അകാലജനനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അകാലജനനം
സ്പെഷ്യാലിറ്റിപീഡിയാട്രിക്സ് Edit this on Wikidata

ഗർഭകാലം പൂർത്തിയാകുന്നതിനുമുമ്പ് ഉണ്ടാകുന്ന ജനനം. മനുഷ്യരിൽ ഗർഭകാലം 280 ദിവസം (40 ആഴ്ച) ആണ്. 37 ആഴ്ചയ്ക്ക് മുൻപ് ജനിക്കുന്നതിനു അകാല ജനനം എന്നു പറയാവുന്നതാണ്. ഇങ്ങനെ ജനിക്കുന്ന ശിശുക്കൾക്കു പ്രായേണ 2,500 ഗ്രാമിൽ (5.1/2 റാത്തൽ) കുറവായിരിക്കും തൂക്കം. ഈ ശിശുക്കൾക്ക് ഗർഭാശയത്തിനു വെളിയിലുള്ള പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് കുറവായിരിക്കും. ലോകത്ത് ഇന്ന് നടക്കുന്ന പ്രസവങ്ങളിൽ 7-12 ശ.മാ. വരെ അകാല ജനനങ്ങളാണ്.

അകാലജനനകാരണങ്ങൾ[തിരുത്തുക]

മാതാവിന്റെ പ്രായം 20ൽ താഴെയോ 35-ന് മുകളിലോ ആണെങ്കിൽ അകാലജനനത്തിനുള്ള സാധ്യത കൂടുതലാണ്. ഒരേ പ്രസവത്തിൽ ഒന്നിലേറെ ശിശുക്കൾ ഉണ്ടാകുമ്പോഴും ഇത് സാധാരണമാണ്. രണ്ടു വർഷത്തിൽ ഒന്നിലേറെ പ്രസവം ഉണ്ടാകുമ്പോഴും ആറു വർഷത്തിലേറെ ഇടവിട്ടു പ്രസവം ഉണ്ടാകുമ്പോഴുമാണ് അകാലജനനത്തിനു കൂടുതൽ സാധ്യത. രക്തക്കുറവ്, താഴ്ന്ന ജീവിതനിലവാരം, പോഷകാഹാരക്കുറവ്, പുകവലി, മയക്കു മരുന്നുകളുടെ ഉപയോഗം, പ്രമേഹം, രക്താതിസമ്മർദം, രക്തസ്രാവം ഇവയെല്ലാം അകാലജനനത്തിനു ഹേതുവാകാറുണ്ട്.

ഗർഭിണിയുടെ ശരീരത്തിൽ ശക്തിയായ ഇളക്കം തട്ടുമ്പോൾ ശർഭാശയത്തിലെ ആമ്നിയോട്ടിക് മെമ്പ്രെയിൻ (Amniotic memberane) പൊട്ടി ആമ്നിയോട്ടിക് ഫ്ളൂയിഡ് (A.fluid) എന്ന ദ്രാവകം നഷ്ടപ്പെടുന്നു. ഇക്കാരണത്താൽ പ്രസവം ത്വരിതപ്പെടുകയും ശിശുക്കൾ അകാലത്തു ജനിക്കുകയും ചെയ്യുന്നു.[1][2]

കാലിൽ നീര്, രക്തസമ്മർദത്തിന്റെ വർദ്ധനവ്, ഇടയ്ക്കിടക്കു രക്തംപോക്ക് (Antepartum haemorrhage) തുടങ്ങിയ അസുഖങ്ങൾ ബാധിക്കുന്നതിന്റെ ഫലമായി പ്രസവം ത്വരിതപ്പെടുകയും അകാലജനനം ഉണ്ടാവുകയും ചെയ്യുന്നു.[3] ശ്രോണീമേഖല വേണ്ടവിധത്തിൽ വികാസം പ്രാപിക്കാത്തവരിൽ (contracted pelvis) ഗർഭം പൂർത്തിയാകാനനുവദിക്കാതെ പ്രസവം ത്വരിതപ്പെടുത്തുന്നതിന്റെ (Induction) ഫലമായും അകാലജനനം ഉണ്ടാകുന്നു.[4] ഗർഭാശയത്തിന്റെ വളർച്ചയിൽ ഉള്ള പോരായ്മകൾ, ഗർഭാശയ മുഴകൾ, ഗർഭാശയമുഖത്തു ചെയ്യുന്ന ചില ശസ്ത്രക്രിയകൾ, ഗർഭാശയത്തിലും യോനിയിലുമുള്ള അണുബാധ എന്നിവയും ശക്തമായ കാരണങ്ങളാണ്.

പ്രീ എക്ളാംപ്ടിക് ടോക്സീമിയ (Pre Eclamptic toxemia),[5] അനീമിയ (Anaemia),[6] ആക്സിഡെന്റൽ ഹെമറേജ് (Accidental haemorhage),[7] എക്ലാംപ്സിയ (Eclampsia),[8] ഹൃദ്രോഗങ്ങൾ, ഇൻഫെക്റ്റീവ് ഹെപ്പാറ്റൈറ്റിസ് (Infective hepatitis),[9] യൂറിനറി ഇൻഫെക്ഷൻ (Chronic renal disease),[10] റെസ്പിറേറ്ററി ഇൻഫെക്ഷൻ (Respiratory Infection),[11] ഹൈഡ്രാമ്നിയോസ്, അപസ്മാരം (Epilepsy),[12] പ്രമേഹം (Diabetes), തൈറോടോക്സിക്കോസിസ് (Thyrotoxicosis),[13] ക്ഷയം മുതലായ രോഗങ്ങളുള്ളവർക്ക് ഗർഭം പൂർത്തിയാക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. അതിനാൽ പ്രസവം വിദഗ്ദ്ധമായി ത്വരിതപ്പെടുത്തേണ്ടിവരും. അങ്ങനെയും അകാലജനനം സംഭവിക്കാം.

അകാലജനനം പ്രവചിക്കാനുള്ള മാർഗങ്ങൾ[തിരുത്തുക]

അകാലജനനം പ്രവചിക്കാനുള്ള മാർഗങ്ങൾ. അകാല ജനനത്തിന് സാധ്യതയുണ്ടോ എന്നറിയാൻ പല പരിശോധനകളും ഉണ്ട്. അൾട്രാസൌണ്ട് സ്കാനിംഗ് (Ultrasound scanning) വഴി ഗർഭാശയകവാടത്തിന്റെ നീളവും വികാസവും അളക്കുക, ഗർഭാശയത്തിന്റെ സങ്കോചവികാസങ്ങൾ (contractions) പ്രത്യേക ഉപകരണം കൊണ്ട് മനസ്സിലാക്കുക, യോനീ സ്രവത്തിൽ ഫീറ്റൽ ഫൈബ്രോനെക്റ്റിൻ (Foetal Fibronectin), സൈറ്റോകൈനുകൾ (Cyto kines), ഇന്റർ ലൂട്ടിൻ (Inter leutin) തുടങ്ങിയ വസ്തുക്കൾ ഉണ്ടോ എന്നുള്ള പരിശോധന തുടങ്ങിയ പല മാർഗങ്ങളും അകാലജനനത്തിന്റെ സാധ്യത കണ്ടുപിടിക്കാൻ സഹായിക്കും. എന്നാൽ ഈ പരിശോധനകളൊന്നും തന്നെ 100 ശ.മാ. വിശ്വാസയോഗ്യമല്ല.

അകാലജനിതശിശു.[തിരുത്തുക]

ശിശുവിന്റെ തൊലി വളരെ നേർമയുള്ളതായിരിക്കും. ശരീരത്തിൽ 'ലാനുഗോ' (Lanugo) എന്നു പറയപ്പെടുന്ന രോമം ധാരാളം ഉണ്ടായിരിക്കും.[14] തൊലി ചുക്കിച്ചുളിഞ്ഞിരിക്കും. ശിശു മിക്കവാറും അനങ്ങാതെ കിടന്നുറങ്ങും. തൂക്കവും നീളവും കുറവായതിനാൽ തലയോടിന്റെ വലിപ്പം കുറഞ്ഞിരിക്കും. ശ്വാസകോശങ്ങൾ, വൃക്കകൾ, കരൾ ഇവയ്ക്കു വേണ്ടത്ര വളർച്ച ലഭിക്കാത്തതിനാൽ ദേഹത്തിന്റെ താപനില നിലനിർത്താനും രോഗങ്ങൾ തടയാനുമുള്ള ശേഷി കുറഞ്ഞിരിക്കും. അകാലജനിത ശിശുക്കളെ പരിമിതമായ ആരോഗ്യ സംരക്ഷണസൗകര്യം മാത്രമുള്ള വീടുകളിൽവച്ച് ശുശ്രൂഷിച്ചാൽ പോരാ. ഇതിനുവേണ്ടി പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേകം ഇൻകുബേറ്ററുകൾ സജ്ജമായിരിക്കും.

ഇൻകുബേറ്ററിൽ വളർത്തുമ്പോൾ ശിശുവിന്റെ ശരീരത്തിലെ താപം നിലനിർത്തുക, പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണം ക്രമമനുസരിച്ച് കൊടുക്കുക, രോഗസംക്രമണം തടയുക തുടങ്ങിയവയാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ജനനത്തിനുശേഷം 24 മുതൽ 48 മണിക്കൂർ വരെ ഒന്നും കൊടുക്കേണ്ടതില്ല. ചിലപ്പോൾ ചില ശിശുക്കൾ കരയുകയും കൈവിരൽ കുടിക്കാൻ നോക്കുകയും മുലപ്പാൽതനിയെ നുകർന്നു കുടിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നപക്ഷം, അമ്മയുടെ പാൽ ബ്രെസ്റ്റ് പമ്പ് (Breast pump) ഉപയോഗിച്ച് എടുത്തു ശിശുവിന് ഡ്രോപ്പർകൊണ്ടു കൊടുക്കാവുന്നതാണ്.[15] ചില കുട്ടികൾക്കു പാൽ കൊടുക്കുന്നതിന്റെ ഫലമായി ശ്വാസംമുട്ടൽ വന്നു മരണത്തിനിടയാകാറുണ്ട്. ഭക്ഷണത്തിൽ കാൽസ്യം, ഫോസ്ഫറസ്, ജീവകം സി, കെ എന്നിവ അത്യാവശ്യമാണ്. പശുവിൻപാലും വെള്ളവും തുല്യമായി ചേർത്തു നാലാമത്തെ ദിവസം രണ്ടോ നാലോ മണിക്കൂർ ഇടവിട്ടു കൊടുക്കാം. റ്റ്യൂബ് വഴിയാണെങ്കിൽ 4 മണിക്കൂർ ഇടവിട്ടുമാത്രം കൊടുത്താൽമതി. വലിച്ചുകുടിക്കാത്ത ശിശുക്കൾക്കു പിപ്പറ്റും വലിച്ചു കുടിക്കുന്ന ശിശുക്കൾക്ക് കുപ്പിയും ഉപയോഗിക്കാം. ശിശുവിനു പൂർണവളർച്ചയില്ലാത്തതിനാൽ താപം നിലനിർത്തുന്നതിന് കൃത്രിമമായി 36.88°c ചൂട് ഇൻകുബേറ്ററിനകത്ത് ഉണ്ടാക്കിയിരിക്കണം. താപം നിലനിർത്താൻ ചൂടുവെള്ളം നിറച്ച കുപ്പികൾ പ്രധാനമായി ശിശുക്കളുടെ കിടക്കയുടെ പ്രത്യേക അറകളിൽ സൂക്ഷിക്കാനുള്ള സജ്ജീകരണം ഉണ്ടായിരിക്കണം. 50-60 ശ.മാ. ആർദ്രതയും വേണം. ശിശുവിന്റെ ശരീരത്തിന്റെ തൂക്കം വർദ്ധിക്കുന്നതോടെ ഇൻകുബേറ്ററിലെ ആർദ്രതയും താപവും കുറയ്ക്കാം.

ശിശുവിനു ശ്വാസോച്ഛ്വാസം ചെയ്യാൻ കഴിയാത്തതിനാൽ ഓക്സിജൻ നിയന്ത്രിതമായി കൊടുക്കണം. അനിയന്ത്രിതമായി ഓക്സിജൻ കൊടുക്കുന്നതായാൽ ശിശുവിനു പിന്നീട് റിട്രോപ്ളാസെന്റൽ ഫൈബ്രോപ്ളാസിയ (Retroplacental fibroplasia) എന്ന രോഗം കണ്ണിനകത്തുണ്ടാകാനിടയുണ്ട്.[16] ശിശുവിനെ വളരെ നേരിയ ഉടുപ്പു ധരിപ്പിക്കണം. ഫ്ളാനൽകൊണ്ടോ കമ്പിളികൊണ്ടോ ഉള്ള ഒറ്റവസ്ത്രങ്ങൾ ധരിപ്പിക്കുന്നതാണ് നല്ലത്. രോഗമുള്ള ശിശുക്കളെ മാറ്റി പ്രത്യേക ഇൻകുബേറ്ററിൽ കിടത്തി ശുശ്രൂഷിക്കണം. 2 കി.ഗ്രാമോളം തൂക്കമുള്ള ശിശുക്കളെ കുളിപ്പിക്കാം. അതിൽ കുറഞ്ഞവരെ തുണിമുക്കി തുടയ്ക്കുന്നതാണ് നല്ലത്. 2000 യൂണിറ്റ് ജീവകം ഡി-യും 50 മി.ഗ്രാം ജീവകം സി-യും 50 മി.ഗ്രാം ജീവകം എ-യും പാലിൽ പാകത്തിനു ചേർത്തുകൊടുക്കണം. ജീവകം കെ കുത്തിവയ്ക്കാം; പ്രസവിച്ച ഉടനെ 1-2 മി.ഗ്രാം കൊടുക്കാവുന്നതാണ്. മുമ്മൂന്നു മണിക്കൂർ ഇടവിട്ട് ശിശുവിനെ എടുത്ത് വശം മാറ്റി കിടത്തേണ്ടതാവശ്യമാണ്. ഭക്ഷണം റ്റ്യൂബ് വഴി കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിദഗ്ദ്ധ പരിചരണത്തിനു വിധേയരായി പൂർണവളർച്ച പ്രാപിക്കുന്ന ശിശുക്കൾ ചൊടിയും ചുറുചുറുക്കമുള്ളവരായി വളരുന്നു. ഒരു ചെറിയ ശ.മാ. കുഞ്ഞുങ്ങൾക്ക് വളർന്നു കഴിഞ്ഞിട്ടും ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം.

അകാലജനനം എങ്ങനെ തടയാം[തിരുത്തുക]

അമ്മമാരുടെ ആരോഗ്യം സംരക്ഷിക്കുകയും രോഗങ്ങൾ ചികിത്സിക്കുകയും ചെയ്താൽ അകാലജനനം ഒരു പരിധിവരെ തടയാം. പ്രസവവേദന തുടങ്ങിയാൽ തന്നെ കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ വരെ അകാല ജനനം തടയാൻ ഉതകുന്ന മരുന്നുകൾ ഉണ്ട്. ഐസോക്സുപ്രിൻ (Isoxsuprin),[17] ടെർബ്യുടലിൻ (terputalin),[18] റിടോഡ്രിൻ (retodrin) തുടങ്ങിയവയാണ് ഈ മരുന്നുകൾ. അകാലജനനം 72 മണിക്കൂർ മുതൽ 1 ആഴ്ച വരെ നീട്ടിക്കൊണ്ടു പോകാൻ ഈ മരുന്നുകൾ ഉപകരിക്കും[19]

അവലംബം[തിരുത്തുക]

 1. [1] Term amniotic membrane is a high throughput source for multipotent mesenchymal stem cells with the ability to differentiate into endothelial cells in vitro
 2. http://www.gynob.com/amniotic.htm Amniotic Fluid
 3. [2] Archived 2010-07-16 at the Wayback Machine. Antepartum Haemorrhage - Symptom, Causes, Treatment of Antepartum Haemorrhage
 4. http://medical-dictionary.thefreedictionary.com/contracted+pelvis contracted pelvis
 5. http://www.gynaeonline.com/PET.htm PRE-ECLAMPTIC TOXEMIA (PET)
 6. http://www.emedicinehealth.com/anemia/article_em.htm Anemia
 7. http://www.gfmer.ch/Obstetrics_simplified/Abruptio_placentae.htm Abruptio Placentae (Accidental Haemorrhage)
 8. http://www.emedicinehealth.com/eclampsia/article_em.htm Eclampsia
 9. http://www.health.state.ny.us/diseases/communicable/hepatitis/hepatitis_a/fact_sheet.htm Hepatitis A (infectious hepatitis)
 10. http://www.emedicinehealth.com/chronic_kidney_disease/article_em.htm Chronic Kidney Disease
 11. http://www.wrongdiagnosis.com/r/respiratory_infections/intro.htm Respiratory infections
 12. http://www.nlm.nih.gov/medlineplus/epilepsy.html Epilepsy
 13. http://www.vitaminsdiary.com/disorders/thyrotoxicosis.htm Thyrotoxicosis - Symptoms and Treatment
 14. http://www.medterms.com/script/main/art.asp?articlekey=6210 Definition of Lanugo
 15. http://video.about.com/breastfeeding/Pump-and-Store-Breast-Milk.htm How to Pump and Store Breast Milk
 16. http://dictionary.reference.com/browse/retroperitoneal+fibrosis retroperitoneal fibrosis
 17. http://www.medicinenet.com/isoxsuprine-oral/article.htm GENERIC NAME: ISOXSUPRINE - ORAL (eye-SOX-you-preen)
 18. http://www.medicinenet.com/terbutaline/article.htm GENERIC NAME: terbutaline
 19. http://www.drugs.com/cons/ritodrine-oral-intravenous.html ritodrine (Oral route, Intravenous route)

പുറംകണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകാലജനനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകാലജനനം&oldid=3622458" എന്ന താളിൽനിന്ന് ശേഖരിച്ചത്