ഉപയോക്താവ്:Shijualex/1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം’ ക്ലാസ്സിക്കൽ ഭാഷാ പദവിക്ക് അർഹയോ?

എന്താണ് ഭാഷ?

ആശയ വിനിമയത്തിനുള്ള ഒരു ഉപാധിയാണ് ഭാഷ. തൻറെ ഉള്ളിലുള്ള ആശയം ഒരാൾ, മറ്റൊരാളിലേക്ക് പകരുന്നതിനാണ് ഭാഷ ഉപയോഗിക്കുന്നത്. മുഖഭാവങ്ങൾക്കും, ആംഗ്യങ്ങൾക്കും, എന്തിന് മൌനത്തിനുപോലും ഇതു സാധിക്കും. ‘വാചാലമായ മൌനം’ എന്നൊക്കെ നാം സാധാരണ പറയാറുണ്ടല്ലോ? ഭാഷയെ പൊതുവായി ‘വാ’മൊഴിയെന്നും, ‘വര’മൊഴിയെന്നും തരം തിരിക്കാറുണ്ട് - സംസാരഭാഷയും, എഴുത്തുഭാഷയും. സംസാര ഭാഷയെക്കാൾ മികവുറ്റതായിരിക്കണം ‘എഴുത്തു ഭാഷ’ എന്നാണു വിവക്ഷ. എന്നാൽ ഗംഭീര പ്രഭാഷണങ്ങളും, തട്ടുതകർപ്പൻ കഥാപ്രസംഗങ്ങളും കേൾക്കുമ്പോൾ എഴുത്തു ഭാഷയെക്കാൾ മനോഹരമാണ്, സുന്ദരമാണ് സംസാര ഭാഷ എന്നു തോന്നിപ്പോകും. അത്രമാത്രം ജനഹൃദയങ്ങളെ ആകർഷിക്കത്തക്കതാണ് പ്രശസ്തരായ വാഗ്മികളുടെ പ്രസംഗ ശൈലിയും ഭാഷാപ്രയോഗവും.

എഴുത്തു ഭാഷയെ പൊതുവെ ‘പദ്യം’ എന്നും, ‘ഗദ്യം’ എന്നും രണ്ടായി തരം തിരിക്കാം. പദ്യത്തെ; ഹൈക്കു കവിതകൾ (നുറുങ്ങ്, ഉദാ: കുഞ്ഞുണ്ണി കവിതകൾ), ആട്ടക്കഥ, സിനിമാഗാനങ്ങൾ, കവിതകൾ, ഖണ്ഡകാവ്യം, മഹാകാവ്യം, ഇതിഹാസം എന്നും; ഗദ്യത്തെ; ഫലിത ബിന്ദുക്കൾ, ചെറുകഥ, നീണ്ട കഥ, നോവൽ, എന്നും പ്രധാനമായി തരം തിരിക്കാം. യാത്രാവിവരണം, ആത്മകഥ, ജീവചരിത്രം, തിരക്കഥ, നാടകം, വ്യാകരണങ്ങൾ, നിയമസംഹിതകൾ, പ്രബന്ധങ്ങൾ, എന്നിവയും ഗദ്യവിഭാഗത്തിൽ പെടുന്നു. കഥാപ്രസംഗത്തിൽ ഗദ്യവും, പദ്യവും ഇടകലർത്തി ഉപയോഗിക്കുന്നതായി കാണാം. പഴഞ്ചൊല്ലുകൾ, നാടൻ പാട്ടുകൾ, സാരോപദേശങ്ങൾ, പ്രാർത്ഥനകൾ എന്നിവയും ഭാഷയുടെ ഭാഗങ്ങളാണ്.

ബാബേൽ ഗോപുര നിർമ്മാണ വേളയിൽ ദൈവം തന്നെയാണ് വിവിധ ഭാഷകളുടെ ആവിർഭാവത്തിന് സാഹചര്യമൊരുക്കിയത് എന്നാണല്ലോ ബൈബിൾ പറയുന്നത്.

ഭാരതത്തിൽ പൊതുവെ രണ്ടു ഭാഷാ ഗോത്രങ്ങളാണുള്ളത്, സംസ്കൃത ഭാഷ ഉൾക്കൊള്ളുന്ന ആര്യ ഭാഷാഗോത്രവും, തമിഴ് ഭാഷ ഉൾക്കൊള്ളുന്ന ദ്രാവിഡ ഭാഷാഗോത്രവും.

‘ഭാഷാ സംസ്കൃത യോഗേ മണിപ്രവാളം’ എന്നാണല്ലോ പ്രമാണം. മലയാളഭാഷയും സംസ്കൃതവും കൂട്ടിച്ചേർത്തു എഴുതുന്ന ഭാഷാരീതിയാണ്‌ മണിപ്രവാളം. ‘പനാസി ദശായാം പാശി’ എന്നാൽ ‘ചക്കി പത്തായത്തിൽ കയറി’ എന്നർത്ഥം. പനസം സമം ചക്ക, ദശം സമം പത്ത്, പാശം സമം കയർ. ഇന്നത്തെ ‘മംഗ്ലിഷിൻറെ’ പുരാതന പതിപ്പാണിത്.

കേരളവും, മലയാള ഭാഷയും ഏതൊരു ഭാഷയ്ക്കും ദേശ, കാല, ലിംഗ ഭേദം അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഉദാഹരണമായി “നാലാൾ വണ്ടാണ്; രണ്ടാൾ പാമ്പാണ്” “എന്തരപ്പി” ഇതിൻറെ അർഥം? നിങ്ങളുടെ ചിന്തക്കായി വിട്ടുതരുന്നു. “റാകിപ്പറക്കുന്ന ചെമ്പരുന്തേ നീയുണ്ടോ മാമാങ്ക വേലകണ്ടൂ?” ഇവിടെ റാകിപ്പറക്കുന്നതിൻറെ ശേല് എത്ര മനോഹരമാണ്, “മലയാളഭാഷ തൻ മാദക ഭംഗി നിൻ മലർമന്ദഹാസമായി വിരിയുന്നു കിളികൊഞ്ചും നാടിൻറെ ഗ്രാമീണ ശൈലി നിൻ പുളിയിലക്കര മുണ്ടിൽ തെളിയുന്നു.” “മലരണിക്കാടുകൾ തിങ്ങി വിങ്ങി മരതകകാന്തിയിൽ മുങ്ങി മുങ്ങി “ “കല്ലു, കരട്, കാഞ്ഞിരക്കുറ്റിയും; മുള്ളു, മുരട്, മൂർഖൻ പാമ്പും വക വെക്കാതെ” “ശേഷിയും, ശേമുഷിയുമില്ലാത്ത അധികാര വർഗ്ഗം” “അഹമഹമികയ കുതിക്കുന്ന പാമരർ” തുടങ്ങിയ ഭാഷാ പ്രയോഗങ്ങൾ കാലാതീതങ്ങളാണ്.

‘ചക്കയ്ക്കുപ്പുണ്ടോ? പാടാം ചങ്ങാതി’ എന്നും “ഭരതൻ പണ്ട് ഭരിച്ചതു മൂലം ഭാരതമെന്നായി നമ്മുടെ രാജ്യം കേരം തിങ്ങി വളർന്നതിനാലെ കേരളമെന്നായി നമ്മുടെ നാട്.” എന്നും ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട്’. എന്നും ‘ഓമന തിങ്കൾ കിടാവോ’ എന്നും ‘ഉന്തുന്തു, ഉന്തുന്തു, ഉന്തുന്തു’ എന്നും ‘കാനന ചോലയിൽ ആടു മേയിക്കാൻ’ എന്നും ‘ഭാരതമെന്നുകെട്ടാൽ അഭിമാന പൂരിത മാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ’ എന്നും ‘പൊക്കമില്ലാത്തതാണ് എൻറെ പൊക്കം’ എന്നും കേൾക്കാത്ത മലയാളികൾ ഉണ്ടോ?

ഭാരതത്തിൻറെ തെക്കുപടിഞ്ഞാറെ അറ്റത്ത് സഹ്യപർവ്വതത്താൽ സംരക്ഷിക്കപ്പെട്ടു കിടക്കുന്ന ദൈവത്തിൻറെ സ്വന്തം നാടിൻറെ മനോഹാരിത അവർന്ന്യമാണ്? പടിഞ്ഞാറ് അറബിക്കടലിൽ നിന്നും, കിഴക്ക് സുഗന്ധവർഗം വിളയുന്ന മലനിരകളിൽ നിന്നും വരുന്ന കാറ്റ്‌ ഏറ്റ് ആനന്ദ നിർവൃതിയിൽ ആറാടുന്ന; മലകളും, അളങ്ങളും നിറഞ്ഞ സമ്പൽസമൃദ്ധിയും, സംസ്ക്കാര പൈതൃകവും ഉള്ള കേരള നാട്; നമ്മുടെ സ്വന്തമാണ്. ഇതിൽ നമുക്ക് അഭിമാനിക്കാം. സായിപ്പിനെ ആകർഷിക്കാൻ മാത്രം പ്രകൃതി സൌന്ദര്യവും, വിഭവ സമൃദ്ധിയുള്ളതുമായ ദേശമായിരുന്നു; ‘മാവേലി നാട് വാണിരുന്ന’, ‘മനുഷ്യരെല്ലാരും ഒന്നുപോലെയുള്ള’ ‘കള്ളവും, ചതിവും’; ‘കള്ളപ്പറയും, ചെറു നാഴിയും’ ഇല്ലാതിരുന്ന, ‘എള്ളോളം പൊളി വചനം ഇല്ലാതിരുന്ന’ നമ്മുടെ സസ്യശ്യാമള, കോമള ഭൂമിയായ കൊച്ചു കേരളം.

ആയിരത്തി തൊള്ളായിരത്തി അന്പത്തിയാറ് നവംബർ ഒന്നാം തീയതിയാണ് കേരളപ്പിറവി. അന്നാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകൃതമായത്. എന്നാൽ കൊല്ലവർഷം ആരംഭിക്കുന്നത് എ. ഡി. എണ്ണൂറ്റി ഇരുപത്തി അഞ്ചിലാണ്. അതായത് ഒൻപതാം നൂറ്റാണ്ടു മുതലാണ്‌ മലയാള വർഷം ആരംഭിക്കുന്നത്. ഏതാണ്ട് ആ കാലഘട്ടത്തിലാണ് മലയാള ഭാഷയുടെ ഉത്ഭവം. തുഞ്ചത്ത് രാമാനുജൻ എഴുത്തചഛ്നാണ് മലയാള കാവ്യഭാഷയുടെ പിതാവ്. അദേദഹത്തിൻറെ അത്യാല്മരാമായണവും, മഹാഭാരതവും; സംസ്കൃതത്തിൽ നിന്ന് പരിഭാഷപ്പെടുത്തിയതാണെങ്കിലും ഭാഷയ്ക് നൽകിയ അടുക്കും ചിട്ടയുമാണ് പിതൃ സ്ഥാനം നൽകാൻ ഇടയാക്കിയത്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും, കുഞ്ച്ൻ നമ്പ്യാരുടെ തുള്ളൽ കൃതികളും ഭാഷയുടെ കെട്ടുറപ്പിന് നൽകിയ സംഭാവനകൾ ചെറുതല്ല. ‘മലയാളം’എന്നത് ദേശനാമം ആയിരുന്നു. പിന്നീട് ഈ ദേശത്തിൻറെ ഭാഷയ്ക്ക് ‘മലയാളം’ എന്നു പേർ വിളിക്കപ്പെടുകയായിരുന്നു എന്ന് നമുക്ക് അനുമാനിക്കാം.

തിരുവള്ളുവരുടെ തിരുക്കുറലും, സംഘകാലകൃതികളും വളരെ പഴക്കം അവകാശപ്പെടാമെങ്കിലും തമിഴിൻറെ സ്വാധീനമാണ് മുന്നിട്ടു നിൽക്കുന്നത്. ഇത് ആദിദ്രാവിഡ (മൂല ദ്രാവിഡ) ഭാഷയുടെ രൂപമായിരുന്നു. ഈ ആദി ദ്രാവിഡ ഭാഷയുടെ പുത്രികാ ഭാഷകളാണ് തമിഴ്‌, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകൾ. മലയാള ഭാഷയ്ക്ക് മറ്റു സഹോദര ഭാഷകളായ തമിഴ്‌, കന്നഡ, തെലുങ്ക്, എന്നിവയോടൊപ്പം പൌരാണികതയും, പാരമ്പര്യവും, മഹത്വവും ഉണ്ട് എന്നതിൽ സംശയമില്ലല്ലോ? രാമചരിതവും, ഉണ്ണിയച്ചി, ഉണ്ണിച്ചിരുതേവി, ഉണ്ണിയാടി ചരിതങ്ങളും, ഉണ്ണുനീലിസന്ദേശവും മറ്റും ഇതു വെളിപ്പെടുത്തുന്നു.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും, ഏ. ആർ. രാജരാജവർമ്മയും, കേരളവർമ്മ വലിയ കോയി തമ്പുരാനും, മഹാകവി ഉള്ളൂരും മലയാളത്തിനു കൊട്ടാരഭാഷയുടെ ഗാംഭീര്യം നേടിക്കൊടുത്തു.

ആശാനും, ഉള്ളൂരും വള്ളത്തോളും, ജി. ശങ്കരക്കുറുപ്പും, പി. കുഞ്ഞിരാമൻ നായരും, വൈലോപ്പള്ളിയും, ഇടപ്പള്ളിക്കവികളും, ഓ. എൻ. വി, യും ഭാഷയ്ക്ക് ആശയ ഗാംഭീര്യവും, ഉജ്വല ശബ്ദവും, അർത്ഥ സുഭഗതയും ഉണ്ടാക്കിക്കൊടുത്തു.

ഒ. ചന്തുമേനോൻറെ ഇന്ദുലേഖയും ശാരദയും മലയാളഭാഷയ്ക്ക് നോവൽ സാഹിത്യ ശാഖ തുറന്നു കൊടുത്തു. ബഷീറും, തകഴിയും, ഉറൂബും, പൊറ്റക്കാടും, പൊൻകുന്നം വർക്കിയും, മുട്ടത്ത് വർക്കിയും, വേളൂർ കൃഷ്ണൻകുട്ടിയും ഈ പാതയിലൂടെ നടന്നവരാണ്.

പാറേമാക്കിൽ തോമാക്കത്തനാരാണു ‘വർത്തമാനപുസ്തകം’ എന്ന കൃതിയിലൂടെ സഞ്ചാര സാഹിത്യ ശാഖ വെട്ടി തുറന്നത്. എസ്. കെ. പൊറ്റക്കാടും, പ്രവാസി സാഹിത്യകാരനായ ചാക്കോ മന്നാർക്കാട്ടിലും ഈ വഴിയിലുണ്ട്.

കേരള പാണിനി എന്നറിയപ്പെടുന്ന ഏ. ആർ. രാജരാജവർമ്മയും, ഗുണ്ടർട്ട് സായിപ്പും ഭാഷയ്ക്ക്‌ വ്യാകരണവും നിഘണ്ടുവും സംഭാവന ചെയ്തു. ശ്രീകണ്ടെശ്വരത്തിൻറെ നിഘണ്ടു കാണാത്ത മലയാളി ഉണ്ടോ?

കേസരിയും, കെ. സി. കേശവപിള്ളയും, വി. സി. ബാലകൃഷ്ണനും പത്ര ലോകത്തെ കെടാവിളക്കുകളാണ്. കുട്ടികൃഷ്ണ മാരാരുടെയും, മുണ്ടശ്ശേരിയുടെയും, എം. പി. പോളിൻറെയും, സി. ജെ. തോമസിൻറെയും, സുകുമാർ അഴിക്കൊടിൻറെയും, ഓ. വി. വിജയൻറെയും, കൃതികൾ എന്നും മഹത്തരങ്ങളാണ്. എം. കൃഷ്ണൻ നായരെ മലയാളിക്ക് മറക്കാൻ സാധിക്കുമോ?

മേല്പ്പത്തൂരും, പൂന്താനവും, കട്ടക്കയവും, സൈമൺ സാറും, സിസ്റ്റർ മേരി ബെനീഞ്ഞായും ഭക്ത ശിരോമാണികൾ ആയിരുന്നു. ഈശലുകളും, ഗസലുകളും, മലയാള ഭാഷയിൽ ഉണ്ടായി. മാർഗം കളി, പരിചമുട്ടുകളി, കല്യാണ ഒരുക്ക ഗാനങ്ങൾ എന്നിവ സമുദായം തോറും രൂപപ്പെട്ടു. പണ്ഡിറ്റ്‌ കറുപ്പനും, ശ്രീ നാരായണ ഗുരുവും, ചട്ടമ്പിസ്വാമികളും, വി. ടി. ഭട്ടതിരിപ്പാടും, തോപ്പിൽ ഭാസിയും നൽകിയ സംഭാവനകൾ മറക്കാൻ സാധിക്കുമോ? കാരൂറും, കോട്ടയം പുഷ്പനാഥും, ചെമ്പിൽ ജോണും, കാനവും, വല്ലച്ചിറ മാധവനും, സി. എൽ. ജോസും, എൻ. എൻ. പിള്ളയും മലയാളിക്ക്‌ വായനാശീലം ഉണ്ടാക്കിയവരല്ലേ? പി. എൻ. പണിക്കരും, എം. പി. മൻമഥനും, സി. കേശവനും, മന്നത്തു പത്ഭനാഭനും സാമുഹിക പരിഷ്കർത്താക്കൾ ആയിരുന്നില്ലെ?

കൈരളിയുടെ കണ്ണായ ഉണ്ണായിയും, ഇളംങ്കുളവും, വെണ്ണിക്കുളവും, അയ്യപ്പപ്പണിക്കരും, ബാലാമണിയമ്മയും, സുഗതകുമാരിയും, വിഷ്ണു നാരായണൻ നമ്പൂതിരിയും, കടമ്മനിട്ടയും, ജി. കുമാരപിള്ളയും, വയലാറും, പി. ഭാസ്കരനും, അക്കിത്തവും, ചെമ്മനവും, സച്ചിദാനന്ദനും, ബാലചന്ദ്രൻ ചുള്ളിക്കാടും, വിനയചന്ദ്രനും, മേരി പൈകടയും, എ. അയ്യപ്പനും മലയാള കവിതയെ ശക്തിപ്പെടുത്തി. തിരുനെല്ലുരിൻറെയും, പുതുശ്ശേരി രാമചന്ദ്രൻറെയും, ഏഴാചേരിയുടേയും കൃതികൾ സജീവങ്ങളായി നിലനിൽക്കുന്നു. മാധവിക്കുട്ടിയും, അരുന്ധതി റോയിയും മലയാളികൾ തന്നെ.

പവിഴപ്പുറ്റ്, കുശനും ലവനും കുചേലനും, ഐരാവതം, ഭ്രാന്തനും ഭസ്മാസുരനും, പാലാഴിമഥനം, ഗമനസന്നാഹം, ഊമ എന്നീ കൃതികളുടെ സൃഷ്ടാവായ പ്രവാസികളുടെ പ്രിയ കവി ചെറിയാൻ കെ. ചെറിയാൻ ആധുനിക മലയാള കവിതയുടെ മേഖലകൾ വിസ്തൃതമാക്കി.

ഇതു സംഷിപ്തമായ ഒരു പട്ടികയാണ്. സമഗ്രമായ പഠനമോ, വിവരണമോ അല്ല. ഈ പട്ടികയിൽ താങ്ങളുടെ പേരും കൂടി ചേർത്ത് വായിക്കുക. ഈ പേരു പറയപ്പെട്ട മലയാള സാഹിത്യകാരന്മാരുടെയും, കവികളുടെയും കൃതികൾ മലയാളികൾക്ക് വീണ്ടെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി? ദയവായി ആലോചിക്കുക!!

‘ചുമരുണ്ടേങ്കിലെ ചിത്രം എഴുതാൻ പറ്റൂ.’ മലയാളികളായ നമ്മുടെ ചുമര് മലയാള ഭാഷയാണ്‌. മലയാളിയുടെ സഞ്ചിത സംസ്ക്കാരവും പൈതൃകവും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത് മലയാള ഭാഷയിലാണ്. ഭാഷ മരിച്ചാൽ ഭാഷയിൽ ഉണ്ടായ കൃതികളും മരിക്കും; എന്നേക്കുമായി നശിക്കും. വായനക്കാരില്ലാത്ത കൃതികൾ എന്തിനു കൊള്ളാം? നാം എഴുതിയതും, എഴുതുന്നതും വെറുതെയാകും. മലയാള ഭാഷയിലുണ്ടായിട്ടുള്ള കൃതികളെല്ലാം ഭാഷാന്തരം ചെയ്യുക എന്നുള്ളത് അതി സാഹസകരമായ ജോലിയാണ്. ഭാഷാന്തരത്തിൽ ഭാഷയുടെ സൌകുമാര്യം നഷ്ടപ്പെടുകയും ചെയ്യും. കേരളത്തിലെ പതിന്നാല് ജില്ലകളിലും മറ്റു ഭാഷകളുടെ കടന്നാക്രമണം ദൃശ്യമാണ്. ഒറീസക്കാരും, ബംഗാളികളുമാണ് ഇന്ന് കേരളത്തിലെ ജോലിക്കാർ. കേരളത്തിൻറെ ഭാവി അവരുടെ കൈകളിലൂടെയാണ് വളർത്തപ്പെടുന്നത്. ഉത്തര കേരളം കന്നടയുടയും, പശ്ചിമ തീരപ്രദേശം വിദേശ ഭാഷകളുടയും, ദക്ഷിണ-പൂർവ്വ കേരളം തമിഴിൻറെയും പിടിയിലാണ്. മലയാള ഭാഷ അറിഞ്ഞു കൂടാത്ത ഉദ്യോഗസ്ഥരും, ഭാരണാധികാരികളുമാണ് ഇന്ന് കേരളത്തിൽ ഉള്ളത്. കോടതി ഭാഷ ഇന്നും ആംഗലേയം തന്നെ ആണ്. വിഡ്ഢിപ്പെട്ടികളിലെ അവതാരകർ ആകട്ടെ ‘മംഗ്ലിഷിലാണ്’ സംസാരം. ഭാഷയുടെ വളർച്ചയ്ക്കും വികാസത്തിനും ഇനി എന്ത് വേണം? ...... ഇത് കേരളത്തിലെ സ്ഥിതി. പ്രവാസികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ?

എന്താണ് ക്ലാസ്സിക്കൽ ഭാഷ?

രണ്ടായിരത്തിനാലിൽ ഭാരത സർക്കാർ ഒരു പ്രത്യേക ഉത്തരവ് മുഖേന ചില അടിസ്ഥാന യോഗ്യതകളുള്ള ഭാഷകളെ ക്ലാസിക്കൽ ഭാഷ ആയി പ്രഖ്യാപിച്ചു പ്രത്യേക പരിഗണന നൽകാൻ തീരുമാനിക്കുകയുണ്ടായി. ഇതിൻപ്രകാരം തമിഴ് (രണ്ടായിരത്തി നാല്), സംസ്കൃതം (രണ്ടായിരത്തി അഞ്ചു) കന്നഡ (രണ്ടായിരത്തി എട്ട്), തെലുങ്ക് (രണ്ടായിരത്തി എട്ട്), എന്നീ ഭാഷകളെ ക്ലാസിക്കൽ ഭാഷ പദവി നൽകി ആദരിച്ചു. ഭാരത സർക്കാരിൻറെ കീഴിലുള്ള സാംസ്ക്കാരിക വകുപ്പ് നിയമിക്കുന്ന ഭാഷാ പണ്ഡിതൻമാരുടെ പ്രത്യേക സംഘത്തിൻറെ മാർഗ്ഗനിർദ്ദേശം അനുസരിച്ചാണ് ക്ലാസിക്കൽ ഭാഷ പ്രഖ്യാപനം നടത്തുന്നത്. രണ്ടായിരത്തി ആറിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീമതി അംബികാ സോണിയുടെ രാജ്യ സഭാ പ്രസ്താവന പ്രകാരം ഒരു ഭാഷയെ ക്ലാസിക്കൽ ഭാഷ ആയി പ്രഖ്യാപിക്കുവാൻ താഴെപ്പറയുന്ന അടിസ്ഥാന യോഗ്യതകൾ ഉണ്ടായിരിക്കണം.

ഒന്ന്: ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയ്ക്ക് വർഷം പഴക്കമുള്ള അല്ലെങ്കിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രരേഖകളോ സാഹിത്യ കൃതികളോ ക്ലാസിക്കൽ ഭാഷ ആയി പ്രഖ്യാപിക്കുവാൻ നിർദ്ദേശിക്കുന്ന ഭാഷയിൽ ഉണ്ടായിരിക്കണം. രണ്ട്: ടി ഭാഷ സംസാരിക്കുന്നവർക്ക് ആകമാനം പാരമ്പര്യമായി കിട്ടിയ ഒരു കൂട്ടം അമൂല്യ കൃതികളോ, പുസ്ത്കങ്ങളോ ഉണ്ടായിരിക്കണം. മൂന്ന്: ടി ഭാഷയ്ക്ക്‌ സാഹിത്യ പാരമ്പര്യം സ്വന്തമായിട്ടുള്ളതു ആയിരിക്കണം. മറ്റു സംസാര ഭാഷകളിൽ നിന്ന് കടം കൊണ്ടത്‌ ആയിരിക്കരുത്. നാല്: ടി ഭാഷയിൽ നിന്ന് പരിവർത്തിതമായ ആധുനിക ഭാഷക്കും, സാഹിത്യത്തിനും പുരാതന ഭാഷയിൽ നിന്നും സാഹിത്യത്തിൽ നിന്നും നല്ല വ്യത്യാസം ഉണ്ടായിരിക്കേണ്ടതാണ്. അഞ്ചു: മറ്റു പുത്രികാ ഭാഷകളിൽ നിന്നോ, നവീന രൂപങ്ങളിൽ നിന്നോ തുടർമാനമല്ലാത്ത അസ്തിത്വം ടി ഭാഷയ്ക്ക് ഉണ്ടായിരിക്കണം. പുരാതനവും, സ്വതന്ത്രമായ പാരമ്പര്യം ഉള്ളതും, മറ്റു ഭാഷാ പാരമ്പര്യങ്ങളിൽ നിന്നു ഉടലെടുക്കാത്തതും, സ്വയമായി ആവിർഭവിച്ചതുമായ ഭാഷയാണ് ക്ലാസിക്കൽ ഭാഷ. അതിവിപുലവും, സമൃദ്ധിയുമുള്ള പുരാതന സാഹിത്യ ശേഹരത്തിൻറെ ഉടമസ്ഥതയും ക്ലാസിക്കൽ ഭാഷയ്ക്ക് ഉണ്ടായിരിക്കണം. ഒരുവൻറെ ദൈനംദിനം സംസാരഭാഷ, തൻറെ മാതൃ ഭാഷയിൽ നിന്ന് വ്യത്യസ്തമായിരുന്നാലും തൻറെ മാതൃഭാഷാ അവൻറെ മേൽ വളരെ ക്കാലത്തെക്ക് കാര്യമായ സ്വാധീനം ചെലുത്തുന്നുവെങ്കിൽ ആ ഭാഷയാണ്‌ ക്ലാസിക്കൽ ഭാഷ.

ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളായ സംസ്കൃതം, തമിഴ്‌, കന്നഡ, തെലുങ്ക് ഇവയോടൊപ്പം നമ്മുടെ മാതൃ ഭാഷയും ഗണിക്കപ്പെടുന്നത്‌ എന്തുകൊണ്ടും നല്ലതല്ലേ? മലയാളത്തെ ഭരണ ഭാഷയാക്കുവാനും ക്ലാസ്സിക്‌ പദവി നേടിയെടുക്കാനും കേരള സർക്കാർ ചെയ്യുന്ന പരിശ്രമത്തിൽ പ്രവാസി മലയാളികളായ നാമും പങ്കുകാരാകെണ്ടെ? ഒരു മലയാള സർവകലാശാല നമുക്ക് വേണ്ടേ? വരും തലമുറകൾ മലയാളം പഠിക്കേണ്ടേ?

ഈയിടെ ഇൻറർനെറ്റിൽ സുഹൃത്ത് ഡോട്ട് കോം എന്ന വെബ്‌സൈറ്റിൽ ശ്രീജിത്ത്‌ എന്നൊരാൾ മലയാളികൾക്ക് വേണ്ടി എഴുതിയ ഒരു ബ്ലോഗ്‌ വായിക്കാം. “മലയാളത്തിന് 2000 വ൪ഷെത്ത പഴക്കഠ: പൗരാണിക ഭാഷപദവിക്ക് അ൪ഹഠ മലയാളത്തിന് പൗരാണിക ഭാഷാപദവി ലഭിക്കാനുള്ള കാലപ്പഴക്കമുണ്ടെന്ന് കണ്ടെത്തൽ. എടക്കൽ, തേനി, പട്ടണം നപ്രദേശങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളാണ് മലയാളത്തിന്റെ പൗരാണികതയുടെ പ്രാധാന്യം വെളിവാക്കുന്നത്. ക്ലാസിക്കൽ പദവി ലഭിക്കണമെങ്കിൽ ഭാഷയ്ക്ക് 1500 വർഷമെങ്കിലും പൗരാണികതയുണ്ടാകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിയമം. ക്ലാസിക്കൽ പദവിക്ക് അർഹമായ ഭാഷകളുടെ വികസനത്തിനായി കേന്ദ്രം നൂറുകോടി രൂപ നൽകും. സംസ്‌കൃതം, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയ്ക്കാണ് നിലവിൽ ക്ലാസിക്കൽ പദവിയുള്ളത്. മലയാളത്തിന് ഈ പദവി ലഭിക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കായി ഡോ.പുതുശ്ശേരി രാമചന്ദ്രൻ അധ്യക്ഷനും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ കൺവീനറുമായ വിദഗ്ധ സമിതി സർക്കാർ രൂപവത്ക്കരിച്ചിരുന്നു. സമിതിയുടെ ശ്രമഫലമായി പുതിയ തെളിവുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ലിപി വിജ്ഞാന വിദഗ്ധനായ ഐരാവതം മഹാദേവൻ ഈയിടെ സമിതിക്ക് നൽകിയ വീരക്കൽ ശാസനമാണ് ഇതിൽ പ്രധാനം. തേനി ജില്ലയിലെ പുളിമാങ്കൊമ്പിൽ നിന്ന് ലഭിച്ച ബി.സി.രണ്ടാം നൂറ്റാണ്ടാലെ വീരക്കൽ ലിഖിതത്തിൽ 'കൂടലൂർ ആ കോൾ പെടു തീയൻ അന്തവൻ കല്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കന്നുകാലികൾക്കുവേണ്ടിയുള്ള യുദ്ധത്തിൽ മരിച്ച തീയൻ അന്തവാൻ 'സ്മാരകക്കല്ല് ' എന്നാണ് ഇതിനർത്ഥം. ഇതിലെ പെടു (മരിച്ചുവീണ) എന്ന പദം മലയാളമാണ്. തമിഴിൽ ഈ വാക്ക് പടു എന്നാണ്. തീയൻ എന്ന പദവും മലയാളത്തിലല്ലാതെ മറ്റൊരിടത്തും ഉപയോഗിച്ചിരുന്നില്ല. എടക്കൽ ഗുഹയിൽനിന്ന് കണ്ടെത്തിയ ഒരു ശാസനത്തിൽ 'പല്പുലി താന്തകാരി ' ( പല പുലികളെ കൊന്നവൻ) എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലേതാണ് ഈ ലിഖിതം. തമിഴിൽ 'പറ് പുലി' എന്നാണ് ഉപയോഗിക്കുന്നത്. മറ്റൊരു ലിഖിതത്തിൽ 'വെങ്കോമലൈ കച്ചവനു ചത്തി ' (വെങ്കോമലയിലെ കശ്യപന് ശക്തി ) എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി വിദഗ്ധ സമിതി നിരീക്ഷിക്കുന്നു. 'കച്ചവനു' എന്നത് തികച്ചും മലയാള പ്രയോഗമാണെന്ന് സമിതി പറയുന്നു. തമിഴിൽ 'കച്ചവനുക്ക് ' എന്നാണ് പ്രയോഗം. പട്ടണം പര്യവേക്ഷണത്തിൽ നിന്ന് ലഭിച്ച ഒരു ഓട്ടക്കല കഷണത്തിൽ 'ഊർപ്പാവ ഓ:' എന്ന് രേഖപ്പെടുത്തിയിരുന്നു. തമിഴിലാണെങ്കിൽ 'പാവൈ' എന്നാണ് ചേർക്കേണ്ടതെന്നും സമിതി നിരീക്ഷിക്കുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിലേതാണ് ഈ ഓട്ടക്കല കഷണം എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മലയാളത്തിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിക്കെണ്ടതല്ലെ?............ “

ഈ ചോദ്യം മലയാളത്തെയും, മലയാള ഭാഷയേയും, സാഹിത്യത്തെയും സ്നേഹിക്കുന്ന, കേരളപൈതൃകത്തെ താലോലിക്കുന്ന, കേരളത്തെ ഗൃഹാതുരത്വത്തോടെ ഓർമ്മിക്കുന്ന പ്രവാസി മലയാളികളായ നിങ്ങളോട് വിനയത്തോടെ ചോദിച്ചുകൊണ്ട് ഈ പ്രബന്ധം നിങ്ങളുടെ ചിന്തക്കും, പരിഗണനക്കുമായി സമർപ്പിച്ചുകൊള്ളുന്നു. അഡ്വക്കേറ്റ് ജെയിൻ മുണ്ടക്കൽ, ഫ്ലോറിഡ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shijualex/1&oldid=2181736" എന്ന താളിൽനിന്ന് ശേഖരിച്ചത്