ആംഗ്ലർ മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആംഗ്ലർ മത്സ്യം
ആംഗ്ലർ മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Lophiiformes

ലോഫിഫോമിസ് മത്സ്യവർഗത്തിലെ അംഗമാണ് ആംഗ്ലർ മത്സ്യം. ഈ വർഗത്തിൽ 90-ഓളം സ്പീഷീസുണ്ട്. ഇരപിടിയൻമാരായ ആഴക്കടൽ മത്സ്യങ്ങളാണിവ. ജലോപരിതലത്തിൽനിന്നും 500 - 2000 മീറ്റർ വരെ ആഴത്തിൽ ഇവ കാണപ്പെടുന്നു. കറുത്ത കടൽ പിശാച് എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവയിലെ ഒരു സ്പീഷിസ് ബ്രിട്ടീഷ് കടലോരത്തോടടുത്തുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ട്.

ആംഗ്ലർ മത്സ്യം

ലോഫിഫോമിസ് വർഗത്തിലെ മിക്ക മത്സ്യങ്ങളെയും ആംഗ്ലർ മത്സ്യങ്ങളെന്നു പറയാറുണ്ടെങ്കിലും ലോഫിഡെ കുടുംബത്തിലെ ഗൂസ്‌മത്സ്യങ്ങളിലെ ലോഫിയസ് പിസ്ക്കറ്റോറിയസ് എന്ന ഇനമാണ് ആംഗ്ലർ മത്സ്യം എന്ന പേരിൽ അറിയപ്പെടുന്നത്. വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും തീരങ്ങളിൽ ഇവ സമൃദ്ധിയായി കാണപ്പെടുന്നു. നീണ്ട വായും നീണ്ടു പുറകോട്ടു വളഞ്ഞ പല്ലുകളും വലിയ പരന്ന തലയും ഇവയുടെ പ്രത്യേകതകളാണ്. പുറകോട്ടു വളഞ്ഞിരിക്കുന്ന പല്ലുകൾ വായ്ക്കുള്ളിൽ അകപ്പെടുന്ന ഇര രക്ഷപ്പെടാതിരിക്കാൻ സഹായിക്കുന്നു. പരന്ന ശരീരമുള്ള ഈ മത്സ്യങ്ങൾ കടലിന്റെ അടിത്തട്ടിൽ നിലംപറ്റി കിടക്കുന്നതു കാരണം ശത്രുക്കൾക്ക് ഇവയെ വേഗം തിരിച്ചറിയാൻ കഴിയുകയില്ല. കടലിന്റെ അടിത്തട്ടിൽ യുഗ്മപത്രങ്ങളുടെ സഹായത്തോടെ നടക്കുവാനും ഇവയ്ക്കു കഴിവുണ്ട്.

മുൻപൃഷ്ഠപത്രം ഒരു ചൂണ്ടക്കമ്പുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇതിന്റെ ആദ്യത്തെ മൂന്നു മുള്ളുകൾ നീണ്ടവയാണ്. ഇവയിൽ ഏറ്റവും നീളംകൂടിയ ഒന്നാമത്തെ മുള്ളിനു മാത്രം സ്വതന്ത്രമായി ചലിക്കാൻ കഴിവുണ്ട്. മുകളിലേക്കു തള്ളിനില്ക്കുന്ന ഒരു കൊളുത്തു പോലെയാണിതു കാണപ്പെടുന്നത്; ഇതിനൊരു ചർമാവരണമുണ്ട്. സ്വയംപ്രകാശനശക്തിയുള്ള ഈ പൃഷ്ഠപത്രം ചലിപ്പിച്ച് മറ്റു മത്സ്യങ്ങളെവരെ വിഴുങ്ങുവാൻ ഇവയെ സഹായിക്കുന്നു.

ആംഗ്ലർ മത്സ്യം

ആംഗ്ലർ മത്സ്യങ്ങളിൽ ആൺമത്സ്യം പെൺമത്സ്യത്തിൻമേൽ പരജീവനസ്വഭാവം പ്രദർശിപ്പിക്കുന്നു. ആൺമത്സ്യം താരതമ്യേന വളരെ ചെറിയതാണ്. ജീവിതചക്രത്തിന്റെ ആദ്യഘട്ടങ്ങളിൽത്തന്നെ ആൺമത്സ്യം പെൺമത്സ്യത്തിനു മുകളിൽ ഏതാണ്ട് സ്ഥിരമായിത്തന്നെ പറ്റിപ്പിടിക്കുന്നു. ഇവതമ്മിൽ ജൈവബന്ധവും പുലർത്തുന്നുണ്ട്. ആൺമത്സ്യത്തിനു പോഷകവസ്തുക്കൾ പെൺമത്സ്യത്തിൽനിന്നു ലഭിക്കുന്നു. ആഴിയുടെ അടിത്തട്ടിൽ കഴിയുന്ന ഈ മത്സ്യങ്ങൾക്ക് ഇരുട്ടിൽ ഇണയെ കണ്ടെത്തുന്ന ബദ്ധപ്പാട് ഒഴിവാക്കാനുള്ള ഒരു ക്രമീകരണമാവാം ഇതെന്നു കരുതപ്പെടുന്നു.

ആംഗ്ലർ മത്സ്യം പൂർണവളർച്ചയെത്തുമ്പോൾ ഉദ്ദേശം 2 മീറ്റർ നീളംവരും. അണ്ഡൗഘം ഒരു സുതാര്യജലാറ്റിനപാളിയുടെ രൂപത്തിലുള്ളതാണ്. ഉദ്ദേശം മുക്കാൽ മീറ്റർ മുതൽ ഒരു മീറ്റർ വരെ വീതിയും 8-10 മീറ്റർ നീളവുമുള്ള ഇതിന്റെ ഉള്ളിലായാണ് മുട്ടകൾ കാണപ്പെടുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആംഗ്ലർ മത്സ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആംഗ്ലർ_മത്സ്യം&oldid=1697979" എന്ന താളിൽനിന്ന് ശേഖരിച്ചത്