അജേസിലോസ് രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതന സ്പാർട്ടയിലെ രാജാവായിരുന്നു അജേസിലോസ് II(ബി.സി. 444 - 360). യൂറിപോണ്ടിദ് വംശത്തിലെ ആർക്കഡാമസ് II-ന്റെയും യൂപ്പോലിയയുടെയും മകനായി ബി.സി. 444-നോടടുത്തു ജനിച്ചു. അജിസ് II-നെ തുടർന്നു ബി.സി. 401-ൽ ലൈസാൻഡറുടെ സഹായത്തോടെ സ്പാർട്ടയിലെ രാജാവായി. അയോണിയരുടെ അഭ്യർഥനപ്രകാരം ഏഷ്യാമൈനറിലെ പേർഷ്യക്കാർക്കെതിരായി ദീർഘകാലം യുദ്ധം ചെയ്തു. ഇതിനിടയിൽ ഗ്രീക് നഗരരാഷ്ട്രങ്ങളെല്ലാംകൂടി സ്പാർട്ടയ്ക്കെതിരായി നീങ്ങി. അതിനാൽ പേർഷ്യൻ ആക്രമണം പൂർത്തിയാക്കാൻ കഴിയാതെ തിരിച്ചുവന്ന് കോറിന്തിൽവച്ചു ഗ്രീക്കുസഖ്യകക്ഷികളോട് ഏറ്റുമുട്ടി. 394-ൽ കൊറോണിയയിൽവച്ച് നടന്ന യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തു. ഗ്രീക്കുകാരെ കോറിന്ത് യുദ്ധത്തിൽ തോല്പിച്ചു ലെക്കയം പിടിച്ചടക്കി; അവരെക്കൊണ്ടു സ്പാർട്ടയ്ക്കനുകൂലമായ സന്ധിയിലൊപ്പുവയ്പിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട് ഇദ്ദേഹം സ്പാർട്ടയ്ക്കെതിരായുണ്ടായ സകല ആക്രമണങ്ങളെയും കൂട്ടുകെട്ടുകളെയും തകർത്തു. തീബൻ യുദ്ധകാലത്തും ഇദ്ദേഹം സ്പാർട്ടയെ രക്ഷിച്ചു. 370-ൽ അജേസിലോസ് മാന്റീനിയൻപ്രദേശം ആക്രമിച്ച് സ്പാർട്ടയുടെ പ്രശസ്തി വർധിപ്പിച്ചു. ബി.സി. 361-ൽ പേർഷ്യയ്ക്കെതിരേ ഈജിപ്തിലെ രാജാവായിരുന്ന ടാക്കോസിനെ സഹായിക്കാൻ അജേസിലോസ് ഈജിപ്തിലെത്തി; തിരിച്ചുവരും വഴി മെനിലോസ് തുറമുഖത്ത് കപ്പലിൽവച്ച് 84-ലാമത്തെ വയസ്സിൽ (ബി.സി. 360) അന്തരിച്ചു. പൊക്കംകുറഞ്ഞ് മുടന്തനായ ഈ രാജാവ് പുരാതനകാലത്തെ പ്രശസ്തയോദ്ധാക്കളിലൊരാളും ഒളിപ്പോർ വിദഗ്ദ്ധനുമായിരുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജേസിലോസ് രണ്ടാമൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജേസിലോസ്_രണ്ടാമൻ&oldid=3405939" എന്ന താളിൽനിന്ന് ശേഖരിച്ചത്