ഉപയോക്താവ്:Thasminshihab

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തസ്മിൻ ഷിഹാബ്

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട് എന്ന ഗ്രാമത്തിൽ കല്ലിങ്കൽ കെ.കെ.അബ്ദുൽ റഹിമാന്റെയും എം.എ ആമിയുടെയും മകളായി 1979-ൽ ജനിച്ചു.അഴീക്കോട് ഐ.എം.യു.പി സ്കൂൾ, ആലങ്ങാട് കെ.ഇ.എം.ഹൈസ്കൂൾ, ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജ്, എറണാകുളം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളേജ് ഫോർ വുമൺ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

മലയാളം അധ്യാപികയായ തസ്മിൻ ഷിഹാബിന്റെ ശ്രദ്ധേയമായ കവിതാ സമാഹാരങ്ങളാണ് 'തീവണ്ടി' 'തല തെറിച്ചവളുടെ സുവിശേഷം 'മക്കന എന്നിവ.



പിരിമുറുക്കങ്ങളുടെ കവിത (തലതെറിച്ചവളുടെ സുവിശേഷത്തെക്കുറിച്ച് ) ....................... പി.രാമൻ

കാവ്യകല ജനങ്ങളെ മോഹിപ്പിക്കുന്ന ഒന്നായിരുന്നു, എക്കാലത്തും.എന്നാൽ സാമൂഹ്യവും കാവ്യ ശാസ്ത്രപരവുമായ കാരണങ്ങളാൽ ജനസാമാന്യം അതിനെ അകന്നു നിന്ന് ആസ്വദിച്ചാരാധിച്ചു. പലപ്പോഴും ജനതക്കു മുഴുവൻ വേണ്ടി കവികൾ പാടി.എന്നാൽ പാശ്ചാത്യ കവിതയിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ കവിയുടെ ചുറ്റുമുള്ള പരിവേഷം നഷ്ടമായതായി ബോദ ലേറിനെപ്പോലുള്ള കവികൾ അറിഞ്ഞു കഴിഞ്ഞിരുന്നു. കവിക്ക് പുതിയ കാലത്ത് തന്റെ വലിയ ചിറകുകൾ വല്ലാത്ത ഭാരമാണ് എന്ന് , നാവികർ പിടിച്ച് കപ്പൽ തട്ടിൽ നിർത്തിയ ആൽബട്രോസ് പക്ഷിയെ ഉദാഹരിച്ച് ബോദലേർ എഴുതിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ലോകമെമ്പാടും ഇങ്ങനെയൊരു പറുദീസാ നഷ്ടം കവിക്കും കവിതക്കും സംഭവിക്കുകയുണ്ടായി. ' മായിക രാത്രി കഴിഞ്ഞൂ മനോഹരീ, നാമിനി കഷ്ടം വെറും മണ്ണുമാത്രം' എന്നത് കവിയുടെ കൂടി നെടുവീർപ്പാണ്. എന്നാൽ അതൊരു നഷ്ടമല്ല, നേട്ടമാണ് എന്നാണ് ഇന്ന് നാം കരുതുന്നത്.ഇന്ന് കവിത അകന്നു നിന്നു മോഹിപ്പിക്കുന്ന കലയല്ല, വിരൽ നീട്ടി തൊടാം.പുതുകാല കവിയുടെ നഖചിത്രം വരച്ചിടുന്ന ഒരു കവിതയുണ്ട്, ഏ.കെ.രാമാനുജന്റേത്.ദന്തഡോക്ടറെ കണ്ട ശേഷം ബസ്സിൽ കയറി ബാങ്കിൽ പോകുന്ന ഒരു മനുഷ്യൻ. അയാൾ ബസ്സിന്റെ സൈഡ് സീറ്റിൽ പുറത്തേക്കു നോക്കിയിരിക്കെ, പെട്ടെന്ന്, എങ്ങനെയെന്നറിയില്ല, ഒരു വരി കവിത അയാളുടെ മനസ്സിൽ വിടർന്നു വരുന്നു. ഏ.കെ.രാമാനുജൻ കവിത അവസാനിപ്പിക്കുന്നത് ഒരു നാടോടിക്കഥ ഓർമ്മിപ്പിച്ചു കൊണ്ടാണ്. കൊട്ടാരത്തിലെ അന്തപ്പുരത്തിൽ രാജ്ഞിക്ക് കുട്ടികളില്ലാത്ത ദു:ഖം. മതിൽക്കെട്ടിനു പുറത്ത് തെരുവിൽ പട്ടി പെറ്റ് നൂറു കുട്ടികൾ.അവിചാരിതമായ ഇടങ്ങളിൽ, സാധാരണതകളിൽ, തഴച്ചു പടരുന്നതാണ് പുതുകാലത്തിന്റെ സർഗ്ഗാത്മകത എന്ന് രാമാനുജന്റെ കവിത സൂചിപ്പിക്കുന്നു.

           കവിതയിൽ സംഭവിച്ച ഈ മാറ്റത്തെ ആഘോഷിക്കുകയാണ് സമകാല മലയാള കവിത. വായിക്കാൻ വേണ്ടിയുള്ളത് എന്നതിലുപരി, എഴുതാൻ വേണ്ടിയുള്ളതായിരിക്കുന്നു കവിത. ജീവിതം കൂടുതൽ കൂടുതൽ യാന്ത്രികമാവുകയും മനുഷ്യൻ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും ചെയ്യുന്നതിനനുസൃതമായി വ്യക്തികൾ കൂടുതൽ കൂടുതൽ എഴുതിക്കൊണ്ടേ യിരിക്കുന്നു. പരസ്പര വിനിമയത്തിനുള്ള പുതു സംവിധാനങ്ങൾ പലതും സാർവത്രികമായിട്ടും ഏതു നേരവും അതിൽ മുഴുകിയിട്ടും വിനിമയങ്ങളെല്ലാം ആഴമില്ലാത്തതാണെന്ന് തോന്നുകയും ആഴമുള്ള വിനിമയത്തിനായി പുതു സംവിധാനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെ നാം എഴുക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കുത്തൊഴുക്കിൽ ബലി കൊടുക്കപ്പെടുന്ന സൂക്ഷ്മ വൈയക്തികതയുടെ പ്രകാശനത്തിനുതകും വിധം കവിത അങ്ങനെ പുതുകാലത്തിന്റെ സജീവമാധ്യമമായി മാറുന്നു - മറ്റേതു സാഹിത്യരൂപത്തേക്കാളും എഴുതപ്പെട്ടു കൊണ്ട്.
    ഇപ്പോൾ നിരന്തരം എഴുതപ്പെട്ടു കൊണ്ടിരിക്കുന്ന കവിതകളിൽ പൊതുവേ മൂന്ന് അടരുകൾ ഉള്ളതായി കാണാൻ കഴിയും. ഒന്ന്, പുതുകാലത്തിന്റെ സവിശേഷ കേന്ദ്രത്തിൽ ചർച്ച ചെയ്തു വരുന്ന പ്രമേയങ്ങളുടെ പുറമടര്.പല എഴുത്തുകാരും അതുകൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നു. മറ്റൊന്ന്, എങ്ങനെ വിനിമയം ചെയ്തിട്ടും ഏകാന്തമായി തുടരുന്ന സ്വന്തം വ്യക്തിസ്വത്വത്തിന്റെ കീഴടര്.ഈ രണ്ടു തലങ്ങളേയും നിത്യ ജീവിതാനുഭവങ്ങൾ കൊണ്ടു കൂട്ടിയിണക്കുന്ന ഒരു ഇടയടരും കൂടിയായാൽ ഈ ഘടന ഏതാണ്ടു പൂർത്തിയായി.
           ഈ പൊതു പശ്ചാത്തലം പങ്കിടുന്ന ഒട്ടേറെ എഴുത്തുകാരിലൊരാൾ തന്നെയാണ് ഇവിടെ അവതരിപ്പിക്കുന്ന കവിതകളുടെ രചയിതാവായ തസ്മിൻ ഷിഹാബും.എന്നാൽ ഈ എഴുത്തുകാരിയുടെ പല കവിതകളും മറ്റൊരു തരത്തിലും ആവിഷ്കാരം അസാധ്യമായ ഒരിടത്തെ സ്പർശിക്കുന്നു എന്നതാണ് എന്നെ ആഹ്ലാദിപ്പിച്ചത്. ഉദാഹരണത്തിന് ജലസമാധി എന്ന കവിതയിൽ പാറമേൽ കാലു വഴുതി വെള്ളത്തിലേക്കു വീഴുന്നതിന്റെ അപ്രതീക്ഷിതത്വവും നടുക്കവും കവി അവതരിപ്പിക്കുന്നുണ്ട്. ഭൗതികമായ ഒരു വ്യക്ത്യനുഭവം മാത്രമല്ല ഇതിലുള്ളത്.ജീവിതത്തിലെ പല വീഴ്ചകളിലും നമുക്കുണ്ടാവാറുള്ള മനോനില തന്നെയാണത്. നിൽക്കുന്ന പ്രതലത്തിൽ അടിതെറ്റി വീഴുന്നതിന്റെ ആഘാതം എങ്ങനെ വിനിമയം ചെയ്യും എന്ന വെല്ലുവിളിയെ കവിത കൊണ്ട് മറികടക്കുകയാണ് തസ്മിൻ ഷിഹാബ്. ഈ കവിത ഞാൻ തുടക്കത്തിലേ എടുത്തു പറയാൻ കാരണമുണ്ട്.ഒരു വീഴ്ചയുടെ ആഘാതമാണ് ഈ കവി ഉടനീളം എഴുതാൻ ശ്രമിക്കുന്നത് എന്നതാണത്.
   വഴുത്ത പാറയിൽ
    ചവിട്ടുമ്പോൾ
    ഇളകിയോടുന്ന ജലത്തെ
    ഇക്കിളിയാക്കി
    കാലുകൾ നൃത്തം വെച്ച
    പൊട്ടിച്ചിരിയിൽ
    അലിഞ്ഞമർന്ന കരച്ചിൽ
    കാറ്റിന്റെ കൈ പിടിച്ച്
    യാത്ര പോയി.

കാലുകളുടെ നൃത്തം, ഇളകിയോടുന്ന ജലത്തിന്റെ ഇക്കിളി, പൊട്ടിച്ചിരി തുടങ്ങിയ പ്രസന്നതകൾക്കിടയിലൂടെ അലിഞ്ഞമർന്ന കരച്ചിൽ ഉറന്നു വരികയാണ്. വിരുദ്ധബിംബങ്ങൾ കൊണ്ട് ഒരു നിമിഷത്തിന്റെ സംഘർഷത്തെ ആവിഷ്കരിക്കുന്നതിൽ വിജയിച്ചിരിക്കുന്നു കവി.ആകാശത്തിന്റെ ഏഴാം പടി മേൽ നിന്നു കാൽ തെറ്റി വീണ നക്ഷത്രത്തെക്കുറിച്ച് ഒരു കവിതയിൽ തസ്മിൻ എഴുതുന്നുണ്ട്. വീഴ്ചയുടെ ആഴങ്ങളിൽ ചെളിക്കുത്തിൻ ഭയമുണ്ടെന്ന് കിനാ ദൂരം എന്ന കവിതയിൽ.ജലം തടാകമായും മഴക്കല്ലായും നനഞ്ഞു കത്തുന്ന നമ്മളായും എന്നെ പ്രതിഫലിപ്പിക്കാത്ത, എന്നെ മറന്ന കണ്ണാടിയായും കണ്ണീർ പുല്ലിലെഴുതിയ മഴക്കണ്ണുകളായും ഈ കവിതകളിൽ സാന്നിധ്യ പ്പെടുന്നുണ്ട് .പല ജല ബിംബങ്ങൾക്കിടയിലും ദു:ഖത്തിന്റേയും മരണത്തിന്റേയും മടുപ്പിന്റേയും ചെളിക്കെട്ടുണ്ട്. അത്തരം ചെളിക്കെട്ടുകളിലേക്ക് ആഴാനുള്ളതാണ് ഓരോ വീഴ്ചയും. പ്രണയത്തിൽ പോലുമുണ്ട് ഇങ്ങനെയൊരു പതനമെന്ന് പല കവിതകളും ഓർമ്മിപ്പിക്കുന്നു .പ്രണയമേ നീ എന്നെ മറന്നിട്ട തെവിടെ എന്ന് ' ആകാശച്ചെരുവിലെ കവിത '.

   പ്രണയവിരൽ തുമ്പിൽ
   മുറുകെപ്പിടിച്ച്
   ലോകം ചുറ്റിത്തിരിച്ചെത്തിയ അന്നത്രേ
   പ്രണയം ഇടി മുഴക്കം സൃഷ്ടിച്ചത്.

പെട്ടെന്നുള്ള ആഘാതത്തിന്റെ പിരിമുറുക്കമുണ്ട്. ഇവ്വിധമൊരു പിരിമുറുക്കത്തെ കവിതയാക്കുന്നു എന്നതാണ് തസ്മിൻ ഷിഹാബിന്റെ കവിതയെ വ്യത്യസ്തമാക്കുന്നത്. ആണും പെണ്ണും തമ്മിലെ ബന്ധത്തിലുമുണ്ട് ആഘാതത്തിന്റെ ഈ പിരിമുറുക്കം. പെണ്ണ് കീഴടക്കാനുള്ള മഹാ മേരുവല്ലെന്ന തിരിച്ചറിവിൽ തിരിച്ചിറങ്ങുന്ന പുരുഷനാണ് ഇക്കവിതയിൽ.ആ ഇറക്കത്തിൽ താങ്ങു നഷ്ടപ്പെട്ട പർവതാരോഹകന്റെ നിസ്സഹായത അവനെ വിഴുങ്ങുന്നതായി കവി എഴുതി നിർത്തുന്നു.ഇങ്ങനെ ജീവിതത്തിലെ അതിസൂക്ഷ്മ സന്ധികളിൽ നിന്ന് ആഘാതങ്ങളും പിരിമുറുക്കങ്ങളും നിസ്സഹായതകളും കവിതക്കു മാത്രം സാധ്യമാകുന്ന തരത്തിൽ ആവിഷ്കരിക്കാനുള്ള വെമ്പലാണ് പൊതുവേ എല്ലാവരും എഴുതിക്കൊണ്ടിരിക്കുന്ന കവിതാ സ്വഭാവങ്ങൾ നിലനിർത്തവേ തന്നെ വ്യത്യസ്തമാകാൻ ഈ രചനകളെ പ്രാപ്തമാക്കുന്ന ഘടകം.

നല്ല കവിതാ വായനക്കാരുടെ കൈകളിൽ തസ്മിൻ ഷിഹാന്റെ കവിതകൾ എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Thasminshihab&oldid=3277401" എന്ന താളിൽനിന്ന് ശേഖരിച്ചത്