ആനുപാതിക പ്രാതിനിധ്യം
വ്യത്യസ്ത തരങ്ങളിലുള്ള തെരഞ്ഞെടുപ്പ് രീതിയിലൊന്നാണ് ആനുപാതിക പ്രാതിനിധ്യ രീതി(Proportional Representation). ഈ രീതിയിൽ തന്നെ പലവിധ സമ്പ്രദായങ്ങൾ നിലവിലുണ്ട്. നേരിട്ടുള്ള തെരഞ്ഞെടുപ്പ് രീതികളിലൂടെ വോട്ടുകൾ പാഴാകുന്നുവെന്നും വ്യത്യസ്ത നിലപാടുകളെയും താല്പര്യങ്ങളെയും പ്രതിനിധീകരിക്കുവാൻ നേരിട്ട് വോട്ട് ചെയ്യുന്ന രീതി അപര്യാപ്തമാണെന്നുമുള്ള വിമർശനങ്ങളിൽ നിന്നുമാണ് ആനുപാതിക പ്രാതിനിധ്യ രീതി ഉടലെടുത്തത്.
പ്രാധാന്യം
[തിരുത്തുക]പല നിയോജകമണ്ഡലങ്ങളിലായി സമ്മതിദായകർ രേഖപ്പെടുത്തുന്ന മൊത്തം വോട്ടുകളുടെ അനുപാതക്രമത്തിൽ ഒരു ജനപ്രതിനിധിസഭയിൽ ആകെയുള്ള സീറ്റുകൾ വിവിധ കക്ഷികൾക്കായി വിഭജിക്കുന്ന തെരഞ്ഞെടുപ്പു സമ്പ്രദായം. അശാസ്ത്രീയമായ തെരഞ്ഞെടുപ്പു സമ്പ്രദായം വഴി പല രാജ്യങ്ങളിലും വളരെയേറെ സമ്മതിദായകർ പ്രതിനിധാനം ചെയ്യപ്പെടാതെ പോകുന്നു. ഈ അപാകത ദൂരീകരിക്കുവാൻ പ്രത്യേക ജനവിഭാഗങ്ങൾക്ക്-ജാതി, മത, വർഗ, സംസ്കാരാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷങ്ങൾക്ക്-പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തിലുള്ള ചില സമ്പ്രദായങ്ങൾ പല രാഷ്ട്രങ്ങളിലും നിലവിലുണ്ട്. പക്ഷേ, അവ ഒന്നുംതന്നെ, രാഷ്ട്രീയാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷത്തെ ശരിയാംവണ്ണം പ്രതിനിധാനം ചെയ്യുവാൻ ഉതകുന്നവയല്ല. ഈ ന്യൂനത ഏറെക്കുറെ പരിഹരിക്കുവാൻ ആനുപാതിക പ്രാതിനിധ്യത്തിനു സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
നടപടിക്രമം
[തിരുത്തുക]സാധാരണഗതിയിൽ, ആധുനിക ജനായത്ത വ്യവസ്ഥിതി നിലവിലുള്ള രാജ്യങ്ങളിൽ, ഓരോ ഏകാംഗ നിയോജകമണ്ഡലത്തിൽനിന്നും ഏറ്റവുമധികം വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർഥിയെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുകയാണ് പതിവ്. ഉദാഹരണത്തിന്, 25,000 വോട്ടർമാരുള്ള ഒരു നിയോജകമണ്ഡലത്തിൽ 'x', 'y' എന്നീ സ്ഥാനാർഥികൾ മത്സരിക്കുന്നുവെന്നിരിക്കട്ടെ; ആകെ 'പോൾ' ചെയ്തത് 23,850 വോട്ടുകളും. അതിൽ 'x' നും 'y' ക്കും ലഭിച്ചത് യഥാക്രമം 12,000 വും 11,850-ഉം ആണെന്നും വയ്ക്കുക. ഇതിൽ, നാമമാത്രമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ 'x' വിജയിച്ചതായും, എന്നാൽ അതിന് തൊട്ടടുത്തുനില്ക്കുന്ന 'y' പരാജയമടഞ്ഞതായും പ്രഖ്യാപിക്കപ്പെടുന്നു. അങ്ങനെ, ഏകദേശം പകുതിയോളം വോട്ടർമാർ പ്രതിനിധാനം ചെയ്യപ്പെടാതെപോകുന്നു. ഒരു ഏകാംഗ നിയോജകമണ്ഡലത്തിൽ സ്ഥാനാർഥികൾ മൂന്നോ, നാലോ അതിൽ കൂടുതലോ മത്സരിക്കുകയാണെങ്കിൽ സ്ഥിതി കുറേക്കൂടി വഷളായിത്തീരുന്നു. കേവല ഭൂരിപക്ഷം നേടി ജയിക്കുന്ന സ്ഥാനാർഥി അത്തരം സന്ദർഭങ്ങളിൽ ഭൂരിപക്ഷത്തെയല്ല, പ്രത്യുത, ന്യൂനപക്ഷത്തെയായിരിക്കും പ്രതിനിധാനം ചെയ്യുക. തൻമൂലം, വലിയൊരു ജനവിഭാഗത്തിന്റെ അഭിപ്രായാഭിലാഷങ്ങൾ പ്രതിഫലിക്കാതെ നിയമനിർമ്മാണം നടക്കുന്നു. അപ്രകാരം സംഭവിക്കാതിരിക്കുവാനും ഓരോ വിഭാഗക്കാർക്കും രാജ്യത്ത് മൊത്തത്തിലുള്ള ജനപിന്തുണയ്ക്കു തുല്യമായി-കൃത്യമായി-പ്രാതിനിധ്യം ലഭ്യമാക്കുവാനും വേണ്ടിയാണ് ആനുപാതിക പ്രാതിനിധ്യം സംവിധാനം ചെയ്തിട്ടുള്ളത്.
ചരിത്രം
[തിരുത്തുക]ഫ്രഞ്ചുവിപ്ലവകാലത്തായിരുന്നു ആനുപാതിക പ്രാതിനിധ്യത്തെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ആദ്യമായി കേട്ടുതുടങ്ങിയത്. 1793-ലെ ഫ്രഞ്ചു ദേശീയ കൺവെൻഷ(National Convention)നിൽ ഈ പദ്ധതിയെപ്പറ്റിയുള്ള വാദപ്രതിവാദങ്ങൾ നടന്നുവെങ്കിലും ഭൂരിപക്ഷത്തിന്റെ എതിർപ്പുമൂലം അതു നടപ്പാകാതെപോയി. പിന്നീട് 19-ാം ശ.-ത്തിന്റെ മധ്യത്തിൽ ഇംഗ്ലണ്ടിലെ ജോൺ സ്റ്റുവർട്ട് മിൽ (1806-73), തോമസ് ഹെയർ തുടങ്ങിയ രാഷ്ട്രീയ ചിന്തകൻമാർ ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി വാദിക്കുകയും, യഥാർഥ ജനായത്ത ഭരണസമ്പ്രദായത്തിന് അതെത്രത്തോളം അത്യന്താപേക്ഷിതവും അഭിലഷണീയവുമായിരിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു; മാത്രമല്ല, അതു നടപ്പിലാക്കുന്നതിനുവേണ്ടി അവർ ചില പദ്ധതികൾ ആവിഷ്കരിക്കയും ചെയ്തിരുന്നു. മില്ലിന്റെ ആശയങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ട് 1851-ൽ തോമസ് ഹെയർ പ്രസിദ്ധീകരിച്ച ഇലക്ഷൻ ഓഫ് റെപ്രസെന്റേറ്റിവ്സ് എന്ന കൃതിയിലാണ് ആനുപാതിക പ്രാതിനിധ്യത്തിന്റെ പ്രായോഗികഘടകവും 'ഹെയർ പദ്ധതി'യെന്നറിയപ്പെടുന്നതുമായ 'കൈമാറ്റം' ചെയ്യാവുന്ന ഒറ്റവോട്ടു സമ്പ്രദായം (Single Transferable Vote System) ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായി നടപ്പിലാക്കിയത് ഡെൻമാർക്കിലായിരുന്നു (1855). അവിടത്തെ മന്ത്രി കാറൽ ആൻഡ്രേയുടെ ശ്രമഫലമായി നടപ്പാക്കപ്പെട്ടതുകൊണ്ട് ഇതിന് ആൻഡ്രേപദ്ധതി (Andrae System) എന്നും പേരുണ്ട്. പില്ക്കാലത്ത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പു പരിഷ്കരണ സംഘം യു.എസ്സിലെ ആനുപാതിക പ്രാതിനിധ്യ ലീഗ് തുടങ്ങിയ സംഘടനകളും മറ്റു പല രാജ്യങ്ങളിലെ ഗവൺമെന്റുകളും ഈ പദ്ധതിക്കു പ്രചാരവും പ്രോത്സാഹനവും നല്കി.
ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുന്നതിൽ പല രീതികളും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവ തോമസ് ഹെയറിന്റെ 'കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു സമ്പ്രദായവും, ലിസ്റ്റ് പദ്ധതിയുമാണ്. ചില രാജ്യങ്ങളിൽ ഇതു രണ്ടിന്റെയും പ്രത്യേക സ്വഭാവങ്ങളെ കൂട്ടിയിണക്കിയുള്ള ഒരു സമ്പ്രദായമാണ് നിലവിലുള്ളത്.
കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു സമ്പ്രദായം
[തിരുത്തുക]കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു പദ്ധതിയനുസരിച്ച് രാജ്യത്തെ ബഹ്വംഗനിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നു. ഓരോ നിയോജകമണ്ഡലത്തിലും ഏറ്റവും ചുരുങ്ങിയത് മൂന്ന് സീറ്റുകളെങ്കിലും ഉണ്ടായിരിക്കണം. സീറ്റുകളുടെ എണ്ണം വേണ്ടിവന്നാൽ പത്തോ പതിനഞ്ചോവരെ ഉയർത്താവുന്നതാണ്. തെരഞ്ഞെടുപ്പു തുടങ്ങിയാൽ ഓരോ നിയോജകമണ്ഡലത്തിനും ഓരോ വിഹിതം (quota) നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഇതു പല വിധത്തിലാകാമെങ്കിലും, ബെൽജിയംകാരനായ എച്ച്.ആർ. ഡ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുള്ള 'ഡ്രൂപ്പ് ക്വോട്ടാ' (Droop Quota) എന്നറിയപ്പെടുന്ന സമ്പ്രദായമാണ് ഇന്നധികവും പ്രയോഗത്തിലിരിക്കുന്നത്. ഇതനുസരിച്ച് നിയോജകമണ്ഡലത്തിൽ പോൾചെയ്ത മൊത്തം (സാധുവായ) വോട്ടുകളുടെ സംഖ്യയെ, പൂരിപ്പിക്കുവാനുളള സീറ്റുകളുടെ എണ്ണത്തോട് ഒന്നു കൂട്ടിചേർത്ത് ആ സംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഹരണഫലത്തോട് ഒന്നുകൂടി ചേർത്തു കിട്ടുന്ന സംഖ്യയായിരിക്കും ക്വോട്ടാ.
ഉദാ. നിയോജകമണ്ഡലത്തിലെ സാധുവായ വോട്ടുകൾ = 33,000
അവിടത്തെ മൊത്തം സീറ്റുകൾ = 4
ക്വോട്ടാ=((33000)/(4+1))+1
ആകെയുള്ള സീറ്റുകളുടെ എണ്ണം എത്രയാണോ അത്രയും സ്ഥാനാർഥികൾക്ക്, മുൻഗണനാക്രമമനുസരിച്ച് അവരുടെ പേരുകൾക്കു നേരെ 1, 2, 3, 4............ എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം ഓരോ സമ്മതിദായകനും ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. എന്നാൽ ഒരു വോട്ടർക്ക് ഒരു സ്ഥാനാർഥി മാത്രമേ സ്വീകാര്യനായിട്ടുള്ളുവെങ്കിൽ, തന്റെ വോട്ടുകൾ ആ സ്ഥാനാർഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതുമാണ്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ 'യഥാർഥ' വോട്ട് ഒന്നു മാത്രമായിരിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്.
വോട്ടുകൾ എണ്ണുമ്പോൾ ഒന്നാം മുൻഗണനാ വോട്ടുകൾ (First Preference Votes) ആയിരിക്കും ആദ്യം എണ്ണി തിട്ടപ്പെടുത്തുക. ചിലപ്പോൾ ഒന്നാം വട്ടത്തിൽ ആർക്കുംതന്നെ ക്വോട്ടാ ലഭിച്ചില്ലെന്നു വരാം. എന്നാൽ ഏതെങ്കിലും സ്ഥാനാർഥിക്ക് ക്വോട്ടായോ അതിൽ കൂടുതലോ വോട്ടുകൾ ആദ്യറൌണ്ടിൽ തന്നെ ലഭിക്കുകയാണെങ്കിൽ അയാൾ ജയിച്ചതായി പ്രഖ്യാപിക്കുകയും, അയാളുടെ അധിക വോട്ടുകൾ (surplus votes) ഉണ്ടെങ്കിൽ അവയിലെ മുൻഗണനാക്രമമനുസരിച്ച് മറ്റു സ്ഥാനാർഥികൾക്കായി വിഭജിക്കുകയും ചെയ്യുന്നു; അതുപോലെ തന്നെ ഏറ്റവും കുറച്ചു വോട്ടുകൾ ലഭിച്ചിട്ടുള്ള സ്ഥാനാർഥിയുടെ വോട്ടുകളും, അയാളെ ലിസ്റ്റിൽനിന്നും നീക്കിയശേഷം, മുൻഗണനാക്രമത്തിൽ, മറ്റു സ്ഥാനാർഥികൾക്കായി വീതിച്ചുകൊടുക്കുന്നു. ഇപ്രകാരം കൈമാറ്റം ചെയ്തതിനുശേഷം വോട്ടുകൾ വീണ്ടും എണ്ണുകയും, അപ്പോൾ ക്വോട്ടായോ അതിൽ കൂടുതലോ വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർഥികൾ വിജയികളാവുകയും, അവർക്കും മിച്ച വോട്ടുകൾ വരികയാണെങ്കിൽ, അവയും ഇനി തെരഞ്ഞെടുക്കുവാനിരിക്കുന്ന സ്ഥാനാർഥികൾക്കായി മാറ്റപ്പെടുകയും, വീണ്ടും വോട്ടെണ്ണിയശേഷം, അവരിൽ ക്വോട്ടാ കിട്ടിയവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആകെ പൂരിപ്പിക്കേണ്ട സീറ്റുകൾ തികയുന്നതുവരെ ആവർത്തിക്കപ്പെടും.
മേൽ വിവരിച്ച ഹെയർ പദ്ധതി അല്പം ചില വ്യത്യാസങ്ങളോടുകൂടി അയർലണ്ട്, ടാസ്മേനിയ, മാൾട്ട, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലെ നിയമസഭകളിലേക്ക്-പ്രത്യേകിച്ച് അവയുടെ ഉപരിസഭകളിലേക്ക്-വേണ്ടിയുള്ള തെരഞ്ഞെടുപ്പുകളിൽ പ്രായോഗികമാക്കിയിട്ടുണ്ട്. ബ്രിട്ടനിൽ, ചില സർവകലാശാലകളിൽനിന്നും കോമൺസ് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ സമ്പ്രദായത്തിലൂടെയാണ് നടത്താറുള്ളത്. ഇന്ത്യയിലാകട്ടെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിലും, രാജ്യസഭയിലേക്കും ഏതാനും സംസ്ഥാനനിയമസഭകളുടെ ഉപരിമണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലും ഹെയർ പദ്ധതിയാണ് നിലവിലുള്ളത്.
ലിസ്റ്റ് പദ്ധതി
[തിരുത്തുക](The List System). ഈ പദ്ധതിയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് മിക്കവാറും യൂറോപ്യൻ രാജ്യങ്ങളാണ്. ജർമനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങളിൽ, അതതു ദേശത്തെ പരിതഃസ്ഥിതികൾക്കിണങ്ങിയ വിധത്തിൽ അല്പാല്പം വ്യത്യസ്തമായ രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഈ സമ്പ്രദായത്തിന്റെ ഒരു പ്രത്യേകത, ഓരോ നിയോജകമണ്ഡലത്തിലെയും സീറ്റുകളുടെ എണ്ണം നോക്കി, അത്രയും എണ്ണം സ്ഥാനാർഥികളുടെ പേർ ഉൾക്കൊള്ളിച്ചുകൊണ്ട് ഓരോ ലിസ്റ്റ് ഓരോ രാഷ്ട്രീയപാർട്ടിയും തയ്യാറാക്കി സമ്മതിദായകരുടെ വോട്ടിനുവേണ്ടി സമർപ്പിക്കുന്നു എന്നുള്ളതാണ്. സമ്മതിദായകർ ഓരോ സ്ഥാനാർഥിക്കും പ്രത്യേകം വോട്ടുചെയ്യുന്നതിനു പകരം ലിസ്റ്റിനു മുഴുവനുമായി തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുന്നു. ഹെയർ പദ്ധതിയിലേതുപോലെ തന്നെയാണ് ഇവിടെയും ക്വോട്ടാ നിശ്ചയിക്കുന്നത്. വോട്ടെടുപ്പിനും ക്വോട്ടാ നിർണയത്തിനും ശേഷം, ഓരോ ലിസ്റ്റിനും (കക്ഷിക്കും) ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ സീറ്റുകൾ വീതിക്കപ്പെടുന്നു. അങ്ങനെ ഓരോ പാർട്ടിക്കും കിട്ടുന്ന സീറ്റുകൾ അതിന്റെ ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സ്ഥാനാർഥികളുടെ സ്ഥാനക്രമം അനുസരിച്ച് വിഭജിക്കപ്പെടുന്നു.
ബെൽജിയം, നെതർലൻഡ്, നോർവേ, സ്വീഡൻ, ലക്സംബർഗ് തുടങ്ങിയ പല യൂറോപ്യൻ രാജ്യങ്ങളിലും മേല്പറഞ്ഞ രീതിയിലുള്ള ലിസ്റ്റ് സമ്പ്രദായം നിലവിലുണ്ട്. ഇസ്രയേലിൽ അതിന്റെ പ്രവർത്തനം ഒരു പ്രത്യേക രീതിയിലാണ്. അവിടത്തെ ഏകമണ്ഡല പാർലമെന്റി(Knesset)ലേക്കുള്ള തെരഞ്ഞെടുപ്പിനുവേണ്ടി രാജ്യത്തെ മുഴുവൻ ഒരൊറ്റ നിയോജകമണ്ഡലമായി കണക്കാക്കുന്നു. 120 അംഗസംഖ്യയുള്ള 'നെസ്സത്തി'ലേക്കുള്ള തെരഞ്ഞെടുപ്പിനു മുൻപായി ഓരോ രാഷ്ട്രീയകക്ഷിയും, 120 സ്ഥാനാർഥികളുടെ പേരുൾക്കൊള്ളുന്ന ഓരോ ലിസ്റ്റ് തയ്യാറാക്കുന്നു. സമ്മതിദായകർ തങ്ങൾക്കിഷ്ടമുള്ള ഓരോ ലിസ്റ്റിനും വോട്ടുചെയ്യുന്നു. ആകെ പോൾചെയ്ത വോട്ടുകളുടെ സംഖ്യയെ 120 കൊണ്ടു ഹരിച്ചാൽ കിട്ടുന്ന ഹരണഫലത്തെ മാനദണ്ഡമാക്കി ഓരോ പാർട്ടിക്കും ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ അതതുപാർട്ടിക്കുള്ള സീറ്റുകൾ എത്രയെന്നു കണക്കാക്കപ്പെടുന്നു. രാജ്യത്തെ മുഴുവനും കൂടി ഒരൊറ്റ നിയോജകമണ്ഡലമായി കരുതുന്നതിനാൽ ഓരോ രാഷ്ട്രീയ കക്ഷിയുടെയും സ്ഥാനാർഥിലിസ്റ്റ് വളരെ വലുതായിരിക്കുകയും, അത്തരം ലിസ്റ്റുകളിലുളള എല്ലാ വ്യക്തികളെയും പരിചയമുള്ള ഒരൊറ്റ സമ്മതിദായകൻപോലും ഉണ്ടായിരിക്കുക സാധാരണഗതിയിൽ അസംഭവ്യമായിരിക്കുകയും ചെയ്കയാൽ സ്ഥാനാർഥികളുടെ യോഗ്യതകൾ എന്തെന്നറിയുവാനോ, തദനുസരണം വോട്ടുരേഖപ്പെടുത്തുവാനോ വോട്ടർമാർക്കു സാധിക്കാതെ വരുന്നു. തന്നെ പ്രതിനിധാനം ചെയ്യുന്ന സ്ഥാനാർഥി ആരെന്നറിയുവാൻ സമ്മതിദായകന് കഴിയാത്തതുപോലെ തന്നെ, പാർട്ടികൾക്കു അമിതമായ പ്രാധാന്യം ലഭിക്കുന്നതും ഈ പദ്ധതിയുടെ ദോഷഫലങ്ങളിൽ ഒന്നാണ്.
ചില രാജ്യങ്ങളിൽ (ഉദാ. ബെൽജിയം, ഹോളണ്ട് മുതലായവ) ഹെയർ പദ്ധതിയും ലിസ്റ്റ് സമ്പ്രദായവും കൂട്ടിയിണക്കിയ രീതിയിലാണ് തെരഞ്ഞെടുപ്പു സമ്പ്രദായം സംവിധാനം ചെയ്തിട്ടുള്ളത്. ജർമനിയിലാകട്ടെ 'ഭൂരിപക്ഷ' (majority) തത്ത്വവും ആനുപാതികപ്രാതിനിധ്യവും സംയോജിപ്പിച്ചിരിക്കുകയാണ്.
ന്യൂനതകൾ
[തിരുത്തുക]തെരഞ്ഞെടുപ്പു തത്ത്വത്തിന്റെ അർഥവും രീതിയും സാധാരണക്കാർക്ക് മനസ്സിലാക്കുവാൻ സാധ്യമല്ലാത്തവണ്ണം സങ്കീർണമാക്കുന്നുവെന്നുള്ളതാണ് ഇതിന്റെ പ്രധാന ദൂഷ്യങ്ങളിലൊന്ന്. വിഷമമേറിയ പല പ്രശ്നങ്ങളും സൃഷ്ടിക്കുകവഴി ഇതിന്റെ പ്രവർത്തനം സുഗമമല്ലാതായിത്തീരുന്നു. മാത്രമല്ല, ഇതിന്റെ പ്രവർത്തനത്തിനു കൂടുതൽ പണച്ചെലവുണ്ടാവുന്നുവെന്നുള്ളതും പ്രധാനമാണ്. സമ്മതിദായകനും പ്രതിനിധിയും തമ്മിൽ വിദൂരമായ ബന്ധം പുലർത്തുവാനേ ഈ പദ്ധതികൊണ്ട് സാധ്യമാകൂ. വോട്ടർമാർക്കിടയിൽ ശിഥിലീകരണവാസനകൾ പൊങ്ങിവരിക, ബഹുകക്ഷിസമ്പ്രദായം നിലനില്ക്കുക, കക്ഷികൾ തമ്മിലുള്ള ഭിന്നിപ്പും മത്സരവും വർധിക്കുക, ഒറ്റ കക്ഷിക്കും ഭരിക്കുവാൻ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെവരികയും ഉറച്ച ഗവൺമെന്റുകൾ ഉണ്ടാക്കുവാനുളള സാധ്യത കുറയുകയും ചെയ്യുക, പ്രതിനിധികൾ, ജനങ്ങളോടുള്ളതിനെക്കാൾ പാർട്ടികളോടു കൂടുതൽ കൂറുപുലർത്തുവാൻ നിർബന്ധിതരാവുക മുതലായ മറ്റു പല ദോഷങ്ങളും ഈ പദ്ധതിയിലൂടെ സംജാതമാകുന്നുവെന്നു അതിന്റെ വിമർശകർ കരുതുന്നു. ഇതിനെല്ലാം പുറമേ, ന്യൂനപക്ഷവിഭാഗങ്ങൾക്ക് അനർഹമായ പ്രാതിനിധ്യം നല്കുക, പ്രബല കക്ഷികൾ വളരാതിരിക്കുവാനും ആദർശദൃഢതയുള്ള വ്യക്തികൾ രാഷ്ട്രീയത്തിൽ വരാതിരിക്കുവാനുമുള്ള സാഹചര്യം സൃഷ്ടിക്കുക, ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുക തുടങ്ങിയ ഫലങ്ങളും ആനുപാതിക പ്രാതിനിധ്യത്തിനുള്ളതായി ചൂണ്ടിക്കാണിക്കുന്നു.
ഗുണങ്ങൾ
[തിരുത്തുക]ഈ സമ്പ്രദായത്തിന്റെ ഗുണങ്ങളിലൊന്ന് ഇത് ന്യൂനപക്ഷ വിഭാഗങ്ങൾക്കു സുരക്ഷിതത്വബോധം ഉളവാക്കുന്നുവെന്നുള്ളതാണ്. രാഷ്ട്രീയാഭിപ്രായമുള്ള എല്ലാ വിഭാഗങ്ങൾക്കും ഇതുവഴി പ്രാതിനിധ്യം ലഭിക്കുന്നു. കൂടാതെ, രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനവും, പ്രോത്സാഹനവുംവഴി ജനങ്ങൾക്കു രാഷ്ട്രീയബോധം ലഭ്യമാവുകയും അവർക്ക് രാഷ്ട്രീയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തക്ക കഴിവ് കൈവരികയും ചെയ്യുന്നു. ഈ പദ്ധതിയുടെ വിമർശകർ ചൂണ്ടിക്കാണിക്കുന്ന പല ന്യൂനതകളും ഇതിനില്ലെന്നാണ് അതിന്റെ ആരാധകരുടെ വാദം. ഉദാ. ബെൽജിയം, ഡെൻമാർക്ക്, ഫിൻലൻഡ്, അയർലണ്ട്, ലക്സംബർഗ്, നെതർലൻഡ്, നോർവേ, സ്വീഡൻ മുതലായ രാജ്യങ്ങളിൽ ആനുപാതിക പ്രാതിനിധ്യസമ്പ്രദായമാണ് പ്രാബല്യത്തിലുള്ളതെങ്കിലും, അവിടങ്ങളിൽ ബഹുകക്ഷി സമ്പ്രദായം വിപുലപ്പെടുകയോ, ഗവൺമെന്റുകൾ കെട്ടുറപ്പും കാര്യക്ഷമതയും ഇല്ലാതായിത്തീരുകയോ ചെയ്യുന്നില്ല. നേരേമറിച്ച്, ആനുപാതികപ്രാതിനിധ്യം നിലവിലില്ലാത്ത പല രാജ്യങ്ങളിലും ഈ പറഞ്ഞ ന്യൂനതകൾ പ്രത്യക്ഷപ്പെട്ടെന്നു വരാം. മാത്രമല്ല, അത്തരം രാഷ്ട്രങ്ങളിൽ, കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കക്ഷിക്കും കിട്ടുന്ന വോട്ടുകളും അതിനു ലഭിക്കുന്ന സീറ്റുകളും തമ്മിൽ പൊരുത്തമില്ലാതെ പോകുന്നു. ചിലപ്പോൾ മൊത്തം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച ഒരു കക്ഷിക്ക് സീറ്റുകൾ കുറഞ്ഞുപോവുകയും അതിനെക്കാൾ കുറവു വോട്ടുകൾ കിട്ടിയ കക്ഷി ഭൂരിപക്ഷം സ്ഥാനങ്ങൾ നേടി ഭരണം നടത്തുവാൻ ഇടയാവുകയും ചെയ്യും. അത്തരം ഭരണകക്ഷികൾ ന്യൂനപക്ഷത്തെ ആയിരിക്കും പ്രതിനിധാനം ചെയ്യുക. ഇതു ജനാധിപത്യ തത്ത്വത്തിനെതിരാകുന്നു. ആനുപാതിക പ്രാതിനിധ്യം ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യവും ന്യൂനപക്ഷത്തിന്റെ ആധിപത്യവും ഒരുപോലെ ഒഴിവാക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആനുപാതിക പ്രാതിനിധ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |