അന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭക്ഷിക്കപ്പെടുന്ന പദാർഥം. ഭക്ഷിക്കുക എന്നർഥമുള്ള 'അദ' ധാതുവിൽനിന്ന് നിഷ്പന്നമായ പദം. തൈത്തിരിയോപനിഷത്തിൽ ഭൃഗു പിതാവായ വരുണനോട് അന്നമാണ് ബ്രഹ്മമെന്ന് താൻ തപസ്സുകൊണ്ട് അറിഞ്ഞതായി ഒരു ഘട്ടത്തിൽ പറയുന്നുണ്ട്. അന്നത്തിൽ നിന്നാണ് ഭൂതങ്ങൾ (പ്രാണികൾ) ഉണ്ടാകുന്നതെന്നും അന്നംകൊണ്ടാണ് ജീവിക്കുന്നതെന്നും അന്നത്തിലാണ് ലയിക്കുന്നതെന്നും സമർഥിച്ച് അന്നത്തിന്റെ ബ്രഹ്മത്വം അവിടെ നിഷ്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. 'അന്നം ബ്രഹ്മേതിവ്യജാനാത്. അന്നാദ്ധ്യേവഖ്ല്വിമാനി ഭൂതാനിജായന്തേ, അന്നേന ജാതാനി ജീവന്തി, അന്നം പ്രയന്ത്യഭിസംവിശന്തി' (തൈ. 3-2) 'അന്നം വൈപ്രാണിനഃ പ്രാണാഃ' 'സ ഏഷ വാ പുരുഷ: അന്നരസമയോ ഭവതി' എന്നിങ്ങനെ ശ്രുതിയിലും 'അന്നാദ് ഭവന്തി ഭൂതാനി' എന്നു ഭഗവദ്ഗീതയിലും (3-14) അന്നത്തിന്റെ പ്രാധാന്യം ഘോഷിക്കുന്ന വാക്യങ്ങൾ കാണുന്നു. അന്നത്തെക്കുറിച്ച് മനുസ്മൃതിയിൽ

അഗ്നൌ പ്രസ്താഹുതിസ്സമ്യ-

ഗാദിത്യമുപതിഷ്ഠതേ

ആദിത്യാജ്ജായതേ വൃഷ്ടിഃ

വൃഷ്ടേരന്നം തതഃ പ്രജാഃ (3:76)

എന്നിങ്ങനെ പറഞ്ഞിട്ടുള്ളതിൽനിന്ന് അതിന്റെ ഉത്പത്തി അനുക്രമം ഗ്രഹിക്കുവാൻ കഴിയും. യജമാനൻ അഗ്നിയിൽ അർപ്പിക്കുന്ന ആഹുതി ആദിത്യനിൽ എത്തിച്ചേർന്ന് അവിടുന്നു വൃഷ്ടിയും തദ്വാരാ അന്നവും അതിൽനിന്നു പ്രജകളും ഉദ്ഭവിക്കുന്നു എന്നാണ് ഇതിന്റെ സാരം.

അന്നത്തിന്റെ സാമാന്യഗുണങ്ങൾ ബുദ്ധി, ശുക്രം, പ്രീതി, പുഷ്ടി, ധാതുബലം, ഇന്ദ്രിയബലം എന്നിവയെ ഉണ്ടാക്കുകയാണ്. അന്നം പുതിയത്, പഴയത്, ചൂടുള്ളത്, കൂടുതൽ ചൂടുള്ളത് എന്നും മറ്റും പലതരത്തിലുളളതിനു ഫലഭേദങ്ങളും പ്രസ്തുതമായിട്ടുണ്ട്. അന്നദാനം എല്ലാ ദാനങ്ങളിലുംവച്ചു മികച്ചതാണെന്ന് പദ്മപുരാണത്തിലും മറ്റ് ഏതൊരു ദാനവും അന്നദാനത്തിന്റെ പതിനാറിലൊന്നുപോലും മേൻമയുള്ളതല്ലെന്നു വിഷ്ണുധർമോത്തരത്തിലും കാണുന്നു. അന്നദാതാവ് പിതൃസ്ഥാനീയനായി വാഴ്ത്തപ്പെട്ടിട്ടുണ്ട്.

അന്നത്തെ നിന്ദിക്കരുത്, നിരസിക്കരുത്, അന്നം ധാരാളമായി ഉണ്ടാക്കണം (ദാനം ചെയ്യാൻവേണ്ടി) എന്നിങ്ങനെ ഉപനിഷത്തിൽ അനുശാസിച്ചിട്ടുള്ളതും അന്നത്തിന്റെ മാഹാത്മ്യത്തിനു തെളിവാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്നം&oldid=1041553" എന്ന താളിൽനിന്ന് ശേഖരിച്ചത്