Jump to content

അഭിസരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മേഖല കേന്ദ്രമാക്കി നാനാദിശകളിൽ നിന്നുമുള്ള വായുവിന്റെ തിരശ്ചീനമായ പ്രവാഹത്തെ അഭിസരണം എന്നു പറയുന്നു. ഒരു മേഖലയിൽ നിന്നും വിവിധ ദിശകളിലേക്കുള്ള പ്രവാഹം അപസരണമെന്നറിയപ്പെടുന്നു.

അഭിസരണഫലമായി കേന്ദ്രമേഖലയിലേക്കുള്ള തിങ്ങിക്കൂടൽ അവിടത്തെ വായുവിനെ താരതമ്യേന നിബിഡമാക്കുന്നു; തന്മൂലം വായു കീഴ്മേൽ ചലിക്കുന്നു. അഭിസരണമേഖല ഭൂനിരപ്പിലാകുമ്പോൾ വായു മുകളിലേക്കുയരുന്നു. എന്നാൽ ഈ മേഖല അന്തരീക്ഷത്തിലെ ഏതെങ്കിലുമൊരു വിതാനത്തിലാകുമ്പോൾ വായുവിന്റെ ഗതി മുകളിലോട്ടോ താഴോട്ടോ ആകാം. ട്രോപോസ്ഫിയറിന്റെ മുകളരികിലാകുമ്പോൾ ഗതി താഴോട്ടു മാത്രമായിരിക്കും; നേരേമറിച്ച് അപസരണമാണ് നടക്കുന്നതെങ്കിൽ ഭൂമിയോടടുത്ത വിതാനങ്ങളിൽ താഴോട്ടും ഏറ്റവും ഉയർന്ന തലങ്ങളിൽ മുകളിലോട്ടും മാത്രമായിരിക്കും വായു നീങ്ങുക.

താഴ്ന്ന വിതാനങ്ങളിൽ ന്യൂനമർദാവസ്ഥ അഭിസരണത്തിനും അതിമർദാവസ്ഥ അപസരണത്തിനും കാരണമാകുന്നു. താഴത്തെ വിതാനങ്ങളിലെ അഭിസരണം ഉയരെ അപസരണം സൃഷ്ടിക്കുന്നു. താഴ്ന്ന വിതാനങ്ങളിലെ അപസരണത്തോടനുബന്ധിച്ച് മുകളിൽ അഭിസരണവും ഉണ്ടായിരിക്കും.

മേല്പറഞ്ഞ വിധത്തിൽ വായുവിന്റെ കീഴ്മേലുള്ള ചലനം വളരെ ദുർബലമാണ്; ഗതിവേഗം മിനിറ്റിൽ ഏതാനും മീറ്ററിലേറെ ഉണ്ടാവില്ല. എന്നാൽ മണിക്കൂറുകളോളം തുടരുമ്പോൾ ഈ പ്രക്രിയകൾക്കു ഭാരിച്ച വായുപിണ്ഡങ്ങളെ ആയിരക്കണക്കിനു മീറ്റർ ഉയരത്തിൽ സംക്രമിപ്പിക്കുവാനുള്ള കരുത്തുണ്ടാകുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന രുദ്ധോഷ്മപ്രക്രിയ (Adiabatic process) കളാണ് മേഘങ്ങളുടെ രൂപവത്കരണത്തിനും തുടർന്നുള്ള ആർദ്രോഷ്ണാവസ്ഥാഭേദങ്ങൾക്കും പ്രേരകങ്ങളാകുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിസരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിസരണം&oldid=2744404" എന്ന താളിൽനിന്ന് ശേഖരിച്ചത്