അന്തഃപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്തഃപുര കാഴ്ച്ച

രാജമന്ദിരങ്ങളുടെ ഉൾഭാഗത്ത് സ്ത്രീകൾക്കായി പ്രത്യേകം ഒഴിച്ചിടുന്ന ഭവനമാണ് അന്തഃപുരം. പട്ടണത്തിന്റെ ഉൾഭാഗത്ത് കൂടുതൽ സുരക്ഷിത സ്ഥാനത്താണ് രാജധാനിയും അന്തഃപുരവും പൊതുവേ സ്ഥിതിചെയ്യുക (അന്തഃ=ഉള്ളിൽ; പുരം=പട്ടണം-പട്ടണത്തിന്റെ ഉൾഭാഗം). അന്തഃപുരത്തിന്റെ പര്യായമായി ശുദ്ധാന്തം, അവരോധം എന്നീ പദങ്ങൾ പ്രയോഗിക്കാറുണ്ട്. ഇംഗ്ലീഷിൽ അതിനെ ഹാരം (harem) എന്നു പറയുന്നു. മുഗൾചക്രവർത്തിമാരുടേയും വിജയനഗരരാജാക്കൻമാരുടേയും അന്തഃപുരം സുപ്രസിദ്ധമാണ്. മുഗൾ ചക്രവർത്തിമാരുടെ അന്തഃപുരങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ ഉണ്ടായിരുന്നു. ചില രാജാക്കൻമാരുടെ രാജ്യഭരണനയത്തിന്റെ നല്ലൊരു ഭാഗം രൂപംകൊള്ളുന്നത് അന്തഃപുരങ്ങളിൽനിന്നാണ്. ഹിന്ദുരാജാക്കൻമാരുടെ അന്തഃപുരങ്ങളിലെ സംഭവപരമ്പരകൾ സാഹിത്യകൃതികളിൽനിന്നും ചരിത്രഗ്രന്ഥങ്ങളിൽ നിന്നും വെളിവാകുന്നു. അന്തഃപുരത്തിലെ ഉദ്യാനത്തിന് പ്രമദവനം എന്നാണ് പേര്.

അന്തഃപുരം എങ്ങനെ ആയിരിക്കണം[തിരുത്തുക]

കൗടില്യന്റെ അർഥശാസ്ത്രത്തിൽ രാജധാനി മുഴുവൻ തന്നെ അന്തഃപുരം എന്ന ശബ്ദത്തിൽ ഒതുങ്ങിയിരിക്കുന്നതായിക്കാണാം. അദ്ദേഹത്തിന്റെ അഭിപ്രായം ഇപ്രകാരം സംഗ്രഹിക്കാം:

അന്തഃപുരത്തിന് കോട്ടയും കിടങ്ങുകളും ഉണ്ടായിരിക്കണം. അത് അനേക കക്ഷ്യകളാൽ പരിവൃതമായിരിക്കണം. പൃഷ്ഠഭാഗത്തുള്ള കക്ഷ്യാവിഭാഗത്തിൽ സ്ത്രീ നിവേശം, ഗർഭിണികളുടെ ആസ്ഥാനം, ഉദ്യാനം, ജലാശയം എന്നിവയുണ്ടാകണം. അതിന്റെ ബഹിർഭാഗത്ത് കന്യകാപുരവും കുമാരപുരവും ഉണ്ടായിരിക്കണം. പുരോഭാഗത്തുള്ള കക്ഷ്യാവിഭാഗത്തിൽ അലങ്കാരഗൃഹം, ആസ്ഥാനമണ്ഡപം, യുവരാജാവിന്റെ ഇരിപ്പിടം, അധ്യക്ഷസ്ഥാനം എന്നിവ നിർമ്മിക്കണം. എല്ലാ കക്ഷ്യകളുടേയും മധ്യത്തിൽ അന്തഃപുരാധികൃതന്റെ സൈന്യം കാവൽ നിൽക്കണം. ഉദ്ദേശം എൺപതു വയസ്സു കഴിഞ്ഞ പുരുഷൻമാർ, അമ്പതു കഴിഞ്ഞ സ്ത്രീകൾ, വർഷവരൻ (ഷണ്ഡൻ) എന്നിവരായിരിക്കണം അന്തഃപുരങ്ങളിൽ പെരുമാറുന്നവർ.

കന്യകമാർമാത്രം പെരുമാറുന്ന ഗൃഹത്തിന് കന്യാന്തഃപുരം എന്ന പേര് നൈഷധീയചരിതത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അന്തഃപുരങ്ങൾ എന്ന വാക്കിനു രാജഭാര്യമാർ എന്ന അർഥവും ഉണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തഃപുരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തഃപുരം&oldid=3623050" എന്ന താളിൽനിന്ന് ശേഖരിച്ചത്