അകിടുവീക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകിടുവീക്കം ബാധിച്ച പശുവിന്റെ അകിട്

കറവപ്പശുക്കളിൽ ഉണ്ടാകാറുള്ള ഒരു രോഗമാണ്‌ അകിടുവീക്കം (ഇംഗ്ലീഷിൽ:Mastitis). എല്ലാ രാജ്യങ്ങളിലുമുള്ള പശുക്കൾക്ക് ഈ രോഗം ബാധിക്കാറുണ്ട്. ചെമ്മരിയാടുകളിലും കോലാടുകളിലും ഈ രോഗം ഉണ്ടാകാം. കൂടുതൽ കറവയുള്ള പശുക്കളിലാണ് ഈ രോഗം അധികമായി കണ്ടുവരുന്നത്.

രോഗാണുക്കൾ[തിരുത്തുക]

സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ എന്ന ബാക്ടീരിയയുടെ ചിത്രം

ഒന്നോ അതിലധികമോ തരം രോഗാണുക്കളുടെ ആക്രമണം മൂലം രോഗമുണ്ടാകുന്നു. രോഗബാധയ്ക്കു കാരണമാകുന്ന പ്രധാനപ്പെട്ട രോഗാണുക്കൾ ഇവയാണ്.

 1. സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ (Streptococcus agalactiae)[1]
 2. സ്ട്രെപ്റ്റോകോക്കസ് ഡിസ്അഗലാക്ടിയേ (S.disagalatiae)
 3. സ്ട്രെപ്റ്റോകോക്കസ് യൂബെറിസ് (S.ubeiris)
 4. സ്ട്രെപ്റ്റോകോക്കസ് പയോജനിസ് (S.pyogenes),
 5. സ്ഫൈലോകോക്സൈ (Sphylococci)
 6. മൈക്രോബാക്റ്റീരിയം ടൂബർക്കുലോസിസ് (Microbacterium tuberculosis)
 7. ഫ്യൂസിഫോർമിസ് നെക്രോഫോറസ് (Fusiformes necrophorus).

ഇവയിൽ സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ എന്ന രോഗാണുവാണ് 80 ശതമാനത്തിലധികം രോഗബാധയ്ക്കും കാരണം. രോഗത്തെ തീവ്രതയനുസരിച്ച് ഉഗ്രം (acute), മിതോഗ്രം (Suvacute), മന്ദം (chronic) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

ലക്ഷണങ്ങൾ[തിരുത്തുക]

രോഗം ബാധിച്ച പശുവിന്റെ പാലും(ഇടത്ത്) രോഗമില്ലാത പശുവിന്റെ പാലും(വലത്ത്)

അകിടിലും മുലക്കാമ്പുകളിലുമുണ്ടായേക്കാവുന്ന മുറിവുകളിലൂടെയാണ് രോഗാണുക്കൾ ഉള്ളിലേക്കു കടക്കുന്നത്. അകിടിൽ നീരുവന്നു വീർക്കുകയാണ് ആദ്യലക്ഷണം. ക്രമേണ അകിടിലെ സംയോജകപേശികൾ വർദ്ധിച്ച് അകിടു കല്ലിച്ചുപോകുന്നു. ഇത്തരം അകിടുവീക്കത്തിനു ചിലദിക്കുകളിൽ കല്ലകിട് എന്നു പറയാറുണ്ട്. പാലിൽ ആദ്യമായിക്കാണുന്ന മാറ്റം (സൂക്ഷിച്ചുനോക്കിയാൽ പോലും വളരെ വിഷമിച്ചു മാത്രമേ മനസ്സിലാക്കാൻ കഴിയൂ) കുറച്ചു പാടത്തരികളുടെ ആവിർഭാവമാണ്. ക്രമേണ പാല് മഞ്ഞനിറമാകുകയും മഞ്ഞവെള്ളവും പിരിഞ്ഞ പീരയുമായി മാറുകയും ചെയ്യും. ചിലപ്പോൾ ചോരയും കണ്ടേക്കാം.[2]

സ്ഫൈലോകോക്സൈ രോഗാണുക്കൾ 5 ശതമാനത്തോളം അകിടുവീക്കങ്ങൾക്കു കാരണമാകുന്നു. അകിട് ആദ്യഘട്ടത്തിൽ ചുവന്നു ചൂടുള്ളതായിരിക്കും; പാല് ആദ്യം വെള്ളം പോലെയും രക്തം കലർന്നതും ദുർഗന്ധമുള്ളതും ആയിരിക്കും. ഒന്നു രണ്ടു ദിവസങ്ങൾക്കകം അകിട് പഴുക്കുകയും പാലിനു പകരം ചലം വരികയും ചെയ്യും.

രോഗത്തിന്റെ ബാഹ്യസ്വഭാവവും രോഗകാരണങ്ങളായ അണുപ്രാണികളും വ്യത്യസ്തങ്ങളാകാമെങ്കിലും അകിട് വീങ്ങുകയും പാലിൽ മാറ്റങ്ങളുണ്ടാവുകയുമാണ് അകിടുവീക്കത്തിന്റെ അടിസ്ഥാന ലക്ഷണങ്ങൾ.

പ്രതിരോധ മാർഗ്ഗങ്ങൾ[തിരുത്തുക]

അകിടു വൃത്തിയായി സൂക്ഷിക്കുക, അകിടിൽ മുറിവും പോറലും വരാതെ നോക്കുക, തൊഴുത്തും പരിസരങ്ങളും ശുചിയായി വയ്ക്കുക എന്നിവ രോഗപ്പകർച്ചയ്ക്കുള്ള സാധ്യതകളെ കുറയ്ക്കും. കറവക്കാരുടെ കൈകൾ കറവയ്ക്കുമുമ്പും പിമ്പും രോഗാണുനാശിനികളെക്കൊണ്ടു കഴുകുന്നതിലും കറവ കഴിഞ്ഞാൽ അകിടു കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിലും ശ്രദ്ധിക്കണം.അകിട് നെർത്ത പൊട്ടാസ്യം പെർമാംഗനെറ്റ് ലായനി കൊണ്ട് കഴുകി വൃത്തി ഉള്ള തുണി ഉപയൊഗിച്ചു തുടക്ക്നം. അകിടുവീക്കം നിയന്ത്രിക്കുന്നതിന് ശുചിത്വം ഒരു പ്രധാന ഘടകമാണ്.

രോഗമുള്ള പശുക്കളെ പ്രത്യേകം മാറ്റി നിർത്തി കറക്കുകയോ അവസാനം കറക്കുകയോ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ മറ്റു പശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അകിടിലെ പാൽ മുഴുവനും കറക്കാതെ കെട്ടി നിൽക്കുകയാണെങ്കിൽ അകിടുവീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കറവ വറ്റുന്ന സമയത്ത് പ്രത്യേകമായി നിർമിച്ചിട്ടുള്ള മരുന്നുകൾ കാമ്പിനുള്ളിൽ ഉപയോഗിക്കുന്നതുവഴി അകിടുവീക്കം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.

രോഗകാരണങ്ങൾ[തിരുത്തുക]

മിക്ക പശുക്കളിലും പ്രസവത്തോടനുബന്ധിച്ചോ അതിന് ഒരാഴ്ച മുമ്പോ പിമ്പോ ആണ് അകിടുവീക്കം കൂടുതലായി കാണുന്നത്. ഈ സമയത്ത് തൊഴുത്തും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വിസർജ്ജ്യങ്ങൾ യഥാസമയം മാറ്റാതെ വരുമ്പോൾ അതിനു പുറത്ത് പശു കിടക്കാനിടയാകുകയും മുലക്കാമ്പുകൾ വഴി രോഗാണുക്കൾ കടന്ന് രോഗമുണ്ടാകുകയും ചെയ്യും.

ചികിത്സ[തിരുത്തുക]

രോഗമുണ്ടെന്നു സംശയം തോന്നുന്ന പശുക്കളെ ഉടൻതന്നെ വിദഗ്ദ്ധമായ ചികിത്സയ്ക്കു വിധേയമാക്കണം. പെനിസിലിൻ, സ്ട്രെപ്റ്റോമൈസിൻ, ആറിയോമൈസിൻ, ജെന്റാമൈസിൻ, ക്ളോറാംഫിനിക്കോൾ, എന്റോഫ്ളോക്സാഡിൻ, അമോക്സിസില്ലിൻ, ക്ളോക്സാസില്ലിൻ മുതലായ ആന്റിബയോട്ടിക്കുകളും സൽഫാ മരുന്നുകളും ഫലപ്രദമായ പ്രതിവിധികളാണ്. എ,ഇ എന്നീ ജീവകങ്ങൾ, മറ്റു ധാതുലവണങ്ങൾ എന്നിവ നൽകുന്നത് രോഗസാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

രോഗനിർണ്ണയം[തിരുത്തുക]

പാലിലെ പാടത്തരികൾ ആദ്യമേ കണ്ടെത്തുവാൻ സഹായിക്കുന്ന സ്ട്രിപ്പ്കപ്പ് (Strip cup), പ്രത്യേക ഡൈ(Dye)കളിൽ പാൽ ഉണ്ടാക്കുന്ന വർണവ്യത്യാസങ്ങളിൽ നിന്നും രോഗബാധ നിർണയിക്കുവാൻ സഹായിക്കുന്ന 'മാസ്റ്റൈറ്റിസ് കാർഡുകൾ' എന്നിവ പൊതുവായ രോഗനിർണയത്തിനുള്ള ഉപാധികളാണ്. സൂക്ഷ്മദർശനികൊണ്ടുള്ള പരിശോധനയിൽ മാത്രമേ രോഗകാരികളായ അണുപ്രാണികളെ മനസ്സിലാക്കാൻ സാധിക്കുകയുള്ളു.

കാലിഫോർണിയൻ മാസ്റ്റൈറ്റിസ് ടെസ്റ്റ് എന്ന ടെസ്റ്റ് വഴി ഒരു പ്രത്യേക ലായിനി ഉപയോഗിച്ച് പാൽ പരിശോധിക്കുന്നത് അകിടുവീക്കം തുടക്കത്തിലേ തന്നെ മനസ്സിലാക്കാൻ സഹായിക്കും. ഇത് കർഷകർക്ക് സ്വന്തമായി വീടുകളിൽ ചെയ്യാൻ കഴിയുന്ന ഒരു പരിശോധനാരീതിയാണ്. തുടക്കത്തിലേ രോഗബാധ ഉണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞാൽ ചികിത്സാപ്രയോഗങ്ങൾ വിജയകരമായിത്തീരുകയും അസുഖം മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുവാൻ കഴിയുകയും ചെയ്യും. യഥാർഥ അണുപ്രാണികളെ മനസ്സിലാക്കാൻ കഴിഞ്ഞാൽ അതിനെതിരെയുള്ള കൃത്യമായ മരുന്നുപയോഗിച്ച് ചികിത്സ വളരെ ഫലപ്രദമാക്കിത്തീർക്കാൻ സാധിക്കും.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Teat Disinfection Facts". NMC. മൂലതാളിൽ നിന്നും 2010-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 February 2010. Archived 2010-02-03 at the Wayback Machine.
 2. Department of Animal Science. "Mastitis in Dairy Cows" (PDF). MacDonald Campus of McGill University. മൂലതാളിൽ (PDF) നിന്നും 2003-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 February 2010. Archived 2003-07-08 at the Wayback Machine.

തുടർ വായനയ്ക്ക്[തിരുത്തുക]

 • Harmon, R. J. 1994. Physiology of mastitis and factors affecting somatic cell counts. J. Dairy Sci. 77:2103-2112.
 • Jones, G. M., R. E. Pearson, G. A. Clabaugh, and C. W. Heald. 1984. Relationships between somatic cell counts and milk production. J. Dairy Sci. 67:1823-1831.
 • Myllys, V., and H. Rautala. 1995. Characterization of clinical mastitis in primiparous heifers. J. Dairy Sci. 78:538-545.
 • National Mastitis Council. 1996. Current Concepts of Bovine Mastitis, 4th ed., Arlington, VA.
 • Fox LK et al. Survey of intramammary infections in dairy heifers at breeding age and first parturition. J Dairy Sci. 78; 1619-1628, 1995.
 • Hallberg JW et al. The visual appearance and somatic cell count of mammary secretions collected from primigravid heifers during gestation and early postpartum. J Dairy Sci. 78; 1629-1636.
 • Hogan JS et al. Efficacy of an Escherichia coli J5 bacterin administered to primigravid heifers. J Dairy Sci. 82; 939-943, 1999.
 • Nickerson SC. Mastitis and its control in heifers and dry cows. International Symposium on Bovine Mastitis. Indianapolis, IN, September, 1990. pp 82-91.
 • Nickerson SC et al. Mastitis in dairy heifers: Initial studies on prevalence and control. J Dairy Sci. 78;1607-1618, 1995.
 • Nickerson SC et al. Efficacy of s Staphylococcus aureus bacterin in dairy herifers. An update. Proceeding of the Nat Mastitis Council Meeting. 295-6, 1998.
 • Sears PM and Wilson DJ. Heifer mastitis. Bov Practitioner 28; 56-58, 1994.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകിടുവീക്കം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകിടുവീക്കം&oldid=3777872" എന്ന താളിൽനിന്ന് ശേഖരിച്ചത്