സർവ്വകലാശാല
ഉന്നത വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് സർവ്വകലാശാല. വ്യത്യസ്ത മേഖലകളിൽ ബിരുദം നൽകുന്ന അക്കാദമിക് സ്ഥാപനമാണിത്. Universitas എന്ന ലാറ്റിൻ പദത്തിൽ നിന്നാണു ഇതിന്റെ നിഷ്പത്തി. ഗുരുക്കന്മാരുടെയും പണ്ഡിതരുടെയും സമൂഹം എന്നാണ് ഇതിനർഥം.
[തിരുത്തുക] കേരളത്തിലെ സർവ്വകലാശാലകൾ
[തിരുത്തുക] കേരള സർവ്വകലാശാല
തിരുവിതാംകൂർ സർവ്വകലാശാല എന്നായിരുന്നു ആദ്യനാമം. 1937ൽ സ്ഥാപിക്കപ്പെട്ടു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ. 1957ലാണ് കേരള സർവ്വകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.
[തിരുത്തുക] കാലിക്കറ്റ് സർവ്വകലാശാല
1968ൽ സ്ഥാപിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് കാലിക്കറ്റ് സർവ്വകലാശാല കാമ്പസ്.
[തിരുത്തുക] കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി
1971ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല സ്ഥാപിക്കപ്പെട്ടു. മൂന്നു കാമ്പസുകളിൽ രണ്ടെണ്ണം കൊച്ചിയിലും ഒരെണ്ണം കുട്ടനാട്ടിലുമാണ്. യൂനിവേർസിറ്റി ഓഫ് കൊച്ചിൻ എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവ്വകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ഈ സർവ്വകലാശാലയ്ക്ക് തുടക്കമിട്ടത്. 1986-ൽ ഈ സർവ്വകലാശാലയെ കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്ന് പുനർനാമകരണം ചെയ്തു.
[തിരുത്തുക] മഹാത്മാഗാന്ധി സർവ്വകലാശാല
1983ൽ സ്ഥാപിക്കപ്പെട്ടു. കോട്ടയത്തുനിന്ന് 13 കി.മീ. ദൂരെയുള്ള പ്രിയദർശിനി ഹിൽസിൽ ആണ് കാമ്പസ്.
[തിരുത്തുക] കേരള കാർഷിക സർവ്വകലാശാല
കേരള കാർഷിക സർവ്വകലാശാല1971ൽ നിലവിൽ വന്നു. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ് ആസ്ഥാനം.
[തിരുത്തുക] കണ്ണൂർ സർവ്വകലാശാല
ഉത്തരമലബാർ മേഖലയിലെ ഉന്നതവിദ്യാഭ്യാസ വികാസത്തിന് പ്രാമുഖ്യം നൽകി കൊണ്ട് 1995-ൽ "മലബാർ സർവ്വകലാശാല" എന്ന പേരിൽ ഗവർണർ വിജ്ഞാപനം ചെയ്ത്, പിന്നീട് "കണ്ണൂർ സർവ്വകലാശാല എന്ന നാമത്തിൽ 1996-ൽ സ്ഥാപിക്കപ്പെട്ടു. കണ്ണൂർ ജില്ലയിലെ മാങ്ങാട്ട്പറമ്പാണ് (കന്യാകുമാരി - പൻവേൽ(NH-66) ദേശീയപാതയ്ക്ക് സമീപം) സർവ്വകലാശാലയുടെ ആസ്ഥാനം.
കണ്ണൂർ - കാസർഗോഡ് റവന്യൂജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും കണ്ണൂർ സർവ്വകലാശാലയുടെ അധികാരപരിധിയിൽ പെടുന്നു.
തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം, മാനന്തവാടി, കാസർഗോഡ്, മാങ്ങാട്ട്പറമ്പ് എന്നിവിടങ്ങളിൽ സർവ്വകലാശാല ക്യാമ്പസ് സൌകര്യം ഉണ്ട്.
[തിരുത്തുക] ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല
എറണാകുളം ജില്ലയിലെ കാലടിയിൽ 1993ൽ സ്ഥാപിക്കപ്പെട്ടു. സർവ്വകലാശാലയുടെ അധികാരപരിധി കേരളം മുഴുവനുമുണ്ട്.
[തിരുത്തുക] നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
കോഴിക്കോട്ടെ ചാത്തമംഗലമാണ് ആസ്ഥാനം. സംസ്ഥാനത്തെ ആദ്യത്തെ കല്പിത സർവ്വകലാശാലയാണിത്. 1961ല് ആർ.ഇ.സി എന്ന പേരിൽ നിലവിൽ വന്ന ഈ സ്ഥാപനത്തിന് 2003ലാണ് എൻ.ഐ.ടി. പദവി ലഭ്യമായത്.
[തിരുത്തുക] കേരളകലാമണ്ഡലം
1930ൽ പ്രവർത്തനമാരംഭിച്ചു. ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ സ്ഥിതി ചെയ്യുന്നു. കലാപഠനവും അക്കാദമിക് പഠനവും നടത്തുന്ന കലാമണ്ഡലത്തിന് കല്പിത സർവ്വകലാശാലയുടെ പദവിയുമുണ്ട്.
[തിരുത്തുക] നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്
കേരളത്തിലെ ആദ്യത്തെ സ്വാശ്രയസർവ്വകലാശാലയാണിത്. 2005ല് സ്ഥാപിക്കപ്പെട്ടു. ആസ്ഥാനം കൊച്ചിയിലെ കലൂരിലാണ്.
[തിരുത്തുക] ശ്രീ ചിത്തിരതിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട്
1974ൽ സ്ഥാപിതം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരമാണ് ആസ്ഥാനം. സർവ്വകലാശാലയ്ക്കു സമാനമായ പദവി ഇതിനുണ്ട്.