Jump to content

ആഴമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആധുനിക ആഴമാപിനി

കടലുകളുടെ ആഴം അളന്നു തിട്ടപ്പെടുത്തുകയും ആഴമനുസരിച്ചു കടൽത്തറയുടെ ആകൃതി വിശദമാക്കുന്ന ചാർട്ടുകളും മാനചിത്രങ്ങളും (maps) നിർമ്മിക്കുകയും ചെയ്യുന്ന സമുദ്ര വിജ്ഞാനീയശാഖയെ ആഴമിതി (Bathymetry) അഥവാ ആഴമാപനം എന്ന പേരിൽ അറിയപ്പെടുന്നു.

സാധാരണയായി കടലിന്റെ ആഴം കരയിൽനിന്ന് അകലുന്തോറും വർദ്ധിച്ചുവരുന്നു; കടലിന്റെ പല ഭാഗങ്ങളിലെയും ആഴം വ്യത്യസ്തവുമാണ്. സ്ഥലമണ്ഡലത്തിന്റെ (Lithosphere)[1] മൂന്നിരട്ടി വിസ്താരമുള്ള കടൽത്തറകളുടെ ആഴം വ്യക്തമായി നിർണയിക്കുക സുകരമല്ല; അതുപോലെ തന്നെ അവയുടെ സ്ഥലാകൃതി (Topography)[2] നിർണയിക്കുക എന്നതും. എന്നാൽ കടലിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന് ആഴം അറിയേണ്ടത് അത്യാവശ്യമാണ്. കൃത്യമായി ആഴം രേഖപ്പെടുത്തുന്നതു കപ്പലുകളെ അപകടത്തിൽനിന്നു രക്ഷപ്പെടുവാൻ വളരെയധികം സഹായിക്കുന്നു. ഓരോ കപ്പലും പ്രയാണമാർഗ്ഗത്തിലെ ആഴമളന്നു മുന്നോട്ടുപോകുന്ന പതിവാണു മുൻപുണ്ടായിരുന്നത്. ഗതാഗതം വിപുലമായതോടെ കൂടുതൽ മേഖലകൾ വ്യാപകമായ അഗാധതാമാപനത്തിനു വിധേയമാക്കി കടൽത്തറയുടെ ആകൃതി രേഖപ്പെടുത്തുന്ന വിശദമായ ചാർട്ടുകൾ നിർമ്മിക്കപ്പെട്ടു.

സമുദ്രാന്തര കേബിളുകളിലൂടെ വാർത്താവിനിമയം ആരംഭിച്ചതോടെ കടൽത്തറകളെക്കുറിച്ചുള്ള പരിജ്ഞാനം കൂടുതൽ ആവശ്യമായിത്തീർന്നു. വ. അറ്റ്ലാന്റിക്കിന്റെ അടിത്തറയെ സംബന്ധിച്ച അറിവുകൾ ആദ്യമായി സംഗ്രഹിക്കപ്പെട്ടു. 19-ആം ശതകത്തിൽതന്നെ ഈ പഠനങ്ങൾ പുരോഗമിച്ചു. 20-ആം ശതകത്തിന്റെ ആരംഭത്തിൽ മുങ്ങിക്കപ്പലുകൾ സർവസാധാരണമായിത്തീർന്നു. മാസങ്ങളോളം ജലത്തിനടിയിൽ കഴിയുന്ന മുങ്ങിക്കപ്പലുകൾക്ക് അടിത്തറയുടെ ആകൃതി അറിയേണ്ടതാവശ്യമായി. അത്യഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഗവേഷണക്കപ്പലുകളും കടൽത്തറയിൽ തങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും അഗാധതലത്തിലെ സ്ഥലരൂപങ്ങളെക്കുറിച്ചുള്ള അറിവു പതിൻമടങ്ങായി വർദ്ധിപ്പിച്ചിട്ടുണ്ട്.

മാപനരീതികൾ[തിരുത്തുക]

മുൻകാലങ്ങളിൽ ഈയത്തിന്റെയോ ഇരുമ്പിന്റെയോ കട്ടകൾ കപ്പലിൽനിന്നു ചരടിലോ കമ്പിയിലോ കെട്ടിത്താഴ്ത്തിയാണ് ആഴം അളന്നിരുന്നത്. പിന്നീട് സമുദ്രപഠനത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ട കപ്പലുകൾ ഈ ജോലി നിർവഹിച്ചു. അവ നിശ്ചിതസ്ഥാനങ്ങൾക്കിടയിൽ സഞ്ചരിച്ച് ആഴമളക്കുന്നു. ഒരു പ്രത്യേക മേഖലയിൽ തലങ്ങും വിലങ്ങുമായുള്ള അനേകം രേഖകളിൽ ഇങ്ങനെ ആഴം നിർണയിച്ച് മേഖലയുടെ സ്ഥലാകൃതിയെക്കുറിച്ചു സാമാന്യജ്ഞാനം നേടുകയായിരുന്നു ചെയ്തിരുന്നത്. പ്രാഥമികാന്വേഷണത്തിൽ ഗർത്തങ്ങൾ, വരമ്പുകൾ തുടങ്ങിയവയുടെ സാന്നിധ്യം വ്യക്തമായാൽ അവ സവിശേഷപഠനത്തിനു വിധേയമാക്കുന്നു. ഏറ്റവും കൂടിയ ആഴമോ ഉയരമോ നിർണയിക്കപ്പെട്ട ബിന്ദുവിനെ കേന്ദ്രമാക്കി പ്രദക്ഷിണം നടത്തി, ആഴത്തിലെ ക്രമാനുഗതമായ വ്യതിയാനങ്ങൾ രേഖപ്പെടുത്തുന്നു. ഇങ്ങനെ പ്രത്യേക സ്ഥലരൂപങ്ങളുടെ വ്യക്തമായ ആകൃതി ശേഖരിക്കുന്നു. അന്തർസമുദ്രദ്വീപുകളെയും ഇത്തരം പഠനങ്ങൾക്കു വിധേയമാക്കാറുണ്ട്. ഇതുകൂടാതെ ദീർഘചതുരമാതൃകയിലുള്ള സർവേയും നടത്തപ്പെടുന്നു. ഏതെങ്കിലും ഒരു രീതി മാത്രം ഉപയോഗിക്കുന്നതിലുള്ള ന്യൂനത പരിഹരിക്കുവാൻ ഇതുപകരിക്കുന്നു. ആവർത്തിച്ചുള്ള അളവെടുപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ കൂടുതൽ വിശ്വാസയോഗ്യമായിരിക്കും. ഇത്തരത്തിലുള്ള അഗാധതാമാപനം അന്വേഷകന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. തൻമൂലം ചില പ്രത്യേക മേഖലകൾ മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതൽ പഠനവിധേയമാകാറുണ്ട്.

മാപനരീതികളിൽ വിപ്ലവകരമായ പരിവർത്തനം വരുത്തിയത് ധ്വാനിക-മാപനത്തിന്റെ (Echo-Sounding)[3] ആവിഷ്കരണമായിരുന്നു. കപ്പലിൽനിന്നയയ്ക്കുന്ന ശബ്ദവീചികൾ കടൽത്തറയിൽ തട്ടി പ്രതിധ്വനിക്കുന്നു. കപ്പലിലുള്ള സ്വീകരണികൾ (receivers) ഇവയെ ഗ്രഹിച്ചു ഗ്രാഫുകളിൽ രേഖപ്പെടുത്തും. ആഴവ്യത്യാസങ്ങൾ ഗ്രാഫിൽ ഏറ്റക്കുറച്ചിലുകളായാണു പ്രകടമാവുന്നത്; അടിത്തറയുടെ സാമാന്യരൂപം മനസ്സിലാക്കുവാനേ ഇവ സഹായകമാകുന്നുള്ളു. യഥാർഥ ആഴം നിർണയിക്കുന്നതിനു ശബ്ദവീചി പ്രതിധ്വനിച്ച് എത്താനെടുത്ത ആകെ സമയത്തിന്റെ പകുതിയെ-അതായത് ശബ്ദം അടിത്തറയിലെത്താനോ, അവിടെ നിന്നും പ്രതിധ്വനിച്ചു സ്വീകരണിയിൽ പതിക്കാനോ എടുത്ത സമയത്തെ - ശബ്ദത്തിന്റെ വേഗം കൊണ്ടു ഗുണിച്ചാൽ മതി. ശബ്ദവേഗം, ജലത്തിന്റെ താപം, ലവണത തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നതിനാൽ വേഗം തിട്ടപ്പെടുത്തുമ്പോൾ ആവശ്യമായ സംശുദ്ധി (correction) വരുത്തേണ്ടതാണ്. സ്ഥലാകൃതി തയ്യാറാക്കുന്നതിൽ ധ്വാനിക-മാപനത്തിനുള്ള മേൻമ പഴയതും പുതിയതുമായ രീതികളിലൂടെ തയ്യാറാക്കപ്പെട്ടിട്ടുളള ആരേഖങ്ങളുടെ താരതമ്യപഠനത്തിൽനിന്നു സുവ്യക്തമാകും.

ചാർട്ടുകളും മാനചിത്രങ്ങളും[തിരുത്തുക]

കറ്റലിനടിയിലെ സ്ഥലാകൃതി

അളന്നുകിട്ടുന്ന വിവരങ്ങളെ അക്കങ്ങളാലോ മറ്റു ഉപയുക്ത ചിഹ്നങ്ങളാലോ സൂചിപ്പിക്കുന്നതാണു ചാർട്ട് (Chart). കപ്പൽക്കാരുടെ വഴികാട്ടികളാണ് ചാർട്ടുകൾ. പണ്ടുമുതലേ ഇവ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ത്യാക്കാരെ കൂടാതെ ചീനർ‍, അറബികൾ എന്നിവരും സമുദ്രചാർട്ടുകൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. എന്നാൽ ഇവയുടെ നിർമ്മാണം വികസിച്ചത് 19-ആം ശതകത്തിന്റെ മധ്യത്തോടുകൂടിയാണ്. അറിയപ്പെട്ടിരുന്ന വസ്തുതകളെ ആധാരമാക്കി യു.എസ്. നാവികസേനയിലെ മാത്യു മൌറി ആധുനികരീതിയിലുള്ള ചാർട്ടുകളും ചില സമുദ്രങ്ങളുടെ മാനചിത്രങ്ങളും നിർമിച്ചു. ആദ്യത്തെ ആഗോളചാർട്ട് 1903-ൽ മൊണാക്കോ രാജകുമാരനായ ആൽബെർട്ട് തയ്യാറാക്കി. അത് ആഴമിതീയ ചാർട്ടു(Bathymetric)കളുടെ മൌലിക രൂപരേഖയായി ഇന്നും കരുതപ്പെടുന്നു. ഈയിടെയായി സമുദ്രവിജ്ഞാനീയപരവും പ്രതിരക്ഷാപരവുമായ കാരണങ്ങളാൽ അഗാധതാമാപനം പുറം കടലിലേക്കുകൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി എല്ലാ സമുദ്രങ്ങളുടെയും അടിത്തറകളുടെ ആകൃതിയെ സൂചിപ്പിക്കുന്ന ചാർട്ടുകളും മാനചിത്രങ്ങളും തയ്യാറാക്കപ്പെട്ടുവരുന്നു. മാനചിത്രങ്ങൾ പൊതുവേ സമോച്ചരേഖാ(contour) ചിത്രങ്ങളാണ്. ഒരേ ആഴമുള്ള ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖകളാണ് ഇവയിൽ സ്ഥലാകൃതിയെക്കുറിച്ചുള്ള സൂചന നല്കുന്നത്. മലകൾ, താഴ്വരകൾ, സമതലങ്ങൾ, ഗർത്തങ്ങൾ തുടങ്ങിയ വിവിധ സ്ഥലരൂപങ്ങളെ ഭൂപടങ്ങളിലെപോലെതന്നെ സമോച്ചരേഖകളുപയോഗിച്ചു പ്രദർശിപ്പിക്കുന്നു. കരയിലെ സർവേ നേരിൽ കാണുന്ന ദൃശ്യങ്ങളെക്കൂടി ആധാരമാക്കുന്നു; എന്നാൽ കടൽത്തറയുടെ ചിത്രീകരണം കുറെയൊക്കെ ഊഹാപോഹങ്ങളെ ആശ്രയിക്കുന്നു. അന്തർജലീയ ഛായാഗ്രഹണവും (Under water photography) അന്തർജലീയ ടെലിവിഷനും സ്ഥിതിഗതികളെ കുറേയൊക്കെ മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിൽപോലും കടൽത്തറകളുടെ മാനചിത്രങ്ങൾ നിർമ്മിക്കുക അത്യന്തം ദുഷ്കരമായിത്തന്നെ ശേഷിക്കുന്നു.

പ്രത്യേക മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു താത്കാലികമായി സമോച്ചരേഖാചിത്രങ്ങൾ നിർമ്മിക്കുന്നു. അവയെ ആധാരമാക്കി പ്രസക്തമേഖലകൾ സൂക്ഷ്മപരിശോധനയ്ക്കും മാപനത്തിനും വിധേയമാക്കുന്നു. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ആധാര ചിത്രത്തെ പരിഷ്കരിക്കുന്നു. സംശുദ്ധീകരണം പല തവണ ആവർത്തിക്കേണ്ടിവരും. കടൽത്തറകൾ സദാ പരിവർത്തനത്തിനു വിധേയമാണെന്നതും പരിഗണിക്കേണ്ടതുണ്ട്. ഭൂചലനങ്ങൾ, സൂക്ഷ്മഭൂചലനങ്ങൾ, അടിയൊഴുക്കുകൾ, നിക്ഷേപണം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ഫലമായി കടൽത്തറയ്ക്കു സ്പഷ്ടമായ വ്യതിയാനങ്ങൾ വന്നു ചേരാം. ഭൂവിജ്ഞാനീയപരമായ ഘടനയും വിവർത്തന സാധ്യതകളുംകൂടി ഗണിക്കേണ്ടതുണ്ട്.

ഋജുരേഖകളിലുള്ള ആഴമിതി അടിസ്ഥാനമാക്കി പരിച്ഛേദങ്ങൾ (profiles) നിർമ്മിക്കപ്പെടാറുണ്ട്. ഇവയിൽ ആഴവും സ്ഥാനാന്തരവും ഒരേ തോതിൽ രേഖപ്പെടുത്തപ്പെടുന്നില്ല. ഊർധ്വാധരസവിശേഷതകൾ (vertical features) സ്പഷ്ടമാവുന്നതിനുവേണ്ടി നിർദ്ദേശാങ്കത്തിലെ (ordinate) അങ്കനം (ആഴത്തിന്റെ) സ്ഥൂലീകരിച്ചു രേഖപ്പെടുത്തുന്നു. അതതിടത്തെ ആഴവും കടൽത്തറയുടെ സംവിധാനവും ഒറ്റനോട്ടത്തിൽ അറിയാൻ ഇമ്മാതിരി പരിച്ഛേദങ്ങൾ സഹായകങ്ങളാണ്.

അവലംബം[തിരുത്തുക]

  1. സ്ഥലമണ്ഡലത്തിന്റെ (Lithosphere)
  2. സ്ഥലാകൃതി (Topography)
  3. "ധ്വാനിക-മാപനി (Echo-Sounding)". Archived from the original on 2010-09-26. Retrieved 2011-02-25.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഴമിതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആഴമിതി&oldid=3914666" എന്ന താളിൽനിന്ന് ശേഖരിച്ചത്