കഥക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ശാസ്ത്രീയനൃത്തരൂപമാണ് കഥക്. നവാബ് വാജിദ് അലിഷാ, പണ്ഡിറ്റ് താക്കൂര്‍ പ്രസാദ്ജി എന്നിവരാണ് കഥകിന്റെ ആധുനികരൂപത്തിന്റെ സൃഷ്ടാക്കള്‍. കഥകിന്റെ സംഗീതരചന നടത്തിയിരിക്കുന്നത് ഹിന്ദിയിലും വ്രജഭാഷയിലും അണ്. ബിജു മഹാരാജ്, ഉമാശര്‍മ, ഗോപീകിഷന്‍, കുമുദിനി ലാഖിയ, ദമയന്തി ജോഷി, ദുര്‍ഗാലാല്‍, ദേവിലാല്‍, സ്വസ്തിസെന്‍ തുടങ്ങിയവര്‍ പ്രശസ്തരായ കഥക് നര്‍ത്തകരാണ്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

സംസ്കൃതത്തിലും ഇന്ത്യയിലെ മറ്റു പല ഭാഷകളിലേയും കഥ എന്ന വാക്കില്‍ നിന്നാണ്‌ കഥക് എന്ന പേര്‌ ഉരുത്തിരിഞ്ഞത്[1]. കഥകളിയെ പോലെ കഥകള്‍ ആടുന്നത് കൊണ്ടാണ് കഥക് എന്ന പേരു കിട്ടിയത്.

[തിരുത്തുക] ചരിത്രം

മദ്ധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും വളരെ പുരാതനകാലം മുതല്‍ നിലവിലുണ്ടായിരുന്ന കലാരൂപമാണ് കഥക്. ശ്രീകൃഷ്ണകഥകളാണ് കഥക് നര്‍ത്തകര്‍ അവതരിപ്പിച്ചിരുന്നത്.

ഉത്തരേന്ത്യയില്‍ ക്ഷേത്രങ്ങളില്‍ കഥകള്‍ അവതരിപ്പിച്ചിരുന്ന ഒരു ജാതിയാണ്‌ കഥക്. കൈമുദ്രകള്‍ കൊണ്ടും പാട്ടുകള്‍ പാടിയുമാണ് ഇവര്‍ കഥകള്‍ അവതരിപ്പിച്ചിരുന്നത്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരത്തോടൊപ്പമാണ്‌ കഥക് ഒരു വ്യത്യസ്ഥമായ നൃത്തരൂപമായി വികാസം പ്രാപിച്ചത്. രാധയുടേയും ക്രൃഷ്ണന്റേയും ലീലകള്‍ അവതരിപ്പിക്കുന്ന രാസലീല എന്ന നാട്യരൂപവും കഥക് കഥാവതാരകരുടെ മുദ്രകള്‍ ഉള്‍ക്കൊള്ളിച്ച നാടോടിനൃത്തവും സം‌യോജിപ്പിക്കപ്പെട്ടാണ്‌ ഈ നൃത്തരൂപം രൂപം കൊണ്ടത്. മുഗള്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ കഥക് അവരുടെ സഭകളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇക്കാലയളവിലാണ് ഈ നൃത്തരൂപം ഇന്നത്തെ രൂപത്തിലേക്ക് പരിണമിച്ചത്. തുടര്‍ന്ന് ജയ്‌പൂര്‍ ശൈലി, ലക്നൗ ശൈലി എന്നിങ്ങനെ രണ്ടു ശൈലികള്‍ അഥവാ ഘരാനകള്‍ ഇതില്‍ ഉടലെടുത്തു. അവാധിലെ അവസാനത്തെ നവാബായിരുന്ന വാജിദ് അലി ഷായുടെ കീഴില്‍ കഥക് ഒരു പ്രധാന കലാരൂപമായി വളര്‍ന്നു. 1875-ഓടെ മേല്പ്പറഞ്ഞ രണ്ടു മേഖലകള്‍ക്കു പുറമേ സമീപപ്രദേശങ്ങളിലേക്കും അതായത് ഇന്നത്തെ പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, ബിഹാര്‍, മദ്ധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലേക്കു കൂടി വ്യാപിച്ചു[1].

കഥകിനെ മുഗള്‍ ചക്രവര്‍ത്തിമാറുടെ അരമനയിലെയും,രാജസദസ്സിലെയും നാട്യമായിട്ടാണ് ഇന്നറിയുന്നത്. ശ്രീകൃഷ്ണകഥകള്‍ ആടുന്ന കഥക്,മുഗള്‍ അരമനയില്‍ എത്തിയതാണ് അതിന് ഇന്നുണ്ടായ മാറ്റത്തിന് കാരണം. മുഹമ്മദ് ഗോറിയുടെയും, മുഹമ്മദ് ഗസ്നിയുടെയും പടയോട്ടക്കാലത്ത് ആക്രമണകാരികളെപ്പോലും കഥക് നൃത്തം ആകര്‍ഷിച്ചു[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. അങ്ങനെ അവര്‍ കഥകിനെ കൊട്ടാരത്തില്‍ എത്തിച്ചു. അക്ബര്‍ പുതിയ രൂപഭാവങ്ങള്‍ നല്‍കി കഥകിനെ വളര്‍ത്തി. പിന്നീട് ഈ നൃത്തത്തില്‍ പേര്‍ഷ്യന്‍ ഛായ കടന്നുകൂടി. നര്‍ത്തകരുടെ പ്രവേശനത്തിലെ രംഗനമസ്കാരത്തിനു പകരം സലാം ചെയ്യല്‍ അങ്ങനെ വന്നതാകാം. കഥകില്‍ ഭാവാഭിനയത്തിനുള്ള സ്ഥാനവും അപ്രധാനമായിത്തീര്‍ന്നു. പകരം ചുവടുകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്തു. കണങ്കാല്‍കൊണ്ടുള്ള ചുറ്റലും ചുറ്റിത്തിരിയലും, ചടുലങ്ങളായ അംഗവിക്ഷേപനങ്ങളും കഥകിന്റെ പരിഷ്കൃതരീതികളാണ്. ഈ മാറ്റങ്ങള്‍ മുഗള്‍സ്വാധീനത്തില്‍ ഉണ്ടായതാണെന്ന് പ്രസിദ്ധ കഥക് നര്‍ത്തകിയായ മായാറാവു അഭിപ്രായപ്പെടുന്നു.

പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടുകളില്‍, മറ്റു പല കലാ-സാംസ്കാരികാചാരങ്ങളെയെന്ന പോലെ കഥകിനേയും മിക്ക ബ്രിട്ടീഷ് ഭരണാധികാരികളും‍ അപ്രിയമനോഭാവത്തോടെയാണ്‌ വീക്ഷിച്ചത്[1]. എങ്കിലും ഇതിനെയെല്ലാം അതിജീവിച്ച ഈ കലാരൂപം സ്വാതന്ത്ര്യാനന്തരം ഭാരതത്തിലെ ശാസ്ത്രീയനൃത്തരൂപങ്ങളില്‍ ഒന്നായി സ്ഥാനം പിടിച്ചു.

[തിരുത്തുക] വിവിധ ശൈലികള്‍

കഥക്കിന് ഇന്നു പ്രഖ്യാതങ്ങളായ പല ശൈലികള്‍(ഖരാനകള്‍) ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ലക്നൌ ഖരാനയും ജയ്പൂര്‍ഖരാനയും ആണ്. ഇന്നു രാജസ്ഥാന്‍,ബനാറീസ് ഖരാനകളും പ്രസിദ്ധങ്ങളായി തീര്‍ന്നിട്ടുണ്ട്. ജയ്പൂര്‍ഖരാന ശിവഭക്തിയില്‍ നിന്നു രൂപം കൊണ്ടതാണ്. ശിവനൃത്തം അഭ്യസിച്ച ഭാനുജിയാണ് ഈ ഖരാനക്ക് രൂപം കൊടുത്തത്. അദ്ദേഹത്തിന്റെ പുത്രന്മാരും പൌത്രനായ ഗിന്താജിയുമാണ് ജയ്പൂര്‍ ഖരാനയെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയത്. അതോടുകൂടി കഥകില്‍ ശ്രീകൃഷ്ണന്റെ ലാസ്യനൃത്തവും, ശിവന്റെ താണ്ഡവനൃത്തവും കൂടി സമ്മേളിച്ചു.

[തിരുത്തുക] രംഗപ്രവേശം

വേദിയില്‍ നര്‍ത്തകര്‍ പ്രവേശിക്കുന്നത് “ആമദ്”(വന്ദനം) എന്ന ചടങ്ങോടെയാണ്. ഒരു കൈ ഉയര്‍ത്തിയും മറ്റേ കൈ അരയില്‍ വച്ചും, കണ്ണുകള്‍ ഇരുഭാഗത്തേക്ക് ചലിപ്പിച്ചും, പുരികങ്ങള്‍ മാറി മാറി ഉയര്‍ത്തിയും, താഴ്ത്തിയും, കഴുത്തുവെട്ടിച്ചും ഉള്ളനില കഥകിന്റെ പ്രത്യേകതയാണ്. ഗണേശസ്തുതിയോടെയാണ് കഥക് ആരംഭിക്കുന്നത്. സമത്തില്‍ നിന്ന് ദ്രുതത്തിലേയ്ക്കും, അതിദ്രുതത്തിലേയ്ക്കും ഉള്ള താളസംക്രമണം അകൃത്രിമമാക്കുന്നതിലാണ് കഥക് നര്‍ത്തകറുടെ സാമര്‍ത്ഥ്യം. കണങ്കാലിന്റെ അയത്നലളിതമായ ഭ്രമണം(ചുറ്റല്‍) കഥകിന്റെ സവിശേഷതയാണ്.

[തിരുത്തുക] അവതരണ ശൈലി

ശ്രീകൃഷ്ണന്റെ അത്ഭുതശക്തികളും അവതാരമഹിമയും ഭക്തിസാന്ദ്രമായ രീതിയില്‍ ലക്നൌഖരാന അവതരിപ്പിക്കുന്നു. ബിര്‍ജൂമഹാരാജ് ലക്നൌഖരാനയിലെ ഒരു വിസ്മയമാണ്. ഭരതനാട്യത്തിലെ കരണങ്ങള്‍പോലെയാണ് കഥകിലെ “ഗട്ട്”(gait)കള്‍. “റിഥ്മേറ്റിക് പാറ്റേണു”കളുടെ വൈവിദ്ധ്യമാണ് കഥകിന്റെ മൌലികസ്വഭാവം. ചുവടുകളുടെ താളാത്മകമായ ചലനഭംഗിയാണ് ഗട്ട്കള്‍. ശ്രീകൃഷ്ണന്‍ മുരളിയൂതുന്നപോലെയുള്ള നിലയും ചലനങ്ങളുമാണ് “മുസ്തരഗട്ട്”. രാധാകൃഷ്ണലീലകള്‍ ഉള്‍ക്കൊള്ളുന്നതാണ് “അഞ്ചല്‍ കീ ഗട്ട്”. പ്രേമഭക്തിയുടെ അത്യുല്‍കൃഷ്ണഭാവങ്ങളാണ് ഇവ. കഥകിലെ രാധാകൃഷ്ണസങ്കല്പത്തിലെ പ്രേമം വെറും മാംസനിബദ്ധമല്ല. ജീവാത്മാ-പരമാത്മാ സം‌യോഗമാണ്. കഥകിലെ പ്രേമസങ്കല്പം പരമാത്മാവായ ശ്രീകൃഷ്ണനിലണയാനുള്ള ജീവാത്മാവായ രാധയുടെ ഉള്‍പ്രേരണയാണ് രാധാകൃഷ്ണപ്രേമത്തിന്റെ അന്തസ്സത്ത.

[തിരുത്തുക] താളവാദ്യങ്ങളും വേഷവിധാനവും

താളവാദ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്ഥാനം കഥകിലുണ്ട്. ചെണ്ട പോലുള്ള വാദ്യോപകരണവും തബലയും കഥകിനു ഉപയോഗിക്കുന്നു. വാദ്യക്കാരും, നര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന ഓജസ്സും, ചുറുചുറുക്കുമുള്ള താളപ്രയോഗം കാണികളെ വിഭ്രമിപ്പിക്കുന്നു. താളക്കൊഴുപ്പുള്ള ഹിന്ദുസ്ഥാനിസംഗീതം കഥക് നൃത്തത്തിന്റെ ദൃശ്യശോഭ വര്‍ദ്ധിപ്പിക്കുന്നു. കഥകില്‍ സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്നു. മുമ്പ് നര്‍ത്തകര്‍ തന്നെ പാടിയിരുന്നു. ഇപ്പോള്‍ പുറകിലെ പാട്ടിനൊത്ത് ഭരതനാട്യത്തെപ്പോലെ നര്‍ത്തകര്‍ ചുണ്ടനക്കുക മാത്രം ചെയ്യുന്നു.

ഭരതനാട്യത്തെപ്പോലെ വര്‍ണ്ണശബളമല്ല കഥകിന്റെ വേഷം. ഇറക്കമുള്ള കമ്മീസും അരക്കെട്ടു വസ്ത്രവും ധരിച്ച് ഓരോ കാലിലും നൂറ്റിപ്പത്ത് ചിലങ്കകള്‍ ഉറപ്പുള്ള ചരടില്‍ കോര്‍ത്തുകെട്ടുകയാണ്‍ പതിവ്.

[തിരുത്തുക] അവലംബം

  • മടവൂര്‍ ഭാസിയുടെ “ലഘുഭരതം”
  1. 1.0 1.1 1.2 "9-Making of regional cultures". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 126. ISBN 81-7450-724-8. 

[തിരുത്തുക] മറ്റ് ലിങ്കുകള്‍




"http://ml.wikipedia.org/wiki/%E0%B4%95%E0%B4%A5%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം