എം. ശശികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ശശികുമാർ
ജനനം
മഹാലിംഗം ശശികുമാർ

(1974-09-28) 28 സെപ്റ്റംബർ 1974  (49 വയസ്സ്)[1]
തൊഴിൽചലച്ചിത്ര സംവിധാനം, നിർമ്മാണം, വിതരണം, അഭിനയം
സജീവ കാലം2008–മുതൽ

തമിഴ് ചലച്ചിത്ര മേഖലയിലെ സംവിധായകനും നിർമാതാവും വിതരണക്കാരനും നടനുമാണ് എം. ശശികുമാർ എന്ന മഹാലിംഗം ശശികുമാർ. 2008-ൽ പ്രദർശനമാരംഭിച്ച സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേയ്ക്ക് കടക്കുന്നത്. ജയ്, സമുദ്രകനി, സ്വാതി റെഡ്ഡി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിന്റെ രചന, സംവിധാനം, നിർമ്മാണം എന്നിവ ശശികുമാർ നിർവഹിച്ചു. കൂടാതെ ആ ചിത്രത്തിൽ തന്നെ പരമൻ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു.[2]. 1980- കാലഘട്ടത്തിൽ മധുരെയിൽ നടന്ന കഥ പറഞ്ഞ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം, വസ്ത്രാലങ്കാരം എന്നിവയ്ക്ക് പ്രേക്ഷക പ്രീതിയാർജ്ജിക്കാൻ കഴിഞ്ഞു.[3][4] ബാല, അമീൻ എന്നീ സംവിധായകരുടെ സഹായിയായി സിനിമാ പ്രവർത്തനം തുടങ്ങിയ ശശികുമാർ നിരവധി തമിഴ് ചലച്ചിത്രങ്ങളും കൂടാതെ ശംഭോ ശിവ ശംഭോ എന്ന തെലുഗുചിത്രത്തിലും മാസ്റ്റേഴ്സ് എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ വംശം എന്ന തമിഴ് ചിത്രത്തിൽ സമുദ്രകനിയോടൊപ്പം ചുവട് ചുവട് എന്ന ഗാനവും, പോരാളി എന്ന ചിത്രത്തിൽ വിധിയെ പോറ്റി എന്ന ഗാനവും ആലപിച്ചിട്ടുണ്ട്[5].

ജീവിതരേഖ[തിരുത്തുക]

മധുരെയിലെ പുത്തുതാമരപ്പെട്ടി എന്ന ചെറിയ ഗ്രാമത്തിലാണ് ശശികുമാറിന്റെ ജനനം . സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് സെന്റ് പീറ്റേർസ് സ്കൂൾ കൊടൈക്കനാലിലെ സെന്റ് പീറ്റേർസ് ബോർഡിങ് സ്കൂളിലാണ്[3]. അതിനുശേഷം മധുരെ വെള്ളച്ചാമി നാടാർ കോളേജിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിച്ചു[6]. സിനിമാ മേഖലയിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പ് അമ്മാവനും സേതു എന്ന ചലച്ചിത്രത്തിന്റെ നിർമാതാവുമായിരുന്ന കന്തസ്വാമിയോടൊപ്പം ആയിരുന്നു. ആ ചിത്രത്തിൽ സംവിധായകൻ ബാലയുടെ സഹായി ആയി[3]. 2002-ൽ പ്രദർശനം ആരംഭിച്ച മൗനം പേശിയതെ, 2005-ലെ റാം, 2007-ലെ പരുത്തിവീരൻ എന്നീ ചിത്രങ്ങളിൽ സംവിധായകാനായ അമീർ സുൽത്താനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു. അതിനുശേഷം 1980-കളിൽ മധുരയിൽ ജീവിച്ചിരുന്ന ചെറുപ്പക്കാരുടെ ദുരന്തപര്യവസായിയായ കഥ പറയുന്ന സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ 2008-ൽ സ്വതന്ത്ര സംവിധാകനായി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. ആ ചിത്രത്തിന് പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞു[4].

സംവിധാനം[തിരുത്തുക]

ആദ്യ ചിത്രമായ സുബ്രഹ്മണ്യപുരത്തിനു ശേഷം രണ്ടാമത്തെ സംവിധാന സംരംഭം സമുദ്രകനി, വൈഭവ് റെഡ്ഡി, അഭിനയ, അപർണ ബാജ്പേജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010-ൽ പുറത്തിറക്കിയ ഈശൻ എന്ന ചലച്ചിത്രമായിരുന്നു. ചെന്നൈ നഗരത്തിലെ രാത്രി ജീവിതത്തെ കാണിക്കുന്ന ഈ ചിത്രത്തിന്റെ നിർമാതാവും രചനയും ശശികുമാർ തന്നെയായിരുന്നു.[7]

നിർമ്മാണം[തിരുത്തുക]

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളെ കൂടാതെ പസങ്ക(2009), പോരാളി (2011), സുന്ദരപാണ്ഡ്യൻ (2012), തലൈമുറകൾ (2013), താരൈ തപ്പട്ടെ (2016), കിടാരി (2016), ബല്ലെ വെള്ളൈയതേവാ (2016), കൊടിവീരൻ (2017) എന്നീ സിനിമകൾ കൂടി നിർമിച്ചിട്ടുണ്ട്. ഇതിൽ പസങ്ക എന്ന ചിത്രത്തിന് മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, അതിലെ അഭിനയത്തിന് മികച്ച ബാല്യനടൻ, മികച്ച സംഭാഷണം എന്നിവയ്ക്കും 2009-ലെ തമിഴ്നാട് സർക്കാരിന്റെ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡും ലഭിക്കുകയുണ്ടായി[8].

അഭിനയം[തിരുത്തുക]

സ്വന്തമായി നിർമിച്ച പസങ്ക, ഈശൻ എന്നീ ചിത്രങ്ങൾ ഒഴികെ ബാക്കി എല്ലാ സ്വന്തം ചിത്രങ്ങളിലും ശശികുമാർ അഭിനയിച്ചിട്ടുണ്ട്. 2009-ൽ സമുദ്രകനി സംവിധാനം ചെയ്ത നാടോടികൾ എന്ന ചിത്രത്തിലും അതിനുശേഷം കുട്ടിപുലി (2013), നിമിർന്നു നിൽ (2014), ബ്രഹ്മം (2014), വെട്രിവേൽ (2016) , അപ്പ(2016) എന്നീ തമിഴ് ചിത്രങ്ങളിലും 2010-ൽ സമുദ്രകനി തന്നെ സംവിധാനം ചെയ്ത് രവിതേജ, പ്രിയാമണി തുടങ്ങിയവർ അഭിനയിച്ച ശംഭോ ശീവ ശംഭോ എന്ന തെലുഗു ചിത്രത്തിൽ അതിഥി വേഷവും 2012-ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാസ്റ്റേഴ്സ് എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ പ്രിഥ്വിരാജ്, മുകേഷ് എന്നിവരോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്[9]. .

അവലംബം[തിരുത്തുക]

  1. എം. ശശികുമാർ Tamil Film Directors Association.com
  2. "ദി ഹിന്ദു". അഭിനയിക്കുന്ന സംവിധായകരെ കുറിച്ചുള്ള ലേഖനം. ശേഖരിച്ചത് 6 മാർച്ച് 2018.
  3. 3.0 3.1 3.2 "തമിഴിലെ മികച്ച 25 സംവിധായകരെക്കുറിച്ച്". Behindwoods.com-ൽ നിന്നും. ശേഖരിച്ചത് 6 മാർച്ച് 2018.
  4. 4.0 4.1 "ശശികുമാർ വീണ്ടും". മാതൃഭൂമി ആർക്കൈവിൽ നിന്നും. ശേഖരിച്ചത് 7 മാർച്ച് 2018.[പ്രവർത്തിക്കാത്ത കണ്ണി]
  5. വംശം എന്ന ചിത്രത്തിലെ ചുവട് ചുവട് എന്ന ഗാനം
  6. "ഗോ പ്രൊഫൈൽ". ശശികുമാറിനെ കുറിച്ച്. ശേഖരിച്ചത് 7 മാർച്ച് 2018.
  7. മണികണ്ഠൻ കെ.ആർ.ഐ. (2010-10-21). "ഈശനെക്കുറിച്ചും അഭിനയിക്കുന്നവരെ കുറിച്ചും". ടൈംസ് ഓഫ് ഇന്ത്യ. മൂലതാളിൽ നിന്നും 2012-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 മാർച്ച് 2018.
  8. "തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് 2009". ഡക്കാൺ ക്രോണിക്കിൾ. ശേഖരിച്ചത് 7 മാർച്ച് 2018.
  9. "മാസ്റ്റേഴ്സ് ഫിലിം റിവ്യൂ". Now Running.Com. മൂലതാളിൽ നിന്നും 2017-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 മാർച്ച് 2018.
"https://ml.wikipedia.org/w/index.php?title=എം._ശശികുമാർ&oldid=3828968" എന്ന താളിൽനിന്ന് ശേഖരിച്ചത്