പുരാതന ഗ്രീസിലെ പന്ത്രണ്ടു അക്കിയ നഗരരാഷ്ട്രങ്ങളുടെ ഒരു രാഷ്ട്രീയസഖ്യമാണ് അക്കിയൻ ലീഗ്. അക്കിയ, ഹെലൈക്ക്, ഒലിനോസ്, പാറ്റ്റായി, ഡൈം, ഫറായ്, ലിയോൻഷൻ, അയഗീര, പെല്ലനെ, അയ്ഗിയോൺ ബ്യൂറ, കെറിനിയ, ട്രിറ്റിയ എന്നിവയായിരുന്നു ലീഗിലെ അംഗരാഷ്ട്രങ്ങൾ. വിദേശീയാക്രമണങ്ങളെ സംഘടിതമായി എതിർത്തു തങ്ങളുടെ നഗര രാഷ്ട്രങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഈ രാഷ്ട്രീയസംഖ്യത്തിന്റെ പ്രധാന ലക്ഷ്യം. പിന്നീട് അതു നഗരരാഷ്ട്രങ്ങളുടെ ഒരു വിശാല സഖ്യം (Confede-ration) ആയി പരിണമിച്ചു. ബി.സി. 280-നോടുകൂടി രാജ്യതന്ത്രജ്ഞനും സൈന്യാധിപനുമായ അരത്തൂസിന്റെ ശ്രമഫലമായി ഈ രാഷ്ട്രീയസഖ്യം പ്രബലമായിത്തീർന്നു. മറ്റു പല നഗരരാഷ്ട്രങ്ങളും അക്കീയൻ ലീഗിലെ അംഗരാഷ്ട്രങ്ങളായി. ഫെഡറൽ ഭരണകൂടത്തിന്റെ സ്വഭാവം ഈ രാഷ്ട്രസംഘടനയ്ക്കു നൽകുന്നതിലും അരത്തൂസ് നിർണായകമായ പങ്കു വഹിച്ചിരുന്നു. ആഭ്യന്തരകാര്യങ്ങളിൽ സ്വതന്ത്രമായിരുന്ന ഓരോ അംഗരാഷ്ട്രത്തിനും വിദേശനയം, യുദ്ധം എന്നിവയിൽ ചില പരിമിതികൾ ഉണ്ടായിരുന്നു. കേന്ദ്രഭരണകൂടം ജനകീയഭരണസമ്പ്രദായത്തെ അംഗീകരിച്ചിരുന്നു. അംഗരാഷ്ട്രപ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സഭയും മന്ത്രിസഭയും ഈ രാഷ്ട്രീയ സഖ്യത്തിന്റെ പ്രത്യേകതകളായിരുന്നു. പ്രതിനിധി സഭ ഓരോ നഗരരാഷ്ട്രത്തിലും ക്രമത്തിൽ മാറിമാറി സമ്മേളിക്കുന്ന പതിവും നിലവിൽ വന്നു. ഏകീകൃത നാണ്യവ്യവസ്ഥിതി തുടങ്ങിയ ഫെഡറൽ ഭരണസംവിധാനത്തിന്റെ പല സ്വഭാവങ്ങളും ഈ സഖ്യത്തിനുണ്ടായിരുന്നു.
മാസിഡോണിയൻ ആക്രമണങ്ങളെ ഒരു നൂറ്റാണ്ടു കാലത്തോളം ചെറുത്തുനില്ക്കാൻ ഇതിന് കഴിഞ്ഞതു സംഘടിതമായി ഉറച്ചുനിന്നതുകൊണ്ടാണ്. ഏതാണ്ട് 2 ശതബ്ദക്കാലം ഈ സഖ്യം പ്രാബല്യത്തിൽ ഇരുന്നു. റോമാക്കാരുടെ ഹിതത്തിനു വിപരീതമായി സ്പാർട്ടയുമായി നടന്ന യുദ്ധത്തിൽ (ബി.സി. 150) ഈ രാഷ്ട്രീയസഖ്യത്തിലെ സേനകൾ പരാജയമടയുകയും കാലാന്തരത്തിൽ ഈ രാഷ്ട്രങ്ങൾ മുഴുവൻ റോമാസാമ്രാജ്യത്തിൽ ലയിക്കുകയും ചെയ്തു. ബി.സി. 146-ൽ റോമൻ സൈന്യാധിപനായ ലൂഷിയസ് മമ്മിയസ് കോറിന്തിനു സമീപംവച്ചു സഖ്യസേനയെ നിശ്ശേഷം പരാജയപ്പെടുത്തിയതോടെ അക്കീയൻ ലീഗ് നാമാവശേഷമായി.[1][2]