ഉൽകേന്ദ്രത (ജ്യോതിശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉൽകേന്ദ്രതയുടെ മൂല്യങ്ങൾ വ്യത്യസ്തമായ വിവിധ ആകൃതികളിലുള്ള കെപ്ലർ പ്രദക്ഷിണപഥങ്ങൾ- ദീർഘവൃത്തം 0.7 (ചുവന്ന നിറത്തിൽ), പരവലയം(parabolic) (പച്ചനിറത്തിൽ), അതിവലയം (hyperbolic) 1.3 (നീലനിറത്തിൽ)

ഒരു ഖഗോളവസ്തു മറ്റൊരു ഘഗോളവസ്തുവിനെ പ്രദക്ഷിണം വെക്കുന്ന യഥാർത്ഥ പ്രദക്ഷിണപഥത്തിനു് സമ്പൂർണ്ണമായ ഒരു വൃത്തരൂപത്തിൽനിന്നുമുള്ള വ്യതിയാനത്തെ അതിന്റെ ഉൽകേന്ദ്രത അഥവാ വികേന്ദ്രത്വം(എക്സെൻട്രിസിറ്റി eccentricity) എന്നു പറയുന്നു. സാധാരണ പ്രദക്ഷിണപഥങ്ങൾക്കു് പൂജ്യത്തിനും ഒന്നിനുമിടയിലാണു് ഉൽകേന്ദ്രതയുടെ മൂല്യം.

കെപ്ലർ നിയമങ്ങളനുസരിച്ച് ഒരു ഭ്രമണപഥത്തിന്റെ ആകൃതിയും അതിലൂടെ സഞ്ചരിക്കുന്ന ഖഗോളവസ്തുവിന്റെ സ്ഫുടകോണവും(anomaly) നിർണ്ണയിക്കുന്നതിൽ ഉൽകേന്ദ്രത ഒരു പ്രധാന ഘടകമാണു്.

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിന്റെ ഉൽകേന്ദ്രത ഇപ്പോൾ ഏകദേശം 0.0167 ആണു്. വൃത്താകാരത്തിനോട് വളരെ അടുത്താണു് ഈ ആകൃതി. നൂറ്റാണ്ടുപഞ്ചാംഗങ്ങൾക്കും മറ്റു ജ്യോതിശാസ്ത്രസംബന്ധമായ കണക്കുകൂട്ടലുകൾക്കും ഈ മൂല്യം ഏറെക്കുറെ സൂക്ഷ്മമായി ഉപയോഗിക്കാം. എന്നാൽ ലക്ഷക്കണക്കിനു വർഷങ്ങൾക്കിടയിൽ, മറ്റു ഗ്രഹങ്ങളുടെ ആകർഷണഫലമായി, ഈ സംഖ്യ ഏകദേശം 0.0034 മുതൽ 0.058 വരെ മാറിക്കൊണ്ടിരിക്കാം.

ധൂമകേതുക്കൾക്കും ഛിന്നഗ്രഹങ്ങൾക്കും മറ്റും അവയുടെ ഭ്രമണപഥത്തിനു് വളരെ ഉയർന്ന ഉൽകേന്ദ്രതയാണുള്ളതു്. അത്യന്തം ദീർഘവൃത്താകാരത്തിലായ അവയുടെ ഭ്രമണപഥങ്ങൾക്കു് മൂല്യം ഏകദേശം ഒന്നിനടുത്തു വരുന്ന ഉൽകേന്ദ്രതയുണ്ടു്. അന്യഗ്രഹങ്ങളുടെ ആകർഷണവലയങ്ങളിൽ പെട്ട് ചിലതിന്റെ മൂല്യം ഒന്നിൽ കൂടുതലായിത്തീർന്നെന്നുവരാം. അപ്പോൾ അവ സൗരയൂഥത്തിൽനിന്നും എന്നെന്നേക്കുമായി വേർപെട്ടുപോകുവാനോ (സൂര്യനിലോ മറ്റു ഗ്രഹങ്ങളിലോ ചെന്നുപെടാനോ ഉള്ള സാദ്ധ്യത വളരെ വർദ്ധിക്കുന്നു.)