Jump to content

അധികാരിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വ്യക്തിയിലോ സംഘടനയിലോ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കാനും അവ ലംഘിക്കുന്നവരെ ശിക്ഷിക്കുവാനുമുള്ള അവകാശവും ശക്തിയും ആണ് അധികാരിത എന്ന രാഷ്ട്രതന്ത്രസംജ്ഞയുടെ വിവക്ഷ. സാമൂഹികശാസ്ത്രത്തിലും ഇതിനു പ്രസക്തിയുണ്ട്. സ്റ്റേറ്റിന്റെ അധികാരം നിലവിൽ വരുന്നതിന് വളരെ മുൻപുതന്നെ അധികാരിത എന്ന പ്രതിഭാസം നിലവിലിരുന്നു. വ്യക്തിയോ വ്യക്തികളോ മറ്റുള്ളവരുടെ മേൽ ആധിപത്യം ചെലുത്തുന്ന രീതി എല്ലാ മാനവസമുദായങ്ങളിലും സംഘടനകളിലും കാണാവുന്നതാണ്.

മാതാപിതാക്കൾക്ക് കുട്ടികളുടെമേലുള്ള നിയന്ത്രണാധികാരം മുതൽ രാഷ്ട്രത്തിലെയും അന്താരാഷ്ട്ര സംഘടനകളിലെയും രാഷ്ട്രീയാധികാരംവരെ അധികാരിതയുടെ പരിധിയിൽപ്പെടുന്നു. എന്നാൽ അവയുടെ പ്രയോഗത്തിൽ വ്യത്യാസം കാണാം.

പൌരനും സ്റ്റേറ്റും തമ്മിലുള്ള ബന്ധം

[തിരുത്തുക]

പൌരനും സ്റ്റേറ്റും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്ലേറ്റോ (ബി.സി. 427-347) മുതല്ക്കുള്ള ചിന്തകന്മാർ പ്രതിപാദിച്ചിട്ടുണ്ട്. സ്റ്റേറ്റിന്റെ നിയമങ്ങളും രാഷ്ട്രീയാധികാരങ്ങളും എല്ലാക്കാലത്തും രാഷ്ട്രമീമാംസകരുടെ പഠനത്തിനും വിമർശനത്തിനും വിധേയമായിട്ടുണ്ട്. സോക്രട്ടീസിന്റെ (ബി.സി. 469-399) കാലത്ത് സ്റ്റേറ്റിന്റെ അധികാരിതയെ ചോദ്യം ചെയ്യപ്പെടേണ്ട ഒരു സന്ദർഭം സംജാതമായി. സ്റ്റേറ്റിന്റെ അന്യായമായ അധികാരിതയെ നേരിടാൻ രണ്ടു മാർഗങ്ങളെ സോക്രട്ടീസിനുണ്ടായിരുന്നുള്ളു. ഒരു പൌരൻ എന്ന നിലയിൽ നിയമം മാറ്റാനായി വാദിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക; അല്ലെങ്കിൽ ആ രാഷ്ട്രത്തിലെ പൌരത്വം ഉപേക്ഷിച്ചു നാടുവിടുക. ആദ്യമാർഗ്ഗം പ്രായോഗികമാക്കുന്നതിൽ പരാജിതനായ അദ്ദേഹം രണ്ടാമത്തെ മാർഗ്ഗം സ്വീകരിക്കാൻ സന്നദ്ധനായിരുന്നില്ല. അതിനാൽ സ്റ്റേറ്റിന്റെ അധികാരിതയ്ക്ക് വിധേയനായി, അദ്ദേഹം മരണശിക്ഷ അനുഭവിക്കുകയാണുണ്ടായത്.

അധികാരിതയും ശക്തിയും

[തിരുത്തുക]

(authority and power)

അധികാരിതയും (authority) ശക്തിയും (power) പ്രാചീനകാലം മുതൽ രാഷ്ട്രമീമാംസകരുടെയും സാമൂഹികശാസ്ത്രജ്ഞന്മാരുടെയും പഠനത്തിനു വിധേയമായിട്ടുണ്ട്. ഇവരെല്ലാം പലതരത്തിലുള്ള നിഗമനങ്ങളിലാണ് എത്തിച്ചേർന്നിട്ടുള്ളത്. മാക്സ്വെബർ എന്ന ചിന്തകൻ അധികാരിതയെ മൂന്നു രീതിയിൽ തരംതിരിച്ചിട്ടുണ്ട്: നിയമ-യുക്ത്യധിഷ്ഠിതം (legal-rational), പാരമ്പര്യാധിഷ്ഠിതം (traditional), വ്യക്തിപ്രഭാവഗതം (charismatic). അവസാനത്തെ രണ്ടുവിധത്തിലുള്ള അധികാരിത വ്യക്തിനിഷ്ഠമാണ്. പാരമ്പര്യമായി അധികാരമുള്ള നേതാവിനോടോ വ്യക്തിത്വത്തിന്റെ സവിശേഷപ്രഭാവംകൊണ്ട് അധികാരവും ശക്തിയും നേടിയ നേതാവിനോടോ മാത്രമായിരിക്കും പൌരന്മാരുടെ കടപ്പാട്. എന്നാൽ ആദ്യത്തെ രീതിയിലുള്ള അധികാരിത, അധികാരസ്ഥാനങ്ങളോടുള്ള നിയമാനുസൃതവും യുക്തിപരവുമായ കടപ്പാടാണ്. ഇന്നത്തെ ഉദ്യോഗസ്ഥഭരണക്രമം (bureaucracy) ഇതിനുദാഹരണമാണ്.

ആധികാരികയുടെ നിർവചനം

[തിരുത്തുക]

സാമൂഹികശാസ്ത്രജ്ഞന്മാർ അധികാരിതയ്ക്കു നല്കുന്ന നിർവചനം മറ്റൊന്നാണ്. ഒരു സമൂഹത്തിന്റെ മേൽ അധീശത്വം പുലർത്തുവാൻ തക്കവണ്ണം സ്വയംലബ്ധമോ ആർജിതമോ ആയ കഴിവാണിത്. അധികാരിതയെ കഴിവോ സാമർഥ്യമോ ആയി പരിഗണിക്കുന്നതു ശരിയല്ലെന്ന് സാമൂഹികശാസ്ത്രജ്ഞന്മാരിൽ ചിലർ വാദിക്കുന്നു. വ്യക്തികളിലും സമൂഹങ്ങളിലും നിലനിൽക്കുന്ന ബന്ധങ്ങളെ അധികാരിതയായി വിശേഷിപ്പിക്കുന്ന സാമൂഹികശാസ്ത്രജ്ഞന്മാരുമുണ്ട്. ഏതായാലും അധികാരിതയ്ക്ക് ശക്തി(power)യുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് എല്ലാ സാമൂഹികശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നു. ശക്തിയുടെ ബഹിർസ്ഫുരണമാണ് അധികാരിത എന്നു വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അധികാരിതയെ ഔപചാരിക ശക്തിയായി (formal power) ചില രാഷ്ട്രമീമാംസകർ നിർവചിച്ചിട്ടുണ്ട്. ഈ നിർവചനത്തെ വിമർശിക്കുന്ന രാഷ്ട്രമീമാംസകരും ഉണ്ട്.

ശക്തി, നിർബന്ധം, ബലാത്കാരം, ഭയപ്പെടുത്തിയുള്ള ഭരണം, നേതൃത്വം, പ്രേരണ, സ്വാധീനത എന്നിവയിൽ നിന്നു വ്യത്യസ്തമാണ് അധികാരിത; ന്യായാനുസരണത (legitimacy) എന്ന സ്വഭാവവിശേഷം അധികാരിതയ്ക്കുണ്ട്. മേലേക്കിടയിലുള്ളവർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അനുസരിക്കാൻ താഴേക്കിടയിലുള്ളവർ ബാധ്യസ്ഥരാണെന്ന വിശ്വാസമാണ് ഇതിന്റെ പിന്നിലുള്ളത്. അത് ചോദ്യം ചെയ്യപ്പെട്ടാൽ അധികാരിത ഇല്ലാതായിത്തിരുകയോ, അതിന്റെ ഗൌരവസ്വഭാവം നഷ്ടപ്പെടുകയോ ചെയ്യുന്നു. താഴെയുള്ളവർ മുകളിൽനിന്നുമുള്ള ആജ്ഞകൾ പ്രതീക്ഷിക്കുന്നിടത്ത് അധികാരിത കൂടുതൽ ഗൌരവസ്വഭാവമുള്ളതായിത്തീരും.

അധികാരിത ഉദ്യോഗസ്ഥ ശ്രേണിയിലുള്ള നിശ്ചിത മണ്ഡലങ്ങളിൽ പ്രയോഗിക്കപ്പെടുന്നു. മാതാപിതാക്കളും സന്താനങ്ങളും തമ്മിലും അധ്യാപകരും അധ്യേതാക്കളും തമ്മിലും ഭരണാധികാരികളും ഭരണീയരും തമ്മിലും, തൊഴിലുടമകളും തൊഴിലാളികളും തമ്മിലും ഉള്ള ബന്ധങ്ങളിൽ അധികാരിത പ്രയോഗിക്കപ്പെടുന്നുണ്ട്. അധികാരസ്ഥാനങ്ങളിലുള്ളവർക്കു ലഭ്യമായിട്ടുള്ള അനവധി ശക്തിപ്രഭവങ്ങളി(resources)ലൊന്നാണ് അധികാരിത.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധികാരിത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധികാരിത&oldid=3922420" എന്ന താളിൽനിന്ന് ശേഖരിച്ചത്