അജിത് പവാർ
അജിത് പവാർ | |
---|---|
മഹാരാഷ്ട്ര, ഉപ-മുഖ്യമന്ത്രി | |
ഓഫീസിൽ 2023-തുടരുന്നു, 2019-2022, 2019, 2012-2014, 2010-2012 | |
മുൻഗാമി | ദേവേന്ദ്ര ഫഡ്നാവീസ് |
നിയമസഭയിലെ പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 2022-2023 | |
മുൻഗാമി | ദേവേന്ദ്ര ഫഡ്നാവീസ് |
പിൻഗാമി | ജിതേന്ദ്ര അഹ്വാഡ് |
നിയമസഭാംഗം | |
ഓഫീസിൽ 2019, 2014, 2009, 2004, 1999, 1995, 1991 | |
മണ്ഡലം | ബരാമതി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബരാമതി, പൂനൈ ജില്ല, മഹാരാഷ്ട്ര | 22 ജൂലൈ 1959
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | സുനേത്ര |
കുട്ടികൾ | 2 |
As of 4 ജൂലൈ, 2023 ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ് |
2023 ജൂലൈ രണ്ട് മുതൽ മഹാരാഷ്ട്ര ഉപ-മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന എൻ.സി.പി നേതാവാണ് അജിത് പവാർ.(ജനനം : 22 ജൂലൈ 1959) ഏഴു തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ-മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരുതവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5]
ജീവിതരേഖ
[തിരുത്തുക]മുതിർന്ന എൻ.സി.പി നേതാവായ ശരദ് പവാറിൻ്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിൻ്റെ മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22ന് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്കൂളിൽ നിന്ന് നേടിയ എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളേജിൽ പോയെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1982-ൽ പൂനൈ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായാണ് പൊതുരംഗ പ്രവേശനം. 1991 മുതൽ 2007 വരെ പൂനൈ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം രാജിവച്ചു.
1991-ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിൻ്റെ മന്ത്രിയായി.
2010-ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രിഥിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ മന്ത്രിസഭകളിൽ വീണ്ടും ഉപ-മുഖ്യമന്ത്രിയായി.
പ്രധാന പദവികളിൽ
- 1982 : പൂനൈ, പഞ്ചസാര ഫാക്ടറി, സഹകരണ ബോർഡ് അംഗം
- 1991-2007 : ചെയർമാൻ, പൂനൈ ജില്ല സഹകരണ ബാങ്ക്
- 1991 : ലോക്സഭാംഗം, ബരാമതി
- 1991 : നിയമസഭാംഗം, ബരാമതി
- 1991-1992 : സംസ്ഥാന കൃഷിവകുപ്പ് മന്ത്രി
- 1992-1993 : സംസ്ഥാന വിദ്യുചക്തി വകുപ്പ് മന്ത്രി
- 1995 : നിയമസഭാംഗം, ബരാമതി
- 1999 : നിയമസഭാംഗം, ബരാമതി
- 1999-2003 : സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
- 2003-2004 : സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി
- 2004 : നിയമസഭാംഗം, ബരാമതി
- 2004-2008 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
- 2008-2009 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
- 2009 : നിയമസഭാംഗം, ബരാമതി
- 2009-2010 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
- 2010-2012 : സംസ്ഥാന ഉപ-മുഖ്യമന്ത്രി
- 2012-2014 : സംസ്ഥാന ഉപ-മുഖ്യമന്ത്രി
- 2014 : നിയമസഭാംഗം, ബരാമതി
- 2019, 2019-2022 : സംസ്ഥാന ഉപ-മുഖ്യമന്ത്രി
- 2022-2023 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
- 2023-തുടരുന്നു : സംസ്ഥാന ഉപ-മുഖ്യമന്ത്രി[6][7]
എൻ.സി.പി അജിത് വിഭാഗം
[തിരുത്തുക]2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.സി.പി ശക്തികേന്ദ്രമായ മാവലിൽ നിന്ന് മത്സരിച്ച മകൻ പാർത്ഥ് പവാർ ശിവസേന സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടതോടെ അജിത് പവാർ ശരദ് പവാറുമായി അകൽച്ചയിലായി.
2019-ൽ (ശിവസേന + എൻ.സി.പി + കോൺഗ്രസ്) സഖ്യം രൂപീകരിച്ച മഹാവികാസ് അഘാഡി സർക്കാരിൽ ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022-ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022-ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023 മെയിൽ എൻ.സി.പി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ വർക്കിംഗ് പ്രസിഡൻറുമാരായി ശരദ് പവാറിൻ്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു.
പാർട്ടിയിൽ പദവികൾ ഒന്നും ലഭിക്കാതെ നിരാശനായിരുന്ന അജിത് പ്രതിപക്ഷ നേതാവായി തുടരാൻ താത്പര്യം ഇല്ലെന്നും പാർട്ടി നേതൃ പദവി വേണമെന്നും ശരദ് പവാറിനോട് ആവശ്യപ്പെട്ടെങ്കിലും ശരദ് പവാർ വഴങ്ങിയില്ല.
2023 ജൂലൈ 2ന് എൻ.സി.പി പിളർത്തി അജിത് പവാർ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബി.ജെ.പി സർക്കാരിൽ ഉപ-മുഖ്യമന്ത്രിയായി ചേർന്നു. നാലു വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് അജിത് ഉപ-മുഖ്യമന്ത്രിയാവുന്നത്. ശരദ്പവാറിൻ്റെ വിശ്വസ്തരായ മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, ദിലീപ് വൽസ പാട്ടീൽ എന്നിവരുടെ പിന്തുണയും അജിത്തിന് ലഭിച്ചു.
ജൂലൈ രണ്ടാം തീയതി എൻ.സി.പിയിലെ 53 എം.എൽ.എമാരിൽ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയാണ് എൻ.സി.പിയിലെ പിളർപ്പ്.
ഛഗൻ ഭുജ്ബൽ അടക്കം എട്ടുപേർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന് പുറമെ എൻ.സി.പിയിലെ മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്പൽ, ദിലീപ് വൽസെ പാട്ടീൽ, ഹസൻ മുഷ്റിഫ്, ധനഞ്ജയ മുണ്ടെ, അദിതി തത്കരെ, ധർമ്മറാവു അത്രം, അനിൽ പാട്ടീൽ, സഞ്ജയ് ബൻസോഡെ എന്നിവരാണ് മന്ത്രിമാരായത്.
അജിത് പവാറിൻ്റെ മാറ്റത്തോടെ 288 അംഗ നിയമസഭയിൽ ഏകനാഥ് ഷിൻഡെ സർക്കാരിന് 204 അംഗങ്ങളുടെ പിന്തുണയായി. 2022 ജൂൺ 30നാണ് ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപ-മുഖ്യമന്ത്രിയുമായി മഹാരാഷ്ട്രയിലെ എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയത്.
നിയമസഭയിലെ അയോഗ്യത ഒഴിവാക്കുന്നതിനായി എൻ.സി.പിയുടെ ആകെയുള്ള 53 എം.എൽ.എമാരിൽ 40 പേരുടെ പിന്തുണ അജിത് പവാർ ഉറപ്പിച്ചുകഴിഞ്ഞു.[8]
2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അഥവാ എൻ.സി.പി എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ഉപയോഗിക്കാം. മഹാരാഷ്ട്രയിലെ എൻ.സി.പിയിൽ ആകെയുള്ള 87 ജനപ്രതിനിധികളിൽ 57 പേരും നിലവിൽ അജിത് പവാറിനൊപ്പമാണ്. ആറ് മാസം നീണ്ട് നിന്ന ഹിയറിംഗിന് ശേഷമാണ് കമ്മീഷൻ്റെ തീരുമാനം വന്നത്.[9][10]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : സുനേത്ര
- മക്കൾ :
- പാർത്ഥ്
- ജയ്
അവലംബം
[തിരുത്തുക]- ↑ എൻ.സി.പി പിളർന്നു, അജിത് പവാർ ഉപ-മുഖ്യമന്ത്രി
- ↑ ശിവസേനയ്ക്ക് പിന്നാലെ എൻ.സി.പിയും
- ↑ അജിത് പവാർ
- ↑ പവാർ തന്ത്രങ്ങളുടെ തലമുറമാറ്റം
- ↑ നിങ്ങൾക്ക് 83 വയസായിട്ടും നിർത്താറായില്ലേ...? ശരദ് പവാറിനോട് അജിത്
- ↑ മഹാരാഷ്ട്രയിൽ രണ്ടാം പവാർ പ്ലേ
- ↑ ഉപ-മുഖ്യമന്ത്രി അജിത് പവാറിന് ധനകാര്യ, പ്ലാനിംഗ് വകുപ്പിൻ്റെ ചുമതല
- ↑ സുനിൽ തത്കരെ എൻ.സി.പി അജിത് വിഭാഗത്തിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷൻ
- ↑ അജിത് പവാർ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
- ↑ ശരദ് പവാറിൻ്റെ പാർട്ടി ഇനി എൻ.സി.പി(ശരത്ചന്ദ്ര പവാർ വിഭാഗം)