ആൾ ഇന്ത്യാ കിസാൻ സഭ (അജോയ് ഭവൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)യോട് ആഭിമുഖ്യമുള്ള കർഷക സംഘടനയാണ് എ ഐ കെ എസ്

1936 ഏപ്രിൽ 11ന് ലഖ്നൗവിലാണ് സംഘടനയുടെ പിറവി. മത‐ജാതി‐ഭാഷ‐പ്രദേശ ഭേദമില്ലാതെ വർഗതാൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്ന സംഘടനയാണിത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20 നൂറ്റാണ്ടിന്റെ ആരംഭത്തിലും രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ഒട്ടേറെ കർഷകസമരങ്ങൾ നടന്നു. 1929‐30ലെ സാമ്പത്തിക ക്കുഴപ്പം കൃഷിക്കാരെ വൻ സാമ്പത്തികത്തകർച്ചയിലേക്ക് എത്തിച്ചു. കർഷകരുടെ ജീവിതം ദുരിതപൂർണമായി. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ കർഷകർ പ്രക്ഷോഭം നടത്തി. കാർഷിക സമ്പദ്ഘടന തകർന്നതിന്റെ ഫലമായുണ്ടായ അസംതൃപ്തിയെ നേർവഴിക്കു നയിക്കാനോ കർഷകർക്ക് വഴികാട്ടാനോ അന്നൊരു സംഘടിത കർഷകപ്രസ്ഥാനം ഉണ്ടായിരുന്നില്ല. ജന്മി‐ നാടുവാഴിത്ത ചൂഷണത്തിനും അന്യായ പലിശയ്ക്കും ഭാരിച്ച നികുതിക്കും മറ്റുമെതിരെ ബ്രിട്ടീഷ് പ്രവിശ്യകളിൽ ഉയർന്നുവന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് മീറത്തിൽ അഖിലേന്ത്യ സോഷ്യലിസ്റ്റ് പാർടിയുടെ ദേശീയ സമ്മേളനം നടന്നത്. 1935 ഡിസംബറിൽ ചേർന്ന ഈ സമ്മേളനത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും വിവിധ പ്രവിശ്യകളിൽനിന്ന് പങ്കെടുത്ത കർഷകനേതാക്കളും പ്രത്യേക യോഗം ചേർന്ന് കാർഷികപ്രശ്നങ്ങൾ ചർച്ചചെയ്തു. കൃഷിക്കാർക്ക് ഒരു അഖിലേന്ത്യ സംഘടനയ്ക്ക് രൂപംനൽകാൻ തീരുമാനിച്ചു. 1936 ഏപ്രിലിൽ ലഖ്നൗവിൽ അഖിലേന്ത്യ കോൺഗ്രസ് സമ്മേളനം ചേർന്നു. ബ്രിട്ടീഷ് പ്രവിശ്യകളിൽ നടന്നുവന്ന കർഷക കലാപങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും സമ്മേളനത്തിൽ സംസാരിച്ചു. തുടർന്ന് കർഷകപ്രവർത്തകരുടെ പ്രത്യേക സമ്മേളനം ചേർന്നു. ഈ സമ്മേളനത്തിൽ അധ്യക്ഷനായത് ബിഹാറിലെ കർഷകനേതാവായ സ്വാമി സഹജാനന്ദ സരസ്വതിയായിരുന്നു. 1936 ഏപ്രിൽ 11ന് ചേർന്ന ഈ സമ്മേളനം സംഘടനാ കമ്മിറ്റി തെരഞ്ഞെടുത്ത് അഖിലേന്ത്യ കിസാൻസഭയ്ക്ക് രൂപംനൽകി. കിസാൻസഭയുടെ സ്ഥാപകനേതാക്കളായി ചരിത്രം രേഖപ്പെടുത്തിയത് സ്വാമി സഹജാനന്ദ സരസ്വതി, മുസഫർ അഹമ്മദ്, കാര്യാദനന്ദ ശർമ, ആചാര്യ നരേന്ദ്രദേവ്, ഹിന്ദുലാൽ യാജ്ഞിക്, രാഹുൽ സാംകൃത്യായൻ എന്നിവരാണ്. കിസാൻപ്രസ്ഥാനത്തിന്റെ മുഖ്യകടമകൾ അന്ന് ഇങ്ങനെ പ്രഖ്യാപിച്ചു. എല്ലാ രൂപത്തിലുമുള്ള ചൂഷണത്തിൽനിന്ന് മോചനം നേടാൻ കൃഷിക്കാരെ തയ്യാറാക്കുന്നതിലേക്ക്, അവരുടെ അടിയന്തര സാമ്പത്തിക രാഷ്ട്രീയ ആവശ്യങ്ങൾക്കുവേണ്ടി സമരം ചെയ്യാൻ കൃഷിക്കാരെ സംഘടിപ്പിക്കുക’ എന്നുള്ളതാണ്. കിസാൻസഭ രൂപീകരിച്ച് എട്ടുമാസത്തിനുശേഷമാണ് കോൺഗ്രസിന്റെ ഫായിസ്പുർ സമ്മേളനം ചേർന്നത്. കിസാൻസഭയുടെ രൂപീകരണം ഇന്ത്യയിലെ കൃഷിക്കാരിൽ മാത്രമല്ല കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വത്തിലും ഗുണകരമായ ചലനങ്ങൾ സൃഷ്ടിച്ചു. സമ്മേളനം പതിമൂന്നിന കർമപരിപാടികൾ അംഗീകരിച്ചു. ഇവയാണ് പിന്നീട് അഖിലേന്ത്യ കിസാൻസഭ പ്രക്ഷോഭ സമരപരിപാടികളിൽ മുദ്രാവാക്യമായി ഉയർത്തിക്കൊണ്ടുവന്നത്. എല്ലാ കുടിയാന്മാർക്കും അവരുടെ ഭൂമിയിൽ വീടുവയ്ക്കാനും ചമയങ്ങൾ വച്ചുപിടിപ്പിക്കാനുമുള്ള അവകാശം നൽകണം. സഹകരണാടിസ്ഥാനത്തിൽ കൃഷി നടപ്പാക്കാൻ ശ്രമിക്കണം. കാർഷികകടത്തിന്റെ ഭാരം കുറയ്ക്കണം എന്നിവയായിരുന്നു അതിൽ പ്രധാനം.