മനുഷ്യരിലെ സൂക്ഷ്മജീവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Graphic depicting the human skin microbiota, with relative prevalences of various classes of bacteria

മനു‍ഷ്യ ശരീരത്തിൽ ജീവിക്കുന്ന സൂക്ഷ്മജീവികളാണ് ഹ്യൂമൻ മൈക്രോബയോട്ട എന്നുവിളിക്കപ്പെടുന്നത്. ശരീരദ്രവങ്ങളിലോ ശരീരകലകളിലോ ഇവ കാണപ്പെടുന്നു. ത്വക്ക്, സ്തനഗ്രന്ഥികൾ, പ്ലാസന്റ, ശുക്ളം, ഗർഭാശയം, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ, ശ്വാസകോശം, ഉമിനീര്, വായ്ക്കുള്ളിലെ ശ്ലേഷ്മസ്തരം, കൺജങ്റ്റൈവ അഥവാ നേത്രാവരണം, ദഹനവ്യൂഹം എന്നിവിടങ്ങളിലാണ് ഇത്തരം സൂക്ഷ്മജീവികൾ വസിക്കുന്നത്. ബാക്ടീരിയ, ആർക്കിയ, ഫംഗസ്, പ്രോട്ടിസ്റ്റ, വൈറസ് എന്നീ വിഭാഗങ്ങളിൽ ഇവ ഉൾപ്പെടുന്നു. ശരീരത്തിനുപുറത്ത് വസിക്കുന്ന സൂക്ഷ്മജീവികളെ ഈ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

മനുഷ്യശരീരത്തിലെ കോശങ്ങളും സൂക്ഷ്മജീവികളും തമ്മിലുള്ള അനുപാതം പുതിയ നിഗമനങ്ങൾ അനുസരിച്ച് 1 : 3 ആണ്. മുമ്പ് ഇത് 1: 10 ആയിരുന്നു. മനുഷ്യശരീരവുമായി ചേർന്ന് താമസിക്കുന്ന ചില സൂക്ഷ്മജീവികൾ കമെൻസലുകൾ എന്നറിയപ്പെടുന്നു. ഇവ മനുഷ്യശരീരത്തിന് യാതൊരുതരത്തിലുമുള്ള ദോഷഫലങ്ങൾ ഉണ്ടാക്കില്ല. മറ്റുചിലവ മനുഷ്യശരീരവുമായി യോജിച്ച് പോകുന്നവയും മ്വൂച്വലിസം എന്ന ബന്ധത്തിലൂടെ ഇരുവർക്കും ഗുണകരമാകുന്ന തരത്തിൽ വസിക്കുന്നവയുമാണ്. എന്നാൽ രോഗകാരികളല്ലാത്ത ചില സൂക്ഷ്മജീവികൾ അവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കളാൽ മനുഷ്യശരീരത്തിന് ചില ദോഷഫലങ്ങളുണ്ടാക്കുന്നു. ശരീരത്തിന് ദോഷഫലങ്ങളുണ്ടാക്കാത്ത സൂക്ഷ്മജീവികളെ പൊതുവെ നോർമൽ മൈക്രോബയോട്ട അഥവാ നോർമൽ ഫ്ലോറ എന്നുവിളിക്കുന്നു.

1880 കളുടെ മധ്യത്തിലാണ് മനുഷ്യശരീരത്തിൽ വസിക്കുന്ന ഈ. കോളൈ ബാക്ടീരിയയെ ആസ്ട്രിയൻ പീഡിയാട്രീഷ്യനായ തിയോഡോർ എസ്ചെറിഷ് കണ്ടെത്തുന്നത്. 2007 നുശേഷം ഹ്യൂമൻ മൈക്രോബയോം പ്രോജക്ടിലൂടെയാണ് മനുഷ്യശരീരത്തിലെ സൂക്ഷ്മജീവികളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭ്യമായത്. 2018 ജൂൺ 27 മൈക്രോബയോം ദിനമായി ആചരിക്കുന്നു.[1]

മനുഷ്യശരീരത്തിൽ വസിക്കുന്ന സൂക്ഷ്മജീവികളുടെ ജീനോം സീക്വൻസിങ്ങിന്ഹ്യൂമൻ മൈക്രോബയോം പ്രോജക്ട് എന്നുവിളിക്കുന്നു. ത്വക്ക്, വായ്, മൂക്ക്, ദഹനവ്യൂഹം, യോനി എന്നിവിടങ്ങളിലെ സൂക്ഷ്മജീവികളുടെ ഡി.എൻ.എ കളിലെ ജീനുകളെ തിരിച്ചറിയുന്നതിനുള്ള പദ്ധതിയാണിത്. പദ്ധതിയുടെ പ്രാരംഭഫലങ്ങൾ 2012 ൽ പുറത്തുവന്നു.

സൂക്ഷ്മജീവികളുടെ എണ്ണം[തിരുത്തുക]

2014 ൽ അമേരിക്കൻ അക്കാഡമി ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് ഏകദേശം 37.2 ട്രില്യൺ സൂക്ഷ്മജീവികളാണ് മനുഷ്യശരീരത്തിലുള്ളത്. അതായത് 3:1 ആണ് സൂക്ഷ്മജീവികളും മനുഷ്യകോശങ്ങളും തമ്മിൽ എണ്ണത്തിലുള്ള അനുപാതം. ഇത് മുൻധാരണയ്ക്ക് വിരുദ്ധമാണ്. അതായത് 10:1. 2016 ൽ ചില വ്യത്യസ്ത കണക്കുകളും വന്നിട്ടുണ്ട്. ഇത് 1:1 അനുപാതമായി സൂക്ഷ്മജീവികളുടേയും ശരീരകോശങ്ങളുടേയും എണ്ണത്തെ ചുരുക്കുന്നു.

ഹ്യൂമൻ മൈക്രോബയോട്ട- വിഭാഗങ്ങൾ[തിരുത്തുക]

ബാക്ടീരിയ[തിരുത്തുക]

ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ബാക്ടീരിയകൾ വസിക്കുന്നു. ത്വക്ക്, ശ്ലേഷ്മസ്തരം എന്നിവിടങ്ങളിലാണ് അവയെ പൊതുവേ കാണാനാവുക. ശരീരത്തിന് ഗുണകരമായ നിരവധി ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ബാക്ടീരിയകളുണ്ട്. ചെറുകുടലിൽ കാണപ്പെടുന്ന ബൈഫിഡോബാക്ടീരിയ ആഹാരപദാർത്ഥങ്ങളെ വിഘടിപ്പിക്കുന്നു.[2] ത്വക്കിൽ വസിക്കുന്ന ബാസില്ലസ് സബ്റ്റിലിസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ബാസിട്രാസിൻ എന്ന രാസവസ്തു മറ്റ് ദോഷകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള സൂക്ഷ്മജീവിയും ബാക്ടീരിയകളാണ്. [3] മൊത്തം ശരീരകോശങ്ങളുടെ എണ്ണം 50 ട്രില്യൺ മുതൽ 100 ട്രില്യൺ വരെ വരുമ്പോൾ മനുഷ്യശരീരത്തിലെ ബാക്ടീരിയകളുടേത് മാത്രം ഏകദേശം 75 മുതൽ 200 ട്രില്യൺ വരും.

ആർക്കിയ[തിരുത്തുക]

മെഥനോജനുകൾ (പ്രത്യേകിച്ചും മെഥനോബ്രെവിബാക്ടർ, മെഥനോസ്ഫീറ സ്റ്റാഡ്മാനേ) എന്നിവയാണ് കുടലിലെ മുഖ്യ ആർക്കിയ ഇനങ്ങൾ.

വൈറസ്[തിരുത്തുക]

നോർവാക്, റോട്ടാവൈറസ്, എന്ററോവൈറസ് എന്നിവയാണ് ഗാസ്ട്രോഎൻററൈറ്റിസിന് കാരണക്കാരായ വൈറസുകൾ. [4] കുട്ടികളിൽ മിമിവിറിഡേ വിഭാഗത്തിൽപ്പെട്ടവയാണ് വയറിളക്കരോഗമുണ്ടാക്കുന്നത്. ബാക്ടീരിയകളെ ആക്രമിക്കുന്ന ബാക്ടീരിയോഫേജ് വൈറസുകളെ ത്വക്ക്, കുടൽ, ശ്വാസകോശങ്ങൾ, വായ് എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഫംഗസ്[തിരുത്തുക]

മനുഷ്യന്റെ കുടലിൽ വസിക്കുന്ന യീസ്റ്റ് ആണ് ഫംഗസുകളിൽ മുഖ്യമായത്. പ്രതിരോധശക്തി കുറഞ്ഞവരിൽ കാണപ്പെടുന്ന കാൻഡിഡ എന്ന ഫംഗസും മാലസേഷ്യ എന്ന യീസ്റ്റ് ഇനവും മനുഷ്യശരീരത്തിൽ കാര്യമായ സാന്നിധ്യം കാണിക്കുന്നു. ആക്രിമോണിയം എന്നയിനം കാരനുള്ളവരിൽ വ്യാപകമായി കാണപ്പെടുന്നു.[5]വായ്ക്കുള്ളിലും നാസാഗഹ്വരത്തിലും ക്ലാഡോസ്പോറിയം, ആസ്പർജില്ലസ്, പെനിസിലിയം ഫംഗസ് ഇനങ്ങളാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

പ്രോട്ടിസ്റ്റ[തിരുത്തുക]

ബ്ലാസ്റ്റോസിസ്റ്റിസ്, എന്ററോമോണാസ് ഹോമിനിസ് എന്നിവയാണ് കുടലിലെ പ്രധാനപ്പെട്ട പ്രോട്ടിസ്റ്റകൾ. [6]

വിവിധ ശരീരഭാഗങ്ങളിലെ സൂക്ഷ്മജീവികൾ[തിരുത്തുക]

ത്വക്ക്[തിരുത്തുക]

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ബാഹ്യചുറ്റുപാടുമായി സമ്പർക്കത്തിലെത്തുന്ന ഭാഗമാണ്. ത്വക്കിൽ വൈവിധ്യമാർന്ന സൂക്ഷ്മജീവികൾ കാണപ്പെടുന്നു. ആയിരത്തോളം വ്യത്യസ്ത സ്പീഷീസിലുള്ള ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ ത്വക്കിലുണ്ട്. മിക്കവയും ശരീരത്തിന് ഗുണകരമായതുമാണ്. ഇതര രോഗകാരികളായ സൂക്ഷ്മജീവികളെ പ്രതിരോധിക്കുന്നതാണ് മിക്ക ഗുണകരമായ ബാക്ടീരിയകളുടേയും ധർമ്മം. ത്വക്കിലുള്ള ബാസില്ലസ് സബ്റ്റിലിസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ബാസിട്രാസിൻ എന്ന വിഷവസ്തു മറ്റ് സൂക്ഷ്മജീവികളെ പ്രതിരോധിക്കുന്നു. ബാസിട്രാസിൻ ആന്റിബാക്ടീരിയൽ സ്വഭാവമുള്ള രാസഘടകമായി പ്രവർത്തിക്കുന്നു. സ്റ്റഫൈലോകോക്കസ് എപിഡർമിഡിസ് ആണ് ഏറ്റവും പ്രാധമികമായി ത്വക്കിൽ വസിക്കുന്ന ബാക്ടീരിയ. കോറിൻബാക്ടീരിയം, പ്രോപ്പയോണി ബാക്ടീരിയം, ബ്രെവിബാക്ടീരിയം എന്നിവയാണ് ത്വക്കിലെ മറ്റ് ബാക്ടീരിയകൾ. മലാസേഷ്യ (Malassezia) എന്ന ഫംഗസാണ് വ്യാപകമായി ത്വക്കിൽ കാണപ്പെടുന്നത്. സേബഗ്രന്ഥികളുമായി ബന്ധപ്പെട്ടാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഡെമോഡസ് ഫോളിക്കുലോറം, ഡെമോഡക്സ് ബ്രെവിസ് എന്നീ ആർത്രോപോഡ വിഭാഗത്തിൽപ്പെട്ടവയും ത്വക്കിൽ കാണപ്പെടുന്നു. 51.8 ശതമാനം ആക്ടിനോബാക്ടീരിയ, 24.4 ശതമാനം ഫിർമിക്യൂട്ട്സ്, 16.5 ശതമാനം പ്രോട്ടിയോബാക്ടീരിയ, 6.3 ശതമാനം ബാക്ടറോയിഡറ്റസ് എന്നിങ്ങനെയാണ് ത്വക്കിലെ ബാക്ടീരിയ ഫൈലങ്ങളുടെ എണ്ണം.

മൂക്ക്[തിരുത്തുക]

തൊണ്ടയിൽ വ്യാപകമായി കാണപ്പെടുന്ന ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ മൂക്കിനുള്ളിൽ കാണപ്പെടുന്നില്ല. എന്നാൽ സ്ട്രെപ്റ്റോകോക്കസ് ഇനത്തിൽപ്പെട്ടവയും കോറിൻബാക്ടീരിയം, ഏറിയോബാക്ടീരിയം, റോഡോകോക്കസ്, സ്റ്റഫൈലോകോക്കസ് എന്നിവ നാസാഗഹ്വരത്തിൽ കാണപ്പെടുന്നു. സ്റ്റഫൈലോകോക്കസ് എപിഡർമിഡിസ് ആണ് നാസാഗഹ്വരത്തിൽ ഏറ്റവും കൂടുതലുള്ള വായുശ്വസന ബാക്ടീരിയ. പ്രൊപ്പയോണിബാക്ചീരിയം ഏക്നീസ്, പെപ്റ്റോകോക്കസ് മാഗ്നസ് എന്നിവയാണ് നാസാഗഹ്വരത്തിലുള്ള അവായുശ്വസന ബാക്ടീരിയകൾ.

ശ്വാസകോശം[തിരുത്തുക]

ശ്വാസനാളത്തിലെ ശ്ലേഷ്മസ്തരത്തിലെ ഗോബ്‌ലറ്റ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ശ്ലേഷ്മം അഥവാ മ്യൂക്കസ് സൂക്ഷ്മജീവികളെ അകപ്പെടുത്തുകയും മൂക്കിനുള്ളിലെ ശ്ലേഷ്മത്തിലെ എൻസൈമായ ലൈസോസൈം ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. പ്രിവോട്ടെല്ല, സ്ഫിൻജോമോണാസ്, സ്യൂഡോമോണാസ്, അസിനെറ്റോബാക്ടർ, ഫ്യൂസോബാക്ടീരിയം, മെഗാസ്ഫീറ, വൈയ്ലോനെല്ല, സ്റ്റഫയിലോകോക്കസ്, സ്ട്രെപ്റ്റോകോക്കസ് എന്നീ 9 ഇനം ബാക്ടീരിയൽ ജീനസുകൾ ശ്വസനപഥത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വായ്[തിരുത്തുക]

ഓറൽ ക്യാവിറ്റി അഥവാ വായ്ക്കുള്ളിലെ അറയ്ക്കുള്ളിൽ പലയിടങ്ങളിലും സൂക്ഷ്മജീവികളുണ്ട്. 600 വ്യത്യസ്ത തരത്തിലുള്ള, വിവിധ വിഭാഗങ്ങളിൽപ്പെട്ട സൂക്ഷ്മജീവികൾ ഇതിലുൾപ്പെടും. മിക്കവയും ശരീരത്തിന് ദോഷകരമല്ലാത്തവയുമാണ്. എന്നാൽ വായ്ക്കുള്ളിലെ ശുചിത്വപാലനത്തിലെ തകരാറ് ഈ സൂക്ഷ്മജീവികൾ വളരെപ്പെട്ടെന്ന് പെരുകി പലവിധ രോഗങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും.

ആക്ടിനോബാക്ടീരിയ, ബാക്ടറോയിഡറ്റസ്, ക്ലാമൈഡിയ, ക്ലോറോഫ്ളെക്സി, യൂറിആർക്കിയോട്ട, ഫെർമിക്യൂട്ട്സ്, ഫ്യൂസോബാക്ടീരിയ, പ്രോട്ടിയോബാക്ടീരിയ, സ്പൈറോകീറ്റ്സ്, സ്ട്രെപ്റ്റോകോക്കസ്, സിനേർജിസ്റ്റെറ്റസ്, ടെനെറിക്യൂട്ട്സ് എന്നിവ മുഖ്യ സൂക്ഷ്മജീവികളാണ്.

കുടൽ[തിരുത്തുക]

പ്രോട്ടിയോബാക്ടീരിയ, ആക്ടിനോബാക്ടീരിയ എന്നിവയാണ് നവജാതശിശുവിന്റെ കുടലിലെ പ്രധാന ബാക്ടീരിയകൾ. നവജാതശിശുക്കളിൽ സൂക്ഷ്മജീവികളുടെ വൈവിധ്യം ചെറുതാണ്. ലാക്ടോബാസില്ലസ്, പ്രിവോട്ടെല്ല എന്നിവ അമ്മയുടെ ശരീരത്തിൽ നിന്നും സാധാരണ പ്രസവത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളിലുണ്ടാകും. എന്നാൽ സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങളിൽ സ്റ്റഫൈലോകോക്കസ്, പ്രോപ്പയോണി ബാക്ടീരിയം എന്നിവയാണുണ്ടാവുക.

പ്രത്യുൽപാദന വ്യവസ്ഥ[തിരുത്തുക]

പ്രത്യുൽപാദനവ്യവസ്ഥയിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം പ്രത്യുൽപാദനപ്രക്രിയയെ വളരെയധികം സഹായിക്കുന്നു. ബാക്ടീരിയൽ വജൈനോസിസ്, യീസ്റ്റ് ബാധ, ചില ലൈംഗിക രോഗങ്ങൾ, മൂത്രാശയരോഗങ്ങൾ എന്നിവ ഒഴിവാക്കുന്നതിന് ഈ മൈക്രോബയോട്ട സഹായിക്കുന്നു. യോനിയിലെ ലാക്ടോബാസില്ലസ് പി.എച്ച്. മൂല്യം കുറയക്കുയും ഉയർന്ന അസിഡിറ്റി നിലനിർത്തുകയും ചെയ്യുന്നു. കോറിൻഫോം ബാക്ടീരിയയാണ് പുരുഷ മൂത്രാശയവ്യവസ്ഥയിൽ കാണപ്പെടുന്നത്.

നേത്രാവരണം[തിരുത്തുക]

ഗ്രാം പോസിറ്റീവ് കോക്കസ് ബാക്ടീരിയകളായ സ്റ്റഫൈലോകോക്കസ്, സ്ട്രെപ്റ്റോകോക്കസ് എന്നിവയും ഗ്രാം നെഗറ്റീവ് ഇനങ്ങളായ ഹീമോഫിലസ്, നീസേറിയ എന്നിവയും നേത്രാവരണം അഥവാ കൺജങ്റ്റൈവയിൽ കാണപ്പെടുന്നു. കാൻഡിഡ, ആസ്പർജില്ലസ്, പെനിസിലിയം എന്നിവയാണ് നേത്രാവരണത്തിലെ മുഖ്യ ഫംഗസ് ഇനങ്ങൾ.

ആരോഗ്യസംരക്ഷണം[തിരുത്തുക]

മനുഷ്യശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ സൂക്ഷ്മജീവികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. മനുഷ്യജീനോമിനെക്കാൾ 150 ഇരട്ടി മൈക്രോബിയൽ ജീനുകൾ മനുഷ്യശരീരത്തിലുണ്ട്. ജനനശേഷം ഉടനേതന്നെ സൂക്ഷ്മജീവികളിൽ പലതും ശരീരത്തിലെത്തുന്നു. ദഹനവ്യവസ്ഥയിൽ ആഹാരഘടകങ്ങളെ ദഹിപ്പിക്കുന്നതിനും അതുവഴി ശരീരത്തിനാവശ്യമായ ജീവകങ്ങളെ ഉത്പാദിപ്പിക്കുന്നതിനും ചില ബാക്ടീരിയകൾക്ക് കഴിയുന്നു. ഫോളേറ്റ്, വൈറ്റമിൻ കെ., ബയോട്ടിൻ, റിബോഫ്ലാവിൻ (ബി 2), കൊബാലമിൻ (ബി 12) എന്നിവ ഇത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നവയാണ്. സൈലുഗ്ലൂക്കൻസ് എന്നപേരിലുള്ള ഫൈബറുകൾ മനുഷ്യശരീരത്തിന് ദഹിപ്പിക്കാനാകില്ല. ഇത്തരം ആഹാരഘടകങ്ങളെ ദഹിപ്പിക്കുന്നത് ബാക്ടറോയിഡ്സ് വീഭാഗത്തിൽപ്പെട്ട ബാക്ടീരിയങ്ങളാണ്. ഫ്രക്ടോഒളിഗോസാക്കറൈഡുകൾ, സാക്കറൈഡുകൾ എന്നിവയെ ദഹിപ്പിക്കുന്നത് ലാക്ടോബാസില്ലസും ബൈഫിഡോബാക്ടീരിയവുമാണ്. അസറ്റിക് ആസിഡ്, പ്രൊപ്പയോണിക് ആസിഡ്, ബ്യൂട്ടിറിക് ആസിഡ് എന്നിവയെ ഉത്പാദിപ്പിക്കുന്നത് കുടലിൽ വസിക്കുന്ന ചില സൂക്ഷ്മജീവികളാണ്. [7] ഇത്തരം ഷോർട്ട് ചെയിൽ ഫാറ്റി അമ്ലങ്ങൾ വളരെപ്പെട്ടെന്നുതന്നെ കുടലിലേയ്ക്ക് ആഗിരണം ചെയ്യുകയും കുടൽചലനങ്ങളെയും വീക്കത്തെയും ഗ്ലൂക്കോസ് സ്ഥിരാവസ്ഥാപാലനത്തെയും നിയന്ത്രിക്കുന്നു.

സൂക്ഷ്മജീവികളുടെ സാന്നിധ്യം ശരീരത്തിൻറെ പ്രതിരോധപ്രവർത്തനങ്ങളേയും സ്വാധീനിക്കുന്നു. സൂക്ഷ്മജീവികൾ ഉത്പാദിപ്പിക്കുന്ന രാസഘടകങ്ങളും സിഗ്നലുകളും ശരീരത്തിലെ സ്വാഭാവിക പ്രതിരോധസംവിധാനത്തിന് തിരിച്ചറിയാനാകും. ഇത് ചില പ്രതിരോധപ്രവർത്തനങ്ങൾക്ക് തുടക്കവുമിടും. ശരീരത്തിൻറെ പ്രതിരോധശേഷി ശരീരകോശങ്ങളെത്തന്നെ അമർത്തുന്നതിനാൽ രൂപപ്പെടുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ മാതാപിതാക്കളിൽ നിന്ന് സന്താനങ്ങളിലേയ്ക്ക് കൈമാറുന്നതി ഡി.എൻ.എയിലൂടെയല്ല, മറിച്ച് മൈക്രോബയോമിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. [8] ഫീക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്റേഷനിലൂടെ വൻകുടലിലെ ഗുണകരമായ ബാക്ടീരിയങ്ങളെ പകരം വയ്ക്കാൻ കഴിയുന്നത് ക്ലോസ്ട്രീഡിയം ഡിഫിസൈൽ ബാക്ടീരിയയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പര്യാപ്തമാക്കും.

രോഗങ്ങൾ[തിരുത്തുക]

ചില സൂക്ഷ്മജീവികളുടെ സാന്നിധ്യമോ, സൂക്ഷ്മജീവികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസമോ പലതരം രോഗങ്ങൾക്കും കാരണമാകുന്നു. 20 ശതമാനത്തോളം ക്യാൻസറുകൾ മനുഷ്യശരീരത്തിലെ സൂക്ഷ്മജീവികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുകുടലിൽ ഉള്ളതിന്റെ പത്തുലക്ഷം ഇരട്ടി ബാക്ടീരിയകൾ വൻകുടലിൽ ഉള്ളതും വൻകുടലിൽ കോളൻ ക്യാൻസറിന്റെ സാധ്യത ചെറുകുടലിനെക്കാൾ 12 ഇരട്ടിയുള്ളതും വൻകുടലിലെ സൂക്ഷ്മജീവികളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഹെലികോബാക്ടർ പൈലോറി[തിരുത്തുക]

പെപ്റ്റിക് അൾസർ രോഗമുണ്ടാക്കുന്ന ബാക്ടീരിയയാണ് ഹെലികോബാക്ടർ പൈലോറി. ഇത് പെരിയോഡോൺഡൈറ്റിസ് എന്ന ദന്തരോഗം വലുതാകുന്നതിനും കാരണമാകുന്നു. ഈ സൂക്ഷ്മജീവി ഉള്ളവരിൽ മറ്റുപല ബാക്ടീരിയകളുടേയും എണ്ണം കൂടിയിരിക്കുന്നതായ പഠനങ്ങൽ തെളിയിക്കുന്നു. ഉദാഹരണമായി പോർഫൈറോമോണാസ് ജിൻജിവാലിസ്, പ്രിവോട്ടല്ല ഇൻറർമീഡിയ, ഫ്യൂസോബാക്ടഡീരിയം ന്യൂക്ലിയാറ്റം, ട്രിപ്പോണിമ ഡെൻഡിക്കോട്ട എന്നിവ. ഇത്തരം ബാക്ടീരിയങ്ങൾ പെരിയോഡോൺഡൈറ്റിസിന് കാരണമാവുകയും ചെയ്യുന്നു. ഗാസ്ട്രിക് ക്യാൻസറിന്റെ മുഖ്യ റിസ്ക് ഘടകമായി പെലികോബാക്ടർ പൈലോറിയെ പരിഗണിക്കുന്നു. ഈ ബാക്ടീരിയയുടെ ആക്രമണത്തെ ഇല്ലാതാക്കുന്നത് ഗാസ്ട്രിക് ക്യാൻസറിന്റെ സാധ്യത ഏറെ കുറയ്ക്കുന്നു. ലോകാരോഗ്യസംഘടന എച്ച്. പൈലോറിയെ ക്ലാസ് 1 കാർസിനോജൻ (അർബുദകാരി) ആയി പ്രഖ്യാപിച്ചിരിക്കുന്നു. സൈറ്റോടോക്സിൻ അസോസിയേറ്റഡ് ആന്റിജൻ എ യും വാക്യുലേറ്റിംഗ് സൈറ്റോടോക്സിനും എച്ച്. പൈലോറി ഡിറ്റർമിനൻറ്സായി പരിഗണിക്കപ്പെടുന്നു.

ബാക്ടീരിയൽ വജൈനോസിസ്[തിരുത്തുക]

യോനിയിലെ ബാക്ടീരിയങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. മൂന്ന് ഫൈലങ്ങളും എട്ട് ജീനസുകളുമുൾപ്പെടുന്ന ബാക്ടീരിയൽ ഗണങ്ങളാണ് സാധാരണഗതിയിൽ യോനിയിലുള്ളത്.

വൻകുടലിലെ ക്യാൻസർ[തിരുത്തുക]

കോളോറക്ടൽ അഡിനോമ എന്ന ക്യാൻസറിന് വൻകുടലിലെ സൂക്ഷ്മജീവികളുടെ ധർമ്മം കൃത്യമായി നടക്കാത്തതോ, അവ വിട്ടുപോകുന്നതോ കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്യൂഡോമോണാസ്, ഹെലികോബാക്ടറ്റർ, അസിനെറ്റോബാക്ടർ എന്നീ ബാക്ടീരിയങ്ങളുടെ എണ്ണക്കൂടുതലും ബ്യൂട്ടിറേറ്റ് പ്രൊഡ്യൂസിംഗ് ബാക്ടീരിയയുടെ എണ്ണക്കുറവും വൻകുടലിലെ ക്യാൻസറിൻറെ സാധ്യതയും തമ്മിൽ ബന്ധിപ്പിക്കുന്ന പഠനങ്ങൾ വന്നിട്ടുണ്ട്. അഡ്നോമകൾ ക്യാൻസറായി മാറുന്നതിന് ഫ്യൂസോബാക്ടീരിയം ന്യൂക്ലിയാറ്റത്തിന്റെ വർദ്ധനവ് കാരണമാകുന്നു.

അന്നനാള ക്യാൻസർ[തിരുത്തുക]

അന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം അന്നനാളത്തിലെ സൂക്ഷ്മജീവികൾക്കുണ്ടാകുന്ന കുറവ് ഈസോഫാഗിയൽ അഡിനോകാർസിനോമയ്ക്ക് കാരണമാകുന്നു. എന്നാൽ എച്ച്. പൈലോറി ബാക്ടീരിയയു‌ടെ സാന്നിധ്യം ഈ അർബുദകാരണമായ ഗാസ്ട്രോ ഈസോഫാഗിയൽ റിഫ്ലക്സ് രോഗത്തെ തടുക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.

കരൾ രോഗങ്ങൾ[തിരുത്തുക]

ചെറുകുടലിലെ ബാക്ടീരിയകളുടെ എണ്ണവും കരളൾ രോഗങ്ങളും തമ്മിൽ ബന്ധമുണ്ട്. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കളായ എൻഡോടോക്സിനുകൾ കരളിലെ കുഫർകോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ലിവർ സീറോസിസ്, പെരിട്ടോണൈറ്റിസ്, കരൾ വീക്കം, വൃക്കമാന്ദ്യം എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ലിവർ സീറോസിസ് രോഗമുള്ളവരിൽ ചെറുകുടലിലെ സൂക്ഷ്മജീവികളുടെ എണ്ണത്തിൽ വലിയ വ്യത്യാസമുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. വൈലോനെല്ല, സ്ട്രെപ്റ്റോകോക്കസ്, ക്ലോസ്ട്രീഡിയം എന്നിവയാണ് ലിവർ സീറോസിസ് രോഗമുള്ളവരിൽ കൂടുതലായി കാണപ്പെടുന്ന രോഗാണുക്കൾ.

ടൈപ്പ് 2 പ്രമേഹം[തിരുത്തുക]

പ്രിവോട്ടെല്ല കോപ്രി, ബാക്ടറോയിഡ്സ് വൾഗേറ്റ്സ് എന്നീ ബാക്ടീരിയകൾ ഇൻസുലിൻ റെസിസ്റ്റൻസ് (ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഉപയോഗിക്കാനാവാത്ത അവസ്ഥ) ന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "human-microbiome". Retrieved 18-10-2018. {{cite web}}: Check date values in: |access-date= (help)
  2. "role-of-microbes-in-human-health-2471-9315-1000131.php?aid=88460". Retrieved 16-10-2018. {{cite web}}: Check date values in: |access-date= (help)
  3. "human-microbiome". Retrieved 18-10-2018. {{cite web}}: Check date values in: |access-date= (help)
  4. "The human gut microbiota and virome: Potential therapeutic implications". Retrieved 18-10-2018. {{cite web}}: Check date values in: |access-date= (help)
  5. "Distribution of fungal genera in different body sites". Retrieved 18-10-2018. {{cite web}}: Check date values in: |access-date= (help)
  6. "human-microbiome-and-microbiota". Retrieved 18-10-2018. {{cite web}}: Check date values in: |access-date= (help)
  7. "The_Human_Microbiota_in_Health_and_Disease".
  8. "FF_Microbiome" (PDF). Retrieved 17-10-2018. {{cite web}}: Check date values in: |access-date= (help)