അതിസൂക്ഷ്മദർശിനി
അത്യന്തസൂക്ഷ്മപദാർഥങ്ങളുടെ പരിശോധനയ്ക്കും പഠനത്തിനും ഉപയോഗിക്കുന്ന ഒരു ഭൌതികസംവിധാനമാണ് അതിസൂക്ഷ്മദർശിനി. അസാധാരണമായ ആവർധനശേഷിയുള്ള ഉപകരണമാണെന്ന് പേരുകൊണ്ട് സൂചിപ്പിക്കപ്പെടുന്നെങ്കിലും അപ്രകാരമുള്ള ഒരു ഉപകരണമല്ല ഇത്. അതിസൂക്ഷ്മപദാർഥങ്ങളിൽ പ്രദീപ്തിയുണ്ടാക്കുന്ന ഒരു പ്രത്യേക സംവിധാനത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്.
കൊളോയിഡകണങ്ങൾ (Colloidal particles), മഞ്ഞുതുള്ളികൾ (fog drops), പുകയുടെ അംശം എന്നീ അതിസൂക്ഷ്മപദാർഥങ്ങൾ അത്യധികം ഇരുണ്ട പശ്ചാത്തലത്തിൽ ദ്രവനിലംബനത്തിലോ വാതകനിലംബനത്തിലോ (liquid or gaseous suspension) വച്ച് പ്രദീപ്തമാക്കുന്നു. വീക്ഷണതലത്തിലേക്കു തീക്ഷ്ണപ്രകാശം കടത്തിയാണ് പ്രദീപ്തമാക്കുന്നത്. വീക്ഷണതലം കോണികാകൃതിയിൽ ആയിരിക്കും. പ്രകാശത്തിന്റെ പ്രകീർണന (scattering) പരീക്ഷണങ്ങളിൽ ഈ വീക്ഷണതലത്തെ 'ടിൻഡൽകോൺ' (tyndall cone) എന്നു വിളിക്കുന്നു. സാധാരണ സൂക്ഷ്മദർശിനിയിൽ, ദൃശ്യമായ പ്രതിച്ഛായ ഉണ്ടാക്കാൻ കഴിയാത്തത്ര ചെറിയ പദാർഥങ്ങൾ ഈ സംവിധാനംകൊണ്ട് ചെറിയ വിഭംഗനവളയങ്ങൾ (diffraction rings) സൃഷ്ടിക്കുന്നു. ഇരുണ്ട പശ്ചാത്തലത്തിൽ സൂക്ഷ്മവും തെളിഞ്ഞതുമായ പ്രകാശപ്പൊട്ടുകളായി ഈ വളയങ്ങൾ കാണാവുന്നതാണ്.
പദാർഥ കണങ്ങളിൽനിന്നു പുറപ്പെടുന്ന പ്രകാശ രശ്മികൾ അവയുടെ സംഖ്യ, സ്ഥാനം, ബ്രൌണിയൻ ചലനം (brownian movement) എന്നിവ വെളിപ്പെടുത്തുന്നു. ഏറ്റവും സൂക്ഷ്മമായ മാലിന്യങ്ങൾ കണ്ടെത്താനും സൂക്ഷ്മജീവികളുടെ വളർച്ച മനസ്സിലാക്കാനും അതിസൂക്ഷ്മദർശിനിയുടെ തത്ത്വം പ്രയോജനപ്പെടുത്താറുണ്ട്. ലായനികളിൽ രൂപപ്പെടുന്ന പരലുകൾ (crystals) കണ്ടുപിടിക്കാനും കൃത്രിമ നാരുകളുടെ ഘടന മനസ്സിലാക്കാനുംഇത് ഉപകരിക്കുന്നു.
പുറംകണ്ണികൾ
[തിരുത്തുക]- അതിസൂക്ഷ്മദർശിനി Archived 2011-05-26 at the Wayback Machine.
- അതിസൂക്ഷ്മദർശിനി Archived 2012-06-06 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അതിസൂക്ഷ്മദർശിനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |