ഇപ്റ്റ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കലാപ്രസ്ഥാനമായി വളർന്ന ഇന്ത്യൻ ദൃശ്യവേദിയാണ് ഇപ്റ്റ . ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ എന്ന സംഘടനയുടെ ചുരുക്കപ്പേര്. 1943-ൽ ആരംഭിച്ചു. ഇടതുപക്ഷ ചിന്താഗതിക്കാരായ കലാകാരന്മാർ ഇതിന്റെ രൂപവത്കരണത്തിനു മുൻകൈയെടുത്തു. ബൽരാജ് സാഹ്നി, ദേവാനന്ദ്, ദുർഗാ ഖോട്ടേ, ഹബീബ് തൻവീർ, ശംഭു മിത്ര, ഉത്പൽ ദത്ത്, ശാന്തി ബർധൻ, കെ. എ. അബ്ബാസ്, ഋത്വിക് ഘട്ടക്, റമേഷ് ഥാപർ എന്നിവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. കലയെ ജനങ്ങളിലെത്തിക്കുക, രാഷ്ട്രീയ -സാമൂഹിക-സാമ്പത്തിക വിമോചനത്തിന് കലയെ ഉപയോഗിക്കുക, അധഃസ്ഥിതരുടെയും മർദിതരുടെയും ജീവിതങ്ങൾ ചിത്രീകരിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. 1943-44 ലെ ബംഗാൾ ക്ഷാമം ഇതിവൃത്തമാക്കി ബിജു ഭട്ടാചാര്യ രചിച്ച നവാന്നം (നാടകം) ഇപ്റ്റ ആദ്യം അവതരിപ്പിച്ചു. അബ്ബാസ് സംവിധാനം ചെയ്ത ധർതീ കേ ലാൽ ആണ് ഇപ്റ്റയുടെ ബാനറിൽ പുറത്തു വന്ന ആദ്യ ചലച്ചിത്രം. ഇതിൽ ബൽരാജ് സാഹ്നി അഭിനയിച്ചു. ഇതിന്റെയും കഥാതന്തു ബംഗാൾക്ഷാമം തന്നെയായിരുന്നു. പിന്നീട് അബ്ബാസിന്റെയും മൈം കോൻ ഹും (ഞാൻ ആര്) ഋത്വിക് ഘട്ടക്കിന്റെയും (ദോഹൻ-പ്രമാണപത്രം) നാടകങ്ങളും ഏതാനും ഇംഗ്ലിഷ് നാടകങ്ങളും (വെയ്റ്റിങ് ഫോർ ലെഫ്റ്റി ആൾ മൈസൺസ്) അവതരിപ്പിച്ചു. പ്രാദേശിക ഭാഷകളിലും ഇപ്റ്റ കടന്നു. ഇതിൽ നിന്നു പ്രചോദനം കൊാണ് കെ.പി.എ.സി. രൂപംകൊണ്ടത്. ഓപ്പറ, ബാലേ തുടങ്ങിയ ദൃശ്യവേദി പ്രസ്ഥാനങ്ങളുടെ വികസനത്തിനും ഇപ്റ്റ കളമൊരുക്കി.