ഒർട്ട് മേഘം

സൂര്യനിൽ നിന്നും ഏകദേശം 5,000 മുതൽ 100,000 വരെ സൗരദൂരം അകലെ ഗോളാകൃതിയിൽ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ധൂമകേതുക്കളുടെ കൂട്ടമാണ് ഒർട്ട് മേഘം.[1] സൂര്യന്റെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ച്വറിയിലേക്കുള്ള ദൂരത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗത്തായി ഇത് വിന്യസിക്കപ്പെട്ടിരിക്കുന്നു.[2] സൗരയൂഥത്തിലെ ട്രാൻസ്-നെപ്ടൂണിയൻ വസ്തുക്കളുടെ മറ്റ് ഉറവിടങ്ങളായ കൂപ്പർ ബെൽറ്റ്, സ്കാറ്റെർട് ഡിസ്ക് എന്നിവ വ്യാപ്തിയിൽ ഒർട്ട് മേഘത്തിന്റെ ആയിരത്തിലൊന്നുപോലും വരില്ല. ഒർട്ട് മേഘത്തിന്റെ അവസാനം സൂര്യന്റെ ഗുരുത്വാകർഷണ പ്രഭാവത്തിൻറെയും അതുവഴി സൗരയൂഥത്തിന്റേയും അതിർത്തിയായി കരുതപ്പെടുന്നു. ഗോളാകൃതിയിലുള്ള ബഹിർഭാഗവും, ഹിൽസ് മേഘം എന്ന് അറിയപ്പെടുന്ന തളിക രൂപത്തിലുള്ള അന്തർഭാഗവും ചേർന്നതാണ് ഒർട്ട് മേഘം. ജലം, അമോണിയ, മീഥേൻ എന്നിവ ഘനീഭവിച്ചുണ്ടായ ഹിമം കൊണ്ടാണ് ഒർട്ട് മേഘത്തിലെ ബഹുഭൂരിപക്ഷം വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. [3] സൗരയൂഥത്തിന്റെ ശൈശവ ദിശയിൽ സൂര്യനടുത്തായി രൂപപ്പെടുകയും വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ പ്രഭാവത്തിന് വിധേയമായി അകലങ്ങളിലേക്ക് ചിതറിമാറുകയും ചെയ്ത വസ്തുക്കൾ ചേർന്നാണ് ഒർട്ട് മേഘം രൂപപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു.[4]
ഇതുവരെ നേരിട്ട് നിരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ സൂര്യനെ വലം വെക്കുന്ന പല ധൂമകേതുക്കളുടെയും, ഹാലി വാൽനക്ഷത്ര ഗണത്തിലുള്ള നിരവധി വസ്തുക്കളുടെയും ഉൽഭവസ്ഥാനം ഒർട്ട് മേഘമാണെന്ന് കരുതപ്പെടുന്നു. [5]ഒർട്ട് മേഘത്തിന്റെ ഗോളാകൃതിയിലുള്ള ബഹിർഭാഗം താരതമ്യേന സൂര്യന്റെ ഗുരുത്വാകർഷണ സ്വാധീനം കുറഞ്ഞ മേഖലയാണ്. അതുമൂലം ഈ മേഖലയിലെ വസ്തുക്കളുടെ ചലനത്തിൽ നക്ഷത്രങ്ങളുടെ, സൗരയൂഥത്തിന് ആപേക്ഷികമായ ചലനങ്ങളുണ്ടാക്കുന്ന ഗുരുത്വകർഷണ വ്യതിയാനങ്ങളും നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗയിൽ മൊത്തമായിതന്നെ സംഭവിക്കുന്ന ഗുരുത്വകർഷണ വ്യതിയാനങ്ങളും പ്രകടമായ സ്വാധീനം ചെലുത്താറുണ്ട്. ചില സമയങ്ങളിൽ ഈ ഗുരുത്വാകർഷണ വ്യതിയാനം ധൂമകേതുക്കളെ അതിന്റെ പരിക്രമണപാതയിൽ നിന്ന് വ്യതിചലിപ്പിക്കും, ഇങ്ങനെ വ്യതിചലിപ്പിക്കപ്പെടുന്ന വസ്തുക്കൾ സൗരയൂഥത്തിന്റെ ഉൾഭാഗത്തേക്ക് പതിക്കുകയോ പുറത്തേക്ക് തെറിച്ചുപോകുകയോ ചെയ്യാറുണ്ട്. [6]
അവലംബം[തിരുത്തുക]
- ↑ "സോളാർസിസ്റ്റം നാസ". മൂലതാളിൽ നിന്നും 2013-06-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-17.
- ↑ യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി
- ↑ യൂണിവേഴ്സ് റ്റുഡേ.കോം
- ↑ കോർണൽ യൂനിവേഴ്സിറ്റി ലൈബ്രറി
- ↑ സോളാർവ്യൂസ്.കോം
- ↑ റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി