Jump to content

അബ്ദുൽ ഖാലിക് ടാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കശ്മീരി സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമാണ് അബ്ദുൽ ഖാലിക് ടാക്.

ജീവിതരേഖ

[തിരുത്തുക]

അബ്ദുൽ ഖാലിക് കാശ്മീരിലെ ബുദ്ഗാമ് ജില്ലയിലെ ഹർദോശിവ ഗ്രാമത്തിൽ 1930-ൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം സർക്കാർ സർവീസിൽ പ്രവേശിച്ചു. സർക്കാർ സേവനകാലത്ത് കാശ്മീരിലെ വ്യത്യസ്ത ഭാഷാഭേദങ്ങളുമായും ജനപദങ്ങളുമായും ഇദ്ദേഹം ഗാഢബന്ധം പുലർത്തി. അതുകൊണ്ടുതന്നെ കശ്മീരിഭാഷയുടെ ദേശ്യഭേദങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കൈ ഷ്റിയക് അലാക് വാർ ഫേരേ (കശ്മീരി വാമൊഴിയുടെ ഭിന്നരൂപങ്ങൾ) എന്ന ഗ്രന്ഥം രചിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. കശ്മീരിഭാഷ കൈകാര്യം ചെയ്യുന്നവർക്കെല്ലാം ഒരനുഗ്രഹമായി ഭവിച്ച ഈ പുസ്തകത്തിന് സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി.

അബ്ദുൽ ഖാലിക് കശ് മീരി, ഉർദു ഭാഷകളിൽ കവിതകളും രചിച്ചിട്ടുണ്ട്. ഗസൽ കവിതാരൂപമാണ് ഇദ്ദേഹം കവിതാമാധ്യമമായി സ്വീകരിച്ചത്. സൗന്ദര്യോപാസകനായ ഖാലിക് ബിംബങ്ങൾക്കും രൂപകങ്ങൾക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന മിസ്റ്റിക് കവിയാണ്. മിയോൺ അലാവ് (എന്റെ വിളി) ആണ് പ്രസിദ്ധീകരിച്ച കവിതാഗ്രന്ഥം. ഇക്ബാലിന്റെ ഏതാനും ഉർദു ഗസലുകൾ ഇദ്ദേഹം കശ് മീരി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്.
തഹസീൽദാർ പദവിയിൽ നിന്ന് സ്വയം വിരമിച്ച് സാമൂഹികപ്രവർത്തനങ്ങളിൽ പിൽക്കാലത്ത് ഏർപ്പെട്ട അബ്ദുൽ ഖാലികിന്റെ സാമൂഹികസേവനരംഗം ശിശുവിദ്യാഭ്യാസവും അവർക്കുവേണ്ടിയുള്ള അനാഥശിശുകേന്ദ്രവുമായിരുന്നു. ജമ്മു-കാശ്മീർ കലാസാംസ്കാരിക അക്കാദമി അംഗമായും ശീരാസാ എന്ന മാസികയുടെ പത്രാധിപരായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]

മിയോൺ അലാവ് (എന്റെ വിളി)

പുരസ്കാരങ്ങൾ

[തിരുത്തുക]

ജമ്മു-കാശ്മീർ കൾച്ചറൽ അക്കാദമിയുടെ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാക്, അബ്ദുൽ ഖാലിക് (1930-) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഖാലിക്_ടാക്&oldid=1355842" എന്ന താളിൽനിന്ന് ശേഖരിച്ചത്