പാറുക്കുട്ടി നേത്യാരമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ, കൊച്ചിയിലെ രാമവർമ മഹാരാജാവിന് താങ്ങും തണലുമായി ഒരു നാടിനെ വികസനത്തിലേക്ക് നയിച്ച ഭരണാധികാരിയാണ് പാറുക്കുട്ടി നേത്യാരമ്മ.[1][2]പുരുഷകേന്ദ്രിതമായിരുന്ന കാലഘട്ടത്തിൽ കൊച്ചിഭരിച്ച ഏറ്റവും ശക്തയായ വ്യക്തിയായിരുന്നു പാറുക്കുട്ടി നേത്യാരമ്മ. അവരെ അധികാരത്തിൽനിന്നു പുറത്താക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിക്കാനും കൊച്ചിരാജ്യവികസനത്തിൽ ബഹുദൂരം സഞ്ചരിക്കാനും പാറുക്കുട്ടി നേത്യാരമ്മയ്ക്ക് സാധ്യമായി.[3]

ജനനം, വിവാഹം[തിരുത്തുക]

വടക്കേ കുറുപ്പത്ത് ചിന്നമ്മുവിന്റെയും പാലക്കാട് രാജാക്കന്മാരെ പട്ടാഭിഷേകം ചെയ്യുന്നതിൽ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്ന കുറൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മകളായി കൊല്ലവർഷം 1874ൽ പാറുക്കുട്ടി ജനിച്ചു. 14ാം വയസ്സിൽ 17 വയസ് പ്രായമുള്ള രാമവർമ്മയെ വിവാഹം ചെയ്തു.[2]ഇംഗ്ലീഷ്, സംസ്‌കൃതം, കണക്ക്, കൃഷി, സാമ്പത്തികം, എല്ലാം നന്നായി അറിയുന്ന ആളായിരുന്നു പാറുക്കുട്ടി നേത്യാരമ്മ. [3]

ഭരണകാര്യങ്ങളുടെ ചുമതല[തിരുത്തുക]

രാജർഷി രാമവർമയുടെ  അപ്രതീക്ഷിത സ്ഥാനത്യാഗമാണു കൊച്ചിക്കും പാറുക്കുട്ടിക്കും വഴിത്തിരിവായത്. തുടർന്ന് അധികാരമേറ്റ രാമവർമയുടെ നിഴലായും നിധിയായും പാറുക്കുട്ടി നേത്യാരമ്മ പ്രതാപശാലിയായി. [2] 1914ൽ രാമവർമ്മ കൊച്ചിയുടെ പരമാധികാരിയായ ഭരണാധികാരിയായി കിരീടമണിഞ്ഞതിനുശേഷം പാറുക്കുട്ടി അദ്ദേഹത്തിന്റെ വിളക്കും വഴികാട്ടിയുമായി മാറി. വിഷവൈദ്യത്തിലും ഗൗളിശാസ്ത്രത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ രാമവർമ ശ്രമിച്ചപ്പോൾ, ഭരണകാര്യങ്ങളുടെ ചുമതല പാറുക്കുട്ടിക്കായി. [2] പാറുക്കുട്ടി പലപ്പോഴും ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയും പ്രധാന ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു.

അദ്ഭുതകരമായ സാമ്പത്തികാസൂത്രണം[തിരുത്തുക]

രാജാവിന് ഗൗളിശാസ്ത്രത്തിലും, വിഷവൈദ്യത്തിലുമായിരുന്നു കമ്പം. അതിനാൽ രാജ്യഭരണത്തിന്റെ പ്രധാനപങ്കും നിർവഹിച്ചിരുന്നത് നേത്യാരമ്മ തന്നെയായിരുന്നു. രാമവർമ തമ്പുരാൻ സ്ഥാനാരോഹണം ചെയ്യുമ്പോൾ കടക്കെണിയിലായിരുന്നു കൊച്ചി രാജ്യം. കടം കയറിയ മട്ടാഞ്ചേരി ബ്രിട്ടീഷുകാർ പിടിച്ചെടുത്തശേഷം കണ്ണുവച്ചത് കൊച്ചി രാജ്യമായിരുന്നു. വലിയ കടക്കെണിയിലായിരുന്ന കൊച്ചി രാജ്യത്തെ നേത്യാരമ്മയാണ് തന്റെ അദ്ഭുതകരമായ സാമ്പത്തികാസൂത്രണത്തിലൂടെ അഞ്ചുവർഷം കൊണ്ട് കരകയറ്റിയത്. അനുഭവപരിചയം കൊണ്ട് പാറുക്കുട്ടി സാമ്പത്തികവിദഗ്ധയായിരുന്നു. 5 കൊല്ലം കൊണ്ട് കൊച്ചിരാജ്യത്തിന്റെ കടം വീട്ടി ബ്രിട്ടിഷുകാരെ ഞെട്ടിച്ചു.[2] അനാവശ്യമെന്നു തോന്നിയ 25 ശതമാനം ഭരണ നിർവഹണ തസ്തികകൾ നേത്യാരമ്മ നിറുത്തലാക്കി. വരുമാന ചോർച്ചകൾ കണ്ടുപിടിച്ച് ഒന്നൊന്നായി പരിഹരിച്ചു. അധികവരുമാനം ലഭിക്കാനുള്ള ഒൻപത് മേഖലകൾ കണ്ടെത്തി. രാമവർമ്മ 1914 ൽ അധികാരമേൽക്കുമ്പോൾ കൊച്ചി രാജ്യത്തിന്റെ വരുമാനം 46 ലക്ഷം രൂപയും മിച്ചം 12 ലക്ഷം രൂപയും ആയിരുന്നു. 1928 ആയപ്പോഴേക്കും വരുമാനം 86 ലക്ഷവും മിച്ചം 70 ലക്ഷവും ആയി ഉയർന്നു. കാർഷിക വായ്പയുടെ പലിശ 6.25 ശതമാനമായിരുന്നത് മൂന്നു ശതമാനമാക്കി കുറച്ചു. അഞ്ചുകൊല്ലം കൊണ്ട് കൊച്ചി രാജ്യത്തിന്റെ കടംവീട്ടി.[1][2]

തൃശ്ശൂർ നഗരത്തിന്റെ ആസൂത്രണം[തിരുത്തുക]

തൃശ്ശൂർ നഗരത്തിന്റെ വാസ്തുവിദ്യ നേത്യാരമ്മയുടെ ഭാവനയുടെ താഴ്‌വരയിൽ നിന്നാണ് പിറന്നത്. ചന്ദ്രഗുപ്തന്റെ രാജധാനിയായ പാടലീപുത്രത്തിന്റെ അതേ ശൈലിയിലാണ് ഈ നഗരം രൂപകല്‌പന ചെയ്തിരിക്കുന്നത്. 70 ഏക്കറിന് ചുറ്റുമുള്ള (ഇപ്പോൾ സ്വരാജ് റൗണ്ട് എന്ന് അറിയപ്പെടുന്ന) റൗണ്ടിന് കോൺക്രീറ്റ് ചെയ്യാൻ ഒരു ബ്രിട്ടീഷ് കമ്പനിയെ ഏല്‌പിച്ചു. അതോടൊപ്പം ഒരു വ്യവസ്ഥയും എഴുതി തയ്യാറാക്കി. ആദ്യം കരാർ തുകയുടെ 70 ശതമാനവും പിന്നീട് 30 ശതമാനം ഘട്ടംഘട്ടമായി നൽകും. 50 കൊല്ലത്തേക്ക് ഒരു കേടുപാടും വരാൻ പാടില്ല. റോഡിന് ഭാവിയിലുണ്ടാകുന്ന എല്ലാ അറ്റകുറ്റപ്പണികളും ഈ കമ്പനി നിർവഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചാൽ പിന്നീട് ഈ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും കൊച്ചി രാജ്യത്തുനിന്ന് ഒരു ഇടപാടും നൽകാതിരിക്കുകയും ചെയ്യും. ഈ ഉരുക്കുനിയമം രാജ്യത്തിന് പുരോഗതിയും വികസനവും സമ്മാനിച്ചു. റോഡിനു ഇരുവശങ്ങളിലും ഒരു പ്രത്യേക രീതിയിൽ ഓടകൾ നിർമിച്ചു. റോഡിന് അടിയിലൂടെ കോൺക്രീറ്റ് കുഴലുകൾ പാകി. അതിനു മുകളിലാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. റോഡിനു മറുപുറത്തുള്ള വെള്ളം 360 ഡിഗ്രിയിലാണ് വീഴുന്നത്. അത് അടുത്തുള്ള വയലിലേക്ക് ഊർന്നു പോകും. അതിനാൽ തൃശ്ശൂർ പട്ടണത്തിൽ ഒരുകാലത്തും വെള്ളം കെട്ടിനിൽക്കുകയില്ല. തൃശ്ശൂർ പട്ടണത്തിലെ ജനങ്ങൾക്ക് ഒരിക്കലും കുടിവെള്ളം മുട്ടാതിരിക്കാൻ പെരിങ്ങാവ് കുളം നിർമിച്ചു. ഒരു കാലത്തും വറ്റാത്ത ശുദ്ധീകരിച്ച വെള്ളം ഇന്നും അവിടെനിന്ന് ലഭിക്കും. 1962 ൽ വന്ന പീച്ചി ഡാമിന്റെ അസൽ പദ്ധതി തയാറാക്കിയത് നേത്യാരമ്മയായിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലെ കുടമാറ്റം നടക്കുന്ന സ്ഥലത്ത് പണ്ട് ഒരു വലിയ ജയിലുണ്ടായിരുന്നു. അത് അവിടെനിന്ന് മാറ്റി രാമവർമപുരത്തേക്ക് സ്ഥാപിച്ചത് നേത്യാരമ്മയുടെ പരിശ്രമത്തിന്റെ ഫലമാണ്.[1][2]

വികസന പ്രവർത്തനങ്ങൾ[തിരുത്തുക]

ഭർത്താവിന്റെ സ്മരണയ്ക്കായി അവർ രാമവർമ്മപുരം എന്ന ഉപപട്ടണം സ്ഥാപിച്ചു. തൃപ്പൂണിത്തുറയെ ക്ഷേത്രനഗരിയായി സംരക്ഷിക്കാൻ അവിടുത്തെ ജയിൽ സംവിധാനം രാമവർമപുരത്തിനടുത്തേക്ക് മാറ്റി സ്ഥാപിച്ചു. കൊച്ചിൻ തുറമുഖ പദ്ധതി, സെൻട്രൽ ബാങ്ക് രൂപീകരണം, സഹകരണ വകുപ്പ് പുനഃസംഘടന എന്നിവ നടപ്പാക്കി. വ്യവസായ വികസനം തുടങ്ങി മട്ടാഞ്ചേരിയിൽ പ്ലേഗും കോളറയും പടർന്നുപിടിച്ചപ്പോൾ അവ നിയന്ത്രണത്തിലാക്കാൻ പാറുക്കുട്ടിയുടെ നേതൃപാടവത്തിന് സാധിച്ചു. കാർഷിക മേഖലയിൽ സമൂലമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പീച്ചി ഡാം എന്ന ആശയത്തിന് തുടക്കമിട്ടു. കൂടുതൽ വിദ്യാലയങ്ങൾ ആരംഭിച്ചു. നൂതന ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മേഖലയെ അടിമുടി പരിഷ്‌കരിച്ചു. അധഃസ്ഥിതരുടെ ഉന്നമനം ലക്ഷ്യമാക്കി ക്ഷേമപദ്ധതികൾ കൊണ്ടുവന്നു. കൂടുതൽ സ്‌കൂളുകളും കോളജുകളും തുടങ്ങി വിദ്യാഭ്യാസ മേഖലയും നൂതന ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തി ആരോഗ്യമേഖലയും ഉടച്ചുവാർത്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അന്യജാതിക്കാർക്കുമായി പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. കൊച്ചി രാജ്യത്തൊരു യൂണിവേഴ്സിറ്റി വേണമെന്ന് ആഗ്രഹിച്ചു. അതിനായി മകൻ അരവിന്ദാക്ഷ മേനോനെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി ഇൽ വിട്ടു പഠിപ്പിച്ചു. 1918ൽ സ്ത്രീ സമാജം തുടങ്ങിയതും 1925ൽ രാമ വർമ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും നേത്യാരമ്മ മുൻകയ്യെടുത്താണ്. ജോർജ് അഞ്ചാമൻ രാജാവിൽ നിന്ന് കൈസർ ഹിന്ദ് സ്വർണമെഡൽ പാറുക്കുട്ടിക്ക് ലഭിച്ചു. 17 ഗൺ സല്യൂട്ട് ആദരവും അപൂർവതയായി. അപൂർവങ്ങളിൽ അപൂർവമായ ഒരു അംഗീകാരമായിരുന്നു അത്.[1][2]

കോൺഗ്രസ്സും ഗാന്ധിജിയുമായുള്ള അടുപ്പം[തിരുത്തുക]

1927 ഒക്ടോബർ 13ന് ഗാന്ധിജി കൊച്ചി സന്ദർശിച്ചപ്പോൾ ഔദ്യോഗിക അതിഥിയായി താമസിച്ചതു കൃഷ്ണ വിലാസം കൊട്ടാരത്തിലാണ്. ഗാന്ധി കൊച്ചി സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ സംസ്ഥാന അതിഥിയായി പരിഗണിക്കുകയും നേത്യാർ അമ്മയുടെ മകൻ അരവിന്ദാക്ഷ മേനോനെ വ്യക്തിപരമായി അദ്ദേഹത്തെ അനുഗമിക്കാൻ നിയോഗിക്കുകയും ചെയ്തു. താമസിയാതെ പാറുക്കുട്ടി നേത്യാർ അമ്മ എതിരില്ലാതെ പ്രത്യക്ഷപ്പെട്ടു, ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് താൽപ്പര്യങ്ങൾക്ക് ഒരു പ്രധാന തടസ്സമായി മാറി. ചർക്കയിൽ നൂൽ നൂറ്റ് സ്വന്തമായി നെയ്ത ഖാദി സാരിയുടുത്ത് നേത്യാരമ്മ ഗാന്ധിജിയെ ചെന്നു കണ്ടു, സംഭാവനയും നൽകി. ആ രണ്ടു മണിക്കൂർ കൂടിക്കാഴ്ച ഗാന്ധിജിയിൽ വലിയ മതിപ്പുണ്ടാക്കി. ഇതറിഞ്ഞ ബ്രിട്ടിഷുകാർക്ക് കടുത്ത അമർഷവും. കോൺഗ്രസ് നേതാവും, കൊച്ചിയിലെ കോൺഗ്രസ് പാർട്ടിയുടെ തലവനുമായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് നേത്യാരമ്മയുടെ ബന്ധുവായിരുന്നതും ദേശീയപ്രസ്ഥാനത്തോട് ആ കുടുംബത്തെ അടുപ്പിച്ചു.[2] മഹാരാജാവിന്റെ മകൾ വി.കെ വിലാസിനി അമ്മയും താനും തമ്മിലുള്ള കത്തിടപാടുകളും ഗാന്ധിജിയുടെ കത്തുകളടങ്ങിയ സമാഹരിച്ച കൃതികളിൽ ഉൾപ്പെടുന്നു. മഹാത്മാഗാന്ധിയുമായി ബന്ധം പുലർത്തിയിരുന്ന അവർ ഖാദി പ്രസ്ഥാനത്തിനും സംഭാവന നൽകി. സ്വാതന്ത്യപോരാട്ടം നടത്തുന്ന ദേശീയവാദികളുടെ സംഗമസ്ഥലവും ഖാദിപ്രസ്ഥാനത്തിനു കരുത്തേകാൻ ചർക്കയിൽ നൂൽ നൂൽക്കുന്ന ഇടവും കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ ഹിൽ പാലസാണ്’ എന്ന് നാഷനൽ ആർക്കൈവ്സിലെ പഴയ ബ്രിട്ടീഷ് ഇന്റലിജൻസ് രേഖകളിൽ പറയുന്നു. ദേശീയവാദികളെ സ്വാതന്ത്യ പോരാട്ടത്തിനൊരുക്കുന്നതിൽ മഹാത്മാഗാന്ധിയുമായി കത്തിടപാടു നടത്തിയിരുന്ന പാറുക്കുട്ടി തന്നെയായിരുന്നു തൃപ്പൂണിത്തുറ ഹിൽപാലസിലെ കൂട്ടായ്മകൾക്കും പിന്നിൽ.

രാമവർമയുടെ പ്രായാധിക്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഭരണമാറ്റം ഉന്നമിട്ടുള്ള എതിരാളികളുടെ തന്ത്രങ്ങളെ പ്രതിരോധിക്കുന്നതിലും അവർ സാമർഥ്യം കാട്ടി. മഹാരാജാവിനെ പരിശോധിക്കാൻ ബ്രിട്ടിഷുകാർ അവരുടെ ഡോക്ടറെ അയച്ചപ്പോൾ മുറിയിൽ അരണ്ടവെളിച്ചം സജ്ജീകരിച്ചു. അസുഖം മൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള രാജാവിനു പകരം മറ്റൊരാളാണു മറുപടിയെല്ലാം പറഞ്ഞതെന്നു ഡോക്ടർക്കു മനസ്സിലായതുമില്ല.[2]ദിവാനായി മരുമകൻ രാമുണ്ണി മേനോൻ പാലാട്ടിനെ മഹാരാജാവും നേത്യാരമ്മയും നാമനിർദേശം ചെയ്തതു തള്ളി 1930ൽ സി.ജി. ഹേർബർട്ടിനെ ബ്രിട്ടിഷുകാർ കൊച്ചി ദിവാനായി നിയമിച്ചു. ബന്ധം വഷളായി. മഹാരാജാവിന്റെ മാനസികാരോഗ്യനില പരിശോധിക്കാൻ തിരുവിതാംകൂറിലെ പ്രശസ്തനായ ഡോ. സോമർവെൽ ഉൾപ്പെട്ട വിദഗ്ധസംഘത്തെ നിയോഗിക്കണമെന്നു ബ്രിട്ടിഷ് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തു. ആരോഗ്യപരിശോധന സംബന്ധിച്ച കത്തിടപാടുകൾ നടക്കുന്നതിനിടെ 1932 ൽ മദ്രാസിലെ കൊച്ചിൻ ഹൗസിൽ  രാമവർമ മഹാരാജാവ് അന്തരിച്ചു. മദ്രാസിൽ തീപ്പെട്ട തമ്പുരാൻ എന്നു പിന്നീടദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.[2]

ലോകയാത്രകൾ, കുനൂരിൽ അന്ത്യം[തിരുത്തുക]

1932 ൽ രാമവർമ രാജാവ് നാടുനീങ്ങിയതോടു കൂടി നേത്യാരമ്മയുടെ ഭരണം അവസാനിച്ചു.രാമവർമയുടെ വിയോഗത്തിനു ശേഷം പാറുക്കുട്ടി കൊച്ചി വിട്ടു. സ്വിറ്റ്‌സർലൻഡിൽ 2 വർഷവും ബ്രിട്ടനിൽ 2 വർഷവും കഴിഞ്ഞ ശേഷം നാട്ടിൽ തിരിച്ചെത്തി സ്വന്തം തറവാടായ പടിഞ്ഞാറേ ശ്രാമ്പിനു അടുത്ത് മകളുടെ പേരിൽ “രത്നവിലാസം “എന്നൊരു ബംഗ്ലാവ് നിർമിച്ചു അവുടെയ്ക്കു താമസം മാറി. വി.കെ വിലാസിനിയമ്മ, വി.കെ രത്നമ്മ, അരവിന്ദാക്ഷ മേനോൻ എന്നിവരാണ് രാമവർമയുടെ മക്കൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയിരുന്ന സി. ശങ്കരൻ നായരുടെ മകൻ ആർ എം പാലാട്ടിനാണ് രാജാവ് മകളായ രത്നമ്മയെ വിവാഹം ചെയ്തു നൽകിയത്. രത്നമ്മയുടെ മകൻ പാലാട്ട് ശങ്കരൻനായരോടൊപ്പം നേത്യാരമ്മ ഇംഗ്ലണ്ടിൽ പോയി കുറച്ചു കാലം താമസിച്ച ശേഷം തിരിച്ചു ഇന്ത്യയിൽ വന്നു 2 തേയില എസ്റ്റേറ്റുകൾ വാങ്ങിച്ചു. കൊച്ചുമകൻ ശങ്കരനു സ്വിറ്റ്‌സർലൻഡിലും ബ്രിട്ടനിലുമായി മികച്ച വിദ്യാഭ്യാസം നൽകി. ബ്രിട്ടനിലെ താമസക്കാലത്ത് ബെന്റ്ലി ഷോറൂമിൽ പോയപ്പോൾ അവിടെക്കണ്ട ഒരു കാർ ഇഷ്ടമായി. വിശാലമായ ഉൾവശത്ത് കിടക്ക, എഴുത്തുമേശ, 2 കസേരകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ള വാഹനം ഏതോ മഹാരാജാവിനുവേണ്ടി പ്രത്യേകം തയാറാക്കിയതായിരുന്നു. വിറ്റുപോകാതെ കിടന്ന ആ കാർ നേത്യാരമ്മ വാങ്ങി തൃശൂരിലേക്ക് അയച്ചു. സ്വിറ്റ്‌സർലൻഡിലായിരിക്കുമ്പോൾ നടത്തിയ ഷോപ്പിങ്ങുകളിലൊന്ന് തുണി പിഴിയാനുള്ള യന്ത്രമാണ്. കേരളത്തിലെ വേനൽക്കാലത്ത് ബെന്റ്ലി കാറിൽ കൂനൂരിലെ ഹോംഡേൽ ബംഗ്ലാവിലേക്കു പോകുന്നതായിരുന്നു നേത്യാരമ്മയുടെ പതിവ്. 1963 ഫെബ്രുവരി 25ന് കൂനൂരിൽ 88ാം വയസിൽ അന്തരിച്ചു.[2] [1]ആഗ്രഹം പോലെ നീലഗിരിയിലെ ആർവി എസ്റ്റേറ്റിൽ സംസ്‌കാരം നടത്തി.[2]

നേത്യാരമ്മയുടെ സഹോദരപുത്രനായ ബാലകൃഷ്ണ മേനോനാണു സ്വാമി ചിന്മയാനന്ദനായി ലോകപ്രശസ്തനായത്. [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Daily, Keralakaumudi. "പാറുക്കുട്ടി നേത്യാരമ്മയുടെ ധനകാര്യവിജയങ്ങൾ" (in ഇംഗ്ലീഷ്). Retrieved 2023-03-08.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 "കൊച്ചിയിലെ രാമവർമ മഹാരാജാവിന് താങ്ങായി രാജ്യം ഭരിച്ച ചരിത്രവനിത; മികവ് നെയ്തെടുത്ത നേത്യാരമ്മ". Retrieved 2023-03-08.
  3. 3.0 3.1 "'ഡെസ്റ്റിനീസ് ചൈൽഡ്'; പാറുക്കുട്ടി നേത്യാരമ്മ എന്ന ചരിത്രവനിതയുടെ കഥ" (in ഇംഗ്ലീഷ്). Retrieved 2023-03-08.