അപസ്ഫോടക നിരോധികൾ
സ്ഫുലിംഗജ്വലന യന്ത്രങ്ങളിൽ (spark ignition engines),[1] പ്രധാനമായും പെട്രോൾ യന്ത്രങ്ങളിൽ, ഇന്ധനങ്ങളുടെ സ്ഫോടനസാധ്യത കുറയ്ക്കുവാനായി അവയുമായി ചേർക്കുന്ന പദാർഥങ്ങളെ അപസ്ഫോടക നിരോധികൾ എന്നു പറയുന്നു.
ആന്തരദഹനപെട്രോൾ യന്ത്രങ്ങളുടെ സിലിണ്ടറിനകത്ത് തീപ്പൊരി ഉണ്ടാകുമ്പോൾ പെട്രോൾ-വായുമിശ്രിതം കത്തിത്തുടങ്ങുന്നു. തീജ്വാല കൂടുതൽ മിശ്രിതത്തെ കത്തിച്ചു മുന്നോട്ടു നീങ്ങുന്നു. ഈ അവസരത്തിൽ സ്പാർക്പ്ലഗ്ഗിൽ നിന്നും ഏറ്റവും അകലെയായി അവസാനം കത്തേണ്ട മിശ്രിതഭാഗം കൂടുതൽ മർദിക്കപ്പെടുകയും ക്രമാതീതമായ താപനിലയിലെത്തുകയും ചെയ്യുന്നു. തന്മൂലം സാധാരണഗതിയിലുള്ള തീജ്വാല വന്നെത്തി അവസാനമിശ്രിതഭാഗത്തെ കത്തിക്കുന്നതിനുമുമ്പായി അതു സ്വയം ജ്വലിക്കാൻ തുടങ്ങുന്നു. ഇത്തരം ജ്വലനംമൂലം സിലിൻഡറിലെ മർദം അതിശീഘ്രം വർധിക്കുകയും പ്രത്യേകതരം സ്ഫോടനശബ്ദം കേൾക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനം യന്ത്രത്തിന് ഹാനികരമാണ്.
ഉയർന്ന കാര്യക്ഷമത നേടുവാൻ നിർമ്മിക്കപ്പെടുന്ന വർധിതമർദാനുപാതമുള്ള യന്ത്രങ്ങളിലാണ് പ്രസ്തുത സ്ഫോടനം സാധാരണ കണ്ടുവരാറുള്ളത്. അപസ്ഫോടകനിരോധികൾ പെട്രോളിൽ ചേർക്കുന്നതുമൂലം ഇത്തരം യന്ത്രങ്ങളെ സ്ഫോടനം കൂടാതെ പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നു.
ഒരു ഇന്ധനത്തിന്റെ അപസ്ഫോടകസ്വഭാവം (anti-knock quality)[2] അതിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലെഡ്ടെട്രാ ഈഥൈൽ, ആരൊമാറ്റിക അമീനുകൾ (lead tetra ethyl,aromatic amines)[3] മുതലായ പദാർഥങ്ങൾ കുറഞ്ഞ അളവിൽ (1/2000) പെട്രോളിനോട് ചേർത്താൽ സ്ഫോടനം കുറയ്ക്കുവാൻ കഴിയുന്നതാണ്. വിലക്കുറവു കാരണം സാധാരണയായി ടെട്രാ ഈഥൈൽ ലെഡ് ആണ് ഉപയോഗിക്കുന്നത്. ടെട്രാ ഈഥൈൽ ലെഡ് ചേർക്കുന്നതുമൂലം അത് കത്തുമ്പോൾ ഉണ്ടാകുന്ന കറുത്തീയലോഹാംശങ്ങൾ സിലിൻഡറിലും, പിസ്റ്റണിലും പറ്റിപ്പിടിച്ച് യന്ത്രത്തിന്റെ പ്രവർത്തനക്ഷമതയെ ക്ഷയിപ്പിക്കാതിരിക്കുവാൻ ടെട്രാ ഈഥൈൽ ലെഡിന്റെകൂടെ ഹാലജൻ കുടുംബത്തിൽപ്പെട്ട ക്ലോറിൻ, ബ്രോമിൻ, അയഡിൻ എന്നിവ അടങ്ങിയ എഥിലിൻ ഡൈക്ലോറൈഡ്, ഡൈബ്രൊമൈഡ് മുതലായ രാസപദാർഥങ്ങൾ ചേർക്കുന്നുണ്ട്. ഇപ്രകാരം ചെയ്യുന്നതുമൂലം ടെട്രാ ഈഥൈൽലെഡ് (TEL) അംശങ്ങൾ പരിപൂർണമായി കത്തി യന്ത്രത്തിൽനിന്നും പുകയായി പുറംതള്ളപ്പെടുന്നു.
അപസ്ഫോടകനിരോധികൾ ഇന്ധനവുമായി ചേരുമ്പോൾ അവ തമ്മിൽ രാസപ്രവർത്തനം നടക്കുന്നു. രാസപ്രവർത്തനഫലമായി അവസാനം കത്തേണ്ട പെട്രോൾവായുമിശ്രിതം ഇടയ്ക്കുവച്ച് ജ്വലനസ്ഫോടനങ്ങൾക്ക് വിധേയമാകുന്നത് തടയുകയും, സ്പാർക് പ്ലഗ്ഗിൽനിന്നും വരുന്ന തീജ്വാലയാൽ ജ്വലിക്കപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-28. Retrieved 2011-10-05.
- ↑ http://pubs.acs.org/doi/abs/10.1021/ie50478a061
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-10-05.
പുറംകണ്ണികൾ
[തിരുത്തുക]- http://wiki.answers.com/Q/What_are_Anti_knocking_agent_in_fuel
- http://autorepair.about.com/library/glossary/bldef-008a.htm Archived 2005-09-24 at the Wayback Machine.
- http://pubs.acs.org/doi/abs/10.1021/ac50038a032
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപസ്ഫോടക നിരോധികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |