ഷിറിൻ വജിഫ്ദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും, നൃത്തസംവിധായികയും, പരിശീലകയും വിമർശകയുമായിരുന്നു ഷിറിൻ വജിഫ്ദാർ (മരണം: സെപ്തംബർ 29, 2017). ഇന്ത്യൻ ക്ലാസിക്കൽ നൃത്തം അഭ്യസുക്കുകയും അവതരിപ്പിക്കുകയും ചെയ്ത ആദ്യ പാഴ്സിമാരിൽ ഒരാളായിരുന്നു ഷിറിൻ. മയൂർപംഖ് (1954) എന്ന ചിത്രത്തിൽ അവർ ഒരുക്കിയ നൃത്തസംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആദ്യകാലജീവിതം[തിരുത്തുക]

ഷിറിൻ വജിഫ്ദാർ ബോംബെയിൽ ജനിച്ചു. ഖുർഷിദ്, റോഷൻ എന്നിങ്ങനെ രണ്ട് സഹോദരിമാർ കൂടി ഉണ്ടായിരുന്നു [1]. അവർ ബോംബെയിലെ ഒരു അനാഥാലയത്തിലാണ് വളർന്നത് [2]. 1930-കളിൽ, തന്റെ സമുദായത്തിൽ നിന്നുള്ള എതിർപ്പ് അവഗണിച്ചുകൊണ്ട് ജയ്പൂർ ഘരാനയിലെ അദ്ധ്യാപകനായ സുന്ദർ പ്രസാദിനൊപ്പം കഥക് നൃത്തം പഠിക്കാൻ തുടങ്ങി. ഖണ്ഡാലയിലെ മാഡം മേനകയുടെ നൃത്യാലയം ഡാൻസ് അക്കാദമിയിൽ ചേർന്ന് പഠിച്ചു. ശെവന്തി ഭോൺസ്ലെ, ദമയന്തി ജോഷി എന്നിവർ ഇവിടെ സഹപാഠികളായിരുന്നു. ഇവിടെയാണ് അവർ മറ്റ് ഇന്ത്യൻ നൃത്ത രൂപങ്ങളായ മണിപ്പൂരി, കഥകളി തുടങ്ങിയവ പഠിച്ചത്[1].

നൃത്തരംഗത്ത്[തിരുത്തുക]

ഷിറിൻ തന്റെ സഹോദരിമാരായ് ഖുർഷിദ്, റോഷൻ എന്നിവരേയും നൃത്തം പഠിപ്പിച്ചു [3]. വജിഫ്ദാർ സിസ്റ്റേഴ്സ് എന്ന പേരിൽ അവർ അറിയപ്പെട്ടു. ഭരതനാട്യവും മോഹിനിയാട്ടവും ഉൾപ്പെടെ ഇന്ത്യൻ നൃത്തത്തിന്റെ എല്ലാ പ്രമുഖ ശാഖകളിലും അവർ പരിശീലനം നേടി. പാർസി സമുദായത്തിലെ യാഥാസ്ഥിതികർ അവരെ എതിർത്തിരുന്നെങ്കിലും മറ്റുള്ളവരിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു [1]. പ്രശസ്ത നർത്തകൻ രാം ഗോപാൽ അവരുടെ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു. മൃണാളിനി സാരാഭായി, വൈജയന്തിമാല, പൂവയ്യ സഹോദരിമാർ എന്നിവർ വജിഫ്ദാർ സഹോദരിമാരുടെ സമകാലികരായിരുന്നു.

ബോംബെയിലെ കഫേ പരേഡിൽ ‘നൃത്യമഞ്ജരി’ എന്ന പേരിൽ ഒരു ഡാൻസ് അക്കാദമി ഷിറിൻ തുടങ്ങിയിരുന്നു. [8] [3] കൃഷ്ണൻ കുട്ടിക്കൊപ്പം നൃത്യ ദർപ്പണ സൊസൈറ്റി സ്ഥാപിച്ചു. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സായാഹ്നത്തിൽ ഷിറിൻ വജിഫ്ദാർ തന്റെ ശിഷ്യകളുമൊത്ത് ബോംബെയിലെ താജ്മഹൽ ഹോട്ടലിൽ നൃത്തപരിപാടി അവതരിപ്പിച്ചു [4]. 1951 ൽ വജിഫ്ദാർ സഹോദരിമാർ സംസ്കാരിക പ്രചാരണത്തിന്റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യ സന്ദർശിച്ചു നൃത്തപരിപാടികൾ നടത്തി.

ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ ഇവരെ കുറിച്ച് ഒരു ചിത്രം നിർമ്മിച്ചുവങ്കിലും അതു നഷ്ടപ്പെട്ടു. 1952 ൽ അവർ ബി.ബി.സി. ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. 1954 ൽ കിഷോർ സാഹു സംവിധാനം ചെയ്ത മയൂർപംഖ് എന്ന ചിത്രത്തിൽ ഷിറിൻ വജിഫ്ദാർ നൃത്ത സംവിധാനം നിർവഹിച്ചു. റോഷൻ, ഖുർഷിദ് എന്നിവരും ഇതിൽ പങ്കെടുത്തു [3]. 1955-ൽ ചൈന സന്ദർശിച്ച ഒരു നൃത്തസംഘത്തിന്റെ ഭാഗമായിരുന്നു [5]. 1957 ആയപ്പോഴേക്കും ഷിറിൻ നൃത്തത്തിൽ നിന്നും വിരമിച്ചു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയിൽ നൃത്തത്തെക്കുറിച്ച് എഴുതാൻ തുടങ്ങി [1].

കുടുംബം[തിരുത്തുക]

1950 ൽ ഷിറിൻ മുൽക് രാജ് ആനന്ദിനെ വിവാഹം കഴിച്ചു. അവർ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്നു [6].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Kothari, Sunil (3 October 2017). "Remembering Shirin Vajifdar – Pioneer in All Schools of Dance". The Wire. Retrieved 4 October 2017.
  2. Singh, Nancy (1986). The Sugar in the Milk: the Parsis in India. Madras: Institute for Development Education. p. 39.
  3. 3.0 3.1 Bharatan, Raju (1 August 2016). Asha Bhosle: A Musical Biography. Hay House, Inc. p. 283. ISBN 978-93-85827-16-7.
  4. Doctor, Vikram (9 August 2017). "Food for thought: India can take some feasting lessons from Italy". The Economic Times. Retrieved 4 October 2017.
  5. The Indian Cultural Delegation in China, 1955. Foreign Languages Press. 1955. p. 60.
  6. Rutherford, Anna (1979). "Anand, Mulk Raj" (PDF). Commonwealth Literature. p. 20. ISBN 978-1-349-86101-9. Retrieved 4 October 2017.
"https://ml.wikipedia.org/w/index.php?title=ഷിറിൻ_വജിഫ്ദാർ&oldid=3706827" എന്ന താളിൽനിന്ന് ശേഖരിച്ചത്