അനുബന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അനുബന്ധം എന്ന വാക്ക് സാധാരണയായി അപ്പൻഡിക്സ് എന്ന ഇംഗ്ലീഷ് പദത്തിനു പകരമായിട്ടാണ് പ്രയോഗിച്ചുവരുന്നത്. എന്നാൽ വിവിധയിടങ്ങളിൽ വിവിധ അർത്ഥത്തിൽ പ്രയോഗിച്ചുവരുന്ന ഒരു പദമാണ് അനുബന്ധം.

സാഹിത്യത്തിൽ[തിരുത്തുക]

മുഖ്യകൃതിയോട് കൂട്ടിച്ചേർക്കുന്ന ആനുഷംഗികമായ ഭാഗത്തിന് പറയുന്ന പേര്. അനുബന്ധപദത്തിന് കൂട്ടിക്കെട്ടൽ, ചേർച്ച, പിൻതുടർച്ച, പ്രതിബന്ധം എന്നെല്ലാം അർഥങ്ങളുണ്ട്. എങ്കിലും, സാഹിത്യത്തിൽ മുഖ്യഗ്രന്ഥത്തിന്റെകൂടെ ചേർക്കുന്ന ബന്ധപ്പെട്ട അംശം എന്ന അർഥത്തിലാണ് സാർവത്രികമായി പ്രയോഗിച്ചുപോരുന്നത്. ഇംഗ്ലീഷിൽ അപ്പൻഡിക്സ്, സപ്ലിമെന്റ് (Appendix, Supplement) എന്നീ പദങ്ങൾ ഈ അർഥത്തിലാണ് വ്യവഹരിക്കപ്പെടുന്നത്.

ഭാഷാശാസ്ത്രത്തിൽ[തിരുത്തുക]

വ്യാകരണകാര്യസൂചന ചെയ്യാൻ സംസ്കൃത ധാതുക്കളുടെ പിൻപിൽ ചേർക്കുന്ന അക്ഷരം. ഇതിനെ അനുബന്ധമെന്നും ഇത്ത്എന്നും പ്രക്രിയാചിഹ്നങ്ങളുടെ കൂട്ടത്തിൽ പാണിനി പരാമർശിച്ചിട്ടുണ്ട്.

വേദാന്തത്തിൽ[തിരുത്തുക]

വിവേകമുണ്ടായ ഉടൻതന്നെ (അനു) മുമുക്ഷുവിനെ ഗ്രന്ഥത്തോടു ബന്ധിപ്പിക്കുന്നത് (ബധ്നാതി), അതായത് മുമുക്ഷുവിനെ വേദാന്തവിചാരത്തിൽ പ്രവർത്തിപ്പിക്കുന്നത് എന്നാണ് അനുബന്ധത്തിന് വേദാന്തമതത്തിൽ കൊടുത്തിരിക്കുന്ന അർഥം. മണ്ഡപത്തിന്റെ നിലനില്പിന് നാലു സ്തംഭങ്ങൾ എന്നപോലെ ശാസ്ത്രഗ്രന്ഥത്തിന്റെ പ്രതിഷ്ഠയ്ക്കും നാല് അനുബന്ധങ്ങൾ (അനുബന്ധ ചതുഷ്ടയം) അത്യാവശ്യമാണ്. അവ അധികാരി, വിഷയം, പ്രയോജനം, സംബന്ധം എന്നിവയാണ്.

അധികാരി[തിരുത്തുക]

അന്തഃകരണത്തെ സ്വാഭാവികമായി ബാധിക്കുന്ന ദോഷങ്ങൾ മലം, വിക്ഷേപം, ആവരണം എന്നിങ്ങനെ മൂന്നാണ്. നിഷിദ്ധകർമാനുഷ്ഠാനംകൊണ്ടുണ്ടാകുന്ന മലം (പാപം) നിഷ്കാമകർമാനുഷ്ഠാനംകൊണ്ടും വിക്ഷേപം ഉപാസനകൊണ്ടും ഒഴിവാക്കാം. ഈ രണ്ടു ദോഷങ്ങളെ ഇപ്രകാരം അകറ്റിയവനും നിത്യാനിത്യ വസ്തുവിവേകം തുടങ്ങിയ സാധനചതുഷ്ടയംകൊണ്ടു സമ്പന്നനുമായ സജ്ജനമാണ് അധികാരി.

വിഷയം[തിരുത്തുക]

ഗ്രന്ഥത്തിന്റെ ഉള്ളടക്കമാണ് വിഷയം. വേദാന്തമതത്തെ സംബന്ധിച്ചിടത്തോളം ജീവനും ബ്രഹ്മാവും തമ്മിലുള്ള ഐക്യത്തിന്റെ പ്രതിപാദനമാണ് അത്.

പ്രയോജനം[തിരുത്തുക]

പ്രാപഞ്ചിക ദുഃഖത്തിന്റെ നിവൃത്തിയും പരമാനന്ദത്തിന്റെ അവാപ്തിയും ചേർന്ന മോക്ഷമാണ് വേദാന്തശാസ്ത്രത്തിന്റെ പരമമായ പ്രയോജനം; ആത്മജ്ഞാനം അവാന്തര പ്രയോജനവും.

സംബന്ധം[തിരുത്തുക]

ഗ്രന്ഥത്തിനും വിഷയത്തിനും തമ്മിൽ പ്രതിപാദ്യപ്രതിപാദകരൂപമായ സംബന്ധം; അധികാരിക്കും പ്രയോജനത്തിനും തമ്മിൽ പ്രാപ്യപ്രാപകരൂപമായ സംബന്ധം; അധികാരിക്കും വിചാരത്തിനും തമ്മിൽ കർത്തൃകർത്തവ്യരൂപമായ സംബന്ധം; ഗ്രന്ഥത്തിനും ജ്ഞാനത്തിനും തമ്മിൽ ജന്യജനകരൂപമായ സംബന്ധം എന്നിങ്ങനെ മുഖ്യമായി സംബന്ധം നാലുവിധം. ശ്രവണം, ജ്ഞാനം എന്നിവ തമ്മിലും ജ്ഞാനം, മോക്ഷം എന്നിവ തമ്മിലും സാധ്യസാധനരൂപമായ സംബന്ധമുണ്ട്; ഇങ്ങനെ മറ്റു സംബന്ധങ്ങളും.

പ്രയോജനം ആദിയിൽത്തന്നെ പറയാതിരുന്നാൽ ഒരു ശാസ്ത്രവും ഒരു കർമവും ആരാലും സ്വീകരിക്കപ്പെടുകയില്ല എന്നാണ് ഈ ആപ്തവചനത്തിന്റെ സാരം. അതുകൊണ്ടാണ് പ്രയോജനം മുതലായവ ശാസ്ത്രഗ്രന്ഥത്തിന്റെ ആദിയിൽത്തന്നെ നിർദ്ദേശിക്കണമെന്ന് വേദാന്തികൾ അനുശാസിക്കുന്നത്. അനർഹന്മാർക്കു പ്രവേശനം നിഷേധിക്കുക എന്നതും അനുബന്ധചതുഷ്ടയത്തിന്റെ ഒരു ലക്ഷ്യമായി കണക്കാക്കാം.

സംഗീതം[തിരുത്തുക]

താനവർണത്തെ ഗാനരൂപത്തിന്റെ അവസാനഭാഗത്ത് അർഥപൂർത്തിക്കുവേണ്ടി അനുബന്ധമായി ചേർത്തു പാടുന്ന ഭാഗം. 18-ആം നൂറ്റാണ്ടിൽ നടപ്പിലിരുന്ന ഒരു പ്രത്യേകതയാണിത്. സൊനാറ്റ (sonata) എന്ന യൂറോപ്യൻ സംഗീതസംവിധാനത്തിലും ഇങ്ങനെ അനുബന്ധം ചേർക്കാറുണ്ട്. ഘടനയിലും പ്രയോഗസമ്പ്രദായത്തിലും ഇവ രണ്ടിനും സാദൃശ്യമുണ്ട്. 18-ആം നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ട താനവർണങ്ങളിൽ അനുബന്ധം ചേർക്കുന്ന പതിവ് സംഗീതജ്ഞർ പ്രായേണ ഉപേക്ഷിച്ചുവന്നു.

ഗാനങ്ങൾക്ക് കൂടുതൽ പൂർണത നല്കുന്നതിന് അനുബന്ധം സഹായിക്കുന്നു. അനുബന്ധം ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വർണം പാടുമ്പോൾ സാധാരണപോലെ പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരം ഇവ പാടിയശേഷം വീണ്ടും ചരണംപാടുന്നു. അതിനുശേഷമാണ് അനുബന്ധം ആരംഭിക്കുന്നത്. അനുബന്ധത്തിന്റെ സാഹിത്യം ആദ്യഭാഗത്തിന്റെ സാരം പൂർണമാക്കുന്നതിന് സഹായിക്കുന്ന വിധത്തിലാണ് രചിക്കുക. ചില വർണങ്ങളിലെ അനുബന്ധങ്ങളിൽ സാഹിത്യവും സ്വരവും ഉണ്ടായിരിക്കുമെങ്കിലും ചിലതിൽ സാഹിത്യം മാത്രമേ കാണൂ.

ഭൈരവിരാഗത്തിലുള്ള വിരിബോണി എന്നാരംഭിക്കുന്ന പ്രസിദ്ധമായ വർണത്തിന് ചിരുചെമാടലു എന്നു തുടങ്ങുന്ന ഒരു അനുബന്ധം ഉണ്ടെങ്കിലും ഇപ്പോൾ അത് ഉപേക്ഷിച്ചുകൊണ്ടാണ് പാടാറുള്ളത്. രാമസ്വാമിദീക്ഷിതർ, സൊൺടി വെങ്കടസുബ്ബയ്യ എന്നിവർ രചിച്ചിട്ടുള്ള താനവർണങ്ങളിലും ആരഭിരാഗത്തിലുള്ള സാധിൻചനഎന്നാരംഭിക്കുന്ന ത്യാഗരാജകൃതിയിലും അനുബന്ധം ചേർത്തുകാണുന്നു.

ഇതുകൂടികാണുക[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുബന്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുബന്ധം&oldid=2279998" എന്ന താളിൽനിന്ന് ശേഖരിച്ചത്