അധിധാരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അധിധാരണം

സമശീതോഷ്ണമേഖലയിലെ ചക്രവാത(cyclone)ങ്ങളോടനുബന്ധിച്ച്, വാതമുഖ (Front)ങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അന്തരീക്ഷ പ്രക്രിയയെ അധിധാരണം എന്നു പറയുന്നു. അനുഷ്ണവാതമുഖം (Cold Front) ഊഷ്മളവാതമുഖത്തെ (Warm Front) അതിക്രമിക്കുമ്പോൾ അതിനെ നിലത്തുനിന്നും പൊക്കിവിടുകയും ക്രമേണ അവ തമ്മിൽ പരസ്പരം സംബന്ധമില്ലാതാകുകയും ചെയ്യുന്ന പ്രക്രിയയാണ് അധിധാരണം.

വിഭിന്ന ഊഷ്മാവുകളിലുള്ള വായുപിണ്ഡങ്ങൾ അഭിമുഖമായി കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന പരിവർത്തനങ്ങളാണ് ചക്രവാതങ്ങൾക്ക് ഹേതു. ബാഷ്പപൂരിതമായ ഊഷ്മളവായു, താരതമ്യേന മർദം കൂടിയതും തന്മൂലം സ്ഥാവരവുമായ തണുത്ത വായുവിന്റെ മുകളിലേക്ക് ഒരു ചരിവുതലത്തിലേക്കെന്നപോലെ കടന്നുകയറുകയും ഉയർന്നുപൊങ്ങുകയും ചെയ്യുന്നു. ക്രമേണ ചാക്രികമായ പ്രവാഹത്തിലൂടെ തണുത്ത വായു ഊഷ്മളവായു പിണ്ഡത്തിന്റെ ഒരു ഭാഗത്തെ വലയം ചെയ്ത്, അതിനെ നിലത്തുനിന്നും പൊക്കിവിടുന്നു. അങ്ങനെ സ്വയം ഉയർന്നും ഉയർത്തപ്പെട്ടും ഊഷ്മളവായു അന്തരീക്ഷത്തിലെ ഉയർന്ന വിതാനങ്ങളിൽ മാത്രമായിത്തീരും; തിരശ്ചിനതലങ്ങളിലാകട്ടെ തണുത്ത വായു മാത്രവും. സംശ്ലിഷ്ട വാതമുഖം

അധിധാരണമേഖലയുടെ സവിശേഷത, ലംബതലങ്ങളിലെ താപനില അന്തരീക്ഷസ്വഭാവത്തിനു വിപരീതമായി ഉയരം ചെല്ലുന്തോറും വർധിച്ചുവരുന്നു എന്നതാണ്. ചിലപ്പോൾ ഇതൊരു സമ്മിശ്രമേഖലയായിരിക്കും. അപ്പോൾ അതിനെ സംശ്ലിഷ്ടവാതമുഖം (Occluded Front) എന്നു പറയും. ഊഷ്മളവായുവിൽ നീരാവിയുടെ അംശം മതിയായ അളവിലുണ്ടെങ്കിൽ മേഘങ്ങളും മഴയും ഉണ്ടാകാം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധിധാരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധിധാരണം&oldid=1696814" എന്ന താളിൽനിന്ന് ശേഖരിച്ചത്