അഭിധർമപിടകം
ബൌദ്ധദർശനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രിപിടകങ്ങളിൽ അവസാനത്തേതാണ് അഭിധർമപിടകം അല്ലെങ്കിൽ അഭിധമ്മപിടക. മറ്റു രണ്ടെണ്ണം സൂത്രപിടകവും വിനയപിടകവും ആണ്. കാശ്യപൻ എന്ന ബൌദ്ധപണ്ഡിതനാണ് അഭിധർമപിടകത്തിന്റെ സമാഹർത്താവ് എന്നു വിശ്വസിക്കപ്പെടുന്നു. സൂത്രപിടകം (സുത്തപിടകം) ആനന്ദനും വിനയപിടകം ഉപാലിനിയും അഭിധർമപിടകം കാശ്യപനും രചിച്ചുവെന്ന് ഹ്യൂൻസാങ് എന്ന ചൈനീസ് ബുദ്ധമതപണ്ഡിതൻ രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധന്റെ കാലശേഷം ഇദ്ദേഹത്തിന്റെ അനുയായികൾ ധർമപദം, സുത്തനിപാദം എന്നീ ഗ്രന്ഥങ്ങളുടെ പ്രത്യേകം പ്രത്യേകം സമാഹാരം തയ്യാറാക്കുകയുണ്ടായി. ഇവയെ പാലിഭാഷയിൽ അഭിധർമം എന്നു പറഞ്ഞുപോരുന്നു. അഭിധർമത്തിന് പരമമായ ആധ്യാത്മിക ധർമമെന്നും പിടകത്തിന് പേടകം (പെട്ടി) എന്നും അർഥം. ധർമസംഗണി, തുടങ്ങിയ ബൌദ്ധസിദ്ധാന്തപരങ്ങളായ പല ഗ്രന്ഥങ്ങളും ഈ പിടകങ്ങളിൽ സമാഹൃതമായിട്ടുണ്ട്. ഇവയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഏഴു ഗ്രന്ഥങ്ങൾ ധർമസംഗണി, വിഭംഗം, ധാതുകഥ, പുഗ്ഗളപഞ്ചത്തി, കഥാവത്ഥു, യമകം, പത്ഥനി എന്നിവയാണ്. ഈ ഏഴു ഗ്രന്ഥങ്ങളുടെയും പ്രതിപാദ്യം മനോവൈജ്ഞാനിക സിദ്ധാന്തങ്ങളുടെ വിശകലനാത്മകമായ ചർച്ചയാണ്. സുത്തപിടകത്തിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളുടെ പുനരവലോകനമാണ് അഭിധർമപിടകത്തിൽ കാണുന്നത്. അഭിധർമങ്ങളുടെ മൂലഭൂതവും സമ്പൂർണവുമായ സിദ്ധാന്തങ്ങളുടെ ആകരമാണ് ധർമസംഗണി. മറ്റ് ആറു ഗ്രന്ഥങ്ങളിലും വിഭിന്ന ശൈലികളുടെ മാധ്യമത്തിലൂടെ ഇതേ ആശയങ്ങളുടെതന്നെ സ്പഷ്ടീകരണമാണ് നടത്തിയിട്ടുള്ളത്. അഭിധർമപിടകത്തിൽ സുത്തപിടകത്തിലെ വിഷയങ്ങളെപ്പറ്റിയുള്ള വിചിന്തനം ഗംഭീരവും പണ്ഡിതോചിതവുമായ ശൈലിയിൽ നടത്തിയിട്ടുണ്ട്.
അശോകചക്രവർത്തിയുടെ കാലത്താണ് അഭിധർമപിടകം രചിക്കപ്പെട്ടതെന്ന് സാഹിത്യചരിത്രകാരന്മാർ കരുതുന്നു. ബുദ്ധമതസാഹിത്യങ്ങളിൽ ഈ ധർമഗ്രന്ഥത്തിന് മഹത്തായ സ്ഥാനമാണുള്ളത്. എല്ലാ കാലഘട്ടത്തിലെയും ആചാര്യന്മാർ ഈ ഗ്രന്ഥത്തിലെ ധാർമികസിദ്ധാന്തങ്ങളെ സമാദരിച്ചുപോന്നിരുന്നു. തന്റെ ധാർമികചിന്തകളുടെ പ്രചാരണാർഥം ഭഗവാൻ ബുദ്ധൻ സ്വർഗത്തിലേക്കു പോയെന്നും ആ അവസരത്തിൽ അദ്ദേഹം അഭിധർമപിടകം പാരായണം ചെയ്ത് ദേവസമൂഹത്തെ ഉദ്ബോധിപ്പിച്ചുവെന്നും ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. അഭിധർമസിദ്ധാന്തങ്ങൾ എട്ടധ്യായങ്ങളടങ്ങുന്ന അഭിധർമകോശം എന്ന സംസ്കൃതഗ്രന്ഥത്തിൽ പരാവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. എ.ഡി. 5-ആം ശതകത്തിൽ വസുബന്ധു രചിച്ച ഈ കൃതിയുടെ ചൈനീസ്-തിബറ്റൻ പരിഭാഷകൾ ലഭ്യമാണ്. ഹ്യൂൻസാങ്ങാണ് ചൈനീസ് പരിഭാഷ നിർവഹിച്ചിട്ടുള്ളത്. ഇതിന്റെ ഒരു ഫ്രഞ്ചു വിവർത്തനത്തിൽനിന്ന് ആചാര്യ നരേന്ദ്രദേവ് ഒരു ഹിന്ദിഭാഷാന്തരം തയ്യാറാക്കിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഭിധർമപിടകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |