അഭികർമകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഭികർമകം, സൽഫർ കെമികൽ റിയാക്ഷൻ

പ്രതിപ്രവർത്തനം ഉളവാക്കുന്ന പദാർഥമാണ് അഭികർമകങ്ങൾ. ഒരു അഭികർമകം മറ്റൊരു പദാർഥത്തിൽ ഉണ്ടാക്കുന്ന പരിണാമങ്ങൾ മുഖ്യമായും അഭികർമകത്തിന്റെ സംരചനാപരമായ സ്ഥിതിവിശേഷത്തെ ആശ്രയിച്ചിരിക്കുന്നു. അതായത് അഭികർമകത്തിന്റെ നൈസർഗികമായ ചില പ്രവണതകളാണ് അതിന്റെ പ്രവർത്തനപഥത്തെ നിയന്ത്രിക്കുന്നത്. ഈ പ്രവണതകളുടെ അടിസ്ഥാനത്തിൽ അഭികർമകങ്ങളെ വർഗീകരിക്കാവുന്നതാണ്. രാസപ്രക്രിയകളിലെല്ലാം ഇലക്ട്രോണുകളുടെ പകർച്ചയോ പുനഃസംവിധാനമോ, പൂർണമായോ ഭാഗികമായോ ഉൾപ്പെടുന്നുണ്ട്. തന്മൂലം രാസപ്രക്രിയയ്ക്ക് ആസ്പദമായ ഇലക്ട്രോണുകളുമായി അഭികർമകത്തിനുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തി അവ ഇലക്ട്രോഫിലിക-അഭികർമകങ്ങൾ (ഇലക്ട്രോഫൈലുകൾ) എന്നും നൂക്ളിയോഫിലിക-അഭികർമകങ്ങൾ (ന്യൂക്ളിയോഫൈലുകൾ) എന്നും രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു. സ്വന്തം ഇലക്ട്രോണുകളെ അന്യ-അണുക നൂക്ളിയസിന് പ്രദാനം ചെയ്യുകയോ അന്യ-അണുകനൂക്ളിയസുമായി പങ്കു വയ്ക്കുകയോ ചെയ്യുന്ന അഭികർമകങ്ങളാണ് നൂക്ളിയോഫൈലുകൾ. മറിച്ച്, മറ്റൊന്നിൽനിന്ന് ഇലക്ട്രോണുകളെ പൂർണമായോ ഭാഗികമായോ സ്വീകരിക്കുന്നതിന് സന്നദ്ധമായവയാണ് ഇലക്ട്രോഫൈലുകൾ.

വർഗീകരണം[തിരുത്തുക]

ഈ വർഗീകരണം വാസ്തവത്തിൽ ഓക്സീകരണ-നിരോക്സീകരണ പ്രക്രിയകളുടെ ഇലക്ട്രോണിക-വ്യാഖ്യാനവുമായി ബന്ധപ്പെട്ടതാണെന്ന് നിഷ്പ്രയാസം കാണാം. ഇലക്ട്രോണുകളെ മറ്റൊരു സ്പീഷീസിലേക്ക് പ്രദാനം ചെയ്യുന്നത് നിരോക്സീകരണമാകയാൽ നൂക്ളിയോഫൈലുകൾ നിരോക്സീകാരികളായിരിക്കണം. അയോണിക പ്രതിപ്രവർത്തനങ്ങളിൽ ഓക്സീകരണവും നിരോക്സീകരണവും സ്പഷ്ടമായി കാണാമെങ്കിലും അയോണികേതര പ്രതിപ്രവർത്തനങ്ങളിൽ അപ്രകാരം ആയിരിക്കണമെന്നില്ല. എന്നാൽ ഇലക്ട്രോഫിലികതയും നൂക്ളിയോഫിലികതയും സ്പഷ്ടമായിരിക്കും.

അഭികർമകങ്ങൾ അവയുടെ സവിശേഷ സ്വഭാവമനുസരിച്ച് നൂക്ളിയോഫിലികതയോ ഇലക്ട്രോഫിലികതയോ പ്രദർശിപ്പിക്കുന്നു. തദനുസൃതമായി അവ പ്രതിപ്രവർത്തനഗതി നിയന്ത്രിക്കുന്നു. രാസപ്രക്രിയാപഥം വിശദീകരിക്കുന്നതിനും ഉത്പന്നങ്ങൾ ഏതെന്നു പ്രവചിക്കുന്നതിനും നിർദിഷ്ടമായ ഒരു ഉത്പന്നം കിട്ടുന്നതിനു പറ്റിയ അഭികർമകം നിർദ്ദേശിക്കുന്നതിനും മറ്റും അഭികർമകങ്ങളുടെ ഈ വർഗീകരണം പ്രയോജനപ്പെടുന്നു.

അഭികർമകങ്ങളെ മറ്റുതരത്തിലും വർഗീകരിക്കാറുണ്ട്. ഉദാഹരണമായി ലാപ്വർത്തും (lapworth) മറ്റും അവയെ ആനയോണോയ്ഡുകൾ എന്നും കാറ്റയോണോയ്ഡുകൾ എന്നും തരം തിരിക്കുന്നു. എന്നാൽ ഇവയെ യഥാക്രമം നൂക്ളിയോഫൈൽ, ഇലക്ട്രോഫൈൽ എന്നിവയുടെ പര്യായങ്ങളായി കരുതാവുന്നതേയുള്ളു. ലൂയിസിന്റെ (Lewis) ആസിഡ്-ബേസ് നിർവചനത്തെ ആസ്പദമാക്കിയും വർഗീകരണം സാധ്യമാണ്. ആസിഡ്-ബേസ് എന്നോ, കാറ്റയോണോയ്ഡ്-ആനയോണോയ്ഡ് എന്നോ, ഇലക്ട്രോഫൈൽ-ന്യൂക്ളിയോഫൈൽ എന്നോ പരസ്പരവിരുദ്ധമായ സ്വഭാവത്തെ ആസ്പദമാക്കി അഭികർമകങ്ങളെ രണ്ടു വർഗങ്ങളായി തിരിക്കാം. ഇവയെല്ലാം തന്നെ സൌകര്യത്തെയും സരളതയെയും ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. ഇക്കാലത്ത് ഏറ്റവും പ്രചാരമുള്ള സമ്പ്രദായം നൂക്ളിയോഫൈൽ-ഇലക്ട്രോഫൈൽ എന്നുള്ള വർഗീകരണമാണ്. അയോണികേതര-പ്രക്രിയകൾ കൂടുതലുള്ള കാർബണിക രസതന്ത്രത്തിലാണ് ഇതിന്റെ പ്രയോജനം വളരെ വ്യക്തമായി കാണാവുന്നത്. അയോണിക പ്രക്രിയകൾ കൂടുതലുള്ള അകാർബണിക രസതന്ത്രത്തിൽ ഈ വർഗീകരണം ഉപയോഗിക്കുന്നുണ്ടെങ്കിലും ഓക്സീകരണം-നിരോക്സീകരണം എന്ന വിഭജനമാണ് കൂടുതലായി പ്രയോജനപ്പെടുത്തുന്നത്.

ചില നൂക്ളിയോഫൈലുകൾ[തിരുത്തുക]

 • സോഡിയം ലോഹം (Na),
 • സ്റ്റാനസ് അയോൺ (Sn++),
 • അമോണിയ (NH3),
 • ഹൈഡ്രോക്സൈഡ് അയോൺ (OH -),
 • സൾഫർ ഡൈഓക്സൈഡ് (SO2),
 • ഫെറൊ സയനൈഡ് അയോൺ [Fe(CN)4-6].

ചില ഇലക്ട്രോഫൈലുകൾ[തിരുത്തുക]

 • ഓസോൺ (O3),
 • ക്ളോറിൻ (Cl2),
 • ഹൈപൊക്ളോറസ് അമ്ളം (HOCl),
 • നൈട്രിക് അമ്ളം (HN3),
 • അലൂമിനിയം ക്ളോറൈഡ് (AlCl3),
 • ഫെറിസയനൈഡ് അയോൺ.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭികർമകങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭികർമകങ്ങൾ&oldid=3684281" എന്ന താളിൽനിന്ന് ശേഖരിച്ചത്