Jump to content

അപകർഷബോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധമാണ് അപകർഷബോധം. ഇതു ഭാഗികമായോ പൂർണമായോ ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതിചെയ്യുന്നത്. സ്വന്തം കുറവുകളിൽ അപകർഷത തോന്നുക സ്വാഭാവികമാണ്. എന്നാൽ ഈ അപകർഷത ഈഗോ(ego) നിയന്ത്രിക്കാൻ കഴിയാതെവരുമ്പോൾ അബോധമനസ്സിലേക്ക് തള്ളപെടുകയും അത് അപകർഷതാബോധമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഈ അർഥത്തിലാണ് മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ദ്ധരും അപകർഷതാബോധത്തെ മനസ്സിലാക്കുന്നതും വ്യവഹരിക്കുന്നതും. എന്നാൽ സ്വാഭാവികമായി തോന്നുന്ന അപകർഷവിചാരത്തെയാണ് (Inferiority feeling)[1] സാധാരണജനങ്ങൾ അപകർഷതാബോധമെന്ന് പറയാറുള്ളത്.

ആൽഫ്രഡ് ആഡ്‌ലർ എന്ന മനശാസ്ത്രജ്ഞൻ

[തിരുത്തുക]

ആൽഫ്രഡ് ആഡലറാണ് അപകർഷതാബോധത്തെപ്പറ്റി കൂടുതൽ പഠനം നടത്തിയ മനഃശാസ്ത്രജ്ഞൻ. എല്ലാവരിലും അപകർഷതാബോധം ഉടലെടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പരസഹായം തേടേണ്ടിവരുന്ന ശിശുവിനു അപകർഷതാബോധം ഉണ്ടാകും. കഴിവുകൾ ക്രമേണ വികസിക്കുകയും മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തിയുണ്ടാവുകയും ചെയ്യുമ്പോൾ ഇത് ഏറെക്കുറെ പരിഹൃതമാകുന്നു. ശാരീരികമാനസികവൈകല്യങ്ങൾ, ജനനമുറ, താണ സാമൂഹ്യസ്ഥിതി, പരാജയങ്ങൾ തുടങ്ങി അനേകകാര്യങ്ങൾ ഒരുവനിൽ അപകർഷതാബോധമുളവാക്കാൻ പര്യാപ്തമാകുന്നു. ഇവ പരിഹരിക്കാൻ ഓരോരുത്തരും പരിശ്രമിക്കുന്നു. ചിലർ ലോകത്തെ ഒരു യുദ്ധക്കളമായി കാണുകയും മാത്സര്യമനോഭാവം വച്ചുപുലർത്തുകയും ചെയ്യുന്നത് അപകർഷതാബോധത്തെ അനാരോഗ്യകരമായി പരിഹരിക്കാൻ ശ്രമിക്കുക മൂലമാണ്. ശരിയായ രീതിയിൽ അപകർഷതാബോധം പരിഹരിക്കാൻ സാധിക്കാതെവരുമ്പോഴാണ് ശ്രേഷ്ഠതാബോധം (Superiority Complex)[2] ഉണ്ടാകുന്നത്. ഇത് ഉള്ള വ്യക്തി ആത്മപ്രശംസ ഇഷ്ടപ്പെടുന്ന ആളായിരിക്കും. ലൈംഗികജീവിതത്തിലുള്ള തകരാറുകൾ പലപ്പോഴും അപകർഷതാബോധത്തിൽനിന്നും ഉളവാകുന്നവയാണ്. അപകർഷതാബോധം ലഘുമനോരാഗങ്ങൾ, വിഷാദരോഗം, ഉന്മാദം എന്നിവയ്ക്കെല്ലാം കാരണമാകാം. അഗാധമായ അപകർഷതാബോധം ചിലരെ ആത്മഹത്യയ്ക്കും പ്രേരിപ്പിക്കാറുണ്ട്.

പരിഹാര മാർഗങ്ങൾ

[തിരുത്തുക]

അപകർഷതാബോധം പരിഹരിക്കാൻ പറ്റിയതരത്തിലുള്ള ജോലികളിൽ പ്രവേശിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. ഇതിനെ നേരിടുന്നതിന് ഒരാൾ കൈക്കൊള്ളുന്ന രീതിയെ ആശ്രയിച്ചാണ് അയാളുടെ വ്യക്തിത്വം രൂപംകൊള്ളുന്നത്. അപകർഷതാബോധമാണ് ജീവിതത്തിൽ മനുഷ്യനെ മുന്നേറാൻ മുഖ്യമായി പ്രേരിപ്പിക്കുന്നത് എന്നാണ് ആഡലറുടെ അഭിപ്രായം. മനുഷ്യപുരോഗതിക്കുള്ള കാരണം തന്നെ ശ്രേഷ്ഠതയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ ശ്രമമാണ്. ഈശ്വരൻ എന്ന സങ്കല്പം മനുഷ്യന്റെ അപകർഷതാബോധത്തിൽ നിന്നും ഉടലെടുക്കുന്നതാണെന്നും പക്ഷേ, അത് സമൂഹത്തിനു പ്രയോജനകരമാണെന്നും മറ്റും ആഡലർ കരുതുന്നു. അപകർഷതാബോധത്തിൽനിന്ന് ആരോഗ്യകരമായ രീതിയിൽ രക്ഷപ്പെടാനുള്ള മാർഗ്ഗം സാമൂഹ്യമനഃസ്ഥിതിയിലും അന്യരെക്കൂടി മെച്ചപ്പെടുത്തിക്കൊണ്ടുവരാനുള്ള പ്രവണതയിലും ആണ് സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. http://www.marshasummers.com/innerman/feelingsofinferiority.htm
  2. http://www.2knowmyself.com/inferiority_complex/superiority_complex

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപകർഷതാബോധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപകർഷബോധം&oldid=3822277" എന്ന താളിൽനിന്ന് ശേഖരിച്ചത്