ഗബ്രിയേൽ ടെറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gabriel Terra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗബ്രിയേൽ ടെറാ
Gabriel Terra in 1913.
President of Uruguay
വ്യക്തിഗത വിവരങ്ങൾ
ജനനംAugust 1, 1873
 ഉറുഗ്വേ
മരണംസെപ്റ്റംബർ 15, 1942(1942-09-15) (പ്രായം 69)
 ഉറുഗ്വേ, Montevideo
ദേശീയതUruguayan
രാഷ്ട്രീയ കക്ഷിColorado Party
പങ്കാളിMaría Marcelina Ilarraz Miranda
അൽമ മേറ്റർUniversidad de la República
ജോലിPolitician, lawyer

ഗബ്രിയേൽ ടെറാ ഉറുഗ്വേയുടെ മുൻ പ്രസിഡന്റായിരുന്നു (1931-38). 1873 ഓഗസ്റ്റ് 1-ന് മൊണ്ടെവിഡിയോയിൽ ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

മൊണ്ടെവിഡിയോ സർവ്വകലാശാലയിൽനിന്ന് 1895-ൽ നിയമബിരുദം സമ്പാദിച്ചു. പിന്നീട് ഇദ്ദേഹം ഈ സർവകലാശാലയിൽതന്നെ നിയമാധ്യാപകനായി ജോലി നോക്കി. ഉറുഗ്വേയിലെ ഭരണകക്ഷിയായ കൊളറാഡോ പാർട്ടിയിൽ ഇദ്ദേഹം അംഗമായിരുന്നു. നാഷണൽ കോൺഗ്രസിൽ (നിയമസഭ) ഇദ്ദേഹം നിരവധി വർഷം അംഗമായിരുന്നിട്ടുണ്ട്.

ഉറൂഗ്വേയുടെ പ്രസിഡന്റ്[തിരുത്തുക]

1931-ൽ ഇദ്ദേഹം ഉറുഗ്വേയുടെ പ്രസിഡന്റായി. അക്കാലത്തുണ്ടായ ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് ഇദ്ദേഹം 1933 മാർച്ച് 31-ന് നാഷണൽ കോൺഗ്രസിനെയും ദേശീയ ഭരണസമിതിയെയും (എക്സിക്യൂട്ടീവിനെ നിയന്ത്രിക്കാൻ 1919-ലെ ഭരണഘടനയനുസരിച്ച് രൂപവത്ക്കരിച്ചിരുന്ന സമിതി) പിരിച്ചുവിട്ട് സ്വന്തം നിലയിൽ ഭരണം നിയന്ത്രിച്ചുതുടങ്ങി. ഉറുഗ്വേയ്ക്കുണ്ടായിരുന്ന ജനാധിപത്യസ്ഥിരതയ്ക്ക് ഇതോടെ ഭംഗമുണ്ടായി.

പുതിയ ഭരണഘടന ഉണ്ടാക്കി[തിരുത്തുക]

1919-ലെ ഭരണഘടന റദ്ദുചെയ്തുകൊണ്ട് പുതിയ ഒരു ഭരണഘടനാസമിതിയെ നിയോഗിക്കുകയും 1934-ൽ പുതിയ ഭരണഘടനയുണ്ടാക്കുകയും ചെയ്തു. ഇതനുസരിച്ച് എക്സിക്യൂട്ടീവ് അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമായിരുന്നു. പ്രസിഡന്റിനെ സഹായിക്കാൻ ഒരു മന്ത്രിസഭയ്ക്കും രുപം നൽകി. 1934-ൽ രണ്ടാമതു തവണയും ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1935-ലെ ഒരു അട്ടിമറി ശ്രമം ഇദ്ദേഹം പരാജയപ്പെടുത്തി. മുൻ പ്രസിഡന്റായിരുന്ന ബാറ്റ്ലി വൈ ഒർദോനെസ് തുടങ്ങിവച്ച ജനക്ഷേമകരമായ സാമൂഹ്യവൽക്കരണ പരിപാടികൾ ഇദ്ദേഹവും തുടർന്നു. 1938 വരെ ഇദ്ദേഹം പ്രസിഡന്റായിരുന്നു. 1942 സെപ്റ്റംബർ 15-ന് മൊണ്ടെവിഡിയോയിൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെറാ, ഗബ്രിയേൽ (1873-1942) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഗബ്രിയേൽ_ടെറാ&oldid=1765116" എന്ന താളിൽനിന്ന് ശേഖരിച്ചത്