ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ്
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ്. 1927 ൽ രൂപീകൃതമായ ഈ സംഘടന സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായുള്ള സംഘടനകളിൽ ലോകത്തെ ആദ്യകാല സംഘടനകളിലൊന്നാണ്. ഐറിഷ് - ഇന്ത്യൻ വനിതാവിമോചന പ്രവർത്തകയും വോട്ടവകാശപ്പോരാളിയും തിയോസഫിസ്റ്റുമായിരുന്ന മാർഗരറ്റ് കസിൻസ് ആണ് ഇതിനു രൂപം കൊടുത്തത് . സ്ത്രീകളുടെ വിദ്യാഭ്യാസോന്നമനത്തിനായുള്ള സംഘടനായിട്ടാണ് ഇത് രൂപംകൊണ്ടതെങ്കിലും പിന്നീടിത് സ്ത്രീകളുടെയും കുട്ടികളുടേതുമായ നിരവധി സാമുഹിക സാമ്പത്തിക പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തനങ്ങൾ നടത്തിവരുന്നു.
രൂപീകരണ ചരിത്രം[തിരുത്തുക]
ബ്രിട്ടീഷ് ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസ സംബന്ധമായ ചർച്ചകളാണ് ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ സ്ത്രീകൾക്ക് ഏതുതരം വിദ്യാഭ്യാസമാണ് വേണ്ടത് എന്ന വിഷയത്തിൽ ചർച്ച നടത്തണമെന്നും അതിനായുള്ള ആവശ്യം സർക്കാരിന്റെ മുൻപാകെ സമർപ്പിച്ച് നേടിയെടുക്കണമെന്നും അന്നത്തെ ബംഗാൾ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഓട്ടൺ ആവശ്യപ്പെട്ടു. ഇതിനോടുള്ള പ്രതികരണങ്ങൾ സ്ത്രീധർമ്മ എന്ന പ്രസിദ്ധീകരണത്തിൽ വരുകയും അതിനെതുർന്ന് മാർഗ്രെറ്റ് കസിൻസ് ഈ ചർച്ചകൾ വിപുലമായി നടത്തുന്നതിനായി ഒരു കോൺഫറൻസ് നടത്തുവാൻ മുൻകൈയ്യുടുക്കുകയും ചെയ്തു. അതിന്റെ ആദ്യഘട്ടമായി സ്ത്രീവിദ്യാഭ്യാസം സംബന്ധിച്ച് വിവിധ ഭാഗങ്ങളിൽ പ്രാദേശിക കോൺഫറൻസുകൾ നടത്തുകയും അവയുടെ ക്രോഡീകരണം എന്ന നിലയിൽ 1927 ജനുവരിയിൽ പൂനെയിൽ ആൾ ഇന്ത്യ വിമൻസ് കോൺഫറൻസ് നടത്തുകയും ഇത് പിന്നീട് ഒരു സ്ഥിരം സംഘടനാരൂപമായി മാറുകയും ചെയ്തു. [1] [2]
പൂനെയിലെ പ്രാദേശിക സംഘാടകസമിതിയിൽ നിന്നും എൺപത്തിയേഴ് പേരും പ്രാദേശിക കോൺഫറൻസുകളിൽ നിന്നും എത്തിയ അൻപത്തിയെട്ട് പേരും സ്ത്രീകളും പുരുഷന്മാരുമടങ്ങിയ രണ്ടായിരത്തോളം നിരീക്ഷകരും പങ്കെടുത്ത ഈ സമ്മേളനം ഉദ്ഘാടനം ചെയ്തത് സാൻഗ്‌ളിയിലെ റാണി സാഹെബ് ആയിരുന്നു. ബറോഡയിലെ ഗേക്ക്‌വാദിലെ മഹാറാണി ചിമ്നാഭായ് സാഹെബ് ആയിരുന്നു ആദ്യ അദ്ധ്യക്ഷ.
സ്ത്രീകൾക്ക് അവരുടെ സവിശേഷതകൾക്കനുസരിച്ചുള്ളതും സാമൂഹ്യാംഗീകാരത്തിന് വിധേയമായിട്ടുള്ളതുമായ വിദ്യാഭ്യാസം നൽകണം എന്നതായിരുന്നു ആദ്യ കോൺഫറൻസിലെ പ്രധാന ചർച്ച. സ്ത്രീകൾക്ക് നിർബന്ധിതവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നൽകണം എന്നതിലുപരി, വിദ്യാഭ്യാസമുള്ള ഭാര്യമാരെയും അമ്മമാരെയും സൃഷ്ടിക്കാനാകണം എന്ന പരിമിതമായ ലക്ഷ്യമാണ് ആദ്യവർഷങ്ങളിലെ ചർച്ചകളിൽ പ്രധാനമായും ഉയർന്നത്. അതോടൊപ്പം വനിതാഡോക്ടർമാരെയും പ്രൊഫസർമാരെയും അഭിഭാഷകരെയും സൃഷ്ടിക്കണം എന്നും അവർ ആവശ്യപ്പെട്ടിരുന്നു. [2]
ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയധാരയിൽ നിന്നും അകന്നുമാറിയുള്ള പ്രവർത്തനമാണ് വിമൻസ് കോൺഫറൻസ് നടത്തിവന്നത്. എന്നാൽ സ്ത്രീവിദ്യാഭ്യാസത്തെ തുരങ്കം വെയ്കുന്ന സമ്പ്രദായങ്ങൾക്കെതിരെ - പ്രത്യേകിച്ചും, പർദ്ദ സമ്പ്രദായം ശൈശവവിവാഹം തുടങ്ങിയവയ്കെതിരെ സ്വാഭാവികമായും ഇവർക്ക് രംഗത്തിറങ്ങേണ്ടിവന്നു. [1]
അഞ്ഞൂറിൽ പരം ശാഖകളും 100,000 ഓളം അംഗങ്ങളും ഇന്ന് ഈ സംഘടനയ്ക്കുണ്ട്. [3]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "ഓൾ ഇന്ത്യാ വിമൻസ് കോൺഫറൻസ് എമർജൻസ് ഓഫ് വിമൻസ് ഓർഗനൈസേഷൻസ് ഇൻ ഇന്ത്യ". ഇന്ത്യാ നെറ്റ്സോൺ. ശേഖരിച്ചത് 2013 ഏപ്രിൽ 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 "വിമൻ ഇൻ മോഡേൺ ഇന്ത്യ, വാല്യ -4, ജെറാൾഡിൻ ഫോർബസ് ജി.എച്ച്. ഹാൻകോക്ക് ഫോർബസ്". ഗൂഗിൾ. ശേഖരിച്ചത് 2013 ഏപ്രിൽ 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "എബൌട്ട് അസ്". എ.ഐ.ഡ്ബ്ല്യു.സി. മൂലതാളിൽ നിന്നും 2013-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഏപ്രിൽ 9.
{{cite news}}
: Check date values in:|accessdate=
(help)