അന്താരാഷ്ട്ര ദിനാങ്കരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The International Date Line around 180°

ചില വ്യതിയാനങ്ങളോടുകൂടി 180° രേഖാംശത്തിലൂടെ (meridian) നീളുന്നതും അന്താരാഷ്ട്രാംഗീകാരം ഉള്ളതുമായ ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.

ഭൂഗോളം ചുറ്റി യാത്ര ചെയ്യുമ്പോൾ ഭൂമിയുടെ ഭ്രമണം മൂലം കാലഗണനയിൽ ഒരു ദിവസത്തെ ഏറ്റക്കുറച്ചിലുണ്ടാവുന്നു. ഈ പിശക് തിരുത്തുവാൻ അന്താരാഷ്ട്രദിനാങ്കരേഖ ഉപയോഗിച്ചുവരുന്നു. ഈ രേഖയ്ക്കു കിഴക്കുഭാഗത്തുള്ള തീയതി പടിഞ്ഞാറുള്ളതിന് ഒരു ദിവസം മുമ്പായിരിക്കും. തൻമൂലം പടിഞ്ഞാറുനിന്നു കിഴക്കോട്ട് ഈ രേഖ മുറിച്ചു കടക്കുമ്പോൾ, പടിഞ്ഞാറുവശത്തുള്ള തീയതി അതിനടുത്ത ദിവസവും കിഴക്കു ഭാഗത്തു മാറുന്നില്ല. നേരേമറിച്ച് കിഴക്കു നിന്നു പടിഞ്ഞാറോട്ടു സഞ്ചരിക്കുമ്പോൾ ഒരു ദിവസം നഷ്ടപ്പെടുകയും ചെയ്യുന്നു. കിഴക്കോട്ടു പോകുമ്പോൾ ഉണ്ടാകുന്ന അധികദിവസത്തിന് 'രേഖാംശദിനം' (meridian day) എന്നു പറയുന്നു.

ഒരു രാജ്യത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഒരേ ദിവസത്തെതന്നെ തീയതി ഭിന്നമാകുന്നത് ഒഴിവാക്കാനാണ് അന്താരാഷ്ട്രദിനാങ്കരേഖയ്ക്ക് 180° രേഖാംശത്തിൽനിന്നും അല്പമായ വ്യതിചലനം കല്പിച്ചിരിക്കുന്നത്. ഇമ്മാതിരി വ്യതിചലനം മൂന്നിടത്താണുള്ളത്. ബെറിങ് കടലിടുക്കുവഴി കടക്കുന്നതിന് തെക്കുകിഴക്കായി വ്യതിചലിക്കുകയും അലൂഷ്യൻ ദ്വീപുകൾക്കു സമീപം വരെ തെക്കുപടിഞ്ഞാറായി പോയി, പിന്നെ കിഴക്കോട്ട് തിരിഞ്ഞു 180° രേഖാംശത്തിലെത്തുകയും ചെയ്യുന്നു. ഇതുപോലെ തന്നെ ഫിജി, ന്യൂസിലൻഡ് എന്നീ വൻകരഭാഗങ്ങളെ കുറുകെ മുറിക്കാതെ കിഴക്കോട്ടു വളഞ്ഞു പോകുന്നു. രേഖാംശക്രമമനുസരിച്ചുള്ള സമയമേഖലകളെ (15° രേഖാംശം = 1 മണിക്കൂർ) ഈ രേഖ രണ്ടു നേർപകുതികളായി വിഭജിക്കുന്നു.

സാൻഫ്രാൻസിസ്കോയിലുള്ള യു.എസ്.തീര സർവേ (U.S.Cost Survey) ഓഫീസിലെ പ്രൊഫ. ഡേവിഡ്സൺ ആണ് ഈ രേഖ നിർണയിച്ചത്. പ്രധാന രേഖാംശം (prime meridian) ആയി ഗ്രീനിച്ച് രേഖാംശത്തിന് അംഗീകാരം നല്കാൻ വാഷിങ്ടണിൽ സമ്മേളിച്ച (1884) അന്താരാഷ്ട്രരേഖാംശസമ്മേളനം ദിനാങ്കരേഖയ്ക്ക് ഔദ്യോഗികാംഗീകാരം നല്കിയിട്ടില്ലെങ്കിലും എല്ലാ രാജ്യങ്ങളിലും ഇതിനു സാമാന്യമായ അംഗീകാരം സിദ്ധിച്ചിട്ടുണ്ട്.