അപൂരിത അമീനുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമോണിയ(NH3)യിലുള്ള ഹൈഡ്രജനെ അപൂരിത-ആൽക്കൈൽ ഗ്രൂപ്പു കൊണ്ടു പ്രതിസ്ഥാപിച്ചുകിട്ടുന്ന കാർബണികയൌഗികങ്ങളെ അപൂരിത അമീനുകൾ‍ എന്നു പറയുന്നു. ഉദാഹരണം വിനൈൽ അമീൻ, അല്ലൈൽ അമീൻ, ന്യൂറിൻ.

വിനൈൽ അമീൻ[തിരുത്തുക]

ഏറ്റവും സരളമായ അപൂരിത അമീൻ ആണ് വിനൈൽ അമീൻ. ഫോർമുല CH2CHNH2. സിറപ്പുരൂപത്തിലുള്ള ദ്രവം; തിളനില 560C ഇതിന് അമോണിയയുടേതുപോലുള്ള രൂക്ഷമായ ഗന്ധമുണ്ട്. ജലവുമായി കലരും. പ്രബല-ബേസ് (base) ആയ ഇതു സൾഫ്യൂറസ് അമ്ലവുമായി പ്രതിപ്രവർത്തിച്ച് ടൌറീൻ (taurine) എന്ന യൌഗികം ലഭ്യമാക്കുന്നു. മനുഷ്യന്റെ പിത്തരസത്തിലുള്ള ഒരു പദാർഥമാണ് ടൌറിൻ. എഥിലീൻ ബ്രോമൈഡും അമോണിയയും തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായി ലഭിക്കുന്ന ഉത്പന്നത്തെ ആൽക്കഹോളിക പൊട്ടാസിയം ഹൈഡ്രോക്സൈഡ് ചേർത്തു തപിപ്പിച്ച് വിനൈൽ അമീൻ നിർമ്മിക്കാം.

CH2 Br- CH2Br → വിനൈൽ അമീൻ ഒരു ചാക്രിക സംയുക്തമായിട്ടാണു സ്ഥിതി ചെയ്യുന്നതെന്ന് അഭ്യൂഹിക്കപ്പെടുന്നു.

അല്ലൈൽ അമീൻ[തിരുത്തുക]

അല്ലൈൽ അമീൻ നിറമില്ലാത്ത ഒരു ദ്രവമാണ്. ഫോർമുല, CH2=CH=CH2=NH2 തിളനില 530C.അമോണിയയുടെ ഗന്ധമുണ്ടായിരിക്കും. ജലവുമായി കലരുന്നു. അല്ലൈൽ അയഡൈഡിൽ അമോണിയ ചേർത്തു ചൂടാക്കിയോ അല്ലെങ്കിൽ അസോസയനേറ്റിൽ നേർത്ത ഹൈഡ്രോക്ലോറിക് അമ്ലം ചേർത്തു തിളപ്പിച്ചോ ഇതു ലഭ്യമാക്കാം.

CH2 = CH = CH2l + NH2→ CH2.CH.CH2.NH2 + HI

CH2=CH=CH2.NCS+H2O→ CH2.CH.CH2.NH2+COS.

ന്യൂറിൻ[തിരുത്തുക]

ന്യൂറിൻ എന്നത് ട്രൈമീഥൈൽ വിനൈൽ അമോണിയം ഹൈഡ്രോക്സൈഡ് ആണ്. സിറപ്പുരൂപത്തിലുള്ള വിഷാലുവായ ഒരു ദ്രവം. കോളിനും (choline) ബേരിയം ഹൈഡ്രോക്സൈഡും കൂടി തിളപ്പിച്ചും ട്രൈമീഥൈൽ അമീനും എഥിലീൻ ബ്രോമൈഡും തമ്മിൽ പ്രവർത്തിപ്പിച്ചു കിട്ടിയ ഉത്പന്നത്തെ ജലവും സിൽവർ ഓക്സൈഡും ചേർത്തു തപിപ്പിച്ചും ന്യൂറിൻ നിർമ്മിക്കാം. ജലസാന്നിധ്യത്തിൽ 600C-ൽ അസറ്റിലീനും ട്രൈമീഥൈൽ അമീനും ഉച്ചമർദത്തിൽ അന്യോന്യം പ്രവർത്തിപ്പിച്ച് ഈ യൌഗികം സംശ്ലേഷണം ചെയ്യാവുന്നതുമാണ്.

ഇതുകൂടികാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപൂരിത അമീനുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപൂരിത_അമീനുകൾ&oldid=3623199" എന്ന താളിൽനിന്ന് ശേഖരിച്ചത്