അത്തീകാനെഫ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊഗോണോഫോറ അകശേരുകിഫൈലത്തിലെ ഒരു ഗോത്രമാണ് അത്തീകാനെഫ്രിയ. ഇതിലുൾപ്പെടുന്ന അംഗങ്ങൾ കടൽ ജീവികളാണ്. സ്വതന്ത്രജീവികളാണെങ്കിലും ദഹനേന്ദ്രിയം കാണാറില്ല എന്നത് പൊഗൊണോഫോറുകളുടെ ഒരു സവിശേഷതയാണ്. മുൻദേഹദരം (cephalic lacuna) സഞ്ചി രൂപത്തിലുള്ളതാണ്. അതിന്റെ ബാഹ്യരന്ധ്രങ്ങൾ ദേഹപാർശ്വങ്ങളിൽ വെവ്വേറെ സ്ഥിതി ചെയ്യുന്നു. പ്രോട്ടോസോം (protosome), മീസോസോം (mesosome), മെറ്റാസോം (metasome) എന്നീ മൂന്നു ദേഹഖണ്ഡങ്ങൾ തമ്മിലുള്ള വിഭജനം സുവ്യക്തമാണ്. ശീർഷപാളിയിൽനിന്നു വളരുന്ന ഗ്രാഹികൾ തികച്ചും സ്വതന്ത്രങ്ങളാണ്. ഇവയിൽ രക്തപരിവഹനക്ഷമതയില്ലാത്ത ഒരു ഹൃദയസഞ്ചിയുമുണ്ട്.

അത്തീക്കാനെഫ്രിയയിൽ രണ്ടു കുടുംബങ്ങളും നൂറ് ജീനസുകളും അൻപതോളം സ്പീഷീസും ഉൾപ്പെടുന്നു. രണ്ടാമത്തെ ഗോത്രമായ തീക്കാനെഫ്രിയയെ അപേക്ഷിച്ച് അത്തീക്കാനെഫ്രിയയാണ് പ്രാഥമികം എന്നാണ് ഈ ജന്തുക്കളെക്കുറിച്ച് പഠനങ്ങൾ നടത്തിയ ഐവനോവിന്റെ അഭിപ്രായം. മുൻദേഹദരം വെറും സഞ്ചിരൂപത്തിലാണെന്നതും ദേഹത്തെബഡ്ഡുകളുടെ (buds) വികാസം ഏറെ മുന്നോട്ടുപോയിട്ടില്ല എന്നതും ഈ വാദത്തിനു നിദാനങ്ങളാണ്.

ഒളിഗോബ്ലാക്കിഡേ, സിബോഗ്ലിനിഡെ എന്നിവയാണ് ഇതിലുൾപ്പെടുന്ന കുടുംബങ്ങൾ. ആദ്യത്തെ കുടുംബത്തിൽപ്പെട്ടവയ്ക്ക് 6 മുതൽ 12 വരെ ഗ്രാഹികളുള്ളപ്പോൾ, രണ്ടാമത്തെതിന് ഒരു ഗ്രാഹിമാത്രമേയുള്ളു. ഒളിഗോബ്രാക്കിയ, ബർസ്റ്റീമ എന്നീ ജീനസുകൾ ആദ്യകുടുംബത്തിനും സിബോഗ്ലിനം രണ്ടാമത്തെ കുടുംബത്തിനും ഉദാഹരണങ്ങളാണ്. ഇന്ത്യയുടെയും, ശ്രീലങ്കയുടെയും പശ്ചിമതീരത്തുള്ള അഞ്ചു സ്പീഷീസുകളെപ്പറ്റി (സിബോഗ്ലിനോയ്ഡസ് ഡൈബ്രാക്കിയ, സിബോഗ്ലിനം സിലോണിക്കം, സിബോഗ്ലിനം സൈലോണെ, സിപ്ലൊബ്രാക്കിയ സൌത്തുവാർഡെ, ലാമല്ലസാബല്ല മൈന്യൂട്ട) പ്രൊഫ. ഐവനോവ് വിവരിച്ചിട്ടുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അത്തീകാനെഫ്രിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അത്തീകാനെഫ്രിയ&oldid=1694143" എന്ന താളിൽനിന്ന് ശേഖരിച്ചത്