രവർത്തകർ കാലാന്തരത്തിൽ പുലയ / ചേരമർ / അയ്യനവർ സംഘടനകളായി മാറി.അതോടെ അയ്യങ്കാളിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ പറ്റാതായി.
ജാതീയമായി വിവേചനമനുഭവിക്കുന്നവർക്കു നേരെയുള്ള കയ്യേറ്റങ്ങൾ തുടർന്നു. ജന്മിമാരുടെ ഇഷ്ട്ടത്തിനനുസരിച്ചു കുടിയിറക്കൽ തുടങ്ങി .ഈ കാലത്ത് മാറനല്ലൂർ പഞ്ചായത്തിൽ തന്നെ തൊലിയറപാറ ,തച്ചമൽ ,അരുവിക്കര ,മുണ്ടെൻ ചിറ തുടങ്ങി പല സ്ഥലങ്ങളിലും കുടിയിറക്കൽ നടന്നു .
അയ്യങ്കാളിയുടെ സാമൂഹ്യ പ്രക്ഷോഭംകാരായിരുന്നു.കേരളത്തിലെ സർക്കാരുകൾ കൊണ്ടുവന്ന സമഗ്ര ഭൂ നിയമം വഴി കുടിയിറക്ക് അവസനിപ്പിക്കാനും കൈവശക്കാർക്ക് ഭൂമിയുടെ ഉടമകൾ ആകാനും കഴിഞ്ഞു ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ കണ്ടലലഹളയും ആദ്യത്തെ കർഷകതൊഴിലാളി സമരവും എല്ലാം സാമൂഹ്യ നവോത്ഥാനത്തിന്റെ ഭാഗമായി കാണാം .എന്നാൽ അയ്യങ്കാളിയെ കേവലമൊരു സമുദായ നേതാവ് മാത്രമായി ചിത്രീകരിക്കാനും കണ്ടല ലഹളയെ വെറും പുലയ ലഹള ആക്കി ചിത്രീകരിക്കാനും ഉള്ള ശ്രമങ്ങളാണ് പല ജാതി സമുദായ സംഘടനകളും നടത്തുന്നത്.
ജന്മിത്തം കിളച്ചു മറിച്ച മണ്ണിൽ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉയിർ കൊണ്ട ധീരനായ സാമൂഹ്യ വിപ്ലവകാരി ആയിരുന്നു മഹാത്മാ അയ്യങ്കാളി .സവർണ്ണമേധാവിത്വത്തിനും അടിച്ചമർത്തലിനും എതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ വർഗ്ഗസമരം ആയിരുന്നു .ആ നിലയിൽ കണ്ടല ലഹളയും ആദ്യത്തെ കർഷക തൊഴിലാളി സമരവും എല്ലാ സാമൂഹ്യ നവോത് ഥാനത്തിന്റെ ഭാഗമായി മാറുന്നു .