അനന്യാസ്
ബൈബിളിൽ പലയിടങ്ങളിലും പരാമർശിക്കപ്പെടുന്ന വ്യക്തിനാമമാണ് അനന്യാസ് (Ananias). 'യഹോവ കൃപാലുവാകുന്നു' എന്നർത്ഥമുള്ള ഹനനിയ എന്ന എബ്രായ പദത്തിന്റെ ഗ്രീക്ക് രൂപമാണ് അനന്യാസ് (Ἁνανίας). ഈ പേരിലുള്ള വ്യക്തികളെക്കുറിച്ച് പഴയ നിയമത്തിലും പുതിയ നിയമത്തിലും പരാമർശങ്ങളുണ്ട്.
പഴയനിയമത്തിലെ പരാമർശങ്ങൾ
[തിരുത്തുക]പഴയനിയമത്തിൽ അനന്യാസ് (നെഹമ്യാവ് 3:23) എന്ന പേരും എബ്രായ മൂലരൂപമായ ഹനനിയ (1 ദിനവൃത്താന്തം 25:4, യെരമ്യാവ് 28:4, ദാനിയേൽ 1:6) എന്ന പേരുമുള്ള വ്യക്തികളെപ്പറ്റി പരാമർശിച്ച് കാണുന്നു.
പുതിയനിയമത്തിലെ പരാമർശങ്ങൾ
[തിരുത്തുക]സഫീറയുടെ ഭർത്താവായ അനന്യാസ്
[തിരുത്തുക]പുതിയനിയമത്തിലെ ആദ്യത്തെ പരാമർശം ആദ്യകാല ക്രൈസ്തവ സമൂഹത്തിന്റെ അംഗമാണ്. അന്ന് ഓരോ അംഗത്തിന്റെയും സ്വത്ത് പൊതുമുതലായി കരുതിയിരുന്നു. അനന്യാസ് സ്വന്തം നിലം വിറ്റുകിട്ടിയ പണം മുഴുവനും മുറപ്രകാരം വിശുദ്ധ പത്രോസിനെ ഏല്പിച്ചില്ല. പത്രോസിന്റെ മുമ്പിൽവച്ച് ഈ കള്ളം വെളിപ്പെടുകയും അനന്യാസ് തത്ക്ഷണം മൃതിയടയുകയും ചെയ്തു. സത്യം മറയ്ക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ ഭാര്യ സഫീറയും മരിച്ചു. (അപ്പോ. പ്ര. 5. 1-10)
ഡമാസ്കസിലെ ക്രിസ്തുശിഷ്യനായ അനന്യാസ്
[തിരുത്തുക]ഡമാസ്കസിൽ വെച്ചുണ്ടായ ആത്മീയാനുഭവത്തെ തുടർന്ന് അന്ധനായി തീർന്ന ശൌലിന് കാഴ്ച നല്കുവാൻ യേശുക്രിസ്തുവിനാൽ നിയുക്തനായ ആളിന്റെ പേരും അനന്യാസ് എന്നാണ്. ഈ അനന്യാസ് യേശുവിന്റെ അനുയായി ആയിരുന്നു (അപ്പോ. പ്ര: 9.10).
മഹാപുരോഹിതനായ അനന്യാസ്
[തിരുത്തുക]നെദിബയസിന്റെ മകനും സന്നദ്രിംസംഘത്തിന്റെ അധ്യക്ഷനും മഹാപുരോഹിതനുമായ ഒരു അനന്യാസും ഉണ്ട്. ഇദ്ദേഹത്തിന്റെ മുമ്പിലാണ് പൗലൊസ് അപ്പോസ്തലനെ ജറുസലേമിൽ വെച്ച് വിസ്തരിച്ചത് (അപ്പോ. പ്ര. 23:1-5). ബന്ധിതനായ പൗലോസിനെ റോമൻ സൈനികമേധാവികൾ കൈസര്യയിലേക്ക് മാറ്റിയപ്പോൾ അദ്ദേഹത്തിനെതിരായ കുറ്റം ദേശാധിപതിയായിരുന്ന ഫെലിക്സിനെ ബോധിപ്പിക്കുവാനായി ഈ മഹാപുരോഹിതൻ കൈസര്യയിൽ നേരിട്ടെത്തുന്നുമുണ്ട് (അപ്പോ. പ്ര. 23:1-5).
ധനമോഹിയും റോമൻ പക്ഷപാതിയുമായിരുന്ന ഇദ്ദേഹം എ.ഡി. 66-ൽ എരിവുകാർ അഥവാ സെലോത്തുകൾ (Zealot) എന്നറിയപ്പെട്ടിരുന്ന യഹൂദാ തീവ്രവാദ വിഭാഗക്കാരാൽ വധിക്കപ്പെട്ടു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനന്യാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |