Jump to content

അക്കാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാബിലോണിയൻ നാഗരികതയുടെ സിരാകേന്ദ്രമായിരുന്ന ഭൂവിഭാഗം. ഇന്നത്തെ ഇറാക്കിന്റെ വടക്കൻ പ്രദേശങ്ങളിൽ ടൈഗ്രീസ് -- യൂഫ്രട്ടീസ് നദീതടങ്ങൾ മുതൽ ബാഗ്ദാദ് വരെയുള്ള പ്രദേശങ്ങൾ അക്കാദ് എന്ന പേരിലും തെക്കൻ പ്രദേശങ്ങൾ സുമർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.[1]

ഈ രണ്ടു ഭൂവിഭാഗങ്ങളും ഉൾപ്പെട്ടിരുന്ന പുരാതന രാജ്യത്തിലെ നാടുവാഴികൾ സുമറിലേയും അക്കാദിലേയും രാജാക്കന്മാർ എന്നാണ് ബി.സി. 2000 മുതൽ സ്വയം വിളിച്ചിരുന്നത്. ബി.സി. 2300-നോടടുപ്പിച്ച് സെമിറ്റിക് രാജാവായ സാർഗൺ ഒന്നാമൻ അഗാദേ നഗരം സ്ഥാപിച്ചു. ഈ പേരിൽ നിന്നാണ് അക്കാദ് എന്ന നാമത്തിന്റെ നിഷ്പത്തി എന്ന് ചരിത്ര ഗവേഷകർ അനുമാനിക്കുന്നു. ബാബിലോൺ, കിഷ്, ബോർസിപ്പ, കൂത്താഹ്, എഷുണ്ണ, സിപ്പാർ, അക്ഷക് തുടങ്ങിയ ബാബിലോണിയൻ നാഗരികതകളുടെ പ്രഭവസ്ഥാനങ്ങളെല്ലാം അക്കാദിൽ ഉൾപ്പെട്ടിരുന്നു.[2]

സെമിറ്റിക് ജനവിഭാഗങ്ങളാണ് ഇവിടെ അതിപ്രാചീനകാലം മുതൽ താമസിച്ചുവരുന്നത്. അവർ സംസാരിച്ചിരുന്നത് സെമിറ്റിക് ഭാഷാഗോത്രത്തിൽപ്പെട്ട അക്കേദിയൻഭാഷയായിരുന്നു. ഇന്നും ഈ ഭാഷ ഇതേ പേരിൽതന്നെയാണ് അറിയപ്പെടുന്നത്.

ബൈബിൾ പഴയ നിയമം ഈ നഗരത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. (ഉത്പത്തിപുസ്തകം 10.10) ബി.സി. 1125-നോടടുത്ത് ഈ നഗരം പ്രസിദ്ധിയാർജിച്ചുതുടങ്ങി. സെമിറ്റിക് ജനതയാണ് ഈ നഗരത്തെ സമ്പന്നമാക്കിയതിൽ പ്രധാന പങ്കു വഹിച്ചത്. ചരിത്രത്തിൽ സ്ഥാനം പിടിച്ച ആദ്യത്തെ സാമ്രാജ്യം സൃഷ്ടിച്ചതും സെമിറ്റിക് ജനതയാണ്. കാലഗണന, തൂക്കവും അളവും, കട്ടയിൽ കൊത്തിയ അക്ഷരങ്ങൾ, വ്യാപാരരീതികൾ, ശില്പവിദ്യ തുടങ്ങിയവ സുമേരിയൻ സംസ്കാരത്തെ ഉച്ചപദവിയിൽ എത്തിച്ചു. ഭൂമിശാസ്ത്രപരമായി ഇതിന്റെ കിടപ്പുകൊണ്ട് ഇത് വമ്പിച്ച ഒരു വാണിജ്യകേന്ദ്രമായിത്തീർന്നു.[3]

അവലംബം

[തിരുത്തുക]
  1. http://history-world.org/akkadians.htm Archived 2008-05-22 at the Wayback Machine. Akkad and the Akkadians of Mesopotamia (Ancient Akkad)
  2. http://lexicorient.com/e.o/akkad.htm Archived 2010-12-16 at the Wayback Machine. Akkad
  3. http://www.infoplease.com/ce6/history/A0802950.html#axzz0xguK7Nkn Akkad

പുറംകണ്ണികൾ

[തിരുത്തുക]
  • ചിത്രങ്ങൾ [1]
  • ഭൂപടങ്ങൾ [2]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കാദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കാദ്&oldid=3622488" എന്ന താളിൽനിന്ന് ശേഖരിച്ചത്